വയല്‍ക്കിളികള്‍ പിന്മാറുമ്പോള്‍..

കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ ജീവന്മരണവിഷയം അഭിമുഖീകരിച്ച് നടന്ന ഒരു ജനകീയപോരാട്ടത്തെ തകര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാരും പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളും അവരുടെ ന്യായീകരണക്കാരും. പതിവുപോലെ വികസനമന്ത്രം ഉരുവിട്ട്, നെല്‍വയര്‍ – നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അന്തസത്തയെ പോലും നിരാകരിച്ചാണ്, ഒന്നാന്തരം വയലും നീര്‍ത്തടവുമായ കീഴാറ്റൂരിലെ വിവാദവയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 10 ശതമാനം പോലും പൊതുവാഹനങ്ങളില്ലാത്ത ഒരു സംസ്ഥാനത്ത്, മനുഷ്യന്റെ അന്നവും കുടിവെള്ളവും പച്ചപ്പും മുട്ടിച്ച് റോഡു നിര്‍മ്മിക്കുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നു വ്യക്തം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലും മുന്നോട്ടുവെച്ച […]

vv

കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ ജീവന്മരണവിഷയം അഭിമുഖീകരിച്ച് നടന്ന ഒരു ജനകീയപോരാട്ടത്തെ തകര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാരും പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളും അവരുടെ ന്യായീകരണക്കാരും. പതിവുപോലെ വികസനമന്ത്രം ഉരുവിട്ട്, നെല്‍വയര്‍ – നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അന്തസത്തയെ പോലും നിരാകരിച്ചാണ്, ഒന്നാന്തരം വയലും നീര്‍ത്തടവുമായ കീഴാറ്റൂരിലെ വിവാദവയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 10 ശതമാനം പോലും പൊതുവാഹനങ്ങളില്ലാത്ത ഒരു സംസ്ഥാനത്ത്, മനുഷ്യന്റെ അന്നവും കുടിവെള്ളവും പച്ചപ്പും മുട്ടിച്ച് റോഡു നിര്‍മ്മിക്കുന്നത് സ്വകാര്യവാഹനങ്ങള്‍ക്കുവേണ്ടിയാണെന്നു വ്യക്തം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലും മുന്നോട്ടുവെച്ച ബദല്‍ നിര്‍ദ്ദേശങ്ങളെ അവഗണിച്ചാണ് പരിസ്ഥിതി സംരക്ഷിക്കാനുളള ഒരു ജനകീയ പോരാട്ടത്തെ മസില്‍ പവറിനാല്‍ തോല്‍പ്പിച്ചത്. ആറന്മുളയില്‍ ബിജെപിയുമായി ഐക്യപ്പെട്ട് സമാന സമരം നയിച്ചവര്‍ ഇവിടെ ബിജെപിയുടെ പിന്തുണയുടെ പേരു പറഞ്ഞ് വയല്‍ക്കിളികളെ സംഘികളായി ചിത്രീകരിക്കുകയും ചെയ്തത് രസകരമായി. സമരരംഗത്തുള്ളവര്‍ തങ്ങളുടെ ഭൂമി ഏറ്റെടുക്കലിന് വേണ്ട രേഖകള്‍ അധികൃതര്‍ക്കു കൈമാറിയതായാണ് വിവരം. സമരം നയിച്ചവരില്‍ പ്രധാനിയായ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും സ്ഥലം കൈമാറിയവരില്‍പ്പെടും. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിലാണ് തങ്ങളുടെ പിന്മാറ്റമെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്ന് സുരേഷ് പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ അരംഭിച്ച പ്രതിഷേധ സമരമാണ് പിന്നീട് വയല്‍ക്കിളി സമരമായി മാറിയത്. കണ്ണൂര്‍- കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്ന പക്ഷം കീഴാറ്റൂര്‍ പ്രദേശത്തെ വയലുകളെല്ലാം പൂര്‍ണമായി നശിക്കപ്പെടുകയും ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് വയല്‍ക്കിളികളും പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നത്. പ്രദേശത്തെ ജനങ്ങള്‍ സംഘടിക്കുകയും വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരരംഗത്തിറങ്ങുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസം പിന്നിട്ട ശേഷമാണ് വയല്‍ക്കിളികള്‍ ആദ്യസമരം തുടങ്ങിയത്. തളിപ്പറമ്പ് നഗരസഭാ പരിധിക്കകത്തുകൂടി കടന്നുപോകുന്ന ബൈപാസ് ലൈന്‍ അലൈന്‍മെന്റ് വിജ്ഞാപനം ലഭിക്കുന്നതിനു മുന്‍പ് അനധികൃത സര്‍വെ നടത്തി മാറ്റാന്‍ ശ്രമിക്കുന്നതിനെതിരേയായിരുന്നു ആദ്യ ഘട്ട സമരം. കീഴാറ്റൂര്‍ ഒരു പാര്‍ട്ടി ഗ്രാമമായതുകൊണ്ടു തന്നെ വയലേലകള്‍ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുന്‍നിരയില്‍ അണിനിരന്നവര്‍ സി പി എം സഖാക്കള്‍ തന്നെയായിരുന്നു.
വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ആര് തന്നെയായാലും അവരെ തള്ളിപ്പറയുമെന്ന നിലപാടാണ് വിഷയത്തില്‍ സി.പി.എം. ജില്ലാ നേതൃത്വം സ്വീകരിച്ചത്. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയി. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്തായിരുന്നു സമരം പൊളിക്കാന്‍ ശ്രമിച്ചത്. നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം നേരത്തെ എം.എല്‍.എ ജെയിംസ് മാത്യുവിന് കൈമാറിയിരുന്നു. വയല്‍ക്കിളി സമരത്തിനു സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാന്‍ ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാവോയിസ്റ്റുകളുമടക്കമുള്ള വിധ്വംസകശക്തികളുടെ കൂട്ടുകെട്ടാണ് കീഴാറ്റൂരിലേതെന്നായിരുന്നു സിപിഎം ആരോപണം.
കീഴറ്ററിലുള്ളത് ഏകദേശം 250 ഏക്കറോളം വരുന്ന കൃഷി ഭൂമിയാണ്.അതില്‍ നാനൂറോളം കര്ഷകരാണുള്ളത്.വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാംകൃഷി എല്ലായിടത്തും സാധിക്കില്ല. ബാക്കി ഭാഗങ്ങളിലെല്ലാം കര്‍ഷകര്‍ കൃത്യമായി കൃഷി ചെയ്യുന്നുമുണ്ട്. ഇതാണ് ഇവിടം അത്രയും പ്രാധാന്യമുള്ള തണ്ണീര്‍ത്തടമാണെന്നും ഭൂഗര്‍ഭജലസ്രോതസിനെ ഉത്തേജിപ്പിക്കും എന്നും പറയുന്നത്. കീഴാറ്റൂര്‍ എന്ന പേര് വരാന്‍ തന്നെ കാരണം ഇതാണ്. വയലിന്റെ മൂന്നു ഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍ നിന്നുള്ള ജലമെല്ലാം ഒഴുകിയെത്തുന്നത് ഈ നീര്‍ത്തടങ്ങളിലേക്കാണ്. ഒരു മീറ്ററോളം ഈ ജലം വര്‍ഷക്കാലത്തു കെട്ടികിടക്കും. തളിപ്പറമ്പ് നഗരത്തിലെ തന്നെ ഏഴു വാര്‍ഡുകളിലെ കുടിവെള്ള വിതരണം ഈ വയലുകളെ ആശ്രയിച്ചാണിരിക്കുന്നത്.
പാടം നികത്തി നിര്‍മ്മിക്കുന്ന നിര്‍ദിഷ്ട ബൈപ്പാസിന്റെ നീളം 5.5 കി.മീ. ആണ്. 45 മീറ്റര്‍ വീതിയില്‍ 61.5 ഏക്കര്‍ ഭൂമി എടുക്കണം. സെന്റിന് 4.16 ലക്ഷം സര്‍ക്കാര്‍ നഷ്ടപരിഹാരം 3 കുടുംബങ്ങള്‍ക്ക് കൊടുത്തു കഴിഞ്ഞു. അങ്ങനെയെങ്കില്‍ 61.15 ഏക്കറിന് സെന്റിന് 4.16 ലക്ഷം വെച്ച് കൊടുക്കണമെങ്കില്‍ 254.38 കോടി രൂപ ചെലവാകും.കെട്ടിടങ്ങള്‍ വീടുകള്‍ വ്യാപാരികള്‍ തൊഴിലാളികള്‍ വൃക്ഷങ്ങള്‍ തുടങ്ങി പല വക നഷ്ടപരിഹാരത്തിന് ഏറ്റവും കുറഞ്ഞത് 50 കോടി രൂപ ചെലവാകും.കിമീറ്ററിന് 50 കോടി വെച്ച് 5.5 കിലോമീറ്ററിന് ബൈപാസ് നിര്‍മിക്കാന്‍ സിവില്‍ കോസ്റ്റ 275 കോടി രൂപ ചെലവാകും.അങ്ങനെ മൊത്തം 579.38 കോടി ചെലവാകും. 19 ഹെക്ടര്‍ വയല്‍ നികത്തുമെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. എന്നാല്‍ പിന്നെ ആ വയല്‍ പ്രദേശം ബാക്കി കാണില്ല എന്നതാണ് സത്യം. ഈ താഴ്ന്ന പ്രദേശത്തു അഞ്ചു കിലോമീറ്ററോളം ഗതാഗതയോഗ്യമായ പാത തീര്‍ക്കാന്‍ വന്‍തോതില്‍ കല്ലും മണ്ണും നിക്ഷേപിക്കേണ്ടി വരും. അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വേറെ.
ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ തന്നെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയോ ലിബറല്‍ പോളിസിയുടെ ഫലമായി കൃഷിയിടങ്ങള്‍ കരയുകയും നീര്‍ത്തടങ്ങള്‍ ചുരുങ്ങുകയും ഉണ്ടായി. 1970 കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ രണ്ടായിരാമാണ്ടില്‍ രണ്ടുലക്ഷത്തോളമായി കുറഞ്ഞു എന്നത് ചെറിയ കണക്കല്ല. ഇത് വളരെ അപകടകരമായ ഒരു മാറ്റമായി കണ്ടതുകൊണ്ടാണ് 2008 ലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുവന്നതും ഏകകണ്ഠമായി നിയമം സഭയില്‍ പാസ് ആക്കിയതും. അതിനെ അട്ടിമറിക്കുന്ന നീക്കത്തിനെതിരായ ഒരു സമരത്തെ തകര്‍ത്തതില്‍ ആഹ്ലാദിക്കുന്നവരെ കുറിച്ച് സഹതപിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? തുടക്കത്തില്‍ പ്രാദേശിക സിപിഐഎം നേതൃത്വം പോലും പദ്ധതിക്ക് എതിരായിരുന്നു എന്നതും കൂടി ഓര്‍ക്കുമ്പോളാണ് നമ്മുടെ കക്ഷി രാഷ്ട്രീയവും വികസനസങ്കല്‍പ്പങ്ങളും എവിടെയെത്തി നില്‍ക്കുന്നു എന്നു മനസ്സിലാകുക. തും പ്രളയാനന്തരകേരളത്തില്‍…!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply