വിജയന്‍ മാഷെ സച്ചിദാനന്ദന്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍

രതീഷ് കോഴിക്കോട് ജനാധിപത്യവേദി സംഘടിപ്പിച്ച എം.എന്‍ വിജയന്‍ അനുസ്മരണത്തില്‍ ‘ഇടതുപക്ഷത്തിന്റെ വര്‍ത്തമാനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സച്ചിദാനന്ദന്റെ വാക്കുകള്‍ സ്വയം ഖണ്ഡിക്കുന്നവയായിരുന്നു. ഇടതുപക്ഷത്തിന്റെ യാന്ത്രികവല്‍ക്കരണത്തേയും വര്‍ഗ്ഗന്യൂനീകരണത്തേയും എതിര്‍ത്ത സച്ചിദാനന്ദന്‍ ആ നിലപാടുകളുടെ ഏറ്റവും വലിയ വക്താവായിരുന്ന വിജയന്‍ മാഷെ ഉദാത്തവല്‍ക്കരിച്ചത് കൗതുകകരമായി മാറി. ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന സത്രീ, ദളിത് വാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ അവഗണിക്കുന്ന ഇടതുപക്ഷത്തെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. അവസാന പത്ത് വര്‍ഷങ്ങളിലായി നടക്കുന്ന ജനകീയ സമരങ്ങള്‍, പരിസ്ഥിതി സമരങ്ങള്‍ എല്ലാം തന്നെ മുഖ്യധാര ഇടതുപക്ഷത്തിന് […]

mnvijayan

രതീഷ്

കോഴിക്കോട് ജനാധിപത്യവേദി സംഘടിപ്പിച്ച എം.എന്‍ വിജയന്‍ അനുസ്മരണത്തില്‍ ‘ഇടതുപക്ഷത്തിന്റെ വര്‍ത്തമാനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സച്ചിദാനന്ദന്റെ വാക്കുകള്‍ സ്വയം ഖണ്ഡിക്കുന്നവയായിരുന്നു. ഇടതുപക്ഷത്തിന്റെ യാന്ത്രികവല്‍ക്കരണത്തേയും വര്‍ഗ്ഗന്യൂനീകരണത്തേയും എതിര്‍ത്ത സച്ചിദാനന്ദന്‍ ആ നിലപാടുകളുടെ ഏറ്റവും വലിയ വക്താവായിരുന്ന വിജയന്‍ മാഷെ ഉദാത്തവല്‍ക്കരിച്ചത് കൗതുകകരമായി മാറി.
ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന സത്രീ, ദളിത് വാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെ അവഗണിക്കുന്ന ഇടതുപക്ഷത്തെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. അവസാന പത്ത് വര്‍ഷങ്ങളിലായി നടക്കുന്ന ജനകീയ സമരങ്ങള്‍, പരിസ്ഥിതി സമരങ്ങള്‍ എല്ലാം തന്നെ മുഖ്യധാര ഇടതുപക്ഷത്തിന് പുറത്താണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇത്തരം സമരങ്ങളില്‍ സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇടതുപക്ഷത്തിന്റേതാക്കി മാറ്റുന്നില്ല. ഈ സമരങ്ങള്‍ ജനങ്ങളുടെ അതിജീവനത്തിന് കൂടിയുള്ളതാണെന്ന് ഇടതുപക്ഷം കാണുന്നില്ല. അതിനാല്‍ ഇടതുപക്ഷം കാഴ്ചക്കാരായി മാറുന്നു. ജനങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം കുറയുന്നു.
താന്‍ വിമര്‍ശിച്ച ഈ വിഷയങ്ങൡ വിജയന്‍ മാഷ് എവിടെയായിരുന്നു നിന്നിരുന്നത് എന്നു പരിശോധിക്കാന്‍ സച്ചിദാനന്ദന്‍ തയ്യാറാകുന്നില്ല. സത്യത്തില്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടുകളുടെ ശക്തനായ വക്തവായിരുന്നു അദ്ദേഹം. സ്ത്രീ, ദളിത്, പരിസ്ഥിതി പ്രശ്‌നങ്ങളെല്ലാം വര്‍ഗ്ഗസമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയായാണ് അദ്ദേഹം കണ്ടിരുന്നതെന്ന് സച്ചിദാനന്ദന്‍ മറക്കുന്നു. പാര്‍ട്ടി നേതൃത്വം മുതലാളിത്തപാതയിലേക്ക് നീങ്ങുന്നു എന്നതായിരുന്നു വിജയന്‍ മാഷുടെ മുഖ്യ വിമര്‍ശനം. മുതലാളിത്ത, സവര്‍ണ, പുരുഷ മേധാവിത്വമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് സച്ചിദാനന്ദന്‍ പറയുമ്പോള്‍ സവര്‍ണ്ണ, പുരുഷ മേധാവിത്വങ്ങളെ അത്രയും രൂക്ഷമായി വിജയന്‍ മാഷ് വിമര്‍ശിച്ചിട്ടില്ല.

കേരളത്തില്‍ ഫാസിസത്തിന്റെ കടന്നുവരവിനെതിരെ നിരന്തരം കലഹിച്ച് കൊണ്ടിരുന്ന ചിന്തകനായിരുന്നു എം.എന്‍ വിജയന്‍ എന്നത് ഒരു പരിധി വരെ ശരിയാണ്. ഫാസിസത്തിന്റെ, മുഖ്യമായും ഹൈന്ദവ ഫാസിസത്തിന്റെ വരവിനെ മുന്‍കൂട്ടി കാണുകയും കേരളീയ സമൂഹത്തെയാകെ ജാഗരൂകരാക്കി നിര്‍ത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലയി സംഭാവനയും. എന്നാല്‍ കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ അദ്ദേഹം മൗനിയായിരുന്നില്ലേ? അവരുടെ എത്രയോ ഫാസിസ്റ്റ് നടപടികളെ അദ്ദേഹം ന്യായീകരിച്ചിരുന്നു. പാര്‍ട്ടി, ജനാധിപത്യത്തിന്റെ പാതയിലേക്ക് പോകുന്നു എന്നതായിരുന്നില്ലേ അദ്ദേഹത്തിന്റെ ആശങ്ക. മറ്റാരും അതു പറഞ്ഞില്ലെങ്കിലും സച്ചിദാനന്ദന്‍ അതു പറയുമെന്നാണ് കരുതിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “വിജയന്‍ മാഷെ സച്ചിദാനന്ദന്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍

  1. കോഴിക്കോട് പരിപാടി എം എന്‍ വിജയന്‍ അനുസ്മരണ പരിപാടിയായിരുന്നു. അവിടെ സ്വാഭാവികമായും വിജയന്‍ മാഷുടെ നിലപാടുകളെ പരിശോധിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല. മറിച്ച് ഇടതുപക്ഷത്തെയും പാര്‍ട്ടിയേയും വിമര്‍ശിക്കാന്‍ മാഷ് കാണിച്ച ധൈര്യത്തേയും ഫ്രോയിഡിനെ വിമര്‍ശനത്തില്‍ കൊണ്ടുവന്നതും മാത്രമാണ് പരാമര്‍ശിച്ചത്. വിജയന്‍ മാഷുടെ പല നിലപാടുകളെയും ഞാന്‍ എന്നും വിമര്‍ശിച്ചുണ്ട്. പാമ്പുകളെ ചുട്ടുകൊന്നപ്പോഴും ജയകൃഷ്ണന്‍ മാഷെ വധിച്ചപ്പോഴും വിജയന്‍ മാഷെടുത്ത നിലപാടിനെ അന്നു തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരമൊരു വേദിയില്‍ അത്തരം കാര്യങ്ങളിലേക്ക് കടന്നില്ല എന്നു മാത്രം
    സച്ചിദാനന്ദന്‍

  2. Avatar for Critic Editor

    വി എ ബാലകൃഷ്ണന്‍

    ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ ഔദ്യ്യോഗിക നേതൃത്വം ഏറ്റെടുത്തിട്ടുള്ള സി പി എം എന്ന പാര്‍ട്ടിയുടെ മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ (ജനകീയാസൂത്രണം അടക്കം)തയ്യാറായി എന്നതു മാത്രമല്ല വിജയന്‍മഷുടെ സംഭാവന.സാ‍മ്രാജ്യത്വത്തിന്റെ പുത്തന്‍ കൊളോണിയല്‍ ചൂഷണത്തിന്റെ ബഹുമുഖാക്രമണങ്ങളെ തിരിച്ചറിയുക കൂടി ചൈയ്തിരുന്നു. മാത്രമല്ല രതീഷ് പറയുന്നപോലെ സാമ്രാജ്യത്വ ഫണ്ടിംഗിലൂടെ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനാരൂപങ്ങളേയും എതിര്‍ക്കുന്നതോടൊപ്പം വ്യത്യസ്ത ജന വിഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്ന ജനകീയ സമരങ്ങളെ പിന്തുണക്കുക തന്നേയാണ് അദ്ദേഹം ചൈയ്തിട്ടുള്ളത്…പിന്നെ വിജയന്മാഷിന്റെ അനുസ്മരണ പരിപാടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ സ്പര്‍ശിക്കാതെ പോകുന്നതിലെ അനുചിത്യം ചൂണ്ടിക്കാണിക്കതിരിക്കാന്‍ വയ്യ,കേരളീയ ബുദ്ധിജീവിതങ്ങളുടെ ഇന്നതെ ഒരവസ്ഥ ഇതാണ്……

Leave a Reply