വന്യതയ്‌ക്കെതിരായ പ്രഖ്യാപനമാണ് എന്റെ നോവല്‍

ഹാന്‍ കാങ് സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍/അസ്വസ്ഥതതകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയാകും. ബാഹ്യസംഘര്‍ഷങ്ങളും കുടുംബത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ആന്തരിക വ്യഥയുംതന്നെയാണ് ഹാന്‍ കാങ് എന്ന ദക്ഷിണകൊറിയന്‍ എഴുത്തുകാരിയെയും രൂപപ്പെടുത്തിയത്. കൊറിയന്‍ സാഹിത്യത്തില്‍ സാമാന്യേന കാണപ്പെടുന്ന, ‘ലിങ്ക്ഡ് നോവല്‍’ സാങ്കേതികത്വത്തിലാണു ഹാന്‍ കാങ്ങും എഴുതുന്നത്. മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ച ‘ദി വെജിറ്റേറിയ’നും മൂന്നു നോവെല്ലകളെ കണ്ണിചേര്‍ത്തതാണ്. ഈ നോവലിലും മറ്റു രചനകളിലുമെല്ലാം ആന്തരികബാഹ്യ സംഘര്‍ഷങ്ങളെയാണു സ്ത്രീപക്ഷത്തുനിന്നവര്‍ പകര്‍ത്തുന്നത്. 1980ല്‍ തെക്കന്‍ കൊറിയന്‍ നഗരമായ ഗ്വാങ്ജുവിലുണ്ടായ വിദ്യാര്‍ഥി കൂട്ടക്കൊലയാണ് ‘ഹ്യുമന്‍ ആക്ട്‌സ്’ […]

hh

ഹാന്‍ കാങ്

സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍/അസ്വസ്ഥതതകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയാകും. ബാഹ്യസംഘര്‍ഷങ്ങളും കുടുംബത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതിന്റെ ആന്തരിക വ്യഥയുംതന്നെയാണ് ഹാന്‍ കാങ് എന്ന ദക്ഷിണകൊറിയന്‍ എഴുത്തുകാരിയെയും രൂപപ്പെടുത്തിയത്. കൊറിയന്‍ സാഹിത്യത്തില്‍ സാമാന്യേന കാണപ്പെടുന്ന, ‘ലിങ്ക്ഡ് നോവല്‍’ സാങ്കേതികത്വത്തിലാണു ഹാന്‍ കാങ്ങും എഴുതുന്നത്. മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ച ‘ദി വെജിറ്റേറിയ’നും മൂന്നു നോവെല്ലകളെ കണ്ണിചേര്‍ത്തതാണ്. ഈ നോവലിലും മറ്റു രചനകളിലുമെല്ലാം ആന്തരികബാഹ്യ സംഘര്‍ഷങ്ങളെയാണു സ്ത്രീപക്ഷത്തുനിന്നവര്‍ പകര്‍ത്തുന്നത്.
1980ല്‍ തെക്കന്‍ കൊറിയന്‍ നഗരമായ ഗ്വാങ്ജുവിലുണ്ടായ വിദ്യാര്‍ഥി കൂട്ടക്കൊലയാണ് ‘ഹ്യുമന്‍ ആക്ട്‌സ്’ എന്ന പുസതകമെഴുതാന്‍ ഘടകമായത്. സൈനിക നിയമത്തിനെതിരേ വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും നടത്തിയ പ്രക്ഷോഭത്തെ കൊറിയന്‍ ഏകാധിപതി പാര്‍ക്ക് ചങ് ഹീയും അദ്ദേഹത്തിന്റെ പതനത്തിനുശേഷം ജനറല്‍ ചങ് ഡൂ ഹ്വാനും ചേര്‍ന്നു ചോരയില്‍ മുക്കുമ്പോള്‍ ഹാനിന് ഒമ്പതു വയസ്. എഴുത്തുകരനായ പിതാവിന്റെ ഷെല്‍ഫില്‍ രഹസ്യമായി സൂക്ഷിച്ച കൂട്ടക്കൊലയുടെ ചിത്രങ്ങള്‍ ഇവര്‍ പതിനാലാം വസയില്‍ കണ്ടെത്തി. കൂട്ടക്കൊലയുടെ നടുക്കത്തില്‍നിന്നാണ് 2013ല്‍ ഹ്യൂമന്‍ ആക്ട്‌സ് പുറത്തിറങ്ങിയത്. പതിനാലാം വയസിനുശേഷം യൂണിവേഴ്‌സിറ്റി പഠനത്തിനു പോയ ഹാനിനു മുന്നില്‍ തുറന്നുകിട്ടിയത് സ്വാതന്ത്ര്യത്തിന്റെ വലിയ ലോകമായിരുന്നു. അപ്പോഴേക്കും കൊറിയ ജനാധിപത്യത്തിലേക്കു കാല്‍വച്ചിരുന്നു. എഴുത്തുകാരനായ പിതാവിന്റെ സ്വാധീനംകൂടിയായപ്പോള്‍ അവര്‍ കവിതകളും ചെറുകഥകളും എഴുതിത്തുടങ്ങി. കൊറയന്‍ സാഹിത്യരംഗത്ത് അവര്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
പുരസ്‌കാരത്തിന് അര്‍ഹമായ ‘ദി വെജിറ്റേറിയ’നാകട്ടെ ആന്തരിക സംഘര്‍ഷങ്ങളുടെ സങ്കലനമാണ്. ഒരു വീട്ടമ്മ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് നോവലിന്റെ പ്രമേയം. അതുവരെ അവര്‍ കടന്നുപോയ സംഘര്‍ഷങ്ങളുടെ ചേരുവകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും. അച്ഛന്‍ ഹാങ് സൂങ് വോണ്‍ നോവലിസ്റ്റായിരുന്നു. സഹോദരന്‍ ഹാന്‍ ജോങ് റിമ്മും എഴുത്തുകാരന്‍. 1970ല്‍ വാങ്ജു മേഖലയിലാണു ഹാന്‍ ജനിച്ചത്.
ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ, ഹാനിന്റെ ആദ്യ പുസ്തകമാണു ‘ദി വെജിറ്റേറിയന്‍’. ഇതു പ്രമേയമാക്കിയെടുത്ത ചലച്ചിത്രവും ലോകശ്രദ്ധ നേടി. യോന്‍സേയ് സര്‍വകലാശാലയില്‍നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ച ഹാന്‍, സോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദ ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ്. 1993ല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി എന്ന ്രൈതമാസികയില്‍ പ്രസിദ്ധീകരിച്ച വിന്റര്‍ ഇന്‍ സോള്‍ ഉള്‍പ്പെടെയുള്ള അഞ്ചു കവിതകളിലൂടെയാണ് സാഹിത്യലോകത്തേക്കു പ്രവേശിച്ചത്. തുടര്‍ന്ന് ദ റെഡ് ആങ്കര്‍ എന്ന ചെറുകഥ പറുത്തുവന്നു.
1995ല്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ എ കണ്‍വിക്ട്‌സ് ലൗ, ഫ്രൂട്‌സ് ഓഫ് മൈ വിമന്‍, ദി ബ്ലാക്ക് ഡീര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസന്‍സ് തുടങ്ങിയവയാണു ഹാനിന്റെ നോവലുകള്‍. സംഗീതജ്ഞയും കലാപ്രേമിയുമായ ഹാനിന്റെ കൃതികള്‍ ഇക്കാര്യങ്ങളും പ്രതിഫലിക്കുന്നുണ്ട്. ഒരു ശില്‍പ്പിയെയും അയാളുടെ മോഡലിനെയും കേന്ദ്രീകരിച്ചുള്ളതാണ് യുവര്‍ കോള്‍ഡ് ഹാന്‍ഡ്. യി സാങ് ലിറ്റററി ്രൈപസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേറ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഹാനിനു ലഭിച്ചു.
? വെജിറ്റേറിയന്‍ മൂന്നു നോവെല്ലകളായിട്ടാണു പ്രസിദ്ധീകരിച്ചത്. മൂന്നും എഴുതിയതിനുശേഷം സംയോജിപ്പിക്കാന്‍ ആലോചിച്ചിരുന്നോ
തുടര്‍ കഥകള്‍ വ്യത്യസ്തമായി പുറത്തിറക്കുകയും അവസാനം ഒരുമിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതു കൊറിയയില്‍ സാധാരണമാണ്. ഞാന്‍ നോവെല്ലകള്‍ എഴുതാന്‍ തുടങ്ങിയതു രണ്ടായിരത്തിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ രണ്ടു ഭാഗങ്ങള്‍ എഴുതിത്തീര്‍ത്തു. അതു പ്രസിദ്ധീകരിച്ചു. പിന്നീടു നിരവധി നാളുകള്‍ക്കുശേഷമാണു മൂന്നാമത്തെ കഥയെഴുതിയത്.
? പുസ്തകം സിനിമയാക്കുമ്പോള്‍ എങ്ങനെയാണു സമീപിച്ചത്. പുസ്തകവും സിനിമയും ഏതുതരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു
സംവിധായകന്‍ വൂ സോങ് ലിം എന്റെ സുഹൃത്താണ്. സിനിമയാക്കാന്‍ സമീപിച്ചപ്പോള്‍ ഞാനൊന്നു മടിച്ചു. 2008 ലാണ് അദ്ദേഹം സിനിമയെടുക്കാന്‍ തുടങ്ങിയത്. അതീവ സങ്കീര്‍ണമെന്നേ എനിക്കു സിനിമയെക്കുറിച്ചു പറയാന്‍ കഴിയൂ. ഞാന്‍ പ്രതീക്ഷിച്ചതില്‍നിന്നു വ്യത്യസ്തമായാണു സംവിധായകന്‍ കഥയെ സമീപിച്ചത്. എനിക്കു പറയാന്‍ കഴിയുന്നതിനുപരിയാണത്.
? കൊറിയയില്‍ സസ്യഭുക്കായി കഴിയുന്നതിലെ അസ്വാഭാവികതയെന്താണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിനു തുനിഞ്ഞത്്
പാശ്ചാത്യര്‍ കഴിക്കുന്നതുമായി തട്ടിക്കുമ്പോള്‍ ഞങ്ങള്‍ അധികം മാംസം കഴിക്കുന്നവരല്ല. പച്ചക്കറികള്‍ ചേര്‍ന്ന ബീന്‍കര്‍ഡും സോയാബീനില്‍നിന്നുള്ള ടോഫുവുമൊക്കെയാണു കഴിക്കുക. ഇത്രയൊക്കെയാണെങ്കിലും മേശയില്‍നിന്നും മാംസാഹാരങ്ങള്‍ ഒഴിവാക്കാനുമാകില്ല. മാംസം കഴിക്കുമ്പോള്‍ പോലും കൂടുതല്‍ ഭക്ഷിക്കുക പച്ചക്കറികള്‍തന്നെയാണ്. നോവലിലെ മുഖ്യ കഥാപാത്രമായ ‘യോങ് ഹൈ’ ഞാനൊരു സസ്യഭുക്കാണെന്നു പ്രഖ്യാപിക്കുമ്പോള്‍, അത് മനുഷ്യന്റെ അക്രമണോത്സുകതയ്‌ക്കെതിരായ പ്രഖ്യാപനമാണ്. അതുകൊണ്ടാണ് ‘വെജിറ്റേിയനിസ’മെന്ന പ്രമേയംതന്നെ തിരഞ്ഞെടുത്തത്. വിശുദ്ധമായി നിലനില്‍ക്കുകയെന്ന ബിംബവത്കരത്തിന് അതാണു നല്ലതെന്നു കരുതി.
? രൂപാന്തരീകരണം, സ്വത്വം, ആത്മനിര്‍ണയം എന്നിവ വിവിധ അളവില്‍ ഹാനിന്റെ കൃതികളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്
മാനുഷികമെന്നാല്‍ എന്താണ് എന്ന ചോദ്യം എപ്പോഴും എന്റെയുള്ളിലുണ്ട്. എനിക്ക് ഒമ്പതുവയസുണ്ടായിരുന്നപ്പോള്‍ നടന്ന, 1980ലെ ഗ്വാങ്ജു കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ആണ്‍കുട്ടിയെക്കുറിച്ചാണ് 2013ല്‍ ഞാന്‍ നോവല്‍ എഴുതിയത്. എന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയ സംഭവമായിരുന്നു അത്. മാനുഷികമെന്നാല്‍ എന്താണെന്നന്ന അന്തമില്ലാ ചോദ്യത്തില്‍നിന്നാണതു പിറന്നത്. എന്നാല്‍, വെജിറ്റേറിയനില്‍ യോങ് ഹൈ തന്റെ ശരീരംതന്നെ രൂപാന്തരപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. മറ്റൊരു നോവലായ ഗ്രീക്ക് ലെസണ്‍സില്‍ ഒരു കഥാപാത്രം സംസാരം വേണ്ടന്നുവയ്ക്കുന്നു. ഭാഷയെ നിരസിക്കുന്നു. നിങ്ങള്‍ പറഞ്ഞതു ശരിയാണ്, എന്റെ നോവലില്‍ ഇത്തരം പ്രമേയങ്ങള്‍ ആവര്‍ത്തിക്കുണ്ട്.
? വെജിറ്റേറിയനിലെ ശക്തമായ ഘടകമാണ് വിഷ്വല്‍ ആര്‍ട്ട്. നിങ്ങളുടെ മറ്റു രചനകളിലും ഇതുണ്ട്. സാഹിത്യത്തെക്കാള്‍ കൂടുതല്‍ ആശയ കൈമാറ്റം ഇതുകൊണ്ടുണ്ടാകുന്നുണ്ടോ
ഭാഷയ്ക്കു പകരമായി വിഷ്വല്‍ ആര്‍ട്ടിനെ ഞാന്‍ ആശ്രയിക്കുന്നില്ല. സത്താപരമായി ഞാന്‍ ഭാഷയെത്തന്നെയാണ് ആശ്രയിക്കുന്നത്. ഈ സങ്കേതം കടന്നുവരുന്നത് ഞാന്‍ ആ രൂപത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടാകാം. എന്നാല്‍, മനുഷ്യത്വത്തെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങള്‍ക്കു ശക്തി നല്‍കുന്നതു സാഹിത്യമാണെന്നു വിശ്വസിക്കുന്നു.
? ലൈംഗികതയുടെ സാന്നിധ്യയുള്ള, നോവലിന്റെ മധ്യഭാഗം യാസുനാറി കവാബത്തയുടെ ഹൗസ് ഓഫ് ദി സ്ലീപ്പിങ് ബ്യൂട്ടീസ് എന്ന നോവലിലെ അനുസ്മരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും എഴുത്തുകാരോ മറ്റു ഘടകങ്ങളോ നോവലിനെ സ്വധീനിച്ചിട്ടുണ്ടോ
ആ കഥയെനിക്കറിയില്ല. അതു കൊറിയന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടോ? വെജിറ്റേറിയന്‍ എഴുതുന്നതിനു മുമ്പ് ദി ഫ്രൂട്ട് ഓഫ് മൈ വുമന്‍ എന്ന ചെറുകഥയെഴുതിയിരുന്നു. ഒരു സ്ത്രീ സസ്യമായി മാറുന്നതിനെക്കുറിച്ചാണത്. സത്രീയുടെ ഭര്‍ത്താവ് അവരെ ഒരു കുടത്തില്‍ ഇരുത്തുകയും ഒരിക്കല്‍ ചെടിയായി മാറുമെന്നു കരുതി പരിപാലിക്കുന്നതുമാണ് കഥ. എന്നാല്‍, അവര്‍ക്കിടയില്‍ അതുവരെ നല്ലൊരു ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അവിടെനിന്നാണ് മറ്റൊരുരൂപത്തില്‍ ഈ നോവല്‍ തുടങ്ങുന്നത്. അടുത്തിടെ ബര്‍ലിനില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതില്‍ കാഫ്കയുടെ മെറ്റാമോര്‍ഫോസിസുമായിട്ടായിരുന്നു എന്റെ നോവലിനെ താരതമ്യപ്പെടുത്തിയത്. കാഫ്കയില്‍നിന്നും പ്രചോദമുള്‍ക്കൊണ്ടതാണോയെന്നു ചിലര്‍ ചോദിച്ചു. ഞാന്‍ കരുതുന്നത്, എല്ലാവരും അവരുടെ കൗമാരത്തില്‍ വായിച്ചിട്ടുള്ള കഥയാണ് മെറ്റാമോര്‍ഫോസിസ് എന്നാണ്. അതുകൊണ്ടു നേരിട്ടൊരു സ്വാധീനമുണ്ടോയെന്നു പറയാന്‍ കഴിയില്ല. കൊറിയയിലെ ഒരു പ്രാചിന കഥയുണ്ട്. ഒരു മനുഷ്യന്‍ കഠിനമായ ജോലിക്കുശേഷം ഒരു മുറിയിലേക്കുള്ള വാതില്‍ തുറക്കുമ്പോള്‍ അതില്‍ നിറയെ ചെടികള്‍ നിറഞ്ഞിരിക്കുന്നതാണു കാണുന്നത്. അദ്ദേഹം ചെടികളോടു സംസാരിക്കുകയും അവയ്‌ക്കൊപ്പം ഉറങ്ങുകയും ചെയ്യുന്നു. അങ്ങനെയാണദ്ദേഹം വിശ്രമം കണ്ടെത്തുന്നത്. ഇതേ പാതയില്‍ രചിക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. എന്നാല്‍, ഇതിന്റെയൊക്കെ സ്വാധീനം രചനയില്‍ കടന്നുവന്നിട്ടുമുണ്ടാകാം. ഒരു സ്ത്രീ മരമായി മാറുന്നതിന്റെ മനോഹരമായ ചിത്രമാണ് എന്നെ യഥാര്‍ഥത്തില്‍ പ്രചോദിപ്പിച്ചത്.
? കൊറിയയുടെ പുരാതന മൂല്യ സങ്കല്‍പ്പങ്ങള്‍ കൈമോശപ്പെടുന്നുണ്ടോ. പരമ്പരാഗതമായ സമൂഹമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ അവയ്ക്കുള്ള പ്രാധാന്യമെന്താണ്
കൊറിയ വളരെപ്പെട്ടെന്നു നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, എല്ലാം നശിച്ചെന്നോ തകര്‍ന്നെന്നോ എനിക്കു പറയാന്‍ കഴിയില്ല. എറെക്കുറെ കാര്യങ്ങള്‍ സങ്കരമായിട്ടുണ്ട്. 1970ല്‍ ജനിച്ച ഞാന്‍ പത്തുവര്‍ഷം കഴിഞ്ഞു സോളിലേക്കു പോകുന്നതുവരെ പരമ്പരാഗത കുടുംബ സാഹചര്യത്തിലാണു ജീവിച്ചത്.
സമൂഹത്തിന്റെ സ്വഭാവം അന്നുണ്ടായിരുന്നു. ആളുകള്‍ക്ക് അയല്‍പക്കക്കാരെ പരസ്പരമറിമായിരുന്നു. എന്നാല്‍, സോളിലെത്തിയപ്പോള്‍ അതില്‍ കാര്യമായ മാറ്റം ദൃശ്യമായി.
? 1980നു ശേഷം കൊറിയയില്‍ സ്ത്രീ എഴുത്തുകാരുടെ നവതരംഗമുണ്ടായി. ഇതു സാഹിത്യഭൂമിശാസ്ത്രത്തെ എത്രത്തോളം മാറ്റിമറിച്ചിട്ടുണ്ട്
1993ല്‍ എന്റെ ആദ്യ രചന പുറത്തിറങ്ങുമ്പോഴേക്കും കൊറിയ പൂര്‍ണ അര്‍ഥത്തില്‍ ജനാധിപത്യത്തിലേക്ക് എത്തിയിരുന്നു. അതുകൊണ്ട് ആളുകള്‍ വ്യത്യസ്ത ആശയങ്ങളെ സാഹിത്യമാക്കി. എന്നാല്‍, അതുവരെ, പ്രത്യേകിച്ച് എണ്‍പതുകളിലെ എഴുത്തുകാര്‍ ജനാധിപത്യത്തെക്കുറിച്ചോ സര്‍ക്കാരിനെതിരായ പ്രമേയങ്ങളോ ആയിരുന്നു സ്വീകരിച്ചത്. അവര്‍ കടുത്ത സമ്മര്‍ദത്തിലുമായിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. അത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതില്ലാത്ത ഒരു കാലത്ത് എഴുതാന്‍ കഴിയുന്നു എന്നതില്‍ എനിക്കു ഭാഗ്യമുണ്ട്. തൊണ്ണൂറുകളില്‍ എഴുതിത്തുടങ്ങിയ, ഞാനടക്കമുള്ള സ്ത്രീ എഴുത്തുകാര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം എഴുത്തില്‍ ലഭിച്ചു. കൂടുതല്‍ വൈവിധ്യമുള്ള രചനകളും പുറത്തുവന്നു. ആശയപരവും സാമൂഹികമായും കൂടുതല്‍ സ്വാന്ത്ര്യം ഇവര്‍ക്കു ലഭിച്ചെന്ന് എന്റെ വിവര്‍ത്തകയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
? ഇരുപതാംനൂറ്റാണ്ടില്‍ കൊറിയയുടെ ചരിത്രമെന്നതു മുറിവുകളുടേതാണ്. എന്തുകൊണ്ടാണു ഗ്വാങ്ജു വിഷയമാക്കിയത്
കൊറിയയില്‍ മാത്രമല്ല, ലോകത്തെമ്പാടും ഇരുപതാം നൂറ്റാണ്ട് വേദനകളുടേതാണ്്. ജപ്പാന്‍ ആധിപത്യം സ്ഥാപിച്ചകാലത്തോ, കൊറിയന്‍ യുദ്ധകാലത്തോ ഞാന്‍ ജനിച്ചിട്ടില്ല. 1993ല്‍ ആദ്യ കവിത പ്രസിദ്ധീകരിക്കുമ്പോള്‍ എനിക്ക് 23 വയസ്. സൈനിക ഭരണം അവസാനിച്ചു ജനമധ്യത്തില്‍നിന്ന് ഒരാള്‍ ഭരണമേല്‍ക്കുന്ന കാലം. അക്കാലത്തു ഞാനടക്കമുള്ള തലമുറയിലെ എഴുത്തുകാര്‍ക്കെല്ലാം മനുഷ്യന്റെ ഉള്ളിലേക്ക് കുറ്റബോധമില്ലാതെ ഇറങ്ങിച്ചെല്ലാനും രാഷ്ട്രീയ പ്രസ്താവനകള്‍ക്കു ബദല്‍ കണ്ടെത്താനും കഴിഞ്ഞു. നിരവധി എഴുത്തുകാര്‍ ഹ്യുമാനിറ്റിയെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. തന്റെ കുഞ്ഞ് റെയിവേ ട്രാക്കിലേക്കു വീണാല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ ആരും മടിക്കാറില്ല, അവര്‍ കൂട്ടക്കൊലയുടെ ആസൂത്രകരാണെങ്കില്‍ പോലും. മനുഷ്യത്വത്തിന്റെ ഈ വൈവിധ്യം, ഉന്നതിയില്‍നിന്നും ക്രൂരതയിലേക്കുള്ള മാറ്റം കുട്ടിക്കാലത്തുതന്നെ എന്നെ കുഴപ്പിക്കുന്ന ഗൃഹപാഠമായി മാറിയിരുന്നു. അത്തരമൊരു വേദനയാണെന്നെ ഗ്വാങ്ജു കൂട്ടക്കൊലയില്‍ ചെന്നെത്തിച്ചത്. നേരിട്ടല്ലെങ്കിലും അതെന്ന സ്വാധീനിച്ചിരുന്നു.
? കൊറിയയ്ക്ക് ഒരു വനിതാ പ്രസിഡന്റിനെ ലഭിച്ചപ്പോള്‍ എന്തുമാറ്റമാണു സംഭവിച്ചത്. ഇവരുടെ പിതാവ് പഴയ ഏകാധിപതിയായിരുന്നു
ആളുകള്‍ വേദനയിലൂടെ കടന്നുപോകുമ്പോഴാണു പാര്‍ക്ക് ജീയുന്‍ ഹൈ പ്രസിഡന്റായത്. വിവര്‍ത്തക ഡെബോറ സ്മിത്ത് പറയുമ്പോലെ, സ്ത്രീയായിരിക്കുന്നതില്‍ പ്രത്യേകിച്ചു കാര്യമില്ല. എന്നാല്‍, ഗ്വാങ്ജു കൂട്ടക്കൊല നടന്ന പ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ എന്നെ അവര്‍ അനുവദിക്കുന്നുണ്ട്. പാര്‍ക്കിന്റെ പിതാവാണ് കൂട്ടക്കൊലയുടെ ഉത്തരവാദിയെന്നുമോര്‍ക്കണം. ഇതേക്കുറിച്ചുള്ള പുസ്തകമിറങ്ങിയപ്പോള്‍ അതു വിപുലമായി സ്വീകരിക്കപ്പെടുകയും ചെയ്തു.
? നിങ്ങള്‍ ക്രിയേറ്റീവ് റൈറ്റിങ് ആണു പഠിപ്പിക്കുന്നത്. എന്താണു കുട്ടികള്‍ക്കു നല്‍കുന്ന ഉപദേശം
അധ്യാപനം തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാഹിത്യത്തിന്റെ ഏതുഭാഗം അവരെ പഠിപ്പിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം മാറിയിട്ടില്ല. കുട്ടികള്‍ സ്വന്തം നിലയ്ക്കു മനസിലാക്കണമെന്നാണു ഞാന്‍ കരുതുന്നത്. അതുകൊണ്ടു ധാരാളം വായിക്കുക, വായനയില്‍ മുങ്ങിക്കിടക്കുക എന്നതുമാത്രമാണ് ഉപദേശം.

മാര്‍ക്ക് റെയ്‌നോള്‍ഡ്‌സ്
പരിഭാഷ: സി.എസ്. ദീപു (മംഗളം)
കടപ്പാട്: bookanista.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply