വര്‍ഗ്ഗ രാഷ്ട്രീയം കയ്യൊഴിഞ്ഞ സിപിഐ (എം) ലക്ഷണമൊത്ത മനുവാദത്തിലേക്ക്

പി ജെ ജെയിംസ് സവര്‍ണ്ണ ഹിന്ദുക്കളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ള തീരുമാനം ഇന്ത്യയെ സംബന്ധിച്ചേടത്തോളം വളരെ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ബിജെപിയും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ മുതല്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്ക് അധ:പതിച്ചുകഴിഞ്ഞ സിപിഐ, സിപിഐ (എം) പാര്‍ട്ടികള്‍ വരെയുള്ള പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്ന വസ്തുത പുതിയ അറിവല്ല. എന്നാല്‍ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന മണ്ഡല്‍ കമ്മീഷന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീകോടതിയുടെ ഭരണഘടനാ […]

ccപി ജെ ജെയിംസ്

സവര്‍ണ്ണ ഹിന്ദുക്കളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ള തീരുമാനം ഇന്ത്യയെ സംബന്ധിച്ചേടത്തോളം വളരെ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ബിജെപിയും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ മുതല്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്ക് അധ:പതിച്ചുകഴിഞ്ഞ സിപിഐ, സിപിഐ (എം) പാര്‍ട്ടികള്‍ വരെയുള്ള പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്ന വസ്തുത പുതിയ അറിവല്ല. എന്നാല്‍ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന മണ്ഡല്‍ കമ്മീഷന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീകോടതിയുടെ ഭരണഘടനാ ബഞ്ച് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് വിധി പ്രസ്ഥാവിച്ചിരിക്കേ ഈ തടസ്സം എങ്ങിനെ മറികടക്കാമെന്ന കാര്യത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കാകെ സിപിഐ (എം) നേതൃത്വത്തിലുള്ള കേരളത്തിലെ എല്‍ഡിഎഫ് ഭരണം വഴികാട്ടിയായിരിക്കുകയാണ്. തീര്‍ച്ചയായും പ്രമോഷനുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങളിലും മറ്റും ‘കഴിവ്’, ‘അര്‍ഹത’, ‘ഗുണനിലവാരം’, ‘ഭരണമെച്ചം’, ‘രാജ്യ പുരോഗതി’ എന്നീ മാനദണ്ഡങ്ങള്‍ പ്രകാരം പ്രമോഷനുകള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നിഷേധിക്കുകയും പിന്നോക്കവിഭാഗങ്ങളിലെ സമ്പന്നരെ സംവരണത്തില്‍ നിന്നൊഴിക്കിക്കൊണ്ടും ജാതിസംവരണത്തെ ദുര്‍ബലമാക്കുകയും സാമ്പത്തിക മാനദണ്ഡങ്ങള്‍ സംവരണത്തിലേ കടത്തിക്കൊണ്ട് വരുകയും ചെയ്യുന്ന സമീപനം സുപ്രീം കോടതി തന്നെ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കൈകൊള്ളുകയുണ്ടായി. അക്കാരണത്താല്‍, സാമ്പത്തിക സംവരണത്തെ സംബന്ധിച്ച സുപ്രീകോടതി വിധി ശാശ്വതമാണെന്നൊന്നും കരുതേണ്ടതില്ല. എന്ന് മാത്രമല്ല, മണ്ഡല്‍ കമ്മീഷന്‍ വിഷയം ശക്തമായി ഉയര്‍ന്ന് വന്നപ്പോള്‍, ജനസംഖ്യയില്‍ 57% ത്തോളം വരുന്ന പിന്നോക്ക ജാതിക്കാര്‍ക്ക് 27% സംവരണം അനുവദിക്കുന്ന സന്ദര്‍ഭം വന്നപ്പോള്‍, ഇന്ത്യന്‍ ജനസംഖ്യയില്‍ 15% വരുന്ന സവര്‍ണ്ണര്‍ക്ക് 10% സാമ്പത്തിക സംവരണം വേണമെന്ന പൊതുധാരണയില്‍ ബിജെപി, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ക്കൊപ്പം സിപിഐ (എം) ഉം എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ഈ സമവായം പലകാരണങ്ങളാല്‍ ഒരു ഭരണാഘടനാ ഭേതഗതിയായി കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നേയുള്ളൂ. സിപിഐ (എം) ആകട്ടെ 1990 ല്‍ തന്നെ, അതായത് ശക്തനായ സാമ്പത്തിക സംവരണവാദിയായിരുന്ന ഇ.എം.എസ്സിന്റെ നിലപാടുകള്‍ക്കെതിരെ അതുവരെ പാര്‍ട്ടിയിലുണ്ടായിരുന്ന എതിര്‍പ്പുകളെ ഒതുക്കി, സവര്‍ണ്ണര്‍ക്ക് സാമ്പത്തിക സംവരണം കൊടുക്കണമെന്ന ഔചാരികമായ തീരുമാനം കൈകൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സവര്‍ണ്ണരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന്നായി ഭരണഘടനാ ഭേതഗതിക വേണമെന്ന് സിപിഐ (എം) വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നത്.

ഇത്രയും ആമുഖമായി സൂചിപ്പിച്ചത്, ചിലകേന്ദ്രങ്ങളില്‍ സിപിഐ(എം) ന്റെ സംവരണത്തിലുള്ള മനുവാദത്തെ അത്ഭുതത്തോടെ വീക്ഷിക്കുന്നതില്‍ കഴമ്പില്ല എന്ന് ചൂണ്ടിക്കാട്ടാനാണ്. എന്നാലതേസമയം, നേരത്തെ സൂചിപ്പിച്ചത് പോലെ, ഇതുവരെ താത്വികമായി മാത്രം നിലനിന്നിരുന്ന ഈ കാര്യം, കേരളത്തിലെ ദേവസ്വം നിയമനങ്ങളില്‍ കൂടി വിദഗ്ദമായി നടപ്പിലാക്കുക വഴി, പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കും ഇന്ത്യന്‍ സവര്‍ണ്ണഭരണവര്‍ഗ്ഗങ്ങള്‍ക്കും ആവേശം പകരുന്ന അതിപ്രധാന ചുവട് വെപ്പാണ് നടത്തിയിരിക്കുന്നത്. ആര്‍എസ്സ്എസ്സിനും മോദി ഭരണത്തിനും നടപ്പാക്കാന്‍ കഴിയാതിരുന്ന അറുപിന്തിരിപ്പനായ ഒരു നടപടി അതിവിദഗ്ദമായി നടപ്പാക്കിയെന്നതാണ് പിണറായി സര്‍ക്കാറിന്റെ ‘ചരിത്രനേട്ടം’. കേരളത്തിലെ സിപിഐ (എം) നേതൃത്വവും നായര്‍പ്രമാണിമാരും ആഹ്ലാദത്തിലായിരുക്കുന്നുവെന്ന ഒരു സംസ്ഥാന വിഷയം മാത്രമല്ല ഇത്. മറിച്ച്, ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്ക് ജീര്‍ണ്ണിച്ച ഒരു പാര്‍ട്ടി, ചരിത്രപാഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, ഇതര ഭരണവര്‍ഗ്ഗ പാര്‍ട്ടികളേക്കാള്‍ മികവോടെ ഭരണവ്യവസ്ഥയെ സേവിക്കുന്നതെങ്ങിനെയെന്ന് ഈ സംഭവം അടിവരയിടുന്നു. സിപിഐ (എം) നേതൃത്വം തന്നെ വിശദീകരിക്കുന്നത് പോലെ, ഭരണഘടനാ ഭേതഗതിയില്ലാതെ (ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലാത്തതിനാല്‍ ഭരണഘടനാപരമായ തടസ്സങ്ങളില്ലെന്ന് വിശദീകരണം) നടപ്പാക്കാവുന്ന മേഖലകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കി രാജ്യത്തിനാകെ മാതൃക കാട്ടിയിരിക്കുകയാണ് പിണറായി ഭരണം. ഇതുവഴി ഭരണഘടനാ ഭേതഗതിക്ക് സമ്മര്‍ദ്ദം ചെലുത്താവുന്ന രാഷ്ട്രീയ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞുവെന്നും അതഅവകാശപ്പെടുന്നു.

അതേസമയം, കേരളത്തിലെ ജനസംഖ്യയില്‍ 14% ത്തോളം വരുന്ന സവര്‍ണ്ണഹിന്ദു വിഭാഗത്തെ (ഇതില്‍ 1% വരുന്ന ബ്രാഹ്മണ വിഭാഗമൊഴിച്ചാല്‍ ബാക്കി 99% നായര്‍ വിഭാഗങ്ങളാണ്) വോട്ട് ബാങ്കാക്കി മാറ്റുന്ന വിദഗ്ദമായ പാര്‍ലമെന്ററി അവസരവാദ രാഷ്ട്രീയ കരുനീക്കമാണ് ഇത് വഴി പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ദേവസ്വം നിയമനങ്ങളില്‍ ഇപ്പോള്‍ തന്നെ സിംഹഭാഗവും (ചില കണക്കുകളില്‍ 99% ത്തോളം) സവര്‍ണ്ണ ഹിന്ദു വിഭാഗങ്ങളുടെ കുത്തകയാണ്. ഈഴവരും പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്ന അവര്‍ണ്ണ ‘ഹിന്ദു’ക്കള്‍ക്ക് അവിടെ നാമമാത്രമായ സ്ഥാനമേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഇതര മേഖലകളില്‍ മുസ്ലീം-കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി നീക്കിവെക്കാറുള്ള 18% ദേവസ്വത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഉചിതമായി രീതിയില്‍ ക്രമീകരിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഇതില്‍ 10% സവര്‍ണ്ണര്‍ക്കു സംവരണം ചെയ്യുക വഴി നേരത്തെയുണ്ടായിരുന്ന സവര്‍ണ്ണാധിപത്യം കൂടുതല്‍ വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. വാസ്തവത്തില്‍ ഭൂരിപക്ഷം വരുന്ന ഈഴവവിഭാഗങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുമെതിരായ ഒരു പ്രത്യക്ഷ കടന്നാക്രമണം കൂടിയാണ് പിണറായി ഇതുവഴി നടത്തിയിരിക്കുന്നത്. അതായത്, ആപേക്ഷികമായ ഈ വിഭാഗങ്ങള്‍ക്കുള്ള തസ്തികകളില്‍ വലിയ കുറവാണ് ഈ സവര്‍ണ്ണ സംവരണത്തിലൂടെ പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അവസരസമത്വത്തിനും സാമൂഹ്യ നീതിക്കും കടകവിരുദ്ധമായുള്ള ഈ നടപടിയുടെ വര്‍ഗ്ഗ ഉള്ളടക്കം തങ്ങളുടെ താല്പര്യം തന്നെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നതുകൊണ്ട് തന്നെയാണ് മറ്റെല്ലാ കാര്യത്തിലും പേരിനെങ്കിലും പിണറായി സര്‍ക്കാറിനെതിരെ രംഗത്ത് വരാറുള്ള ബിജെപിയും കോണ്‍ഗ്രസ്സും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. ഇത് നന്നായി അറിയുന്നതുകൊണ്ടാണ് കോണ്‍ഗ്രസ്സ്-ബിജെപി നേതൃത്വങ്ങള്‍ ദേവസ്വം ബോര്‍ഡ് സംവരണ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ സിപിഐ (എം) നേതാവ് അവരുടെ വായില്‍ നിരന്തരം കോലിട്ടുകുത്തുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ, സംവരണത്തിലെ സിപിഐ (എം) ന്റെ മനുവാദം അഥവാ ബ്രാഹ്മണിക്കല്‍ സമീപനം പെട്ടെന്ന് പൊട്ടിമുളച്ചതുമല്ല. സഹസ്രാബ്ദങ്ങളായി മുഖ്യധാരയില്‍ പ്രവേശനം കിട്ടാത്ത അധ:കൃതവിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ പ്രവേശനം കിട്ടാനുള്ള ഉപാധിയാണതെന്നും മറിച്ച് സാമ്പത്തിക ഉന്നമനത്തിനുള്ള ഒരു പരിപാടിയല്ലതെന്നുമുള്ള വ്യക്തതയോടെയാണ് 1932 ല്‍ കൊളോണിയല്‍ കാലത്ത് ഇന്ത്യയില്‍ സംവരണം നടപ്പാക്കിതുടങ്ങിയത്. തുടക്കത്തില്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നീട് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ജാതിസംവരണം ഉള്‍പ്പെടുത്തിയതോടൊപ്പം ഭൂമി ഉള്‍പ്പടെയുള്ള ജീവിതോപാധികളുടെ മേലുള്ള ഉടമസ്ഥതയും അവകാശവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഇവരുടെ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥ ഉറപ്പിക്കാനാവൂ എന്നാണ് മുന്നോട്ട് വെക്കപ്പെട്ട ധാരണ. ഇതിനാവശ്യമായവിധം ഭൂബന്ധങ്ങളിലെ വിപ്ലവകരമായ പരിവര്‍ത്തനമാണ് ഡോ. അംബേദ്കര്‍ നിഷ്‌കര്‍ശിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇക്കാര്യം അവഗണിക്കുന്നതില്‍ ഇതര ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കൊപ്പം സിപിഐ (എം) ഉം മുന്നിട്ട് നിന്നു. ഉദാഹരണത്തിന്, 1957 ലെ ഇം എം എസ് സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണം, മണ്ണില്‍ പണിയെടുക്കുന്ന ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ ഭൂഉടമസ്ഥരാക്കുകയെന്ന കാതലായ വിഷയം പരിഗണിക്കുക പോലും ചെയ്യാതെ അവരെ കൂരകളില്‍ ഒതുക്കുകയാണ് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ദളിത് ജനത അപ്രകാരം വഞ്ചിക്കപ്പെടുകയായിരുന്നു. മറിച്ച് ഭൂമിയത്രയും സവര്‍ണ്ണ വിഭാഗങ്ങളിലും ഇടത്തട്ട് വിഭാഗങ്ങളിലും ക്രിസ്ത്യന്‍ വിഭാഗങ്ങളിലും നിക്ഷിപ്തമാക്കുന്ന ദിശയിലേക്കുള്ള നീക്കം ആ ഭരണം ഉറപ്പാക്കി. വിദേശകുത്തകകളും അവരുടെ ബിനാമികളും അധികാരകൈമാറ്റത്തിനു ശേഷവും നിയമവിരുദ്ധമായി കൈവശം വെച്ച് പോന്ന ഭൂമി ഏറ്റെടുത്ത് മണ്ണില്‍ പണിയെടുത്ത് പോന്ന ദളിതര്‍ക്ക് വിതരണം ചെയ്യാന്‍ അത് തയ്യാറായില്ല.

ജാതിയും ഭൂവുടമസ്ഥതയും തമ്മിലുള്ള ബന്ധത്തെ മാര്‍ക്‌സിസ്റ്റ് നിലപാടില്‍ നിന്ന് സമീപ്പിക്കാതെ ജാതിയോട് യാന്ത്രികസമീപനം കൈകൊള്ളുക മാത്രമല്ല ഇ.എം.എസ്സ് ചെയ്തത്. തൊഴില്‍ മേഖലയിലും ഭരണരംഗത്തും മനുസ്മൃതി പ്രകാരം ആയിരത്താണ്ടുകളായി അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ദളിതര്‍ക്ക് പ്രവേശനം ഉറപ്പിക്കുന്നതിനായി ഡോ അംബേദ്കറിന്റേയും മറ്റും ശ്രമഫലമായി കൊണ്ട് വന്ന ജാതിസംവരണത്തെ അട്ടി്മറിക്കുന്ന തരത്തിലുള്ള നീക്കങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമേറ്റയുടനെ ഇ.എം.എസ്സിന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നാരോപിക്കുന്നതിലും കാരണമുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം തന്നെ ചെയര്‍മാനായി അവരോധിക്കപ്പെട്ട 1958 ലെ ഭരണപരിഷ്‌കാര കമ്മറ്റിയാണ് കേരളത്തില്‍ ആദ്യമായി സാമ്പത്തിക സംവരണവാദം വീണ്ടും ഉന്നയിച്ചത്. ഇന്ത്യയിലെ വര്‍ഗ്ഗസമരത്തില്‍ ജാതിവിരുദ്ധ സമരത്തിന്റെ അനിവാര്യതയെ തമസ്‌കരിക്കുകയോ യാന്ത്രിക സമീപനം മൂലം കാണാതെ പോവുകയോ ചെയ്ത ഇ.എം.എസ്സിന്റെ ഈ ബ്രാഹ്മണിക്കല്‍ നിലപാടാണ് ഇന്ത്യാ ചരിത്രത്തേയും കേരള ചരിത്രത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ രചനകളില്‍ മഹാന്മാരായ അംബേദ്കറേയും അയ്യങ്കാളിയേയും അവഗണിക്കുന്നതിലേക്കെത്തിച്ചതെന്ന് കാണാവുന്നതാണ്. പിന്നീട്, കമ്മ്യൂണിസ്റ്റ്കാര്‍ക്കാകെ അപമാനമാകുംവിധം അവര്‍ണ്ണരില്‍ മുന്നോക്കക്കാരെ സംവരണത്തില്‍ നിന്നൊഴിവാക്കി സവര്‍ണ്ണരിലെ പിന്നോക്കക്കാര്‍ക്ക് സംവരണമെന്ന കര്‍പ്പൂരി ഠാക്കൂറിനെ പോലുള്ള ബൂര്‍ഷ്വാ നേതാക്കന്മാരുടെ ജല്‍പ്പനങ്ങളുടെ ശക്തനായ വക്താവായി ഇ.എം.എസ്സ് സ്വയം തുറന്ന്കാട്ടപ്പെട്ടു. ഇ.എം.എസ്സിന്റെ മാത്രം സവിശേഷതയായിരുന്നില്ല അത്. മണ്ഡല്‍കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കാലത്ത് ജാതിസംവരണത്തോടുള്ള അസഹ്യത നിമിത്തം കമ്മീഷന്‍ ആവശ്യപ്പെട്ട വിവരങ്ങളൊന്നും നല്‍കാതെ അതിനോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റേത്. ഒരു സംശയവും വേണ്ട, പിന്നോക്ക ജാതികളിലെ മുന്നോക്കക്കാരെ സംവരണത്തില്‍ നിന്നൊഴിവാക്കിയ ബൂര്‍ഷ്വാ കോടതിവിധിക്ക് വേണ്ടി ഏറ്റവുമധികം പോരാടിയ പാര്‍ട്ടി സിപിഐ (എം) തന്നെയാണ്. ജാതിസംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തികസംവരണവാദിയായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നത് സിപിഐ (എം) ഏറ്റെടുത്തിട്ടുള്ള ഈ പൈതൃകത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സമസ്ത മേഖലകളും മനുവാദികളായ സവര്‍ണ്ണ ഹിന്ദുത്വശക്തികളുടെ നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെട്ടുകൊണ്ട് അവരെ പ്രീണിപ്പിക്കുന്ന പിണറായി സര്‍ക്കാറിന്റെ സാമ്പത്തികസംവരണ പരിപാടി ഇടത് സമീപനമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിനാകെ അപമാനകരമാണെന്ന് പറയേണ്ടതില്ലല്ലോ.
ഏറെ കൗതുകകരമായിട്ടുള്ളത്, പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നടപടിയെ മുക്തകണ്ഠം പുകഴ്ത്തുന്ന സൈദ്ധാന്തീകരണങ്ങളുമായി സവര്‍ണ്ണ കോര്‍പ്പറേറ്റ് കേന്ദ്രങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്നതാണ്. ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം പിന്തുടരാന്‍ പിണറായി സര്‍ക്കാറിനു കഴിയുന്നത് സിപിഐ (എം) ”സ്വത്വരാഷ്ട്രീയത്തേക്കാള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിലൂന്നുന്ന”തായി കേരളത്തിലെ ഒരു പ്രമുഖ പത്രം (മാതൃഭൂമി എഡിറ്റോറിയല്‍ നവംബര്‍ 18, 2017) വിലയിരുത്തിയത് ഉദാഹരണം മാത്രം. പിണറായിയുടെ സാമ്പത്തിക സംവരണത്തെ വിമര്‍ശിക്കുന്നവര്‍ ”സ്പര്‍ധാ സിദ്ധാന്ത”പക്ഷക്കാരെന്ന് സ്ഥാപിക്കുന്ന പ്രസ്തുത പത്രം പാവപ്പെട്ട മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നത് അസമത്വങ്ങള്‍ ഇല്ലാതാക്കുകയെന്ന ഇടതുപക്ഷാശയത്തിന്റെ വിജയമായി കൊണ്ടാടുന്നു. വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ കേന്ദങ്ങള്‍ക്കും മറ്റും വര്‍ഗ്ഗരാഷ്ട്രീയമെന്ന പേരില്‍ അസംബന്ധങ്ങള്‍ എഴുന്നുള്ളിക്കാനുള്ള ഭൗതികസാഹചര്യം കൂടിയാണ് ഇതുവഴി സിപിഐ (എം) ഒരുക്കിക്കൊടുത്തിരിക്കുന്നത്. ജാതിസംവരണത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗ നിലപാടിന് സിപിഎമ്മുമായോ അതിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്സുമായോ ഒരു ബന്ധവുമില്ല എന്നത് സുവ്യക്തമാണ്. ജാതിയോട് യാന്ത്രിക നിലപാടുക്കുകയും ഇന്തയിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തേയും ജാതിവിരുദ്ധ പ്രസ്ഥാനത്തേയും ഐക്യപ്പെടുത്തി മുന്‍പോട്ട് പോകുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തെങ്കിലും ഇ.എം.എസ്സിന്റെ സാമ്പത്തിക സംവരണവാദം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിക്കളയുകാണുണ്ടായത്. നേരത്തെ പറഞ്ഞതുപോലെ, സാമ്പത്തികസംവരണ വാദം സിപിഐ (എം) ഔപചാരികമായി അംഗീകരിച്ചിട്ട് കാല്‍നൂറ്റാണ്ടിലധികേ ആയിട്ടുള്ളൂ. അതാണിപ്പോള്‍ മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗ നിലപാടെന്നും മറ്റും കോര്‍പ്പറേറ്റ് മീഡിയ പോലും വിശേഷിപ്പിക്കുന്നത്. സംവരണത്തിലൂടേ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാമെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കാമെന്നുമുള്ള വാദം ശുദ്ധവങ്കത്തമാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതിന്റെ തനത് ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടുമാത്രമാണ് സംവരണം രാഷ്ട്രീയ അജണ്ടയിലേക്ക് കൊളോണിയല്‍ കാലഘട്ടം മുതലേ കടന്നുവരുന്നത്. ജാതിവ്യവസ്ഥയുടെ അസ്പൃശ്യതകളും അയിത്തവുമെല്ലാം ഇല്ലാതാക്കാനും അതുമായി ബന്ധപ്പെട്ട സാമൂഹ്യ പിന്നോക്കാവസ്ഥ ദുരീകരിക്കുവാനും ഭരണഘടനയില്‍ ഉള്‍ചേര്‍ത്ത ജാതിസംവരണ തത്വം കമ്മ്യൂണീസ്റ്റ് പാര്‍ട്ടിയുടെ ഭൂബന്ധങ്ങളും സ്വത്ത്ബന്ധങ്ങളും തകര്‍ക്കുന്നതിനായുള്ള സമരത്തിനു പകരം വെക്കേണ്ടതല്ല. സമ്പത്തുണ്ടായതുകൊണ്ട് മാത്രം ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയമായ അയിത്തം അവസാനിക്കുന്നില്ലെന്നിടത്താണ് ജാതിസംവരണത്തിന്റെ പ്രസക്തി.

മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥയ്‌ക്കെതിരായ കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ടത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, മൂലധനവ്യവസ്ഥയെ ഇല്ലാതാക്കുന്നതിനുള്ള ദീര്‍ഘകാല സമരം; രണ്ട്, നിലവിലുള്ള വ്യവസ്ഥയില്‍ ജനങ്ങളുടെ ഭക്ഷണം, തൊഴില്‍, ആവശ്യമായ സേവനങ്ങള്‍, നിലനില്‍പ്പ് എന്നിത്യാദികളുമായി ബന്ധപ്പെട്ട അടിയന്തിരാവശ്യങ്ങള്‍ നേടിയെടുക്കല്‍. ബൂര്‍ഷ്വാ ഭരണവ്യവസ്ഥയില്‍ നിന്നും തൊഴിലാളികളുടെ കൂലിയും അവകാശങ്ങളും മര്‍ദ്ദിത ജനങ്ങളുടെ സവിശേഷാവകാശങ്ങളും ജനങ്ങള്‍ക്കാവശ്യമുള്ള ക്ഷേമനടപടികളും മറ്റും നേടിയെടുക്കേണ്ടത് രണ്ടാമത്തെ ഗണത്തില്‍ പെടുന്നു. ഭൂബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കേണ്ടതും നവഉദാരനയങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതും ഇതുമായി ബന്ധപ്പെട്ടാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് എല്ലാ തലങ്ങളിലും പ്രാധിനിത്യം നിഷേധിക്കപ്പെട്ട മര്‍ദ്ദിത ജനതകളുടെ ജനാധിപത്യാവകാശമായ ജാതിസംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം കൊണ്ട് പകരം വെക്കേണ്ടതല്ല ഈ കടമകള്‍. മറിച്ച്, ഈ വിഷയങ്ങളില്‍ പിണറായി വിജയന്റെ നയം വ്യക്തമാണ്. ജിഎസ്ടി ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് നവഉദാരനയങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വക്താവ് മാത്രമല്ല, കോര്‍പ്പറേറ്റ് ഭൂമാഫിയകള്‍ക്ക് രാജ്യനിയമങ്ങളെ പോലും മറികടന്ന് പാദസേവ ചെയ്യുകയും ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ദളിതരേയും ഭൂരഹിതരേയും അടിച്ചൊതുക്കുകയും വികസനത്തിന്റെ മറവില്‍ നടക്കുന്ന കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണത്തേയും പ്രകൃതികൊള്ളക്കാരേയും എതിരിക്കുന്നവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് പിണറായി ഭരണം. കൃസ്ത്യന്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളും മറ്റ് സവര്‍ണ്ണ മാനേജ്‌മെന്റുകളും നിയന്ത്രിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ദളിതര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണം ഉറപ്പാക്കാതെ വിദ്യാഭ്യാസമാഫിയകളുമായി ഒത്തുകളിക്കുകായാണ് ഈ ഭരണം. വാസ്തവത്തില്‍, ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നുവെന്ന് പറയുകയും സാമ്പത്തിക സംവരണത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സിപിഐ (എം) ഉം ഹിന്ദുത്വ ശക്തികളും തമ്മിലുള്ള അതിര്‍വര്‍മ്പുകളില്ലാത്ത അവസ്ഥയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

കോര്‍പ്പറേറ്റ് മൂലധനം സമസ്ത മേഖലകളിലേക്കും കടന്നുകയറുകയും മുതലാളിത്ത ഉത്പാദനബന്ധങ്ങള്‍ വ്യാപകമാവുകയും ചെയ്യുമ്പോള്‍ ഈ മൂലധന വ്യവസ്ഥയുമായി ഉദ്ഗ്രഥിക്കുന്ന ഏര്‍പ്പാടിലാണ് തൊട്ടുകൂടായ്മയും തീണ്ടലുമായി ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന മനുവാദികള്‍ ചെയ്യുന്നത്. ഉള്ളവരും ഇല്ലാത്തവരുമായുള്ള അന്തരം നിരന്തരം രൂക്ഷമാകുന്നത് സ്ഥലകാലഭേത്യമന്യേ മൂലധനത്തിന്റെ സാര്‍വത്രിക സ്വഭാവമാണ്. അതേസമയം ഇന്ത്യയുടെ തനതു സവിശേഷതയായ ജാതി വ്യസ്ഥയാകട്ടെ മൂലധന വ്യസ്ഥകളുമായുള്ള അതിന്റെ ഇടപഴകലില്‍ പുതിയ രൂപ ഭാവങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ട് തുടരുകയും ചെയ്യുന്നു. മൂലധനാധിപത്യവും സവര്‍ണ ഹിന്ദുത്വവും സമന്വയിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇരട്ട കടന്നാക്രമങ്ങള്‍ക്കാണ് ഇന്ത്യയിലെ മര്‍ദ്ദിത ജനകോടികള്‍ വിധേയരായി കൊണ്ടിരിക്കുന്നത് .സ്വകാര്യ മേഖലയിലേക്ക് കൂടി ജാതി സംവരണം വ്യാപിപ്പിക്കണമെന്നു സി പി ഐ (എം എല്‍) റെഡ് സ്റ്റാറും പുരോഗന ശക്തികളും ആവശ്യപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്.മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗ വിശകലനത്തെ ഇതിനു അനുസൃതമായി വികസിപ്പിക്കേണ്ടതിനു പകരം ”എല്ലാ ജാതിയിലും പെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പൊക്കാന്‍” എന്ന പേരില്‍ ജാതിയെ ഉപരിവിപ്ലവമായും യാന്ത്രികമായും സമീപിക്കുന്നതില്‍ നിന്നാണ് ലോകത്തു കേട്ടുകേള്‍വി ഇല്ലാത്ത സാമ്പത്തിക സംവരണം എന്ന മനുവാദ നിലപാടിലേക്ക് സി പി ഐ (എം ) എത്തിച്ചേരുന്നത്.

കേരളത്തെ സംബന്ധിച്ച് പറയുമ്പോള്‍ സവര്‍ണ മേധാവിത്വത്തിനും ജാതി വ്യവസ്ഥക്കും അതിന്റെ നാനാ രൂപങ്ങളിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ മഹത്തായ സമരങ്ങള്‍ നടത്തിയിട്ടുള്ള പ്രദേശമാണിത്. കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്കൊപ്പം സവര്‍ണ മേധാവിത്വത്തിനെതിരെ നടന്ന അത്തരം സമരങ്ങളിലൂടെയാണ് ജാതി സംവരണം ഒരു ജനാധിപത്യാവകാശമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടത്.സവര്‍ണ ഹിന്ദു ശക്തികള്‍ ഇന്ന് രാജ്യം ഭരിക്കുമ്പോള്‍
അവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന പാര്‍ട്ടികള്‍ പിന്‍ നിരയിലേക്ക് മാറി സാമ്പത്തിക സംവരണമെന്ന മനുവാദ അജണ്ട നടപ്പാക്കാനുള്ള ഉത്തരവാദിത്വം വര്‍ഗ്ഗ രാഷ്ട്രീയം കൈമോശം വന്ന സി പി ഐ (എം) നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതര നവ ഉദാരികരണ അജണ്ടകള്‍ക്കൊപ്പം ഈ വലതുപക്ഷ പിന്തിരിപ്പന്‍ ദൗത്യവും അത് വിദഗ്ദ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മര്‍ദ്ദിതരായ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും ഇതര മര്‍ദ്ദിത വിഭാഗങ്ങള്‍ക്കും ഭൂമിയും സംവരണവും ഉറപ്പാക്കുന്നതിന് വേണ്ടി പുരോഗമന ജനാധിപത്യശക്തികളുടെ വിശാലമായ മുന്നണി ഉയര്‍ന്നു വരേണ്ടതുണ്ട് .അതോടൊപ്പം ,ഇടതു മുഖമൂടിയണിഞ്ഞു തൊഴിലാളി വര്‍ഗ്ഗത്തെയും മര്‍ദ്ദിത ജാതി ജനവിഭാഗങ്ങളെയും നിരന്തരം വഞ്ചിക്കുന്ന കപട ഇടതുപക്ഷത്തെ തുറന്നു കാട്ടുന്ന രാഷ്ട്രീയ കാമ്പയിനും ശക്തിപ്പെടുത്തേണ്ടത് ഈ സന്ദര്‍ഭത്തില്‍ അനിവാര്യമായിരിക്കുന്നു.

http://www.cpiml.in/cms/index.php/articles/item/977-2017-11-28-17-17-57

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply