ലൈംഗികത : കേരളം പുറകോട്ടു നടക്കുന്നു.

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും അതിന്റെ തുടര്‍ച്ചയായി ചാനലുകളിലും നടക്കുന്ന ചര്‍ച്ചകള്‍ മിക്കവാറും ഉപരിപ്ലവമായി മാറുകയാണ് പതിവ്. കക്ഷിരാഷ്ട്രീയമടക്കമുള്ള താല്‍പ്പര്യങ്ങളാണ് മിക്കപ്പോഴും ഇവയെ നയിക്കുന്നത്. എന്നാലതില്‍ നിന്നു വ്യത്യസ്ഥമായൊരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുകയുണ്ടായി. മാതൃഭൂമി ലേഖകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തു എന്നാരോപിച്ച് ജൂനിയര്‍ ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പീഡനത്തിനു കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിലാണ് വ്യത്യസ്ഥമായ ചര്‍ച്ചകള്‍ നടന്നത്. കൗതുകകരമെന്നു പറയട്ടെ പുരുഷന്മാര്‍ ഈ വിഷയത്തെ പൊതുവില്‍ […]

SSS

സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും അതിന്റെ തുടര്‍ച്ചയായി ചാനലുകളിലും നടക്കുന്ന ചര്‍ച്ചകള്‍ മിക്കവാറും ഉപരിപ്ലവമായി മാറുകയാണ് പതിവ്. കക്ഷിരാഷ്ട്രീയമടക്കമുള്ള താല്‍പ്പര്യങ്ങളാണ് മിക്കപ്പോഴും ഇവയെ നയിക്കുന്നത്. എന്നാലതില്‍ നിന്നു വ്യത്യസ്ഥമായൊരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുകയുണ്ടായി. മാതൃഭൂമി ലേഖകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തു എന്നാരോപിച്ച് ജൂനിയര്‍ ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പീഡനത്തിനു കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിലാണ് വ്യത്യസ്ഥമായ ചര്‍ച്ചകള്‍ നടന്നത്. കൗതുകകരമെന്നു പറയട്ടെ പുരുഷന്മാര്‍ ഈ വിഷയത്തെ പൊതുവില്‍ ഗൗരവത്തോടെയല്ല കണ്ടത്. സ്ത്രീകളായിരുന്നു വിഷയത്തില്‍ സജീവമായി ഇടപെട്ടത്.
വിവാഹമെന്ന വാഗ്ദാനം നല്‍കി സ്ത്രീയുടെ സമ്മതത്തോടെ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്താല്‍ പീഡനത്തിനു കേസെടുക്കാമോ അതോ വഞ്ചനാകുറ്റമാകുമോ എന്നതായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു. രണ്ടുപേര്‍ക്കിടയില്‍ ഉണ്ടാവുന്ന ശരീരബന്ധത്തില്‍ അനുമതി ഉണ്ടാകുന്നത് വ്യാജമായ രീതിയിലാണെങ്കില്‍ അതിനെ പീഡനമായിതന്നെ കാണണമെന്നാണ് ഉയര്‍ന്നു വന്ന ശ്രദ്ധേയമായ വാദം. നിലനില്‍ക്കുന്ന നിയമസംവിധാനത്തില്‍ പ്രായപൂര്‍ത്തിയായ രണഅടുപേര്‍ സമ്മതത്തോടെ ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല എന്ന നിയമം ഇവിടെ അപ്രസക്തമാണെന്നാണ് വാദം. വിവാഹം കഴിക്കാം എന്ന ഉറപ്പിന്മേല്‍ ഒരു പെണ്‍കുട്ടി ലൈംഗികബന്ധത്തിന് തയ്യാറാവുകയും എന്നാല്‍ ആ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്താല്‍ അത് വ്യാജമായി നേടിയ സമ്മതമാണ് എന്ന് തന്നെ കരുതേണ്ടി വരും. അതിനാല്‍ അത് ബലാല്‍സംഗമാണ്. ഉഭയ സമ്മത പ്രകാരമുളള ലൈംഗീകത എന്നതില്‍ എങ്ങനെ സമ്മതം നേടിയെടുത്തു എന്നത് പ്രധാനമാണ്. ഇവിടെ വിവാഹ വാഗ്ദാനം ആണ് സമ്മതത്തിന്റെ അടിസ്ഥാനം.. ഒരു സ്ത്രീയെ ലൈംഗീകതയിലേക്ക് എത്തിക്കാന്‍ വേണ്ടി മാത്രം നല്കുന്ന വ്യാജ വിവാഹവാഗ്ദാനം പീഡനം തന്നെയാണ്.. ലൈംഗീക പീഡനത്തിന്റെ ഭാഷ ഭീഷണിയൊ, ബ്ലാക്ക് മെയ്‌ലിംങ്ങൊ, ശാരീരികമായ കീഴ്‌പ്പെടുത്തലൊ മാത്രമല്ല. ഇതും അക്കൂട്ടത്തില്‍ പെടുത്തണം. കേരളത്തിന്റഎ പൊതു അവസ്ഥയില്‍ വിവാഹേതര ലൈംഗികബന്ധം വലിയ തെറ്റായാണ് കാണുന്നത്. ഒരു സ്ത്രീയുടെ ജീവിതം എന്നന്നേക്കുമായി തകരാന്‍ അതുമതി. വിവാഹം എന്ന ഒരേ ഒരു കാര്യമാകും അവരുടെ ലൈംഗീക ബന്ധത്തിനുളള സമ്മതം.. അതിനാല്‍ അതിനെ ലഘുവായ രീതിയില്‍ വഞ്ചന എന്നു പറയാനാകില്ല. വിവാഹം കഴിക്കും എന്ന പ്രതീക്ഷയില്‍ ഒരാളുമായി റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടക്കാതിരുന്നാല്‍ സ്ത്രീകള്‍ക്ക് അത് വലിയ ജീവന്‍മരണ പ്രശ്‌നമായി മാറുന്ന ഒരു സമൂഹമാണ് നിലനില്‍ക്കുന്നത്. അവള്‍ പിഴച്ചവളും മാനം നഷ്ടപ്പെട്ടവളും അഴിഞ്ഞാട്ടക്കാരിയും ആവുന്നു. അതേ സമയം പുരുഷന്മാര്‍ക്ക് അത് വലിയ പ്രശ്‌നമല്ല താനും. മാത്രമല്ല സ്ത്രീയുടെ മാനം എന്നത് വളരെ തെറ്റായ അര്‍ത്ഥത്തിലാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ ശരീരം ഒരു ഉപഭോഗ വസ്തുവും ഉപകരണവും ആയാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് അതിനെ പുരുഷന്‍ ഉപയോഗിക്കുക എന്ന പദപ്രയോഗം ഉണ്ടായതു പോലും. ഈ സാചര്യത്തെ മറന്നുകൊണ്ട് കേവലം വഞ്ചന എന്നു പറയുന്നത് സ്ത്രീക്ക് നീതി നിഷേധിക്കലാകും എന്നതാണ് ഉയര്‍ന്നുവന്ന പ്രധാന നിലപാട്.
അതേസമയം ഈ വാദത്തിനെതിരെ സ്ത്രീകള്‍ തന്നെ രംഗത്തുവന്നതും കണ്ടു. വിവാഹവും സെക്‌സും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന് മനസിലാക്കി കഴിഞ്ഞാല്‍ തന്നെ പകുതി പ്രശ്‌നങ്ങളും തീരും. അതിനാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു. ലൈംഗിക ബന്ധത്തിനുള്ള സമ്മതപത്രമല്ല വിവാഹ വാഗ്ദാനം. അയാള്‍ എന്നെ ഉപയോഗിച്ചു എന്ന ചിന്ത മാറ്റണം. പരസ്പരം എന്‍ജോയ് ചെയ്യുന്ന ഒന്നാണ് അല്ലെങ്കില്‍ അങ്ങനെ ആവേണ്ടതാണ് സെക്‌സ്. അതു മനസ്സിലാകാത്തതാണ് യഥാര്‍ത്ഥപ്രശ്‌നം. ഒരാള്‍ എന്നെ emotionally വഞ്ചിച്ചു. കേസ് കൊടുക്കാന്‍ വകുപ്പൊന്നുമില്ല. വിവാഹ ‘വാഗ്ദാനം’ എന്ന് പറഞ്ഞ് പിന്നെ വിവാഹം ചെയ്തില്ല. അതും കേസ് കൊടുക്കാന്‍ വകുപ്പില്ല. ഒരാളോട് ഇഷ്ടം തോന്നുകയും ഒറ്റ ദിവസം കൊണ്ട് അത് തീരുകയും ചെയ്യാം. മറ്റേയാള്‍ക്ക് ഇഷ്ടം തോന്നിക്കൊണ്ടേ ഇരുന്നാല്‍ അത് കേസെടുക്കാന്‍ വകുപ്പാവില്ല.
അതേസമയം ഈ സംഭവത്തില്‍ മറ്റൊരു സാധ്യത നിലവിലുണ്ട്. ജോലിസ്ഥലത്തെ ഉയര്‍ന്നപദവിയിലുള്ളയാള്‍ തന്റെ കീഴ് ജീവനക്കാരിയോട് എന്തിന്റെ പേരിലായാലും ലൈംഗികത ആവശ്യപ്പെട്ടു. അത് നിലനില്‍ക്കും. ഇവിടെ അനുമതി ഉണ്ടാക്കിയത് അധികാരത്തിലൂടെയാണെന്ന് വാദിക്കാം. അതാണ് കേസ് നിലനില്‍ക്കാനുള്ള സാധ്യത.
എന്തായാലും വളരെ മോശമായ ഒരവസ്ഥയിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. അവരില്‍ കുട്ടികളും വൃദ്ധകളുമടക്കം ഉള്‍പ്പെടും. സ്വന്തം വീട്ടിടങ്ങളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും പൊതുയിടങ്ങളിലും യാത്രാവേളകളിലുമെല്ലാം പീഡനങ്ങള്‍ അരങ്ങേറുന്നു. രാഷ്ട്രീയനേതാക്കളും നടന്മാരും അധ്യാപകരും അടുത്ത ബന്ധുക്കളുമടക്കം പീഡനങ്ങളില്‍ പ്രതികളാകുന്നു. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുവഴികള്‍ പോലും അല്‍പ്പം ഇരുട്ടായാല്‍ സ്ത്രീക്ക് നിഷേധിക്കുന്നു. മറുവശത്ത് ആണും പെണ്ണുമായി ഒരു സൗഹൃദം പോലും സാധ്യമല്ലാത്ത രീതിയില്‍ കപടമായ സദാചാരബോധം വളരുന്നു. പരസ്പരസമ്മതത്തോടെയുള്ള ഇടപെടലുകള്‍ പോലും പീഡനങ്ങളായി മാറുന്നു. എവിടേയും സദാചാരപോലീസിന്റെ കണ്ണുകളാണ്. സ്ത്രീസുരക്ഷക്കായി രൂപം കൊണ്ട പിങ്ക് പോലീസ് പോലും അതു നേടാന്‍ ശ്രമിക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങള്‍ നിഷേധിച്ചാണ്. സത്യത്തില്‍ ലിംഗനീതി എന്ന വിഷയത്തിലും ശരീരത്തിന്റെ സ്വയംനിര്‍ണ്ണയാവകാശം എന്ന വിഷയത്തിലുമൊക്കെ വളരെ പുറകിലേക്കാണ് നമ്മുടെ യാത്ര. ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നവോത്ഥാനപ്രസ്ഥാനങ്ങളോ ദേശീയപ്രസ്ഥാനങ്ങളോ മിഷണറി വിദ്യാഭ്യാസമോ രാഷ്ട്രീയപാര്‍ട്ടികളോ മതങ്ങളോ മതനവീകരണപ്രസ്ഥാനങ്ങളോ ഒരു കാലത്തും തയ്യാറായിട്ടില്ല. ഇപ്പോഴും അതേ അവസ്ഥ തന്നെ തുടരുന്നു. അതാണ് ഇത്തരത്തില്‍ കപടമായ ഇരട്ടത്താപ്പുള്ള ജനതയായി നാം മാറിയത്. അതിന്റെ ഭാഗമായിതന്നെയാണ് ഇപ്പോഴും ഇത്തരം സംഭവങ്ങളും ചര്‍ച്ചകളും ഉയര്‍ന്നുവരുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ ഒന്നായി ഈ വിഷയത്തെ കാണുകയും പ്രസക്തമായ ഇടപടെലുകള്‍ നടത്തുകയുമാണ് ജനാധിപത്യത്തിലും ലിംഗനീതിയിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവര്‍ അടിയന്തിരമായി ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply