”വികസനം” – മലയാളിയുടെ തൂക്കുകയര്‍

കെ പി ശശി കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി കഴിഞ്ഞു. ബിജെപിക്ക് മുന്‍കാലങ്ങളേക്കാള്‍ ഇക്കുറി കൂടുതല്‍ മെച്ചമുണ്ടാക്കുമെന്ന് പരക്കെ കരുതപ്പെടുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പല ആക്ടിവിസ്റ്റുകളും കരുതുന്നത് കോണ്‍ഗ്രസ്സും ഇടതുപക്ഷവും കേരളത്തിലെ വര്‍ഗ്ഗീയധ്രുവീകരണം യഥാസമയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് വര്‍ഗ്ഗീയതക്കെതിരെ കൃത്യമായ നിലപാടടെടുക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞത്. പതുക്കെ പതുക്കെ ജനങ്ങളുടെ മനസ്സില്‍ ഹിന്ദുയിസമെന്നത് ഹിന്ദുത്വ എന്നായി മാറി കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വോട്ടില്‍ വലിയ […]

oomen chandy

കെ പി ശശി

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കി കഴിഞ്ഞു. ബിജെപിക്ക് മുന്‍കാലങ്ങളേക്കാള്‍ ഇക്കുറി കൂടുതല്‍ മെച്ചമുണ്ടാക്കുമെന്ന് പരക്കെ കരുതപ്പെടുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പല ആക്ടിവിസ്റ്റുകളും കരുതുന്നത് കോണ്‍ഗ്രസ്സും ഇടതുപക്ഷവും കേരളത്തിലെ വര്‍ഗ്ഗീയധ്രുവീകരണം യഥാസമയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ്. ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് വര്‍ഗ്ഗീയതക്കെതിരെ കൃത്യമായ നിലപാടടെടുക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞത്. പതുക്കെ പതുക്കെ ജനങ്ങളുടെ മനസ്സില്‍ ഹിന്ദുയിസമെന്നത് ഹിന്ദുത്വ എന്നായി മാറി കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വോട്ടില്‍ വലിയ വര്‍ദ്ധനവുണ്ടായില്ലെങ്കില്‍ കൂടി സംഘപരിവാറിന്റെ അജണ്ട ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി വേരുപിടിക്കുക തന്നെയാണ്.
പക്ഷ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം ‘വികസനം’ തന്നെയാണ്. അതേസമയം രാജ്യത്തെ ആക്ടിവിസ്റ്റുകളും ജനകീയപ്രസ്ഥാനങ്ങളും ജൈവബുദ്ധിജീവികളും മുന്നോട്ടുവെക്കുന്ന വികസനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇവര്‍ ശ്രദ്ധിക്കുന്നില്ല. വികസനം ആര്‍ക്കുവേണ്ടി, ആരുടെ ചിലവില്‍ എന്ന സുപ്രധാന ചോദ്യം ഇപ്പോഴും നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടയിലില്ല. അല്ലെങ്കില്‍ അത്തരം ചര്‍ച്ചകള്‍ കേട്ടിട്ടില്ലെന്ന് അവര്‍ നടിക്കുകയായിരിക്കും. എന്നാല്‍ അടുത്തയിടെ ചില ചെറിയ മാറ്റങ്ങള്‍ കാണാനുണ്ട്. രാഷ്ട്രീയനേതാക്കളുടെ പൊതുപ്രസ്താവനകള്‍ക്ക് മാറ്റം വരുത്തുന്നതില്‍ ദേശീയവിരുദ്ധരെന്നും വികസനവിരുദ്ധരെന്നും മുദ്രകുത്തപ്പെട്ട ആക്ടിവസ്റ്റുകള്‍ ചെറിയ തോതില്‍ വിജയിച്ചിട്ടുണ്ട്. പല നേതാക്കളും പരിസ്ഥിതിയെ തകര്‍ക്കുന്ന ‘പരിസ്ഥിതി സൗഹൃദ വികസന’ത്തെ കുറിച്ചും ജനങ്ങളെ നശിപ്പിക്കുന്ന ‘ജനകീയ വികസന’ത്തെ കുറിച്ചും സംസാരിക്കാനാരംഭിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും ശ്രദ്ധേയമായ ഒരു മാറ്റമാണ്.
യുഡിഎഫിന്റെ കാലാവധി അവസാനിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ‘വികസന’പദ്ധതികള്‍ കൊണ്ടുവന്നു എന്നും അതിനാല്‍ തങ്ങള്‍ക്ക ഒരവസരം കൂടി നല്‍കണമെന്നുമാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത്. യുഡിഎഫ് അവകാശപ്പെടുന്ന ഈ ‘വികസന’ത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കേരളത്തിലെ വോട്ടര്‍മാര്‍ വിലയിരുത്തേണ്ട സമയമാണിത്.
നിഷ്പക്ഷ നിരീക്ഷകര്‍ എന്ന നിലയില്‍ നമുക്ക് യുഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയാണെന്ന് തല്‍ക്കാലം സങ്കല്‍പ്പിക്കാം. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അദാനിക്ക് വാഗ്ദാനം ചെയ്ത ആയിരകണക്കിനു കോടി രൂപയുടെ ജീവകാരുണ്യസഹായം ‘വികസന’മാണെന്നും സങ്കല്‍പ്പിക്കാം. ഈ പദ്ധതിയുടെ വടക്കന്‍ മേഖലയില്‍ 25ഓളം മത്സ്്യതൊഴിലാളി ഗ്രാമങ്ങളെ കടല്‍ വിഴുങ്ങുന്നതും സമഭാവനോടെയുള്ള മതേതരത്വത്തിന്റെ പ്രതീകമായി എല്ലാ വിഭാഗങ്ങളുടേയും ആരാധനാലയങ്ങള്‍ കടലെടുക്കുന്നതും ‘വികസന’മായി സങ്കല്‍പ്പിക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ളതായി കണക്കാക്കപ്പെടുന്ന 20 സമുദ്രപ്രദേശങ്ങളില്‍ ഇന്ത്യയിലെ ഏക പ്രദേശമായ ഈ മേഖലയിലെ അപൂര്‍വ്വ ജൈവവൈവിധ്യങ്ങളുടെ നാശവും ‘വികസന’മായി സങ്കല്‍പ്പിക്കാം. ഈ പദ്ധതിക്കായി കേരളത്തിലേയും തമിഴ്‌നാട്ടിലേയും പശ്ചിമഘട്ടമേഖലയിലെ രണ്ടു മലങ്ങള്‍ ഒന്നടങ്കം കടലില്‍ നാലു കി മി നീളത്തില്‍ നിക്ഷേപിക്കുന്നതും ‘വികസന’മായി സങ്കല്‍പ്പിക്കാം. യുഡിഎഫ് സര്‍ക്കാരിന്റെ പ്ലാന്‍ പ്രകാരം 590 കി മി മാത്രം നീളമുള്ള കേരളത്തില്‍ ശരാശരി 60 കി മിറില്‍ 1 എന്ന കണക്കില്‍ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും ‘വികസന’മായി സങ്കല്‍പ്പിക്കാം. ഭാവിയില്‍ ഓരോ പഞ്ചായത്തിലും വിമാനത്താവളം വരുന്നതും ‘വികസന’മായി കണക്കാക്കാം. വയനാട്ടില്‍ ആദിവാസികള്‍ക്ക് വാഗാദ്‌നാം ചെയ്ത ഭൂമി നല്‍കാതെ നൂറുകണക്കിനേക്കര്‍ ഭൂമി വിമാനത്താവളത്തിനുവേണ്ടി ഉപയോഗിക്കുന്നതും ‘വികസന’മായി കണക്കാക്കാം. ഇക്കാലയളവില്‍ അട്ടപ്പാടിയിലെ കുഞ്ഞുങ്ങളടക്കം അമ്പതിലേറെ പോഷകാഹാര കുറവുകൊണ്ടുള്ള മരണങ്ങളും ‘വികസന’മായി സങ്കല്‍പ്പിക്കാം. യാത്ര ചെയ്യുക എന്ന പ്രാഥമികാവകാശത്തിനുവേണ്ടി ടോള്‍ നല്‍കേണ്ടി വരുന്നതും ‘വികസന’മായി സങ്കല്‍പ്പിക്കാം. ഇക്കാലയളവില്‍ പുറത്തുവന്ന നിരവധി അഴിമതികഥകളും ‘വികസന’മായി കണക്കാക്കാം. എന്താണ് നഷ്ടപ്പെട്ടതെന്ന് ചിന്തിക്കാതെ മെട്രോയിലൂടെ അതിവേഗതയില്‍ യാത്ര ചെയ്യുന്നതും ‘വികസന’മായി സങ്കല്‍പ്പിക്കാം. വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ ജനങ്ങളുടെ പ്രാഥമികാവകാശങ്ങള്‍ നിഷേധിച്ച് ഇവയെല്ലാം ചരക്കുവല്‍ക്കരിക്കരിക്കുന്നതും ‘വികസന’മായി കണക്കാക്കാം. നഗരമാലിന്യങ്ങള്‍ സമീപഗ്രാമങ്ങളില്‍ സംസ്‌കരിക്കാതെ കൊണ്ടുപോയി തട്ടുന്നതും അവരുടെ ജീവിതം ദുരിതമയമാക്കുന്നതും വികസനത്തിന്റെ ലക്ഷണമായി കണക്കാക്കാം.
ഇത്തരം സങ്കല്‍പ്പങ്ങളുടെ ലിസ്റ്റ് അപൂര്‍ണ്ണമാണ്. വോട്ടര്‍മാരുടെ മുന്നിലെ പ്രധാന ചോദ്യം ഇതാണ് – ഇത്തരം വികസനം മൂലം ഈ തലമുറയുടേയും വരുംതലമുറയുടെയും സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ മറന്നാലും എന്തുകൊണ്ട് നമ്മുടെ നേതാക്കള്‍ ഇത്തരം വന്‍കിട വികസന പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു എന്നതാണ്.
പൊതുപണം ഉപയോഗിച്ച് ജനങ്ങളുടെ വായിലേക്ക്് വന്‍കിട പദ്ധതികള്‍ കുത്തിനിറക്കാന്‍ നേതാക്കള്‍ വലിയ തല്‍പ്പരരാണ്. അയാഥാര്‍ത്ഥമായ അവകാശവാദങ്ങളാണ് അവരതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത്തരെമാരു നിലപാടിന് പ്രധാന കാരണം അഴിമതിയാണ്. ഏതാനും വര്‍ഷങ്ങളായി അഴിമതി പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാലവയെല്ലാം ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം പത്രങ്ങളില്‍ നിറയുനന ചെറുകിട അഴിമതി ആരോപണങ്ങളാണ്. യഥാര്‍ത്ഥ അഴിമതി നടക്കുന്നത് ആയിരകണക്കിനു കോടികളുടെ വന്‍കിട പദ്ധതികളിലാണെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ പോലും വന്‍കിട പദ്ധതികളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. അതിന്റെ കാരണങ്ങളിലേക്ക് നാമിപ്പോള്‍ പോകേണ്ടതില്ല. പക്ഷെ വോട്ടര്‍മാരായ നമ്മള്‍ വികസനത്ത്ിന്റെ മുന്‍ഗണനകളെ കുറിച്ചും ഏതുതരംവികസനമാണ് നമുക്കു തരുന്നതെന്നും നേതാക്കളോട് ചോദിക്കേണ്ട സമയമായിരിക്കുന്നു. വീടുകളിലേക്ക് വോട്ടിനു വേണ്ടി വരുന്ന സമയമാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പറ്റിയ അവസരം. കാരണം തെരഞ്ഞെടുപ്പു കഴിയുന്നതു വരെ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ കാരുണ്യത്തിലാണ്.
യുഡിഎഫ് നേതാക്കള്‍ ഇനിയും വോട്ടിനായി ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വോട്ടര്‍മാരുടെ മുന്നിലെ മറ്റാരു പ്രധാന ചോദ്യം നമ്മുടെ ഖജനാവിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണ് എന്നതാണ്. അതും നമുക്ക് നേട്ടങ്ങളെ കുറിച്ചുള്ള സര്‍ക്കാരിന്റേതന്നെ വാക്കുകളിലൂടെ പരിശോധിക്കാം. ഏതൊരു സര്‍ക്കാരിന്റേയും നേട്ടങ്ങള്‍ വിലയിരുത്തണ്ടത് പൊതുഖജനാവ് എങ്ങനെ ഉപയോഗിച്ചു എന്നതിലൂടെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ‘വികസന’ത്തെ വളരെ ഗൗരവപൂര്‍വ്വമായി കണ്ടിരുന്നു എന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ആത്യന്തികമായ ഫലമെന്താണ്? യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം 135440.4 കോടിയായി വര്‍ദ്ധിച്ചതായി ഈ വര്‍ഷം ഫെബ്രുവരി 10ന് കേരള അസംബ്ലി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കാണുന്നു. കേരളത്തിലെ ജനസംഖ്യം 3.4 കോടിയാണ്. കേരളത്തിലെ ഒരു കുടുംബത്തില്‍ ശരാശരി 4 അംഗങ്ങളുണ്ടെന്ന് സങ്കല്‍പ്പിച്ചാല്‍ ഓരോ കുടുംബത്തിന്റേയും കടം 159340 രൂപയും അതിന്റെ പലിശയുമാണ്. ഇന്ത്യയില്‍ ആത്മഹത്യചെയത മിക്കവാറും കര്‍ഷകരുടേയും കടം ശരാശരി ഒന്നരലക്ഷത്തില്‍ താഴെയായിരുന്നു. ഈ കടത്തിന്റെ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാരിനായതിനാല്‍ 5 കൊല്ലം കൊണ്ട് ഓരോ മലയാളിയേയുംം ആത്മഹത്യയുടെവക്കിലേക്ക് തള്ളിവിടുകയാണെന്നാണ് കണക്കാക്കേണ്ടത്. ഇതിനെ യുഡിഎഫ് സര്‍ക്കാരിന്റെ വികസനമായി വിശേഷിപ്പിക്കാമെങ്കില്‍, അവരുടെ രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായി പ്രശ്‌നങ്ങളുണ്ട്.
അതുകൊണ്ട് ഈ സര്‍ക്കാര്‍ എങ്ങനെയാണ് ഓരോരുത്തരേയും ബാധിച്ചതെന്ന ഒരു കണക്കെടുപ്പ് നടത്തിയാല്‍ വ്യക്തമാകുന്നത് ഇതാണ്. നികുതി വര്‍ദ്ധനവും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ വെട്ടിചുരുക്കലും മൂലം ശരാശരി മലയാളിയുടെ കടബാധ്യതകളുടെ ഭാരം കൂടുതല്‍ നികുതിയിലേക്കും സാമൂഹ്യ സുരാക്ഷാ പദ്ധതികളുടെ കൂടുതല്‍ വെട്ടിചുരുക്കലിലേക്കും നയിക്കുന്നു. ഈ വികസനമാതൃകയിലൂടെ സാമൂഹ്യ പാരിസ്ഥിതിക അവസ്ഥകളും ജനങ്ങളുടെ ജീവിത ഉപാധികളും നാശത്തിനു വിധേയമാകുന്നു. അതോടൊപ്പം ഉത്തരവാദിത്ത രഹിതമായ ഭരണം മൂലം കൂടുതല്‍ കൂടുതല്‍ കടബാധ്യതകളിലേക്ക് അവര്‍ തള്ളപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ ഭരണം മൂലം ശരാശരി മലയാളിയുടെ കഴുത്തില്‍ ഒരു തൂക്കുകയര്‍ കുരുങ്ങിയതായി കണക്കാക്കാം.
അവസാന ചോദ്യം ഇതാണ്. ആരാണ് ഈ കടങ്ങള്‍ വീട്ടാന്‍ പോകുന്നത്? 135440.4 കോടിയുടെ ഈ കടം ഉമ്മന്‍ ചാണ്ടി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് കൊടുക്കുമോ? അതോ അത് കേരളീയവര്‍ക്ക് മറ്റൊരു ബാധ്യതയായി മാറുമോ? എ ഡി ബി, ലോകബാങ്ക് കടങ്ങള്‍ ആരാണ് വീട്ടാന്‍ പോകുന്നത്? അവയുടെ കനത്ത പലിശ ആരാണ് തീര്‍ക്കാന്‍ പോകുന്നത്? ‘യുഡിഎഫിന്റെ ‘വികസന’മാതൃക കൊള്ളാം, പക്ഷെ ആത്യന്തികമായി ഈ വലിയ ബാധ്യത ജനങ്ങള്‍ അവരുടെ പോക്കറ്റില്‍ നിന്ന് മടക്കി കൊടുക്കണമെന്നുമാത്രം.’ (ദീപസ്തംഭം മഹാശ്ചര്യം നമുക്കും കൊടുക്കണം പണം). ഈ യാഥാര്‍ഥ്യം ഓരോ മലാളിയും വോട്ടുചെയ്യുന്നതിനുമുമ്പ് ഓര്‍ക്കണം. ഇന്ന് ഈ ചോദ്യം ശക്തമായി ഉന്നയിക്കുന്നില്ലെങ്കില്‍ ഭാവിയിലെ നികുതി വര്‍ധനവിനെ കുറിച്ചും വിലവര്‍ദ്ധനയെ കുറിച്ചും സബ്‌സിഡികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും വെട്ടിക്കുറക്കുന്നതിനെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്തമായ അടിസ്ഥാനാവശ്യങ്ങളുടെ വെട്ടിക്കുറക്കലിനെ കുറിച്ചും പിറുപിറുക്കേണ്ടതില്ല.
ഈ തൂക്കുകയര്‍ വികസനം ഉമ്മന്‍ ചാണ്ടിയേക്കാല്‍ നന്നായി നരേന്ദ്രമോദി നടപ്പാക്കുന്നു എന്നതാണ് നമ്മുടെ ഏക ആശ്വാസം. വിദേശകമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സൗജന്യ സബ്‌സിഡികള്‍ നല്‍കാനും രാജ്യത്തെ അമൂല്യമായ പ്രകൃതിസമ്പത്തുകള്‍ അവര്‍ക്ക് സമ്മാനിക്കാനുമുള്ള വിദേശയാത്രകളും വര്‍ഗ്ഗീയശക്തികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സ്വാതന്ത്ര്യവും ജനകീയ വിഷയങ്ങളോടുള്ള കണ്ണടക്കലും ഇതിന്‌റെ വ്യക്തമായ സൂചനകളാണ്. വികസനത്തെ കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പ്പങ്ങളില്‍ ബിജെപിയും യുഡഎഫും തമ്മില്‍ വ്യത്യാസമില്ല. വിഴിഞ്ഞം പദ്ധതിക്കായി അദാനിക്ക് ഉമ്മന്‍ ചാണ്ടി ആയിരകണക്കിനു കോടി ജീവകാരുണ്യസഹായം നല്‍കുമ്പോള്‍ അതുതന്നെയാണ് മോദിയും ചെയ്യുന്നത്. ഇടതുപക്ഷം പതിവുപോലെ അന്ധാളിച്ചു നില്‍ക്കുകയാണ്.. സൈലന്റ് വാലിക്കെതിരായ ഐതിഹാസികസമരം കഴിഞ്ഞ് നാലു പതിറ്റാണ്ടായിട്ടും, പിന്നീട് നാശകരമായ പല വന്‍പദ്ധതികള്‍ക്കെതിരേയും വിജയകരമായ ജനകീയ പോരാട്ടങ്ങള്‍ നടന്നിട്ടും നമ്മുടെ ഇടതുപക്ഷം പരിസ്ഥിതി സംരക്ഷണത്തിനും ലക്ഷകണക്കിനു വരുന്ന വികസന അഭയാര്‍ത്ഥികള്‍ക്കായും വ്യക്തമായ നിലപാടെടുക്കാതെ ഭയത്തിന്റെ ഇരുട്ടില്‍ തപ്പുകയാണ്. ഇതിന്റെ ട്രാജഡി കൊലക്കയര്‍ ജനത്തിന്റെ കഴുത്തില്‍ മുറുകുന്നു എന്നതാണ്. ഒരുപക്ഷെ ‘വികസന’ദൈവത്തോട് പ്രാര്‍ത്ഥിക്കല്‍ മാത്രമായിരിക്കാം ഏകപരിഹാരം – ഈ വികസനവാദികളില്‍ നിന്ന് രക്ഷിക്കാനായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply