വരുംതലമുറക്കായി ഒരു പോരാട്ടം.

സാധാരണ ഗതിയില്‍ നേരെ പോകേണ്ടിയിരുന്ന ലൈന്‍ സെഡ് ആകൃതിയില്‍ വളച്ചെടുത്തു ശാന്തിവനം വഴി കൊണ്ടുപോകുന്നു എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. മറ്റുപല സ്ഥലങ്ങളും സംരക്ഷിക്കാനാണ് മരങ്ങലില്‍ കോടാലി വെക്കുന്നതെന്നര്‍ത്ഥം.

മലയാളികള്‍ അനുഭവങ്ങളില്‍ നിന്നുപോലും ഒന്നും പഠിക്കാത്തവരാണെന്നു പറയുന്നതു വെറുതെയല്ല. ആണെങ്കില്‍ ഇന്നു വാര്‍ത്തകളില്‍ നിറയുന്ന ”ശാന്തിവനം” സമരം ഉണ്ടാകില്ല. പ്രളയ അനുഭവങ്ങള്‍ക്കുശേഷവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയാത്ത ഒരു ജനതയേയും അവരുടെ ഭരണകൂടത്തേയും എങ്ങനെയാണ് നമുക്ക് പ്രബുദ്ധരെന്നും സാക്ഷരരെന്നും വിശേഷിപ്പിക്കാനാകുക? എന്തായാലും പാരിസ്ഥിതികമായി ഏറ്റവും നിരക്ഷരരാണ് മലയാളികള്‍ എന്നുറപ്പിക്കുന്നു ഈസമരം.
വടക്കന്‍ പറവൂരിലെ വഴിക്കുളങ്ങരയില്‍ പറവൂര്‍ ഇടപ്പള്ളി റോഡരികിലുള്ള രണ്ടേക്കര്‍ ഭൂമിയാണ് അക്ഷരാര്‍ത്ഥത്തില്‍ ശാന്തിവനമെന്നറിയപ്പെടുന്നത്. മൂന്നു സര്‍പ്പക്കാവുകളും കുളങ്ങളും നൂറ്റിമുപ്പതോളം പക്ഷികളും ഉരഗങ്ങളും ചെറുമൃഗങ്ങളും നിരവധി സസ്യജാലങ്ങളുമായി പതിറ്റാണ്ടുകളായി ശാന്തിയോടെ നിലനില്‍ക്കുന്ന കൊച്ചുവനം. ശരാശരി മലയാളിയാണെങ്കില്‍ ഈ സ്ഥലവും മരങ്ങളും വിറ്റോ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയോ കോടികള്‍ സമ്പാദിക്കുമായിരുന്നു. എന്നാല്‍ ഇതിന്റെ ഉടമകളായ ഒരമ്മയും മകളും കോടികള്‍ വിലമതിക്കുന്ന ഈ ഭൂമി പണമാക്കാതെ സ്വന്തം ജീവനേക്കാള്‍ പരിപാലിക്കുന്നു. കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകളാണ് ഉടമയായ മീന മേനോന്‍.
ഈ ഹരിതഭൂമിക്കെതിരെ ഇപ്പോള്‍ കോടാലിയുയര്‍ത്തിയിരിക്കുന്നത് കെ എസ് ഇ ബിയാണ്. പതിവുപോലെ നാടിന്റെ വികസനത്തിന്റെ പേരില്‍. വികസനമോ പരിസ്ഥിതിയോ എന്ന ചോദ്യത്തിനു കണ്ണടച്ചു നമ്മള്‍ നല്‍കുന്ന ഉത്തരം വികസനമെന്നാണല്ലോ. പ്രദേശത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കെ. എസ്. ഇ.ബി. ഇരുപതു വര്‍ഷം മുമ്പ് 110 കെവി സബ്‌സ്റ്റേഷന്‍ വിഭാവനം ചെയ്തിരുന്നത്രെ. അതിന്റെ ടവറുകളിലൊന്ന് ശാന്തിവനത്തിലും. ജെ.സി.ബിയുമായി വന്ന് ഒരു ദിവസം സാധിക്കുന്നത്ര സ്ഥലം വെട്ടിവെളുപ്പിച്ചു. പച്ചപ്പിന്റെ അവശേഷിക്കുന്ന ഒരു തുരുത്തു കൂടി മായ്ച്ചു കളയാനുള്ള സംഘടിതയത്‌നമാരംഭിച്ചു. നിലവില്‍ 12 മരങ്ങള്‍ ശാന്തിവനത്തില്‍ നിന്നും മുറിച്ചിട്ടുണ്ട്. ടവറിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ അരസെന്റ് സ്ഥലമേ വേണ്ടൂ, ഒരു മരം മാത്രമേ മുറിക്കൂ എന്നാണ് പറഞ്ഞിരുന്നത്. 48 മരങ്ങള്‍ മുറിക്കുമെന്ന കത്തും കൊടുത്തിട്ടുണ്ട്. ഏകദേശം 50 സെന്റ് കാട് പൂര്‍ണമായും ടവറിന്റെ പണി കഴിയുന്നതോടെ നശിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വെട്ടിനിരത്തലിന്റെ ബാക്കിപത്രമായി അഞ്ചോ ആറോ സെന്റ് കവിഞ്ഞൊഴുകുന്ന സ്ലറി മൂലം ഇനിയാഭാഗത്ത് പുല്ലുപോലും മുളക്കില്ല.
സാധാരണ ഗതിയില്‍ നേരെ പോകേണ്ടിയിരുന്ന ലൈന്‍ സെഡ് ആകൃതിയില്‍ വളച്ചെടുത്തു ശാന്തിവനം വഴി കൊണ്ടുപോകുന്നു എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. മറ്റുപല സ്ഥലങ്ങളും സംരക്ഷിക്കാനാണ് മരങ്ങലില്‍ കോടാലി വെക്കുന്നതെന്നര്‍ത്ഥം. അതിലൂടെ കൂടുതല്‍ ദൂരവും ചിലവും വരുന്നു. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഉടമ മീനാ മേനോന്‍ കലക്ടര്‍ക്കു പരാതി കൊടുത്തിരുന്നു. കളക്ടര്‍ അന്വേഷണത്തിന് ഒരു കമ്മിഷനെ വച്ചു. ഇത്രയേറെ ജൈവവൈവിധ്യം നിലനില്‍ക്കുമ്പോള്‍ അതു നശിപ്പിക്കാന്‍ പാടില്ല എന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കമ്മിഷന്‍ നല്‍കിയത്. എന്നിട്ടും പണി തുടങ്ങാനായിരുന്നു കെ.എസ്.ഇ.ബി. തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ വിശദീകരണം ഇങ്ങനെയാണ് ”എറണാകുളം ജില്ലയിലെ പറവൂര്‍ , ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ചെറായി, പള്ളിപ്പുറം , മുനമ്പം, എടവനക്കാട് എന്നീ പ്രേദേശങ്ങളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വര്‍ഷം മുന്‍പ് ഭരണാനുമതി ലഭിച്ച പദ്ധതിയാണ് 110 KV മന്നം-ചെറായി പ്രസരണ ലൈനും ചെറായി 110 KV സബ്‌സ്റ്റേഷനും. പലവിധത്തിലുള്ള തടസ്സങ്ങളാലും പരാതികളാലും മുടങ്ങിപ്പോയ പദ്ധതി ഇപ്പോള്‍ അതിദ്രുതം പുരോഗമിക്കുമ്പോഴാണ് ഇത്തരം തടസ്സവാദങ്ങളുമായി ചില തല്പര കക്ഷികള്‍ വരുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പ്രയോജനം ഉണ്ടാകുന്നത്. 7.8 കോടി രൂപയ്ക്കു ഭരണാനുമതി മുന്‍പ് ലഭിച്ച പദ്ധതിക്ക് ഇപ്പോള്‍ ചെലവ് കണക്കാക്കുന്നത് 30 .47 കോടി രൂപയാണ്. അടിസ്ഥാന രഹിതമായി പരാതികള്‍ ഉന്നയിച്ചു നാടിന്റെ വികസനം അട്ടിമറിക്കുന്നവര്‍ പൊതു ജനങ്ങളുടെ പണം ദുര്‍വ്യയം ചെയ്യുകയാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.” വികസനത്തിന്റെ പേരില്‍ എന്നും കേള്‍ക്കുന്ന ന്യായീകരണം. ഒരു ദിവസം പറ്റുന്നത്ര മരങ്ങള്‍ വെട്ടിനിരത്തിയെങ്കിലും പിറ്റേന്ന് മീനാമേനോന് ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ ലഭിച്ചു. പക്ഷേ കള്ള മാപ്പ് കാണിച്ച് കെ എസ് ഇ ബി അതിനെ മറികടന്നു. തൊട്ടടുത്ത പറമ്പുകാരനെ സഹായിക്കാനാണ് കെ എസ് ഇ ബി കള്ളരേഖകള്‍ ഉപയോഗിച്ച് അലൈന്മെന്റ്‌റ് മാറ്റി ആര്‍ഡിഓവിനെ തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി സമ്പാദിച്ചതെന്നാണ് ആരോപണം. 20 വര്‍ഷം മുമ്പ് ഈ പദ്ധതിക്ക് അനുമതി നല്‍കുമ്പോളത്തെ അവസ്ഥയല്ല ഇന്നത്തേത് എന്നെങ്കിലും കെ എസ് ഇ ബി മനസ്സിലാക്കണമായിരുന്നു. പ്രത്യേകിച്ച് പ്രളയാനന്തരകേരളത്തില്‍. ജൈവ വൈവിധ്യം നിറഞ്ഞ, ഒരു നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, വരുന്ന തലമുറയുടെ കൂടി ആവശ്യമാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തത് അത്ഭുതകരമാണ്.
എന്തായാലും സംസ്ഥാനത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശാന്തിവനം സംരക്ഷിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നു. അവരതിനായി അവസാനപോരാട്ടത്തിലാണ്. ലോകസഭാതെരഞ്ഞെടുപ്പിന്റെ തലേദിവസം, 2019 ഏപ്രില്‍ 22ന് അവര്‍ അവിടെ ഒത്തുചേര്‍ന്നു. 27ന് വിപുലമായ കണ്‍വെന്‍ഷന്‍ നടത്തി. എഴുത്തുകാരി കെ.ആര്‍ മീര, എഴുത്തുകാരന്‍ സുനില്‍.പി.ഇളയടം, സംവിധായകന്‍ അരുണ്‍ ഗോപി, പരിസ്ഥിതി പ്രവര്‍ത്തകരായ കുസുമം ജോസഫ്, പുരുഷന്‍ ഏലൂര്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി, പരിസ്ഥിതി ശാസ്ത്രഞ്ജനായ വി.എസ് വിജയന്‍, വിദ്യാര്‍ഥികള്‍, പക്ഷി നിരീക്ഷകര്‍ തുടങ്ങി നിരവധി പേര്‍ സമരത്തില്‍ പങ്കെടുത്തു. നിവേദനങ്ങളുടേയും പോരാട്ടങ്ങളിലൂടേയും നിയമനടപടികളിലൂടേയും ഈ പച്ചതുരുത്ത് സംരക്ഷിനാണ് അവരുടെ പോരാട്ടം. ഈ പോരാട്ടം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വരുംതലമുറയുടെ അവകാശമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology, Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply