ലോകസഭാതിരഞ്ഞെടുപ്പും ജനകീയബദലും

കെ എന്‍ രാമചന്ദ്രന്‍ ഒരു തിരഞ്ഞെടുപ്പിനെകൂടി രാജ്യം അഭിമുഖീകരിക്കുകയാണ്. മുമ്പൊക്കെയാണെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അടുത്തകാലത്ത് അവയുടെ പ്രാധാന്യം ഏറെ കുറഞ്ഞു. അതിന്റെ കാരണം എന്തെന്ന് പകല്‍പോലെ വ്യക്തമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയം തന്നെ. അതിന്റെ ഭാഗമായി ചില പാര്‍ട്ടികളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായത്. ലോകത്തെ നിരവധി രാജ്യങ്ങളില്‍ ജനാധിപത്യം തകര്‍ന്നതായും ഇന്ത്യയില്‍ അതു തുടരുന്നത് നിസ്സാരകാര്യമല്ലെന്നും പലരും ചൂണ്ടികാട്ടാറുണ്ട്. അതോടൊപ്പം ഇവിടെയൊരു വിപ്ലവം നടക്കില്ല എന്നും ഇവര്‍ കൂട്ടിചേര്‍ക്കും. എന്നാല്‍ അതു […]

imagesകെ എന്‍ രാമചന്ദ്രന്‍
ഒരു തിരഞ്ഞെടുപ്പിനെകൂടി രാജ്യം അഭിമുഖീകരിക്കുകയാണ്. മുമ്പൊക്കെയാണെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അടുത്തകാലത്ത് അവയുടെ പ്രാധാന്യം ഏറെ കുറഞ്ഞു. അതിന്റെ കാരണം എന്തെന്ന് പകല്‍പോലെ വ്യക്തമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയം തന്നെ. അതിന്റെ ഭാഗമായി ചില പാര്‍ട്ടികളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായത്.
ലോകത്തെ നിരവധി രാജ്യങ്ങളില്‍ ജനാധിപത്യം തകര്‍ന്നതായും ഇന്ത്യയില്‍ അതു തുടരുന്നത് നിസ്സാരകാര്യമല്ലെന്നും പലരും ചൂണ്ടികാട്ടാറുണ്ട്. അതോടൊപ്പം ഇവിടെയൊരു വിപ്ലവം നടക്കില്ല എന്നും ഇവര്‍ കൂട്ടിചേര്‍ക്കും. എന്നാല്‍ അതു ശരിയല്ല. കോണ്‍ഗ്രസ്സ് നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെയും കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റേയും ഭാഗമായി രാജ്യത്തെങ്ങും അഴിമതിയും വിലകയറ്റവും തൊഴിലില്ലായ്മയും അനുദിനം രൂക്ഷമാകുകയാണ്. സാധാരണക്കാരില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. അതിനെ ഭംഗിയായി മുതലെടുത്ത് അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ലോകസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്നാണ് അവരുടെ വ്യാമോഹം. അതുവഴി നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാമെന്നും.
സത്യത്തില്‍ സംഭവിച്ചതെന്താണ്? മറ്റൊരു ശക്തിയില്ലാത്തയിടങ്ങളില്‍ കോണ്‍ഗ്രസ്സിനോടുള്ള ജനരോഷത്തെ മുതലെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഡെല്‍ഹിയില്‍ അതിനു കഴിഞ്ഞില്ല. അവിടെ കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, ബിജെപിയുടേയും വോട്ടുകുറഞ്ഞു. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് എത്രമാത്രം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കാത്തിരുന്നു കാണാം. ഇടതുപക്ഷമാകട്ടെ വര്‍ഗ്ഗീയത എന്ന ഒറ്റവിഷയത്തില്‍ കേന്ദ്രീകരിക്കുകയും ജനങ്ങള്‍ നേരിടുന്ന ഗൗരവപരമായ മറ്റുവിഷയങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു.
ഏറെകാലമായി കേന്ദ്രസര്‍ക്കാരുകള്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണത്തെ തിരസ്‌കരിക്കാതെ ഒരു പ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാകില്ല. ജനാധിപത്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാര്‍ലിമെന്റില്‍ പോലും അവതരിപ്പിക്കാതെയാണ് പല ജനവിരുദ്ധ നയങ്ങളും നടപ്പാക്കുന്നത്. എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെയാണ് ഇവ നടപ്പാക്കുന്നത്. കോടതികളും അതിനു കൂട്ടിനില്‍ക്കുന്നു.
അധികാരം ആര്‍ക്ക് എന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയര്‍ന്നു വരുന്നത്. ജനങ്ങള്‍ക്ക് എന്നാണ് അതിനുള്ള ഉത്തരം. കോര്‍പ്പറേറ്റ് നയങ്ങളെ തകര്‍ത്ത് ജനകീയാധികാരം സ്ഥാപിക്കണം. അധികാരം സോവിയറ്റുകള്‍ക്ക് എന്ന് ലെനിന്‍ കൃത്യമായി പറഞ്ഞെങ്കിലും നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അത് ചരിത്രപാഠം. ഇവിടെ നടക്കുന്നത് എന്താണ്? ഡെല്‍ഹിയില്‍ നിന്ന് അധികാരവികേന്ദ്രീകരണത്തെ കുറിച്ച് ഏറെ നാം കേള്‍ക്കുന്നു. എന്നാല്‍ ഈ അധികാരം താഴെക്കിടയില്‍ എത്തുമ്പോള്‍ കളക്ടറിലം#ു തഹസീല്‍ദാറിലും പഞ്ചായത്ത് സെക്രട്ടറിയിലും കേന്ദ്രീകരിക്കപ്പെടുന്നു. ജനങ്ങള്‍ക്കതില്‍ പങ്കില്ല. അധികാരികള്‍ സത്യത്തില്‍ ബ്യൂറോക്രാറ്റുകളാണ്. അതിനു മാറ്റം വന്നേതീരു.
ഇക്കാര്യം ഉന്നയിക്കുമ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റുകള്‍ പറയുക, വിപ്ലവത്തിനു ശേഷം എല്ലാം ശരിയാകുമെന്നായിരിക്കും. അധികാരം തങ്ങള്‍ക്ക് ലഭിച്ചാല്‍ എല്ലാ വിഷയവും പരിഹരിക്കാമെന്ന നിലപാട് ശരിയല്ല. അതിനായുള്ള പോരാട്ടങ്ങള്‍ ഇപ്പോള്‍ തന്നെ അനിവാര്യമാണ്. ജനങ്ങള്‍ക്കായുള്ള വികസനനയത്തിനും രൂപം കൊടുക്കണം. അത് ഇപ്പോള്‍ നടക്കുന്ന പോലെ പ്രകൃതിയേയും മനുഷ്യരേയും തൊഴിലാളികളേയും മാഫിയക്കു തീറെഴുതി കൊടുക്കുന്നതാകരുത്. മാര്‍ക്‌സ് മുതലുള്ള കമ്യൂണിസ്റ്റ് സൈദ്ധാന്തികരെല്ലാം മുതലാളിത്തം പ്രകൃതിയെ കൊള്ളയടിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട് എന്നും മറക്കരുത്. ഇപ്പോള്‍ നടക്കുന്ന പശ്ചിമഘട്ട വിവാദത്തിലും ഈ വിഷയം ഉയര്‍ന്നു വരുന്നു. നമ്മുടെ ഊര്‍ജ്ജനയവും വ്യവസായിക നയവും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിതന്നെ. ഇക്കാര്യത്തില്‍ ഇടതു – വലതു വ്യത്യാസമില്ല എന്നതും ശ്രദ്ധേയമാണ്.
കാര്‍ഷികമേഖലയിലടക്കം എല്ലാമേഖലകളിലം സാമ്രാജ്യത്വമൂലധനം ശക്തമായിരിക്കുന്നു. മാര്‍ക്കറ്റ് ശക്തികള്‍ പിടിമുറുക്കി കൊണ്ടിരിക്കുന്നു. ഭൂപരിഷ്‌കരണനിയമത്തിലൂടെ ഒരു വശത്തുയര്‍ന്നു വന്ന കര്‍ഷകമുതലാളിവര്‍ഗ്ഗവും അവര്‍ക്കൊപ്പമാണ്. അതിനെ തകര്‍ക്കുന്ന രീതിയില്‍ അടിസ്ഥാനപരമായ ഭൂപരിഷ്‌കരണവുമായി മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
പെട്രോളിയം ലോബിക്കുമുന്നില്‍ കേന്ദ്രം ഓച്ഛാനിച്ചുനില്‍ക്കുന്നു. റേഷനടക്കമുള്ള പൊതുവിതരണ സമ്പ്രദായം തകര്‍ന്നു കൊണ്ടിരിക്കുന്നു. സ്വകാര്യവല്‍ക്കരണം വിദ്യാഭ്യാസത്തെ തനികച്ചവടമാക്കി മാറ്റിയിരിക്കുന്നു. സബ്‌സിഡികള്‍ ഇല്ലാതാകുന്നു. രാജ്യത്തെങ്ങും ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഭൂരഹിതരും പാര്‍പ്പിടരഹിതരും വര്‍ദ്ധിക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ഇടപെടുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനിവാര്യമായത് വര്‍ഗ്ഗാടിത്തറയാണ്. അതില്ലാതെ സാമ്രാജ്യത്വവിരുദ്ധ സമരം ലക്ഷ്യം കാണില്ല. വര്‍ഗ്ഗാടിത്തറയിലുള്ള ദേശാഭിമാനമാണ് ഇന്നനിവാര്യം. വര്‍ഗ്ഗീയതയും ജാതിയുമൊക്കെയാണ് ചൂഷകര്‍ ഇന്നു ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന് ജനകീയ ബദലാണ് കെട്ടിപ്പടുക്കേണ്ടത്. മുമ്പൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ബദലായിരുന്നു. ആ ശക്തി പിന്നീട് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഐക്യപ്പെടാവുന്ന ശക്തികളുമായി ഐക്യപ്പെട്ട്, മുകളില്‍ സൂചിപ്പിച്ചപോലെയുള്ള നിലപാടുകളുമായി ജനകീയ ബദലുണ്ടാക്കുകയാണ് വിപ്ലവ ശക്തികളുടെ കടമ. അത്തരമൊരു നീക്കമായിരിക്കണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്.

16-ാം ലോകസഭാതിരഞ്ഞെടുപ്പും ജനകീയബദലും എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്. സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറിയാണ് കെ എന്‍ രാമചന്ദ്രന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply