വിജയപ്രതീക്ഷയോടെ ആം ഔരത്തുകള്‍

ആം ആദ്മി എന്ന പേരില്‍ ഔരത്തിനു സ്ഥാനമില്ല എന്നു പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ശക്തരായ വനിതാ സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സ്ത്രീകളിലും യുവജനങ്ങളിലുമാണവരുടെ പ്രതീക്ഷ. രാജ്യത്ത് പോരാട്ടം തന്നെ ജീവിതമാക്കിയ നിരവധി സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് ആം ആദ്മിയുടെ ബാനറില്‍ ഇന്നും വരും ഘട്ടങ്ങളിലുമായി ജനവിധി തേടുന്നത്. കാല്‍നൂറ്റാണ്ടായി നര്‍മ്മദാ അണകെട്ടിനെതിരെ പ്രക്ഷോഭം നയിക്കുന്ന മേധാപട്കര്‍ തന്നെയാണ് അവരില്‍ ഒന്നാം സ്ഥാനത്ത്. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നു മത്സരിക്കുന്ന മേധാപട്കര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കേരളമടക്കം […]

xആം ആദ്മി എന്ന പേരില്‍ ഔരത്തിനു സ്ഥാനമില്ല എന്നു പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ശക്തരായ വനിതാ സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സ്ത്രീകളിലും യുവജനങ്ങളിലുമാണവരുടെ പ്രതീക്ഷ.

രാജ്യത്ത് പോരാട്ടം തന്നെ ജീവിതമാക്കിയ നിരവധി സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് ആം ആദ്മിയുടെ ബാനറില്‍ ഇന്നും വരും ഘട്ടങ്ങളിലുമായി ജനവിധി തേടുന്നത്. കാല്‍നൂറ്റാണ്ടായി നര്‍മ്മദാ അണകെട്ടിനെതിരെ പ്രക്ഷോഭം നയിക്കുന്ന മേധാപട്കര്‍ തന്നെയാണ് അവരില്‍ ഒന്നാം സ്ഥാനത്ത്. മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നു മത്സരിക്കുന്ന മേധാപട്കര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ മേധയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. നര്‍മ്മദയില്‍ മാത്രമല്ല, ഇന്ത്യയിലെ ജനകീയ പോരാട്ടങ്ങളുടെയെല്ലാം ഊര്‍ജ്ജസ്രോതസ്സായ മേധ പാര്‍ലിമെന്റിലെത്തിയാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുതന്നെ മുതല്‍കൂട്ടാവുമതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാവോയിസ്റ്റ് സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഛത്തിസ്ഘട്ടില്‍ ആദിവാസികള്‍ക്കായി ജീവിതം സമര്‍പ്പിച്ച അധ്യാപിക സോണി സോറിയാണ് ശ്രദ്ധേയയായ മറ്റൊരു സ്ഥാനാര്‍ത്ഥി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏറെകാലം ജയിലിലടക്കപ്പെട്ട സോണി സോറിക്ക് ഭയാനകമായ മര്‍ദ്ദനങ്ങളാണ് നേരിടേണ്ടിവന്നത്. പാര്‍ലിമെന്റിലെത്തിയാല്‍ ആദിവാസികള്‍ക്കായുള്ള പോരാട്ടം തുടരാനാണ് അവരുടെ ലക്ഷ്യം.
ബീഹാറിലെ ദളിതുകള്‍ക്കായി പോരാടുകയും നോബല്‍ സമ്മാനത്തിനടക്കം നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്ത ടിലിയാ ദേവി ജഞ്ചര്‍പൂരില്‍ നിന്ന് ജനവിധി തേടുന്നു. അടിമതൊഴിലാളിയെ പോലെ ജീവിച്ച്, പോരാട്ടത്തിലൂടെ വളര്‍ന്ന അവരുടെ വിജയത്തിനായി രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ബാല്യത്തില്‍ തന്നെ അനാഥായാകുകയും റെയില്‍വേസ്‌റ്റേഷനില്‍ കിടന്നും കൂലിപണി ചെയ്തും പഠിച്ച് ജേര്‍ണ്ണലിസ്റ്റായ ജാര്‍ഖണ്ടിലെ ആദിവാസി വനിത ദയാമണി ബാര്‍ലെയാണ് ശക്തമായ മറ്റൊരു ആം ഔരത്ത് സ്ഥാനാര്‍ത്ഥി. 40ഓളം ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച സ്റ്റീല്‍ പ്ലാന്റിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയതോടെയാണ് ദയാമണി അഖിലേന്ത്യാതലത്തില്‍ തന്നെ പ്രസിദ്ധയായത്.
ഭോപ്പാല്‍ കൂട്ടക്കൊലയുടെ ഇരകളുടെ അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി പോരടിക്കുന്ന രചന ദിന്‍ഗ്രയാണ് എപിപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി. ദക്ഷിണ കന്നഡയില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥി നൈന നായക് കുട്ടികളുടെ അവകാശങ്ങള്‍ക്കായാണ് ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന അജ്ഞലി ദമാനിയ നാഗ്പൂരില്‍ നിന്നും മുന്‍മന്ത്രി ഡോ ലിളിതാ നായിക് കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ്ഗയില്‍നിന്നും ജനവിധി തേടുന്നു. മുംബൈ സൗത്തില്‍ നിന്നും മത്സരിക്കുന്ന മീര സന്യാല്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്റ് സിഇഒ ആയി സേവനമനുഷ്ഠിക്കുമ്പോള്‍ സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയാണ്. 65000ത്തോളം വനിതാ സംരംഭകരെയാണ് മൈക്രോ ഫിനാന്‍സിംഗ് പദ്ധതിയിലൂടെ അവര്‍ സഹായിച്ചത്. തൃശൂരില്‍ മത്സരിക്കുന്ന സാറാ ജോസഫും എറണാകുളത്തെ അനിതാ പ്രതാപുമാണ് ശ്രദ്ധേയരായ മറ്റു വനിതാ സ്ഥാനാര്‍ത്ഥികള്‍.
വിവിധ ജനകീയ പോരാട്ടങ്ങളുടെ നേതൃത്വം വഹിക്കുന്ന നിരവധി പുരുഷന്മാരും ആം ആദ്മിയുടെ ബാറില്‍ വോട്ടുചോദിക്കുന്നുണ്ട്. കൂടംകുളം സമരനായകന്‍ ഉദയകുമാര്‍, 1984ലെ സിക് കൂട്ടകൊലയിലെ ഇരകള്‍ക്കായി പോരാടുകയും ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിനെതിരെ ചെരിപ്പെറിഞ്ഞ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ജര്‍ണയില്‍ സിംഗ്, കൂട്ടകൊലയിലെ ഇരകള്‍ക്കായി കോടതി കയറിയിറങ്ങുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ ഹര്‍വിന്ദര്‍സിംഗ്, 2002ല ഗുജറാത്ത് വംശഹത്യയുടെ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ആശിഖ് ഖേതന്‍, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ നേതാവ് അലോക് അഗര്‍വാള്‍, രാജസ്ഥാനിലെ ഒരു മുന്‍സിപ്പല്‍ കൗണ്‍സിലില്‍ തിരിചുവിളിക്കാനുള്ള അവകാശം നടപ്പാക്കിയ അശോക് കുമാര്‍ ജയിന്‍, മഹാരാഷ്ട്രയിലെ പ്രശസ്ത ദളിത് പ്രവര്‍ത്തകന്‍ ലളിത് ബബാര്‍, പ്രശസ്ത വിവരാവകാശ പ്രവര്‍ത്തകരായ രാജ മുസഫര്‍ ഭട്ട്, രാജ്മംഗല്‍ പ്രസാദ്, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ഈ നിരയില്‍ വരുന്നു. കൂടാതെ വേറേയും സാമൂഹ്യപ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും പാര്‍ട്ടി ബാനറില്‍ മത്സരിക്കുന്നുണ്ട്. ഇവരില്‍ ചെറിയ ഒരു വിഭാഗമെങ്കിലും വിജയിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കുമെന്നും പാര്‍ലിമെന്റിന് മുതല്‍കൂട്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply