വിഎസും വിഎമ്മും മുഖാമുഖം

കേരളത്തില്‍ ലോകസഭാ തിരഞ്ഞടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള ബലപരീക്ഷണമായിരിക്കും എന്ന ധാരണയായിരുന്നു പൊതുവില്‍ നിലനിന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അന്തരീക്ഷം മാറുന്നു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായുള്ള ബല പരീക്ഷണമായി ലോകസഭാ തിരഞ്ഞെടുപ്പ് മാറുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രതീക്ഷിക്കാതെ അധ്യക്ഷപദത്തിലെത്തിയ സുധീരന്‍ വളരെ സജീവമായിതന്നെ രംഗത്തിറങ്ങി കഴിഞ്ഞു. മറുവശത്ത് പിടലപിണക്കങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് വിഎസും രംഗത്തിറങ്ങിയിരിക്കുന്നു. […]

gopiyettanകേരളത്തില്‍ ലോകസഭാ തിരഞ്ഞടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള ബലപരീക്ഷണമായിരിക്കും എന്ന ധാരണയായിരുന്നു പൊതുവില്‍ നിലനിന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അന്തരീക്ഷം മാറുന്നു. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായുള്ള ബല പരീക്ഷണമായി ലോകസഭാ തിരഞ്ഞെടുപ്പ് മാറുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രതീക്ഷിക്കാതെ അധ്യക്ഷപദത്തിലെത്തിയ സുധീരന്‍ വളരെ സജീവമായിതന്നെ രംഗത്തിറങ്ങി കഴിഞ്ഞു. മറുവശത്ത് പിടലപിണക്കങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് വിഎസും രംഗത്തിറങ്ങിയിരിക്കുന്നു. ഇരുപക്ഷത്തും കുറച്ചെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ മുഖാമുഖം അണിനിരക്കുന്നത് കേരള രാഷ്ട്രീയത്തിനു ഗുണകരമായിരിക്കും എന്നു കരുതാം.

സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പലവട്ടം എത്താനുള്ള തീരുമാനത്തിലാണ് സുധീരന്‍. മിക്കവാറും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഒരുപക്ഷെ സുധീരനില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള രൂക്ഷമായ അക്രമണമാണ് അദ്ദേഹം സിപിഎമ്മിനെതിരെ നടത്തുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് പ്രധാനമായും അദ്ദേഹം എടുത്തുകാണിക്കുന്നത്. ടിപി വധം, ഷുക്കൂര്‍ വധം, അവസാനമുണ്ടായ പെരിഞ്ഞനത്തെ നവാസ് വധം എന്നിവ ചൂണ്ടികാട്ടി സിപിഎം കൊലയാളി പാര്‍ട്ടിയാണെന്നു അദ്ദേഹം സ്ഥാപിക്കുന്നു. ഒപ്പം അന്ധമായ കോണ്‍ഗ്രസ്സ് വിരോധം കൊണ്ട് ക്വിറ്റ് ഇന്ത്യാ സമരം മുതല്‍ സിപിഎം ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടികാട്ടി, ബിജെപിയെ ഇന്ത്യയില്‍ ശക്തമാക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ടെന്ന് സുധീരന്‍ സ്ഥാപിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കിയതുമാത്രമാണ് സിപിഎം ചെയ്ത ഒരേയൊരു ശരിയായ പ്രവര്‍ത്തിയാണെന്നാണ് സുധീരന്‍ പറയുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികപട്ടികയാണ് സുധീരന്‍ വിമര്‍ശിക്കുന്ന മറ്റൊന്ന്. കോണ്‍ഗ്രസ്സ് നേതാക്കളേയും പെയ്ഡി സ്ഥാനാര്‍ത്ഥികളേയും മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ഗതികേടാണെന്നാണ് സുധീരന്‍ പറയുന്നത്. ഒപ്പം എല്ലാ സമരങ്ങളും പരാജയപ്പെടുന്ന പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നു. ഇതോടൊപ്പം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നേട്ടങ്ങളും സുധീരന്‍ ഉയര്‍ത്തികാട്ടുന്നു.
കഴിഞ്ഞ 5 വര്‍ഷമായി നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമാണ് യുഡിഎഫിന്റേത്. രമേശ് ചെന്നിത്തലക്ക് ഇക്കാര്യത്തില്‍ 100 ശതമാനം മാര്‍ക്കാണ്. അത് പുറകോട്ടുപോയാല്‍ മുള്‍കസേരയിലിരിക്കുന്ന തനിക്ക് ഗുണകരമാകില്ല എന്ന് സുധീരനറിയാം. അതാണ് സത്യത്തില്‍ അദ്ദേഹത്തിനു ഊര്‍ജ്ജം നല്‍കുന്നത്.
സമാനമാണ് വിഎസിന്റെ അവസ്ഥയും. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പേരിനെങ്കിലും പാര്‍ട്ടി നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞടുപ്പിനുശേഷം തന്റെ വിഷയം വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹത്തിനറിയാം. തന്റെ നിസ്സഹകരണം കൊണ്ട് പരാജയം ഉണ്ടായാല്‍ തുടര്‍ന്നും പാര്‍ട്ടിക്കകത്തുനിന്ന പോരാടാന്‍ എളുപ്പമാകില്ല എന്നദ്ദേഹത്തിനറിയാം. ഒരുപക്ഷെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടാം. കേരള രാഷ്ട്രീയത്തിലെ മെഗാസ്റ്റാര്‍ വിഎസ് ആണെന്നറിയാവുന്ന കേന്ദ്രനേതൃത്വം ശക്തമായി രംഗത്തിറങ്ങാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടിട്ടുണ്ട്. അതു നിരസിച്ചാല്‍ അവരുടെ പിന്തുണയും നഷ്ടപ്പെടുമെന്ന് വിഎസിനറിയാം. മറ്റെല്ലാ സ്ഥലത്തും തകര്‍ന്ന പാര്‍ട്ടിക്ക് ഏതാനും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത ഇവിടെയാണെന്ന് കാരാട്ടിനും കൂട്ടര്‍ക്കുമറിയാം. എന്തായാലും തല്‍ക്കാലം രംഗത്തിറങ്ങാനാണ് വിഎസിന്റെ തീരുമാനം. പതിവുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരെല്ലാം സ്വന്തം മണ്ഡലത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന മലബാറില്‍ പ്രചാരണത്തിനെത്തണമെന്നു സി.പി.എം. ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്റെ ചോരക്കായി കേഴുന്ന വടക്കന്‍ നേതാക്കള്‍ക്കായി വോട്ടു ചോദിക്കാന്‍ മാത്രം അദ്ദേഹം തയ്യാറായിട്ടില്ല. മലബാറിലെ ആറെണ്ണം ഒഴികെയുള്ള മറ്റു 14 മണ്ഡലങ്ങളിലെ വി.എസിന്റെ പര്യടനമാണ് നിശ്ചയിച്ചിരിക്കുന്നത്. പൊന്നാനിയാണു വി.എസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്ന മലബാറിലെ ഏക മണ്ഡലം. കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണത്തിനെത്തില്ല. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധവും കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവും വയനാട്ടില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാണ്. ഈ വിഷയങ്ങളില്‍ പാര്‍ട്ടിക്കുവിരുദ്ധമായ നിലപാടാണു വി.എസിന്റേത്. പ്രചാരണപരിപാടികളില്‍ തന്റെ നിലപാട് പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണു മലബാറിലെ മണ്ഡലങ്ങളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള വി.എസിന്റെ തീരുമാനത്തിനു പിന്നില്‍. എന്നാല്‍ വയനാടുപോലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രധാന തെരഞ്ഞെടുപ്പു വിഷയമാകുന്ന ഇടുക്കി മണ്ഡലത്തില്‍ വി.എസ്. പ്രചാരണത്തിനെത്തും. പാര്‍ട്ടി ജില്ലാ നേതൃത്വം ശക്തമായ സമ്മര്‍ദത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. മുഖ്യമായും ഉമ്മന്‍ ചാണ്ടിയാണ് വിഎസിന്റെ പ്രചാരണത്തിലെ പ്രധാന ഇര. സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയാണ്. സരിതയും അഴിമതിയും സരസമായി അദ്ദേഹം വിശദീകരിക്കുന്നു. ലാവ്‌വില്‍ വിഷയത്തില്‍ പിണറായി നിരപരാധിയാണെന്നും വിഎസ് പറഞ്ഞുകഴിഞ്ഞു.
ആലത്തൂരില്‍ പി.കെ. ബിജു, പാലക്കാട്ട് എം.ബി. രാജേഷ്, കൊല്ലത്ത് എം.എ. ബേബി, ആലപ്പുഴയില്‍ സി.ബി. ചന്ദ്രബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തതു വി.എസാണ്. സ്വന്തം നാടായ ആലപ്പുഴയില്‍ സി.ബി. ചന്ദ്രബാബുവിനുവേണ്ടി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വി.എസ്. പ്രചാരണത്തിനിറങ്ങും. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി മത്സരിക്കുന്ന കൊല്ലത്തും വിഎസ് കേന്ദ്രീകരിക്കും. എന്‍ കെ പ്രേമചന്ദ്രനും ബേബിയുമായി തീ പാറുന്ന പോരാട്ടം നടക്കുന്ന കൊല്ലത്ത് വിജയിക്കേണ്ടത് പാര്‍ട്ടിയുടെ അഭിമാനപ്രശ്‌നമാണ്. ആ ഉത്തരവാദിത്തം വിഎസ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
മുഖാമുഖം അണിനിരക്കുമ്പോഴും വിഎസും സുധീരനും പരസ്പരം കാര്യമായി അക്രമിക്കുന്നില്ല എന്നതാണ് കൗതുകകരം. സംസ്ഥാനത്തെ നിരവധി ജനകീയ വിഷയങ്ങളില്‍ ഇരുവര്‍ക്കും സമാനമായ നിലപാടാണ്. ആ വിഷയങ്ങലില്ലാം ഇരുവരുടേയും പാര്‍ട്ടികളാകട്ടെ ഇവര്‍ക്കെതിരുമാണ്. അതുമായി ബന്ധപ്പെട്ട ബഹുമാനം ഇരുവരും പരസ്പരം കാത്തുസൂക്ഷിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടികളില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്നുമവര്‍ക്കറിയാം. എന്തായാലും ഈ പരസ്പരബഹുമാനം പ്രചാരണവേളയില്‍ ഗുണകരമായിരിക്കുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply