വനിതാ സംവരണ ബില്‍ വീണ്ടും സജീവമാകുന്നു.

മുത്‌ലാഖ് വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ വനിതാസംവരണബില്‍ ആയുധമാക്കാനാണത്രെ കോണ്‍ഗ്രസ്സ് നീക്കം. അതിന്റെ ഭാഗമായി പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസ്സാക്കണമെന്നാണ് കോണ്‍ഗ്രസ്സ് ആവശ്യം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍തന്നെ വനിതാ സംവരണം നടപ്പിലാവണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി തന്നെ മോദിക്ക് കത്തയച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മുമ്പ് സോണിയാഗാന്ധിയും മോദിക്ക് സമാനമായ കത്തയച്ചിരുന്നു. തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ബില്‍ പാസാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെങ്കിലും ഇപ്പോള്‍ തന്ത്രപൂര്‍വ്വം പന്ത് ബിജെപിക്ക് നല്‍കുകയാണ് […]

www

മുത്‌ലാഖ് വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ വനിതാസംവരണബില്‍ ആയുധമാക്കാനാണത്രെ കോണ്‍ഗ്രസ്സ് നീക്കം. അതിന്റെ ഭാഗമായി പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസ്സാക്കണമെന്നാണ് കോണ്‍ഗ്രസ്സ് ആവശ്യം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍തന്നെ വനിതാ സംവരണം നടപ്പിലാവണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി തന്നെ മോദിക്ക് കത്തയച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മുമ്പ് സോണിയാഗാന്ധിയും മോദിക്ക് സമാനമായ കത്തയച്ചിരുന്നു. തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ബില്‍ പാസാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെങ്കിലും ഇപ്പോള്‍ തന്ത്രപൂര്‍വ്വം പന്ത് ബിജെപിക്ക് നല്‍കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്.
18 വര്‍ഷമായി പാര്‍ലിമെന്റ് പാസ്സാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായി വിശേഷിക്കപ്പെടുന്ന വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. തെലുങ്കാന വിഭജന വിഷയത്തില്‍ പോലും നാമത് കണ്ടു. എന്നിട്ടാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസ്സാക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമില്ല. കാരണം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ.
അതേസമയം ഇപ്പോഴും പരിഹരിക്കാത്ത ഗൗരവപരമായ വിഷയത്തിലേക്ക് കോണ്‍ഗ്രസ്സോ ബിജെപിയോ കടക്കുന്നില്ല എന്നതാണ് ഖേദകരം. ബില്ലിനെതിരെ മുലായംസിങ്ങും പല ദളിത് – പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് 18 വര്‍ഷമായി ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അതാണ് യഥാര്‍ത്ഥ പ്രശ്നം. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. മറ്റുള്ളവരെപോലെ മുലായത്തിനും കൂട്ടര്‍ക്കും ബില്ലിനോട് താല്‍പ്പര്യമുണ്ടായിരിക്കില്ല. അപ്പോഴും അവരുന്നയിക്കുന്ന വിഷയത്തിന്റെ പ്രസകതി ഇല്ലാതാകുന്നില്ല. ദളിത് – പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ സസജീവമായി ഇടപെടാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിപോലും ഇതു മനസ്സിലാക്കുന്നില്ല എന്നു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.
വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. ഈ പറയുന്നവരുടെ കാപട്യം വ്യക്തമാക്കാന്‍ ഒറ്റകാര്യം മാത്രം പരിശോധിച്ചാല്‍ മതി. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം എത്രയോ തരഞ്ഞെടുപ്പുകള്‍ നടന്നു. ആ തരഞ്ഞെടുപ്പുകൡ ഇവര്‍ എത്ര സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു? ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിച്ചത് എട്ടുശതമാനം സീറ്റുകളിലാണ്. ബിജെപിയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത ഇതില്‍ നിന്ന് വ്യക്തമാണല്ലോ.
സ്ത്രീശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയപ്രബുദ്ധതയിലുമെലലാം മുന്നിലെന്നവകാശപ്പെടുന്ന കേരളത്തിലെ അവസ്ഥ തന്നെ നോക്കുക. 1957 മുതല്‍ കേരളത്തില്‍ നിന്ന് ഇതുവരേയും 272 പേര്‍ ലോകസഭയിലെത്തിയപ്പോള്‍ അതില്‍ സ്ത്രീകള്‍ 10 പേര്‍ മാത്രം. 1967ല്‍ അമ്പലപ്പുഴയില്‍നിന്നും 1980ല്‍ ആലപ്പുഴനിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നും സി പി എമ്മിലെ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. 12, 13 ലോകസഭകളില്‍ വടകരയില്‍നിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14ാം ലോകസഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തിരഞ്ഞെടുക്കപ്പെട്ടു. 1971ലാണ് സിപിഐ ഒരു വനിതയെ ലോകസഭയില്‍ എത്തിച്ചത്. അടൂരില്‍നിന്ന് കെ ഭാര്‍ഗ്ഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതിനേക്കാള്‍ കഷ്ടമാണ്. 9, 10 ലോകസഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണന്‍ ജയിച്ചത് മാത്രമാണ് അവരുടെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനകണക്കില്‍ ഇന്നോളം ലോകസഭയില്‍ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 3.67 ശതമാനത്തില്‍ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താല്‍ ആറുമാത്രം.
നിയമസഭയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 1957 ലെ ആദ്യ നിയമസഭയില്‍ 6 വനിതകളാണ് ഉണ്ടായിരുന്നത്. 60ല്‍ 7, 65ല്‍ 3, 67ല്‍ 1, 70ല്‍ 2, 77ല്‍ 1, 80ല്‍ 6, 82ല്‍ 4, 87ല്‍ 8, 91ല്‍ 8, 96ല്‍ 13, 2001ല്‍ 8, 2006ല്‍ 7, 2011ല്‍ 7 എന്നിങ്ങനെയാണ് നിയമസഭയില്‍ വനിതാപ്രാതിനിധ്യം. 1996ലാണ് പരമാവധി വനിതകള്‍ നിയമസഭയിലെത്തിയത്. 13. എന്നാല്‍ വനിതാശാക്തീകറണം ഏറ്റവും ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് അത് ഏഴായി ചുരുങ്ങി. ഇതിനേക്കാള്‍ വലിയ കാപട്യമെന്താണുള്ളത്? അധികാരത്തില സ്ത്രീപ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാണെന്നു കൂടി ഓര്‍ക്കുക.
ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്. വര്‍ഗ്ഗ ജാതി പരിഗണനകളില്ലാതെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങള്‍ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്. ഈ വിഷയം കൂടി രാഹുല്‍ ഗാന്ധി തന്റെ കത്തില്‍ ഉന്നയിക്കണമായിരുന്നു. ഒപ്പം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും വനിതാ – ജാതി സംവരണം അനിവാര്യമാണ്. അതിനുവേണ്ടി കൂടിയാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്.
ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതായ മറ്റൊരാവശ്യം കേരളത്തിലെ ചില ദളിത് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഒരു കാലത്ത് അംബേദ്കര്‍ ഉന്നയിക്കുകയും എന്നാല്‍ ഗാന്ധിയുടെ നിലപാടിനെ തുടര്‍ന്ന് പൂനാ പാക്ടിലൂടെ തള്ളിക്കളയുകയും ചെയ്ത പ്രതേക നിയോജകമണ്ഡലമെന്ന ആവശ്യമാണത്. ദലിതര്‍, ആദിവാസികള്‍, മത-വംശീയ ന്യൂന പക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃതര്‍ക്കെല്ലാം പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന ആവശ്യവും തീര്‍ച്ചയായും പരിഗണിക്കപ്പെടണം. അതെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ മുന്‍കൈയെടുക്കണം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply