വിനായകന്‍ മുന്നോട്ടുവയ്ക്കുന്ന പുലയത്വത്തിന്റെ രാഷ്ട്രീയം .

മനുരാജ് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ തന്റെ അഭിമുഖങ്ങളില്‍ താനൊരു പുലയന്‍ ആണെന്നും ഹൃദയത്തില്‍ അയ്യങ്കാളിയുടെ രാഷ്ട്രീയം സൂക്ഷിക്കുന്നവന്‍ ആണെന്നും പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ധീരതയും ആര്‍ജ്ജവവും മൂലമാണ്. അദ്ദേഹത്തെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ഈ ധീരതയും ആര്‍ജ്ജവവും എത്തിയിട്ടില്ലെന്നാണ് എന്റെറ നിഗമനം. നിറത്തിന്റേയും ജാതിയുടെയും പേരില്‍ ഒരു സമൂഹത്തെ അതിന്റെ എല്ലാ സര്‍ഗ്ഗാത്മകതളേയും കുഴിച്ചുമൂടികൊണ്ട് സാംസ്‌ക്കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും വന്ധ്യംകരിച്ചതില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണായകമായ പങ്കുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുമ്പോള്‍ […]

vvമനുരാജ്

ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ തന്റെ അഭിമുഖങ്ങളില്‍ താനൊരു പുലയന്‍ ആണെന്നും ഹൃദയത്തില്‍ അയ്യങ്കാളിയുടെ രാഷ്ട്രീയം സൂക്ഷിക്കുന്നവന്‍ ആണെന്നും പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ധീരതയും ആര്‍ജ്ജവവും മൂലമാണ്. അദ്ദേഹത്തെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ഈ ധീരതയും ആര്‍ജ്ജവവും എത്തിയിട്ടില്ലെന്നാണ് എന്റെറ നിഗമനം. നിറത്തിന്റേയും ജാതിയുടെയും പേരില്‍ ഒരു സമൂഹത്തെ അതിന്റെ എല്ലാ സര്‍ഗ്ഗാത്മകതളേയും കുഴിച്ചുമൂടികൊണ്ട് സാംസ്‌ക്കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും വന്ധ്യംകരിച്ചതില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് നിര്‍ണ്ണായകമായ പങ്കുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുമ്പോള്‍ നെറ്റിയില്‍ നിന്നും പൂക്കള്‍ പൊഴിക്കുന്ന ഒരു പെണ്‍സഖാവിനെ എസ് .ജോസഫ് അദ്ദേഹത്തിന്റെ കവിതയില്‍ വരച്ചുവയ്ക്കുന്നുണ്ട് . ഹൃദയത്തില്‍നിന്നും നെറ്റിയില്‍ നിന്നും വിപ്ലവപൂക്കള്‍ വിരിയിക്കുന്ന സഖാക്കള്‍ ഒരു ഇടതുപക്ഷ കാല്‍പ്പനീക സ്വപ്നമാണ് . മെക്‌സിക്കന്‍ അപാരത എന്ന സിനിമ ചെങ്കൊടി നെഞ്ചിലേറ്റി വിപ്ലവത്തിന്റെ തീക്കനല്‍ പൂക്കള്‍ വിരിയിക്കുന്ന ഇടതുപക്ഷ പുരുഷ യൌവനത്തെ സിനിമാഹാളില്‍ വിറ്റഴിക്കുമ്പോള്‍ അത് തന്നെയാണ് പാര്‍ട്ടി കലാലയങ്ങളിലും തെരുവിലും തൊഴിലിടങ്ങളിലും ചെയ്യുന്നതെന്ന് അണികള്‍ തിരിച്ചറിയാതെ പോകുന്നു അല്ലെങ്കില്‍ അസുഖകരമായ സത്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയെന്ന സാമാന്യതത്വത്തെ അവര്‍ പാലിക്കുന്നു . മെക്‌സിക്കന്‍ അപാരതയെന്ന കള്ളം തന്നെയാണ് സ്‌ക്രീനിനു വെളിയിലെ പാര്‍ട്ടി എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതുയര്‍ത്തുന്ന മുദ്രാവാക്യം വിളികളുടെ ശബ്ദഘോഷങ്ങള്‍ക്ക് വലിയ പങ്കുണ്ട് .

ഇടതുപക്ഷ സഖാവ് ഒരു മതേതര സങ്കല്‍പ്പനം അല്ല.അത് കൃത്യമായി ഇന്ത്യയിലെ ജാതിയും മതവും മുന്‍പോട്ടുവയ്ക്കുന്ന മൂല്യബോധത്തെ ,ജാതിയധിഷ്ടിത മാന്യതയേയും പദവികളേയും ഉള്‍ക്കൊള്ളുന്ന ഒരു സങ്കല്‍പ്പനം മാത്രമാണ്.അതുകൊണ്ട് തന്നെ പുലയന്‍ സഖാവും ബ്രാഹ്മണ സഖാവും (കേരളത്തിലെ സാഹചര്യത്തില്‍ അത് ഈഴവ സഖാവോ നായര്‍ സഖാവോ ഒക്കെയായി വായിക്കുക ) പേരില്‍ സഖാവ് ഉണ്ടെങ്കിലും പദവിയുടെ കാര്യത്തില്‍ ഒന്നല്ലെന്ന് വ്യംഗ്യം . ബ്രാഹ്മണ സഖാവിനാല്‍ നേര്‍വഴിക്ക് നയിക്കപ്പെടേണ്ട , സ്വയം നിര്‍ണ്ണയ ശേഷി ഇല്ലാത്തവരും ,ലക്ഷ്യബോധം ഇല്ലാത്തവരും എപ്പോഴും മറ്റുള്ളവരുടെ കരുതലിലും സംരക്ഷണത്തിലും കഴിയാന്‍ മാത്രം സാംസ്‌കാരിക രാഷ്ട്രീയ വളര്‍ച്ച നേടിയിട്ടുള്ളവരുമായ ആളുകള്‍ ആണ് ദലിതുകള്‍ എന്ന പൊതുബോധം ആണ് ഇന്ത്യന്‍ ഇടതുപക്ഷം/വലതുപക്ഷവും ഇപ്പോഴും ദലിത് സമൂഹത്തെകുറിച്ച് പുലര്‍ത്തുന്നത് . ബ്രിട്ടീഷുകാര്‍ക്ക് /യൂറോപ്പ്യന്‍മാര്‍ക്ക് മൂന്നാം ലോകരാജ്യത്തെ ജനങ്ങളെ കുറിച്ചുണ്ടായിരുന്ന ഒരു പൊതുബോധമുണ്ടല്ലോ ,അവര്‍ സാംസ്‌കാരികമായി അധപതിച്ചവര്‍ ആണ് ,അവര്‍ക്ക് ജനാധിപത്യവും സംസ്‌കാരവും ഒന്നും സ്വീകരിക്കാനുള്ള ബോധമില്ല ,അതുകൊണ്ട് അവരെ നമ്മള്‍ നമ്മുടെ ഭരണത്തിലൂടെയും ,മതത്തിലൂടെയും സംസ്‌കാരത്തിലൂടെയും ഉദ്ധരിക്കണം എന്ന പൊതുബോധം അതുതന്നെയാണ് ഇന്ത്യന്‍ ഇടതുപക്ഷം ദലിതുകളോട് ഇന്നും പുലര്‍ത്തുന്നത്. സംരക്ഷിക്കപ്പെടേണ്ടവര്‍ ആണ് ദലിതുകള്‍ എന്ന പൊതുബോധം ” സവര്‍ണ്ണ ബൂര്‍ഷ്വാ സഖാക്കളും ” അവരുടെ ഏറാന്‍ മൂളികളായ ”അവര്‍ണ്ണ തൊഴിലാളി സഖാക്കളും” ഒരുപോലെ പങ്കുവയ്ക്കുന്നതിനാലാണ് വിനായകന് താനൊരു ”പുലയന്‍ ” ആണെന്ന് പറയേണ്ടി വരുന്നതും അവാര്‍ഡ് വാങ്ങിയ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ തങ്ങളുടെ ജാതിയും മതവും എടുത്ത് പറയേണ്ടി വരാത്തതും .

ഭൂപരിഷ്‌കരണത്തിനുശേഷം തന്റെ ജന്മനാടായ കമ്മട്ടിപ്പാടം കൂടുതല്‍ കൂടുതല്‍ ചുരുങ്ങുകയും ചുറ്റും മതിലുകളാലും ഉയര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാലും തടവിലാക്കപ്പെട്ടതും ,നഗരമാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായതും വിനായകന്‍ പറയുമ്പോള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് പുറമ്പോക്കിലും ജന്മിയുടെ മൂന്നുസെന്റിലും,സര്‍ക്കാര്‍ കോളനികളിലും ബലമായി ഒതുക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ തന്നെയാണ്. കോളനികളുടെ സ്ഥാനത്ത് ഫ്‌ലാറ്റ് നല്‍കാമെന്ന് പറയുന്നവരുടെ രാഷ്ട്രീയ പാപ്പരത്തത്തിനൊപ്പം നിന്നുകൊണ്ട് ദലിത് വിമോചനം സാധ്യമാകുമോയെന്ന്! ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സവര്‍ണ്ണത്വം കളയാതെ ഒരു സവര്‍ണ്ണന് സഖാവാകാന്‍ കഴിയും അതില്‍ അയാള്‍ ഒട്ടും ലജ്ജിക്കുന്നുമില്ല .എന്നാല്‍ അവര്‍ണ്ണത്വത്തോടെ ദലിതത്വത്തോടെ അപമാനത്തോടെ മാത്രമേ ഒരു ദലിതന് സഖാവ് എന്ന പദവി നിലനിര്‍ത്താന്‍ കഴിയൂ . സവര്‍ണ്ണ സഖാവിനേയും അവര്‍ണ്ണ സഖാവിനേയും ഉണ്ടാക്കുന്ന സാമൂഹ്യസാഹചര്യങ്ങളെ വന്ധ്യമായ വര്‍ഗ്ഗരാഷ്ട്രീയ തത്വശാസ്ത്രം കൊണ്ട് മറയ്ക്കുമ്പോള്‍ അത് ദലിതത്വ രാഷ്ട്രീയത്തിന്റെ ചരിത്രപശ്ചാത്തലങ്ങളെ തമസ്‌കരിക്കുകയും എന്നാല്‍ സവര്‍ണ്ണ സാംസ്‌കാരികതയുടെ ചരിത്രപരിസരങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല കേരളത്തില്‍ വിനായകന്റെ ‘ഞാന്‍ അയ്യങ്കാളി രാഷ്ട്രീയം ഹൃദയത്തില്‍ വച്ചിട്ടുള്ള പുലയനാണെന്ന ” പ്രഖ്യാപനം ഒരു വലിയ രാഷ്ട്രീയ സാംസ്‌കാരിക മുദ്രാവാക്യമായി കേരളത്തിലെ ദലിത് ആദിവാസി,ദലിത് ക്രിസ്ത്യന്‍ ,”ദലിതത്വം” മനസിലും ശരീരത്തിലും ബോധത്തിലും അനുഭവിക്കാന്‍ കഴിയുന്ന മുസ്ലീമുകളും മറ്റു പിന്നോക്ക ജനവിഭാഗങ്ങളും സ്വീകരിക്കുകയും പുതിയ രാഷ്ട്രീയവഴിത്താരകള്‍ അവര്‍ വെട്ടിത്തുറക്കുകയും വേണം. അത്തരം രാഷ്ട്രീയത്തിനു മാത്രമേ സവര്‍ണ്ണ ഇടതുപക്ഷത്തെയും സവര്‍ണ്ണ വലതുപക്ഷത്തെയും ഒരു പോലെ എതിര്‍ക്കാനും സ്വയം അതിജീവിക്കാനും കഴിയൂ .

നമ്പൂതിരിയുടെ സ്വത്വരാഷ്ട്രീയത്തിന് ഇടതുപക്ഷ കൂടാരത്തില്‍ മാന്യമായ ഇടമുണ്ടെങ്കില്‍ എന്തുകൊണ്ട് പുലയന്റെ സ്വത്വ രാഷ്ട്രീയത്തിന് അയിത്തവും അസ്പ്രശ്യതയും കല്‍പ്പിക്കണം . മുന്നോട്ടു പോകാന്‍ വഴികള്‍ ഇല്ലെങ്കില്‍ അത് വെട്ടുക തന്നെ വേണം . മുന്‍പോട്ടു പോകുന്ന നമ്പൂതിരി സഖാവിനൊപ്പം പിന്തിരിഞ്ഞു നടക്കുന്ന പുലയ സഖാക്കളെയാണ് വിനായകന്‍ അയ്യങ്കാളിയുടെ സ്വര്‍ണ്ണകിരീടത്തെ കാണുന്നില്ലേയെന്ന്! ഓര്‍മ്മിപ്പിക്കുന്നത് .വിനായകന്‍ മുന്നോട്ടു വയ്ക്കുന്ന ദലിത് സ്വത്വബോധത്തെയും അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തേയുമാണ് ”സഖാവ് ” എന്ന ജഡപദം മറയ്ക്കുന്നത് .സ്വത്വരാഷ്ട്രീയത്തിന്റെ ജനാധിപത്യപരതകളെപറ്റിയുള്ള ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് വിനായകന്റെ വാക്കുകള്‍ വഴിതുറക്കട്ടെ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply