വര്‍ഗ്ഗീയത മാത്രമല്ല ഫാസിസം

സക്കറിയ കേരളത്തിലെ ബൗദ്ധികലോകം തികച്ചും കപടവും അടിമത്തത്തെ ആന്തരവല്‍ക്കരിച്ചതുമാണെന്നു പറയുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ അതാണ് വാസ്തവം. കൂട്ടം മാറി നടക്കുന്നവരെ ഒരിക്കലും അവര്‍ പരിഗണിക്കാരേയില്ല. ഉദാഹരണമായി ബി രാജീവനെ കുറിച്ച് ഇടതുപക്ഷ നേതാക്കളിലെ ബുദ്ധിജീവികളായി അറിയപ്പെടുന്നവരോടു ചോദിച്ചാല്‍ പോലും ലഭിക്കുന്ന മറുപടി ആള്‍ പാര്‍ട്ടിയുടെ ഏതു ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരിക്കും. ഇടതുപക്ഷത്തെ പറ്റി ഏറ്റവും ആഴത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരാളോടുപോലും ഇത്തരം സമീപനമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് പറയാമില്ലല്ലോ. അടുത്തയിടെ ധൈഷണികമായ ഒരു പുസ്തകം തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ […]

imagesസക്കറിയ

കേരളത്തിലെ ബൗദ്ധികലോകം തികച്ചും കപടവും അടിമത്തത്തെ ആന്തരവല്‍ക്കരിച്ചതുമാണെന്നു പറയുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ അതാണ് വാസ്തവം. കൂട്ടം മാറി നടക്കുന്നവരെ ഒരിക്കലും അവര്‍ പരിഗണിക്കാരേയില്ല. ഉദാഹരണമായി ബി രാജീവനെ കുറിച്ച് ഇടതുപക്ഷ നേതാക്കളിലെ ബുദ്ധിജീവികളായി അറിയപ്പെടുന്നവരോടു ചോദിച്ചാല്‍ പോലും ലഭിക്കുന്ന മറുപടി ആള്‍ പാര്‍ട്ടിയുടെ ഏതു ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരിക്കും. ഇടതുപക്ഷത്തെ പറ്റി ഏറ്റവും ആഴത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരാളോടുപോലും ഇത്തരം സമീപനമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് പറയാമില്ലല്ലോ.

അടുത്തയിടെ ധൈഷണികമായ ഒരു പുസ്തകം തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ ഞാനും അംഗമായിരുന്നു. കമ്മിറ്റിയുടെ പരിഗണനക്കുവന്ന പുസ്തകങ്ങളില്‍ ഏറ്റവംു മികച്ചത് രാജീവന്റെ വാക്കുകളും വസ്തുക്കളും ആയിരുന്നു. ഈ അഭിപ്രായം ഞാന്‍ പറഞ്ഞപ്പോള്‍ കമ്മിറ്റിയിലെ മറ്റു രണ്ടുപേരും അതിനെ അനുകൂലിച്ചു. എന്നാല്‍ മറ്റു ചിലപരിഗണനകള്‍ വെച്ച് മറ്റൊരു പുസ്തകത്തിനു പുരസ്‌കാരം നല്‍കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. ഈ മറ്റുചില പരിഗണനകളാണ് നമ്മുടെ ധൈഷണികലോകത്തെ പൊതുവില്‍ നയിക്കുന്നത്.
ഫാസിസത്തോടുള്ള എതിര്‍പ്പിലും ഈ കാപട്യം കാണാം. വര്‍ഗ്ഗീയഫാസിസത്തെ മാത്രമാണ് നാം ഫാസിസമായി കാണുന്നത്. വര്‍ഗ്ഗീയഫാസിസം തീര്‍ച്ചയായും ഫാസിസംതന്നെ. എതിര്‍ക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ഫാസിസത്തിനു വര്‍ഗ്ഗീയതയുടെ രൂപം മാത്രമല്ല ഉള്ളത്. നമ്മുടെ ജനാധിപത്യസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ വേറെയുമുണ്ട്. അവ നമ്മുടെ ജനാധിപത്യസംവിധാനത്തിനകത്ത് കയറി പറ്റിയിട്ടുമുണ്ട്. എന്നാല്‍ അവരെകാണാനും തിരിച്ചറിയാനും പൊതുവില്‍ മലയാളിക്കു കഴിയുന്നില്ല.
ഇത്തരം പ്രവണതകളുടെ ചില ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാം. കേരളത്തില്‍ ഇപ്പോഴും ഇടക്കിടെ നടക്കുന്ന ഹര്‍ത്താലുകള്‍ ഫാസിസ്റ്റ് രൂപമല്ലെങ്കില്‍ മറ്റെന്താണ്? എന്റെ യാത്ര, എന്റെ മകന്റെ പഠിപ്പ് ബലാല്‍്ക്കാരമായി തടയാന്‍ ആര്‍ക്കാണവകാശം? അങ്ങനെ ആരെങ്കിലും ചെയ്താല്‍ ഫാസിസമല്ലാതെ മറ്റെന്താണ്? ഹര്‍ത്താലിനെ എതിര്‍ക്കാന്‍, അല്ലെങ്കില്‍ ബലമായി ചോദിക്കുന്ന പിരിവു തരില്ല എന്നു പറയാന്‍ ആര്‍ക്കുണ്ടു ധൈര്യം? തീര്‍്ച്ചയായും നാം ഭയപ്പെടുന്നു. ഈ ഭയം ഫാസിസം സൃഷ്ടിച്ചതുതന്നെ. എന്നാല്‍ മാറി മാറി ഇക്കൂട്ടര്‍ക്കെല്ലാം വോട്ടുചെയ്യുന്ന നാമാരും അതു മനസ്സിലാക്കുന്നില്ല. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്തത് മലയാളികള്‍ മാത്രമാകാന്‍ കാരണം മറ്റൊന്നല്ല.
പാവപ്പെട്ട ജനങ്ങളോട് സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുവിലുള്ള സമീപനവും ഫാസിസത്തിന്റെ രൂപം തന്നെ. അഴിമതിയും കെടുകാര്യസ്ഥതയും ധിക്കാരവുമാണല്ലോ അവരുടെ മുഖമുദ്ര. അതുവഴി അവര്‍ നിഷേധിക്കുന്നത് നമ്മുടെ മനുഷ്യാവകാശമാണ്. ഏതുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും ഫാസിസം തന്നെയാണ്. അതുതിരിച്ചറിയാത്തതിനാലാണ് നാമവര്‍ക്കുമുന്നില്‍ ഓഛാനിച്ചുനിന്നും കൈക്കൂലി കൊടുത്തും കാര്യം സാധിക്കുന്നത്. അടുത്തയിടെ ഒരു സുഹൃത്ത് എന്നോടുപറഞ്ഞതിങ്ങനെ. എന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടി, നല്ല ശബളവുമുണ്ട്, ഒപ്പം കിബളവും. ഒരുപക്ഷെ എല്ലാവരും ഈ വാചകം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. അതിനകത്തെ ജനങ്ങളോടുള്ള വെല്ലുവിളിയും ഫാസിസ്റ്റ് പ്രവണതയും നാം കാണുന്നില്ല.
കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ പൊതുമേഖലയെ പരിശോധിക്കുക. അസംഘടിതരായ ജനങ്ങളെ അവര്‍ മിക്കപ്പോഴും വെല്ലുവിളിക്കുന്നത് കാമാം. എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ആദ്യഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇന്ത്യവിടുക, സാമ്രാജ്യത്വചൂഷണം അവസാനിപ്പിക്കുക എന്ന പോസ്റ്റര്‍ വ്യാപകമായി കണ്ട എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ ഈ വിഷയം കൂടുതല്‍ പഠിച്ചപ്പോള്‍ മനസ്സിലായതെന്താണ്? എന്‍ഡോസള്‍ഫാനുമായി സാമ്രാജ്യത്വത്തിനു ഒരു ബന്ധവുമില്ല. കൊച്ചിയിലുണ്ടാക്കുന്ന ഈ കീടനാശിനി. കാസര്‍ഗോഡുള്‍പ്പടെ അതു തളിച്ചത് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍. അതുചെയ്തത് ഇതെല്ലാം സാമ്രാജ്യത്വത്തിന്റെ തലയില്‍ വെക്കുന്ന പ്രസ്ഥാനങ്ങളുടെ ഭാഗമായ തൊഴിലാളികള്‍. എന്തിലും ഏതിലും വിദേശഹസ്തങ്ങള്‍ കണ്ടെത്താന്‍ മിടുക്കരായ നമ്മള്‍ എന്നിട്ടുപറയുന്നു, ഇന്ത്യവിടുക എന്ന്.. ഇന്ത്യയിലാണ് ഇതേറ്റവും ഉപയോഗിക്കുന്നത് എന്ന നഗ്നസത്യം മറച്ചുവെച്ച്.
മറ്റൊന്ന് മതങ്ങളുടെ ഫാസിസമാണ്. വിശ്വാസികള്‍ക്ക് മതത്തില്‍ വിശ്വസിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും അവകാശമുള്ള പോലെ വിശ്വാസികളല്ലാത്തവര്‍ക്ക് പങ്കെടുക്കാതിരിക്കാനുള്ള അവകാശവുമുണ്ട്. എന്നാല്‍ ഉച്ചത്തിലുള്ള ഇവരുടെ ആരാധനയും ആഘോഷങ്ങളും എന്തിനു എന്റെ ഉറക്കം കെടുത്തണം, എന്റെ കുട്ടിയുടെ പഠിപ്പു മുടക്കണം? അതൊരിക്കലും മതമേലധ്യക്ഷര്‍ തിരിച്ചറിയില്ല. എന്നാല്‍ ഫാസിസത്തെ ഫാസിസം എത്രപെട്ടെന്നാണ് തിരിച്ചറിയുന്നതെന്നു നോക്കൂ. അതുകൊണ്ടാണല്ലോ മോദി ഇന്ത്യക്കു ലഭിച്ച ദൈവത്തിന്റെ വരദാനമാണെന്ന് ഒരു കൃസ്ത്യന്‍ സഭ പ്രഖ്യാപിച്ചത്.
ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഇനിയുമുണ്ട്. അതില്‍ പ്രമുഖമായ ഒന്നാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളെ കണ്ണടച്ചുവിശ്വസിക്കുന്നവരാണ് മലയാളി. അതിനെ മുതലെടുത്താണ് അവര്‍ വളരെ ഭംഗിയായി നമ്മെ അടിമകളാക്കുന്നത്. നിസ്സാരമായ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നടത്തുന്ന വായാടിത്തങ്ങള്‍ വേണമെങ്കില്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാല്‍ അവരുടെ പലപ്പോഴുമുളള നിശബ്ദത എന്തിന്റെ സൂചനയാണ്? അറിയാനുള്ള പ്രാഥമിക അവകാശമാണ് അവര്‍ നിഷേധിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചുവെക്കാന്‍ നമ്മുടെ പ്രമുഖ മാധ്യമങ്ങളെല്ലാം ശ്രമിച്ചത്. ആസൂത്രിതമായ ഈ നിശബ്ദത സെന്‍സര്‍ഷിപ്പല്ലാതെ മറ്റെന്താണ് സെന്‍സര്‍ഷിപ്പാണല്ലോ ഫാസിസത്തിന്റെ ഏറ്റവും വലിയ ലക്ഷണം.
ഒരു പ്രത്യശാസ്ത്രത്തിനും നനമ്മുടെ കണ്ണില്‍ മണ്ണിടാന്‍ അനുവദിക്കാതിരിക്കുകയാണ് നാമിന്ന് ചെയ്യേണ്ടത്. ഏതുരൂപത്തിലുള്ളതാണെങ്കിലും ഒരു ഫാസിസത്തിനുമുന്നിലും തല കുനിക്കാതിരിക്കുക. ഒരുതരം ഫാസിസത്തിനൊപ്പം നിന്ന് മറ്റൊന്നിനെ ചെറുക്കാനാകില്ല. അന്ത്യയില്‍ ശക്തമായികൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ഫാസിസത്തെ ചെറുക്കുന്ന കാര്യത്തിലും ഇത് ബാധകമാണ്.

സാഹിത്യ അക്കാദമിയില്‍ ഇടം മസ്‌കറ്റ് സാസം്കാരികവേദി പുരസ്‌കാരം ബി രാജീവനു നല്‍കിയ ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്‌ 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply