വയല്‍ക്കിളികള്‍ തോറ്റുകൂടാ

ഏതു ജനകീയ സമരത്തേയും തകര്‍ക്കാനും സമരമുന്നയിക്കുന്ന ആവശ്യങ്ങള്‍ കഴിച്ചുമൂടാനും തങ്ങള്‍ക്കൊരു മടിയുമില്ല എന്ന് സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും ഒരിക്കല്‍ കൂടിതെളിയിക്കുകയാണ്. അക്കാര്യത്തില്‍ തമ്മില്‍ തമ്മിലുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ അഭിപ്രായ ഭിന്നതകളൊന്നും ഒരു പ്രശ്‌നമല്ല എന്നും. കീഴാറ്റൂരില്‍ നെല്‍വയലുകള്‍ സംരക്ഷിക്കാനുള്ള വയല്‍ക്കിളി സമരത്തെ മറികടന്ന് അതുവഴി തന്നെ ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രതീരുമാനം. സംസ്ഥാനസര്‍ക്കാരും അതിനെ പിന്തുണക്കുന്നു. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നല്‍കുന്ന നടപടി മാത്രമാണ് ബാക്കിയുള്ളത്. നെല്‍വയല്‍ നികത്ത് ബൈപ്പാസ് പാത […]

kk

ഏതു ജനകീയ സമരത്തേയും തകര്‍ക്കാനും സമരമുന്നയിക്കുന്ന ആവശ്യങ്ങള്‍ കഴിച്ചുമൂടാനും തങ്ങള്‍ക്കൊരു മടിയുമില്ല എന്ന് സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും ഒരിക്കല്‍ കൂടിതെളിയിക്കുകയാണ്. അക്കാര്യത്തില്‍ തമ്മില്‍ തമ്മിലുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ അഭിപ്രായ ഭിന്നതകളൊന്നും ഒരു പ്രശ്‌നമല്ല എന്നും. കീഴാറ്റൂരില്‍ നെല്‍വയലുകള്‍ സംരക്ഷിക്കാനുള്ള വയല്‍ക്കിളി സമരത്തെ മറികടന്ന് അതുവഴി തന്നെ ബൈപ്പാസ് നിര്‍മ്മാണ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രതീരുമാനം. സംസ്ഥാനസര്‍ക്കാരും അതിനെ പിന്തുണക്കുന്നു. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നല്‍കുന്ന നടപടി മാത്രമാണ് ബാക്കിയുള്ളത്.
നെല്‍വയല്‍ നികത്ത് ബൈപ്പാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമായിരുന്നു നേരത്തേ ഉയര്‍ന്നിരുന്നത്. സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടിക്കാരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു സമരമാരംഭിച്ചത്. സിപിഎം ഒഴികെ മിക്കവാറും പാര്‍ട്ടിക്കാര്‍ അതിനെ പിന്തുണച്ചു. സമരത്തിനു നേതൃത്വം നല്‍കിയവരെ പാര്‍ട്ടി പുറത്താക്കിയതോടെ അതൊരു ജനകീയപോരാട്ടമായി മാറി. ആ ഘട്ടത്തിലായിരുന്നു സമരത്തെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയത്. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ നടന്ന ഐതിഹാസിക പോരാട്ടത്തില്‍ സുരേഷ് ഗോപി എം പിയടക്കമുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തു. വിഷയത്തില്‍ അന്തിമതീരുമാനം കേന്ദ്രത്തിന്റേതായതിനാല്‍ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായിട്ടും ബിജെപിയുടെ പിന്തുണ വയല്‍ക്കിളികള്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും വീണ്ടും പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു. നൂറു മീറ്റര്‍ പോലും വീതിയില്ലാത്ത വയല്‍ നികത്തി ദേശീയപാത നിര്‍മിച്ചാല്‍ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദല്‍ മാര്‍ഗങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. അതും നാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ അതെല്ലാം ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ഒന്നായിരിക്കുന്നു. ബിജെപിയും സിപിഎമ്മും ഒന്നായിരിക്കുന്നു.
വയല്‍ക്കിളികളുടെ സമരം നടന്ന കേരളമല്ല ഇപ്പോഴത്തെ കേരളം എന്നതും വളരെ പ്രസക്തമാണ്. ഇത് പ്രളയാനന്തര കേരളമാണ്. നെയല്‍വയലുകള്‍ മണ്ണിട്ടുമൂടുന്നതും പ്രളയകാരണമാണെന്നു സാധാരണക്കാര്‍ക്കുപോലും ബോധ്യപ്പെട്ട കാലമായിട്ടും സര്‍ക്കാരുകള്‍ക്കിത് ബോധ്യപ്പെടാത്തതോ അതോ മറ്റേതെങ്കിലും താല്‍പ്പര്യം അവരെ നയിക്കുന്നതോ? ബൈപാസിനു എത്രയോ ബദലുകള്‍ ചൂണ്ടികാട്ടപ്പെട്ടുട്ടുണ്ട്. തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലേത്. അതുതന്നെ നശിപ്പിച്ചാവണോ സ്വകാര്യവാഹനങ്ങള്‍ക്ക പാഞ്ഞുപോകാനായീ ഈ വികസനം? കീഴാറ്റൂര്‍ വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. നികത്താനായി ഇടിച്ചുനിരത്തേണ്ടിവരുന്ന കുന്നുകളുടെ അളവ് എത്രയോ വലുതാണ്. നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വീതികൂട്ടുകയും നഗരഭാഗത്ത് ചിറവക്ക് മുതല്‍ തൃച്ചംബരം വരെ ഒരു ഫ്‌ളൈ ഓവര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്‌നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകുമെന്ന് പരിഷത്തടക്കമുള്ള സംഘടനകള്‍ ചൂണ്ടികാട്ടിയിട്ടും അതൊന്നും പരിഗണിക്കപ്പെടുന്നില്ല.
തളിപ്പറമ്പ് നഗരത്തിലെ തിരക്കാണ് ബൈപാസ് പദ്ധതിയെ സാധൂകരിക്കുന്നത്. ഈ നഗരത്തിന്റെ ദൈര്‍ഘ്യം ഒന്നോ ഒന്നരയോ കിലോമീറ്റര്‍ മാത്രമാണ്. അവിടെ നിലവില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലമുണ്ട്. അതിന്റെ നടുക്ക് മീഡിയനില്‍ സ്ഥാപിക്കുന്ന തൂണുകളിലൂടെ 4 അല്ലെങ്കില്‍ 6 വരി എലവേറ്റഡ് പാത നിര്‍മ്മിക്കാം. 2 കിലോമീറ്റര്‍ നീളത്തില്‍ എലവേറ്റഡ് പാത നിര്‍മ്മിച്ചാല്‍ തളിപ്പറമ്പ് നഗരത്തിലെ പ്രശ്നം അവസാനിക്കും. ദേശീയപാത മുകളിലൂടെ പോകുന്നതിനാലും താഴെയുള്ള ഭാഗം ലോക്കല്‍ ട്രാഫിക്കിന് മാത്രമായി ലഭിക്കുമെന്നതിനാലും പാര്‍ക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ കീഴാറ്റൂരില്‍ കൂടിതന്നെയുള്ള നിര്‍ദ്ദിഷ്ട 5.5 കിലോമീറ്റര്‍ ബൈപാസ് എലവേറ്റഡ് ഹൈവെ ആയി നിര്‍മ്മിക്കാവുന്നതുമാണ്. എന്നാലതൊന്നും പരിഗണിക്കാതെ വികസനത്തിന്റെ പേരുപറഞ്ഞ് മാഫിയകളെ സേവിക്കാനുള്ളതാണ് പുതിയ തീരുമാനം എന്നത് പകല്‍പോലെ വ്യക്തം.
പ്രളയം നല്‍കിയ പാഠങ്ങളനുസരിച്ച് പരിസ്ഥിതി സംരക്ഷിച്ചായിരിക്കും ഇനിയത്തെ എല്ലാ വികസനപദ്ധതികളും എന്ന് കേരളസര്‍ക്കാര്‍ തന്നെ പ്രഖഅയാപിച്ചിട്ടുണ്ട്. അതിനോടെങ്കിലും നീതി പുലര്‍ത്താന്‍ തയ്യാറായാല്‍തന്നെ കേന്ദ്രതീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവരേണ്ടതാണ്. എന്നാല്‍ ബിജെപി സമരക്കാരെ പറ്റിച്ചു എന്നു പറയുന്ന ഭരണപക്ഷനേതാക്കള്‍ അതിനെ നിരുപാധികം പിന്തുണക്കുകയാണ് എന്നതാണ് വൈരുദ്ധ്യം. വയല്‍കിള്കളോട് സത്യം തിരിച്ചറിഞ്ഞ് തിരിച്ചുവരാനാണ് പി ജയരാജന്‍ പറയുന്നത്. വൈകിയാണെങ്കിലും കേന്ദ്രം സത്യം തിരിച്ചറിഞ്ഞു, ഇനി നിങ്ങളും തിരിച്ചറിയണം എന്നാണ് ജയരാജന്റഎ വാക്കുകളുടെ കാതല്‍. എന്നാല്‍ വയല്‍ക്കിളികള്‍ തോറ്റുകൂടാ. അവരുടെ ചിറകുകള്‍ അരിയാന്‍ അനുവദിച്ചുകൂടാ. പരിസ്ഥിതി സംരക്ഷിക്കാത്ത ഒരു വികസനവും വികസനമല്ല എന്നതു തന്നെയായിരിക്കണം നമ്മുടെ നിലപാട്. പ്രത്യേകിച്ച് പ്രളയാനന്തരകേരളത്തില്‍. അതിനാല്‍ ഒരിക്കല്‍ കൂടി കേരളം കീഴാറ്റൂരിലേക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു…

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply