ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പെരുകുമ്പോള്‍

തുഷാര്‍ നിര്‍മല്‍ സാരഥി മോഷണമാരോപിച്ച് കൊല്ലം അഞ്ചല്‍മൂട് പോലീസ് ദളിത് യുവാക്കളെ നാല് ദിവസം കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദിക്കുകയും തെളിവില്ലാത്തതിനാല്‍ പിന്നീട് വെറുതെ വിടുകയും സംസ്ഥാനത്ത് അഭൂതപൂര്‍വമായ രീതിയില്‍  ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പെരുകുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി തുഷാര്‍ നിര്‍മല്‍ എഴുതിയ കുറിപ്പ് … 1977 മാര്‍ച്ച് 30: ‘…… രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. […]

pppതുഷാര്‍ നിര്‍മല്‍ സാരഥി

മോഷണമാരോപിച്ച് കൊല്ലം അഞ്ചല്‍മൂട് പോലീസ് ദളിത് യുവാക്കളെ നാല് ദിവസം കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദിക്കുകയും തെളിവില്ലാത്തതിനാല്‍ പിന്നീട് വെറുതെ വിടുകയും സംസ്ഥാനത്ത് അഭൂതപൂര്‍വമായ രീതിയില്‍  ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ പെരുകുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി തുഷാര്‍ നിര്‍മല്‍ എഴുതിയ കുറിപ്പ് …

1977 മാര്‍ച്ച് 30:

‘…… രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ‘നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി. …’ കേരള നിയമസഭാ രേഖകളില്‍ രേഖപ്പെടുത്തപ്പെട്ട പ്രസംഗത്തില്‍ നിന്നാണ് ഈ ഉദ്ധരണി. പ്രസംഗം അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എ പിണറായി വിജയന്റേതു . കെ.കരുണാകരന്‍ ആണ് അന്ന് മുഖ്യമന്ത്രി.ലോക്കപ്പില്‍ വച്ച് തനിക്കു നേരിടേണ്ടി വന്ന മര്‍ദ്ദനത്തെ കുറിച്ച് പിണറായി നിയമസഭയില്‍ വിവരിച്ചു.

ഇന്ന് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് .ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ ഒരാള്‍ , അതിനെതിരെ ശക്തമായി നിയമസഭയില്‍ പ്രസംഗിച്ച ഒരാള്‍, ഇന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നു.

2016 ജൂലൈ : പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്നു ഒരു മാസം പിന്നിട്ടപ്പോള്‍ ഇടക്കൊച്ചി സ്വദേശി സുരേഷ് ഹാര്‍ബര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് പോലീസ് മര്‍ദ്ദനത്തിനിരയാകുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റ സുരേഷ് ഇപ്പോഴും ചികിത്സയിലാണ്.

2016 സെപ്റ്റംബര്‍ 18 : വണ്ടൂര്‍ പോലീസ് കസ്റ്റഡിയില്‍ വച്ചിരുന്ന അബ്ദുല്‍ ലത്തീഫ് മരിച്ച നിലയില്‍ കാണപ്പെടുന്നു.

2016 സെപ്റ്റംബര്‍ 24: തായ്ക്കാട്ടുകര ചേരാറ്റുപറമ്പില്‍ ശെല്‍വന്‍ എന്ന ഓട്ടോ െ്രെഡവര്‍ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വച്ച് പോലീസ് മര്‍ദ്ദനത്തിനിരയാവുന്നു.

2016 സെപ്റ്റംബര്‍ 25: എറണാകുളം വെണ്ണല സ്വദേശി സൂരജ് എന്ന ദളിത് യുവാവ് പാലാരിവട്ടം ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ വച്ച് പോലീസ് മര്‍ദ്ദനത്തിനിരയാവുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൂരജിന്റെ പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസ് കംപ്ലൈന്റ്‌സ് അതോറിട്ടി അധ്യക്ഷന്‍ ജസ്റ്റിസ്.നാരായണക്കുറുപ്പ് പറയുന്നു : ‘ഇവരെ ജനമൈത്രി പോലീസ് എന്നല്ല ജനദ്രോഹി പോലീസ് എന്നാണ് വിളിക്കേണ്ടത് .’

2016 ഒക്ടോബര്‍ 9 : തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തു എന്ന തൊഴിലാളി തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വച്ച് മരണപ്പെടുന്നു.ഒക്ടോബര്‍ 7 വെള്ളിയാഴ്ച കസ്റ്റഡിയില്‍ എടുത്ത കാളിമുത്തുവിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

2016 ഒക്ടോബര്‍ 3: കേരള നിയമസഭ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 1326 . ചോദിക്കുന്നത് മുസ്ലിം ലീഗിന്റെ എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖ്. മറുപടി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട്.

ചോദ്യം (എ). പോലീസ് സ്‌റ്റേഷനില്‍ മൂന്നാം മുറ പാടില്ലെന്ന നിര്‍ദേശം നിലവിലുണ്ടോ ?

ഉത്തരം : ഉണ്ട്

ചോദ്യം (ബി) : എങ്കില്‍ ഇതിനു വിരുദ്ധമായ നടപടികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും സ്‌റ്റേഷനില്‍ ഉണ്ടായതായി റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടോ ?

ഉത്തരം : ഇല്ല

ഇല്ല എന്ന ഒറ്റ വാക്കിലുള്ള പിണറായിയുടെ മറുപടിയിലൂടെ സുരേഷും ,സൂരജൂം ,ശെല്‍വനും എല്ലാം നേരിട്ട പോലീസ് മര്‍ദ്ദനങ്ങള്‍ ഭരണകൂടത്തിന്റെ കണ്ണില്‍ റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെ പ്രസംഗിച്ച അതേ പിണറായി വിജയന്‍ ഇന്ന് താന്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉണ്ടായ ലോക്കപ്പ് മര്‍ദ്ദനങ്ങളോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നു. ലോക്കപ്പ് മര്‍ദ്ദനം എത്ര മാത്രം നിന്ദ്യവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് അറിയാത്ത ആളല്ല പിണറായി.ലോക്കപ്പ് മര്‍ദ്ദനം എന്നത് കേവലമായ ഒരു കുറ്റകൃത്യമല്ല.അത് ഭരണകൂടം ഒരു മനുഷ്യനു മേല്‍ നടത്തുന്ന ബലപ്രയോഗമാണ്. പോലീസ് സ്‌റ്റേഷന്‍ ഭരണകൂടത്തിന്റെ സവിശേഷ അധികാരകേന്ദ്രമാണ്. അതിനകത്ത് ആ മനുഷ്യന്‍ നിസ്സഹായനാണ്.ഏകനാണ്.ഇത്തരം ബലപ്രയോഗങ്ങള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ നിയമവ്യവസ്ഥയുടെ നേരെയുള്ള ആക്രമണമാണ്. എന്നിട്ടും അദ്ദേഹം പറയുന്നു ഇല്ല ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പോലീസ് സ്‌റ്റേഷനില്‍ മൂന്നാംമുറ പ്രയോഗം ഉണ്ടായിട്ടില്ല. അടിയന്തിരാവസ്ഥ കാലത്താണ് പിണറായിക്കു മര്‍ദ്ദനം എല്ക്കുന്നത്. ഇന്ന് അടിയന്തിരാവസ്ഥ ഇല്ല.പക്ഷെ ഇന്നും എല്ലാ പോലീസ് സ്‌റ്റേഷനുകളും മര്‍ദ്ദനകേന്ദ്രങ്ങളാണ്. അന്യായ തടവ് കേന്ദ്രങ്ങളാണ്. ഇപ്പോള്‍ ഇതാ കൊല്ലത്തു വീണ്ടും ലോക്കപ്പ് മര്‍ദ്ദനം വാര്‍ത്തയാവുന്നു. ഇത്തവണ രണ്ടു ദളിത് തൊഴിലാളികളാണ് മര്‍ദ്ദിക്കപ്പെട്ടത്. വീണ്ടും മൂന്നാം മുറ നടന്നില്ല എന്ന പ്രസ്താവന നാം കേള്‍ക്കുമായിരിക്കും

ഇന്നത്തെ മുഖ്യ മന്ത്രി പിണറായി വിജയന്‍ പഴയ പ്രതിപക്ഷ എം.എല്‍.എ പിണറായി വിജയന്റെ പ്രസംഗം ഒന്നുകൂടി മറിച്ചു നോക്കുന്നത് നന്നായിരിക്കും. അതിലൊരിടത്തു ഇങ്ങനെ പറയുന്നു ‘നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, നമ്മളെല്ലാം ചേരിതിരിഞ്ഞ് പല രീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാന്‍ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സള്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമാത്രം അല്ലെങ്കില്‍ കണ്ണൂര്‍ ഡിഎസ്പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് പലതും നടത്താന്‍ കഴിയും. അപ്പോള്‍ അതല്ല. അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ക്കെതിരായി എന്തെങ്കിലും നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല.’

ഇതേ ചോദ്യം ചെറിയ വ്യത്യാസങ്ങളോടെ ഞങ്ങള്‍ തിരിച്ചു ചോദിക്കുന്നു.
ഒരു പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലുന്ന പോലീസുകാരെ രക്ഷിച്ചു നിലനിര്‍ത്തുക . അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply