വന്യജീവികള്‍ക്ക് പുറകെ രതികാ രാമസ്വാമി

ഫോട്ടോഗ്രാഫി ഒരു സാങ്കേതിക വിദ്യയയല്ല. ക്യാമറയേക്കാള്‍ അവിടെ പ്രധാനം മനസ്സാണ്. ഏകാഗ്രതയാണ്. സമര്‍പ്പണമാണ്. അത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണെങ്കില്‍ പറയാനുമില്ല. ഒരു നിമിഷത്തിനുവേണ്ടി മണിക്കൂറുകളുടെ, ദിവസങ്ങളുടെ കാത്തിരിപ്പാണ് വേണ്ടി വരുക. കാടും മൃഗങ്ങളുമെല്ലാം സ്വന്തം ജീവിതമായി മാറണം – പറയുന്നത് രതികാ രാമസ്വാമി. ഇന്ത്യയിലെ ആദ്യത്തെ വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍. നമ്മുടെ മൂന്നാറിനപ്പുറം തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ ജനിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിച്ച്് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തു. എന്നാല്‍ ഫോട്ടോഗ്രാഫി ഹരമായപ്പോള്‍ ജോലി […]

Rathika-Profile
ഫോട്ടോഗ്രാഫി ഒരു സാങ്കേതിക വിദ്യയയല്ല. ക്യാമറയേക്കാള്‍ അവിടെ പ്രധാനം മനസ്സാണ്. ഏകാഗ്രതയാണ്. സമര്‍പ്പണമാണ്. അത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണെങ്കില്‍ പറയാനുമില്ല. ഒരു നിമിഷത്തിനുവേണ്ടി മണിക്കൂറുകളുടെ, ദിവസങ്ങളുടെ കാത്തിരിപ്പാണ് വേണ്ടി വരുക. കാടും മൃഗങ്ങളുമെല്ലാം സ്വന്തം ജീവിതമായി മാറണം – പറയുന്നത് രതികാ രാമസ്വാമി. ഇന്ത്യയിലെ ആദ്യത്തെ വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍. നമ്മുടെ മൂന്നാറിനപ്പുറം തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ ജനിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിച്ച്് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തു. എന്നാല്‍ ഫോട്ടോഗ്രാഫി ഹരമായപ്പോള്‍ ജോലി വലിച്ചെറിഞ്ഞ് കാമറയുമായി പ്രകൃതിയിലേക്ക്. ചെറുപ്പം മുതലെ കാടുകള്‍ തന്നെ മാടി വിളിച്ചിരുന്നതായി രതിക പറയുന്നു. വൈല്‍ഡ് ഫോട്ടോഗ്രാഫിയുടെ ആദ്യസ്‌നാപ്പുകള്‍ അടിച്ചത് നമ്മുടെ തേക്കടി വന മേഖലയില്‍. തുടര്‍ന്ന് വനാന്തരങ്ങളിലേക്ക് ഊളയിടുകയായിരുന്നു. പതുക്കെ പതുക്കെ പക്ഷികളായി രതികയുടെ ഹരം. അവ ഇര പിടിക്കുന്ന ഒരു നിമിഷത്തിനായി, ഇണയെ കാത്തിരിക്കുന്ന നിമിഷങ്ങള്‍ക്കായി, ഇണയോടൊപ്പമുള്ള മുഹൂര്‍ത്തങ്ങള്‍ക്കായുള്ള കാത്തിരിപ്പായിരുന്നു തുടര്‍ന്നുള്ള ഇവരുടെ ജീവിതം. പ്രകൃതിയുടെ സംഗീതം കാമറകളില്‍ പകര്‍ത്തി കാഴ്ചയുടെ സംഗീതമൊരുക്കുമ്പോള്‍ അവര്‍ പറയുന്നു തന്റെ വഴി തന്നെയാണ് ശരിയെന്ന് – ബ്ലാക് ലൈറ്റ് മീഡിയാ ഇന്‍സ്റ്റിട്യൂട്ട് തൃശൂരില്‍ സംഘടിപ്പിച്ച വൈല്‍ഡ് ഫോട്ടോഗ്രാഫി ശില്‍ശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രതിക.

സത്യത്തില്‍ വിവാഹശേഷം ഡല്‍ഹിയിലെത്തിയപ്പോള്‍ ഫോാട്ടോഗ്രാഫി തന്റെ ഹോബി മാത്രമായിരുന്നു എന്ന് രതിക പറയുന്നു. പിന്നീട് അതു ലഹരിയായിമാറി. തുടക്കത്തില്‍ യാത്രാ ഫോട്ടോഗ്രഫിയായിരുന്നു ഹരം. 2004 മുതലാണ് വന്യജീവികളുടെ ജീവിതം ഒപ്പിയെടുക്കാന്‍ തുടങ്ങിയത്. അതോടെയാണ് എഞ്ചിനിയറിംഗല്ല തന്റെ വഴിയെന്നവര്‍ തീരുമാനിച്ചത്. സ്വാഭാവികമായും എല്ലാവരും എതിര്‍ത്തു. ഉപദേശിച്ചു. എന്നാല്‍ രതികയുടെ തീരുമാനം കടുത്തതായിരുന്നു. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ പിറന്നത്.
മനുഷ്യന്റെ ക്ഷമയുടെ അങ്ങേയറ്റമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്കു വേണ്ടെതന്ന് രതിക പറയുന്നു. മണിക്കൂറുകളോളം വ്യൂഫൈന്‍ഡറിലൂടെ നോക്കിയിരുന്ന് അവസാനം സ്‌നാപ്പടിക്കാന്‍ തുടങ്ങുമ്പോള്‍ പക്ഷി പറന്നകലും. മാസങ്ങള്‍ നീളുന്ന കാത്തിരിപ്പാണ് അവരുടെ ഓരോ ഫ്രെയിമിനു പിന്നിലും. സത്യത്തില്‍ പക്ഷികള്‍ക്കു പുറകെ കാമറയുമായുള്ള യാത്രയായി പിന്നീട് ഈ പെണ്‍കുട്ടിയുടെ ജീവിതം. പെണ്ണായത് തന്റെ തൊഴിലില്‍ യാതൊരു പ്രത്യേക പരിമിതിയും സൃഷ്ടിച്ചില്ല എന്നും രതിക പറയുന്നു. അല്ലെങ്കിലും കാടിനും പക്ഷിമൃഗാദികള്‍ക്കും ആണും പെണ്ണുമായി എന്തു വ്യത്യാസം. അതൊക്കെ മനുഷ്യന്റെ പ്രശ്‌നമല്ലേ…… കാമറയും മൃഗങ്ങളും ലിംഗ വിവേചനമുള്ളവയല്ലല്ലോ. അതേ സമയം, വന്യജീവി ഫൊട്ടോഗ്രാഫി എളുപ്പമുള്ള ഒന്നാണെന്ന് കരുതരുതെന്നും അവര്‍ പറയുന്നു. ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ അതിനുണ്ട്. എങ്കിലും ഇച്ഛാശക്തിയും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ അത് മറികടക്കാം – രതിക ചിരിക്കുന്നു.
വനയാത്രകള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ മറക്കാനാവാത്ത ദൃശ്യങ്ങള്‍ നിരവധിയെന്നും രതിക പറയുന്നു. വികാരങ്ങളിലും വിചാരങ്ങളിലുമെല്ലാം മനുഷ്യരേക്കാള്‍ ഒട്ടും പിറകിലല്ല പക്ഷിമൃഗാദികളെന്ന് മനസ്സിലായത് അങ്ങനെയാണ്. ഡോബ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൂന്നു പെണ്‍കടുവളും കുഞ്ഞുങ്ങളും കളിച്ചുല്ലസിച്ചുകൊണ്ടിരുന്ന കാഴ്ച മറക്കാനാവാത്ത അനുഭമായിരുന്നു. നിരവധി മണിക്കൂറുകളാണ് ഇവയെ കാമറയില്‍ പകര്‍ത്താനായി ചിലവഴിച്ചത്. ഭരത്പൂരില്‍ വച്ച് സരസന്‍ കൊക്ക് ഇണകളുടെ നൃത്തം കാണാനിടയായി. ഹരിയാനയിലെ സുല്‍ത്താന്‍പുര്‍ ദേശീയ പാര്‍ക്കില്‍ വച്ചാണ്. പരസ്പരം ചേര്‍ന്നിരുന്ന് കൊക്കുരുമ്മിയും തൂവലുകള്‍ പരസ്പരം ചീകിയൊതുക്കിയും ഇരുന്ന നിശാചരികളായ പുള്ളിനത്തുകള്‍ ഒരു ദൃശ്യവിരുന്നായിരുന്നു. ലോകത്തിലെ ഏറ്റവും വിശാലമായ വന്യമൃഗസംരക്ഷണകേന്ദ്രമായ ആഫ്രിക്കയിലെ സരങ്കെറ്റി നാഷണല്‍പാര്‍ക്കിലും കാമറയുമായി രതികയെത്തി.
ഇന്ത്യയില്‍ വന്യജീവിഫോട്ടോഗ്രഫി ശൈശവാവസ്ഥയിലാണെന്നു പറയുന്ന രതിക, അതിനുള്ള കാരണവും ചൂണ്ടികാട്ടുന്നു. അര്‍പ്പണബോധവും ഇച്ഛാശക്തിയും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമയുമില്ലാത്തതാണ് അതിനുള്ള പ്രധാന കാരണം. വിനോദമെന്നതിനേക്കാളുപരി ഇതിനെ ഗൗരവമായി തന്നെ കാണണം. കൃത്യമായി സമയം തീരുമാനിച്ച് നടപ്പാക്കാവുന്ന ഒന്നല്ല വന്യജീവി ഫോട്ടോഗ്രാഫി.
ഇടക്കിടക്ക് പുതുതലമുറക്കായി ശില്‍പ്പശാലകള്‍ നടത്തുന്നതു മാറ്റി നിര്‍ത്തിയാല്‍ മിക്കവാറും സമയം രതിക കാടുകളിലാണ്. അടുത്ത ലക്ഷ്യം ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലെ വനാന്തരങ്ങളാണ്. അതിനുള്ള തയ്യാറെടുപ്പിലാണവര്‍. ആരാധിക്കുന്ന ഫൊട്ടോഗ്രാഫര്‍മാരെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഒറ്റയടിക്ക്. ആര്‍തര്‍ മോറിസും ജോണ്‍ ഷായും…

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply