വയനാട് ആദിവാസി മണ്ഡലമാക്കണം.

സി കെ ജാനു കേരളത്തില്‍ ആദിവാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള വയനാട് പാര്‍ലിമെന്റ് മണ്ഡലം ആദിവാസി മണ്ഡലമാക്കി മാറ്റണം എന്ന് ആദിവാസി ഗോത്രമഹാ സഭ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും മറ്റു അധികാരകേന്ദ്രങ്ങളേയും സമീപിക്കാനുള്ള തീരമാനത്തിലാണ് സംഘടന. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ആദിവാസി മണ്ഡലങ്ങള്‍ നിലവിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഓരോ വിഭാഗങ്ങള്‍ക്കും അധികാര കേന്ദ്രങ്ങളില്‍ പങ്കാളിത്തം അനിവാര്യമാണ്. പ്രത്യകിച്ച് ആദിവാസികള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും. ആ അവകാശമാണ് കേരളത്തില്‍ ആദിവാസികള്‍ക്ക് നിഷേധിച്ചിരിക്കുന്നത്. നിരന്തരമായ […]

download (1)
സി കെ ജാനു

കേരളത്തില്‍ ആദിവാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള വയനാട് പാര്‍ലിമെന്റ് മണ്ഡലം ആദിവാസി മണ്ഡലമാക്കി മാറ്റണം എന്ന് ആദിവാസി ഗോത്രമഹാ സഭ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും മറ്റു അധികാരകേന്ദ്രങ്ങളേയും സമീപിക്കാനുള്ള തീരമാനത്തിലാണ് സംഘടന.
ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ആദിവാസി മണ്ഡലങ്ങള്‍ നിലവിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഓരോ വിഭാഗങ്ങള്‍ക്കും അധികാര കേന്ദ്രങ്ങളില്‍ പങ്കാളിത്തം അനിവാര്യമാണ്. പ്രത്യകിച്ച് ആദിവാസികള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും. ആ അവകാശമാണ് കേരളത്തില്‍ ആദിവാസികള്‍ക്ക് നിഷേധിച്ചിരിക്കുന്നത്. നിരന്തരമായ ആവശ്യങ്ങള്‍ക്കുശേഷം നിയമസഭയില്‍ ആദിവാസികള്‍ക്ക് രണ്ടു സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ ജയലക്ഷ്മിയെ പോലുള്ള ഒരാള്‍, എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും മന്ത്രിയായത്. ലോകസഭയിലേക്കും ചുരുങ്ങിയത് ഒരു സീറ്റിനുള്ള അര്‍ഹത ആദിവാസികള്‍ക്കുണ്ട്.
വാസ്തവത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ, നൂറ്റാണ്ടുകളായി അധികാരത്തിന്റെ നാലയലത്തുപോലും അടുപ്പിക്കാത്തവരെ മത്സരിപ്പിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ഒരു സംവരണവും ആവശ്യമില്ലല്ലോ. എന്നാല്‍ സവര്‍ണ്ണ, പുരഷാധിപത്യ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ അതിനു തയ്യാറാകില്ലല്ലോ. ഗ്രാമസഭ മുതല്‍ ലോകസഭ വരെയുള്ള ജനാധിപത്യ സംവിധാനങ്ങളിലെല്ലാം സ്ത്രീ, ദളിത്, ആദിവാസി പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ സംവരണം തന്നെ വേണമെന്ന അവസ്ഥയാണ്. പൊതുമണ്ഡലങ്ങളില്‍ അവരെ നിത്തി മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ഒരു ഉദാഹരണം പറയാം. സിപിഎം നേതാവും മുന്‍മന്ത്രി സ്പീക്കറുമൊക്കെയായ കെ രാധാകൃഷ്ണനെ ഇപ്പോഴും മത്സരിപ്പിക്കുന്നത് സംവരണ മണ്ഡലമായ ചേലക്കരയിലാണല്ലോ. എന്തുകൊണ്ട് അദ്ദേഹത്തെ തൊട്ടടുത്ത വടക്കാഞ്ചേരിയില്‍ മത്സരിപ്പിച്ച്, പുതിയൊരാളെ ചേലക്കരയില്‍ നിന്ന് വിജയിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല?. മറ്റു പാര്‍ട്ടികളുടേയും അവസ്ഥ ഇതു തന്നെ. അതിനാലാണ് ഇത്തരമൊരാവശ്യം ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്. വയനാടാണ് ആദിവാസി മണ്ഡമാക്കാന്‍ ഉചിതം. അല്ലെങ്കില്‍ ഇടുക്കിയാകാം. എന്തായാലും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം പ്രഖ്യാപിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകണം. വികസനത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍, പോഷകാഹാരമില്ലാതെ ആദിവാസി കുഞ്ഞുങ്ങള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഞങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് മറക്കരുത്..
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദമായ സാഹചര്യമാണല്ലോ ഇത്. അപ്പോഴും പശ്ചിമഘട്ടത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ വിസ്മരിക്കപ്പെടുകയാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുപോലും തള്ളിക്കളയണമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെടുന്നത്. ഇത് ക്വാറി ലോബികളെയും എസ്‌റ്റേറ്റ് മാഫിയയെയും സഹായിക്കാനാണ്. ആദിവാസവിരുദ്ധവുമാണ്.
കരിങ്കല്‍ ഖനനവും മണല്‍ ഖനനവും നിരോധിക്കാനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റാനുമുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശം ഏറെ പ്രധാനമാണ്. റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതവും. ജനപങ്കാളിത്തത്തോടെ പ്രകൃതിയെ സംരക്ഷിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ജനങ്ങള്‍ക്ക് സഹായകരമായ റിപ്പോര്‍ട്ടിനെ പിന്തുണക്കുന്നതിനുപകരം ഹര്‍ത്താലും സമരങ്ങളും നടത്തുന്നത് ഖനന മാഫിയയെ സഹായിക്കാനാണെന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply