ലുലുമാളും അട്ടപ്പാടിയും പെരുച്ചാഴിയും

ജി പി രാമചന്ദ്രന്‍ കൂതറ എന്ന മഹത്തായ സിനിമക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായഭിനയിച്ച പുതിയ മലയാള സിനിമ ഓണം റിലീസായി ലോകമെമ്പാടുമുള്ള കേരളീയരെ ആനന്ദിപ്പിക്കാനായി എത്തിയല്ലോ. പെരുച്ചാഴി എന്ന്‌ പേരുള്ള ഈ മഹദ്‌സൃഷ്ടിയുടെ പുറകില്‍ ആഗോള തലത്തില്‍ വിരാജിക്കുന്ന മലയാളികള്‍ക്കു പുറമെ മറ്റിന്ത്യന്‍ വംശജരും ഉണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. മലയാളികളുടെ സ്വന്തം ദേശീയാഘോഷമായ ഓണം കൊഴുപ്പിക്കാന്‍ പെരുച്ചാഴി തുരന്നെത്തട്ടെ. പെരുച്ചാഴിയിലെ ഒരു കിടിലന്‍ ഡയലോഗാണ്‌ ഈ കുറിപ്പ്‌ ആരംഭിക്കാന്‍ നിദാനമായത്‌. ലുലു മാളിലെത്തുന്ന അട്ടപ്പാടികള്‍ […]

peruജി പി രാമചന്ദ്രന്‍

കൂതറ എന്ന മഹത്തായ സിനിമക്കു ശേഷം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായഭിനയിച്ച പുതിയ മലയാള സിനിമ ഓണം റിലീസായി ലോകമെമ്പാടുമുള്ള കേരളീയരെ ആനന്ദിപ്പിക്കാനായി എത്തിയല്ലോ. പെരുച്ചാഴി എന്ന്‌ പേരുള്ള ഈ മഹദ്‌സൃഷ്ടിയുടെ പുറകില്‍ ആഗോള തലത്തില്‍ വിരാജിക്കുന്ന മലയാളികള്‍ക്കു പുറമെ മറ്റിന്ത്യന്‍ വംശജരും ഉണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. മലയാളികളുടെ സ്വന്തം ദേശീയാഘോഷമായ ഓണം കൊഴുപ്പിക്കാന്‍ പെരുച്ചാഴി തുരന്നെത്തട്ടെ. പെരുച്ചാഴിയിലെ ഒരു കിടിലന്‍ ഡയലോഗാണ്‌ ഈ കുറിപ്പ്‌ ആരംഭിക്കാന്‍ നിദാനമായത്‌. ലുലു മാളിലെത്തുന്ന അട്ടപ്പാടികള്‍ എന്നാണ്‌ മോഹന്‍ലാലിന്റെ ആ ഡയലോഗ്‌. അതായത്‌, കാലത്തിന്റെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും അറിയാത്തവരും ഉള്‍ക്കൊള്ളാത്തവരുമായ കണ്‍ട്രികള്‍, നഗരത്തിലെ അത്യന്ത/ഉത്തരാധുനിക വ്യാപാര സമുച്ചയത്തിലെത്തിയ ദുരവസ്ഥയാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു ചുരുക്കം. അട്ടപ്പാടി എന്നത്‌, പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ പെട്ട ഒരു ബ്ലോക്കിന്റെ പേരാണ്‌. ഇവിടെ ധാരാളം ആദിവാസികള്‍ പല ഊരുകളിലായി താമസിക്കുന്നുണ്ട്‌. വന്തവാസികള്‍ എന്നറിയപ്പെടുന്ന പുറം നാട്ടുകാരും ഇഷ്ടം പോലെ അട്ടപ്പാടിയില്‍ സ്ഥിരവും താത്‌കാലികവുമായ താമസക്കാരായുണ്ട്‌. പശ്ചിമ ഘട്ടത്തിലെ നീലഗിരി മലനിരകള്‍ക്കു തൊട്ടു താഴെയായി ഭവാനിപ്പുഴയുടെ കരയിലും കാടുകളിലുമായി അട്ടപ്പാടി വിസ്‌തൃതമായിക്കിടക്കുന്നു. ലോകപ്രശസ്‌തമായ സൈലന്റ്‌ വാലി ദേശീയ പാര്‍ക്ക്‌ എന്ന നിത്യഹരിത വനം അട്ടപ്പാടിയിലാണ്‌. സൈലന്റ്‌ വാലി നിലനിര്‍ത്താന്‍ വേണ്ടിയുള്ള ബഫര്‍ സോണും സംരക്ഷിക്കപ്പെടുന്നു. ലുലു മാള്‍ വിപരീതം അട്ടപ്പാടി; അല്ലെങ്കില്‍ ലുലു മാളില്‍ അട്ടപ്പാടിക്കാര്‍ക്കെന്തു കാര്യം; അതുമല്ലെങ്കില്‍ ലുലു മാളിന്‌ അട്ടപ്പാടിക്കാരെക്കൊണ്ടെന്തു പ്രയോജനം എന്നിങ്ങനെ ഈ പരിഹാസത്തെ പല മട്ടില്‍ വ്യാഖ്യാനിക്കുകയുമാകാം. ലുലു മാളുകള്‍ നിറയുന്ന കാലത്തും സ്ഥലത്തും അട്ടപ്പാടിക്കാര്‍ ഒരു ശല്യം തന്നെ എന്ന നിഗമനത്തിലുമെത്താം. ആദിവാസികളുടെ പേരില്‍ കോടിക്കണക്കിന്‌ രൂപ, ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും ചേര്‍ന്ന്‌ കൊള്ളയടിച്ചതിന്റെ ബാക്കിപത്രം കൂടിയാണ്‌ അട്ടപ്പാടി. അങ്ങനെ പല തരത്തില്‍ വഞ്ചിക്കപ്പെട്ടവരായ അട്ടപ്പാടിയിലെ ആദിവാസികളെ ക്രൂരമായി പരിഹസിച്ചു കൊണ്ട്‌ ഉത്‌പാദിപ്പിക്കുന്ന ചിരിയിലൂടെ ഓണക്കാലത്തെ റിലീസ്‌ ചിത്രമായ പെരുച്ചാഴിയെ വിജയത്തിലെത്തിക്കാമെന്ന ഉദ്ദേശ്യത്തിലായിരുന്നു മോഹന്‍ലാലും സംഘവും. 17 ഏക്കര്‍ സ്ഥലത്ത്‌, 17 ലക്ഷം ചതുരശ്രയടിയിലായി വ്യാപിച്ചു കിടക്കുന്ന കൊച്ചിയിലെ ലുലു മാള്‍ ഇതിനകം നിരവധി തലങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഒരു വ്യാപാര സമുച്ചയമാണ്‌. മാളിലെ വിശേഷങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല. എന്നാല്‍ അതില്‍ 71000 ചതുരശ്രയടി സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പി വി ആര്‍ ചെയിന്‍ നടത്തുന്ന ഒമ്പത്‌ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലെക്‌സിന്റെ കാര്യം പരാമര്‍ശിക്കാതിരിക്കാനാകില്ല. ഈ മള്‍ട്ടിപ്ലെക്‌സിലെ പല സ്‌ക്രീനുകളിലും ഈ ഓണക്കാലത്ത്‌ പെരുച്ചാഴിയായിരിക്കും ഓടുന്നത്‌. മുന്നൂറ്റമ്പത്‌ രൂപ വരെ പ്രവേശന ഫീസുള്ളതിനാലും അവിടെയെത്തിപ്പെടാന്‍ പാങ്ങില്ലാത്തതിനാലും അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസികളാരും ഇവിടെയെത്തി പെരുച്ചാഴി കാണാനിടയില്ല. അട്ടപ്പാടിയിലാകെ ഉള്ളത്‌, ഗൂളിക്കടവിലുള്ള ന്യൂ അതുല്യ തിയേറ്റര്‍ മാത്രമാണ്‌. അവിടെ പെരുച്ചാഴി എത്തിയിട്ടില്ല. സൂര്യയുടെ അഞ്ചാന്‍ കളിച്ചു പോയി. നസ്‌റിയയും ജയ്‌യും അഭിനയിക്കുന്ന തിരുമണം എന്ന നിക്കാഹ്‌ ആണ്‌ ഇപ്പോള്‍ കളിക്കുന്നത്‌. പെരുച്ചാഴി വരാതിരിക്കില്ല. കുക്കുപ്പടിയിലും അഗളിയിലും കോട്ടത്തറയിലുമുള്ള ടാക്കീസുകള്‍ ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. അട്ടപ്പാടിയില്‍ കേരളത്തിനു മുമ്പു തന്നെ മദ്യനിരോധം നടപ്പിലായിക്കഴിഞ്ഞതിനാല്‍, ആനക്കട്ടി വരെ ബസില്‍ യാത്ര ചെയ്‌ത്‌ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടിന്റെ മണ്ണിലുള്ള ടാസ്‌മാക്കിലോ കുറച്ചപ്പുറത്തുള്ള ബാറിലോ പോയി മദ്യപിക്കാറാണ്‌ ഇവിടെയുള്ളവരുടെ പതിവ്‌. എന്തുകൊണ്ടും കാര്യങ്ങള്‍ കഷ്ടം തന്നെ. നോക്കുക. �അട്ടപ്പാടികള്‍� എന്നാണ്‌ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്‌. അട്ടപ്പാടി എന്ന പേരിലുള്ള പ്രദേശങ്ങള്‍ എന്ന അര്‍ഥത്തിലല്ല ഈ ബഹുവചനം. വിവരം കെട്ടവരും പ്രാകൃതരുമായവരെന്ന നിന്ദയോടെയാണ്‌ അട്ടപ്പാടികള്‍ എന്ന്‌ ആക്ഷേപിക്കുന്നത്‌. പെരുച്ചാഴി അമേരിക്കയിലും റിലീസ്‌ ചെയ്‌തിട്ടുണ്ട്‌. അവിടെയൊക്കെ വലിയ ഹിറ്റായിത്തീര്‍ന്നിട്ടുണ്ടാകും എന്നു കരുതുന്നു. ഹോളിവുഡ്‌ തന്നെ ഞെട്ടിവിറച്ചിട്ടുണ്ടാകും. ലുലു മാളിലെത്തുന്ന അട്ടപ്പാടികള്‍ എന്ന തരത്തിലുള്ള പഞ്ച്‌ ഡയലോഗുകള്‍ കേട്ടാല്‍ ഏത്‌ അമേരിക്കക്കാരാണ്‌ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കാതിരിക്കുക. ലുലു മാളില്‍ ഇനിയുമുണ്ട്‌ വിശേഷങ്ങള്‍. മക്‌ഡൊണാള്‍ഡ്‌സിന്റെയും കെന്റക്കിയുടെയുമടക്കം ഇരുപത്തിയഞ്ചിലധികം ഭക്ഷണശാലകളാണ്‌ ലുലു മാളിലുള്ളത്‌. തെക്കെ ഇന്ത്യനും വടക്കെ ഇന്ത്യനും അറേബ്യനും അമേരിക്കനും യൂറോപ്യനും ജാപ്പനീസും ചൈനീസുമായ വിവിധ തരം അന്താരാഷ്ട്ര ഭക്ഷണങ്ങള്‍. അട്ടപ്പാടിയിലോ. മിക്കപ്പോഴും പട്ടിണിയാണ്‌. സര്‍ക്കാര്‍ തുടങ്ങിയ സമൂഹ അടുക്കളയുടെ കാര്യം എന്തായി ആവോ. സമൂഹ അടുക്കളയില്‍ നിന്നു കൊടുക്കുന്ന ഭക്ഷണം പോലും ആദിവാസികള്‍ കഴിക്കുന്നില്ല എന്നാണ്‌ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. അഹാഡ്‌സും മറ്റും നിര്‍മിച്ചുകൊടുത്ത വീടുകളും കക്കൂസുകളും അവര്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുകയും വൃത്തിയാക്കി വെക്കുകയും ചെയ്യുന്നില്ലെന്നും പരിഷ്‌കൃതര്‍ പരാതിപ്പെടുന്നു. അതുകൊണ്ട്‌, ലുലു മാളിലും അവര്‍ വരാനിടയില്ല. അവിടുത്തെ ചിട്ടവട്ടങ്ങളൊന്നും അവര്‍ക്ക്‌ പരിചയമുണ്ടാകില്ല. ഫല്‍ഷ്‌ മോബിലൂടെ ആദിവാസി ഭൂമി പ്രശ്‌നം സമരമായി അവതരിപ്പിക്കപ്പെട്ടാലും അത്‌ തങ്ങളുടെ പ്രശ്‌നമാണെന്ന്‌ അവര്‍ തിരിച്ചറിയാനിടയില്ല. അട്ടപ്പാടിയിലെ ഒരു ഊരിന്‌ മറ്റൊരു മലയാള സിനിമാ താരമായ സുരേഷ്‌ ഗോപിയുടെ പേരിട്ടിരിക്കുന്നു എന്ന്‌ വനിതയിലെഴുതിക്കണ്ടു. സുരേഷ്‌ ഗോപിയുടെ നിര്‍ദേശപ്രകാരം, മദ്യപാനവും മയക്കുമരുന്നും നിര്‍ത്തി നല്ല കുട്ടികളായതിന്റെ പേരിലാണ്‌ ഈ നാമധാരണം എന്നാണ്‌ വിശദീകരിച്ചിരിക്കുന്നത്‌. സുരേഷ്‌ ഗോപിക്കാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണ്‌. മോദിജിയെ നേരിട്ടല്ലെങ്കില്‍ ത്രീ ഡി ഹോളോഗ്രാം വഴിയെങ്കിലും അട്ടപ്പാടിക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ സുരേഷ്‌ ഗോപി ശ്രമിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ഇനിയും ഊരുകള്‍ ബാക്കിയുണ്ട്‌. അക്കൂട്ടത്തിലൊന്ന്‌ മോഹന്‍ ലാലിനും സന്ദര്‍ശിക്കാം. ഏതെങ്കിലുമൊരു ഊരിന്‌ ലുലു മാള്‍ എന്നു പേരുമിടാം. വിരോധമൊന്നുമില്ല. മോഹന്‍ ലാലിനറിയില്ലെങ്കില്‍, അദ്ദേഹത്തിന്റെ ആരാധനാപാത്രമായ അമ്മയോട്‌ ചോദിച്ചാലും അട്ടപ്പാടിയെക്കുറിച്ചറിയാം. അട്ടപ്പാടിയിലെ നൂറുകണക്കിന്‌ കുട്ടികള്‍ അമ്മയുടെ വിദ്യാലയങ്ങളിലാണ്‌ പഠിക്കുന്നത്‌. ആഴ്‌ച തോറും, മാസം തോറും സൗജന്യ ബസ്സുകള്‍ ചുരം കയറി അട്ടപ്പാടിയിലെത്തി കുട്ടികളെ കൊണ്ടു പോകുന്നു, തിരിച്ചു കൊണ്ടിറക്കുന്നു. അവര്‍ക്കും ഉല്ലാസത്തിനായി പെരുച്ചാഴി കാണാവുന്നതാണ്‌. തങ്ങളെ തന്നെ കളിയാക്കുന്നത്‌ കണ്ട്‌ അവര്‍ക്ക്‌ ചിരി വരുമോ, കരച്ചില്‍ വരുമോ എന്നറിയില്ല. മലയാള സിനിമയെക്കുറിച്ച്‌ പ്രശംസകളല്ലാതെ ഒന്നുമെഴുതരുതെന്നാണ്‌ ലാല്‍ ജോസും ഉണ്ണികൃഷ്‌ണന്‍ ബിയും രഞ്‌ജിത്തും ആജ്ഞാപിച്ചിരിക്കുന്നത്‌. വിമര്‍ശകരെ വധശിക്ഷക്ക്‌ വിധിക്കണമെന്നാണ്‌ ലാല്‍ ജോസിന്റെ കല്‍പ്പന. ഈ കല്‍പ്പന പുറപ്പെടുവിച്ചതിനു ശേഷം, കഴിഞ്ഞ ഇന്ത്യന്‍ അന്താരാഷ്ട്ര മേളക്കിടയില്‍ പനാജിയിലെ ഐനോക്‌സിനു മുമ്പില്‍ വെച്ച്‌ ലാല്‍ ജോസിനോട്‌ ഈ കല്‍പ്പനയിലെ അയുക്തികത ഞാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. നിരൂപകനും അവതാരകനും സംവിധായകനും നടനുമായ കെ ബി വേണുവും അതു കേള്‍ക്കുന്നുണ്ടായിരുന്നു. താങ്കളുടെ സിനിമകളെ നിശിതമായി വിമര്‍ശിക്കുന്നവരോട്‌ എത്ര നിഷ്‌ഠൂരമായ തോതിലും പ്രതികരിക്കാന്‍ താങ്കള്‍ക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ അവരെ വധശിക്ഷക്ക്‌ വിധേയരാക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ആജ്ഞാപിക്കുന്നതിലൂടെ, വധശിക്ഷ എന്ന മനുഷ്യവിരുദ്ധചരിത്രവിരുദ്ധ ആധുനികവിരുദ്ധ നിയമത്തിന്‌ താങ്കള്‍ അറിയാതെ സാധൂകരണം നല്‍കുകയാണ്‌ ചെയ്‌തതെന്നും അതിലൂടെ കലാകാരന്‍ എന്ന നിലക്ക്‌ അനിവാര്യമായ മാനവികതയുടെ പക്ഷത്തു നിന്ന്‌ താങ്കള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു എന്നുമായിരുന്നു എന്റെ തുറന്ന നിരീക്ഷണം. അതിനോട്‌ ലാല്‍ ജോസ്‌ യോജിക്കുകയും ചെയ്‌തു. വിമര്‍ശകരെ സൈബര്‍ കേസില്‍ കുടുക്കണമെന്നാണ്‌ ഉണ്ണികൃഷ്‌ണന്‍ ബിയുടെ നിര്‍ദേശം. സിനിമയെക്കുറിച്ച്‌ മോശമായെഴുതുന്നവര്‍ മനോരോഗികളാണെന്നാണ്‌ രഞ്‌ജിത്‌ തറപ്പിച്ച്‌ പറയുന്നത്‌. കോടിക്കണക്കിന്‌ രൂപ മുടക്കി, കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി, വെയിലു കൊണ്ട്‌ മഴയും കൊണ്ട്‌, സെന്‍സറിംഗും കഴിഞ്ഞാണ്‌ എല്ലാ ബ്രഹ്മാണ്ഡ സിനിമകളും പ്രദര്‍ശനത്തിനായെത്തുന്നത്‌. ചുമ്മാ അതു കയറിക്കണ്ട്‌, ഏതെങ്കിലുമൊരു ഡയലോഗോ വേഷമോ പെരുമാറ്റമോ പൊക്കിപ്പിടിച്ച്‌ വിമര്‍ശിക്കാന്‍ കുറെയെണ്ണം സിനിമാ ഡയലോഗ്‌ ശൈലിയില്‍ പറഞ്ഞാല്‍, മലയാളീസ്‌ � ഇറങ്ങിക്കോളും എന്ന പുച്ഛത്തോടെയാണ്‌ സംവിധായക മേലാളന്മാരും നിര്‍മാതാക്കളായ മുതലാളിമാരും സൂപ്പര്‍ സ്റ്റാര്‍ ദൈവങ്ങളും ഒരുമ്പെടുന്നത്‌. സോഷ്യല്‍ മീഡിയയെ വളഞ്ഞിട്ടു പിടിക്കാന്‍ തന്നെയാണവരുടെ തീരുമാനം. നിയമവിദഗ്‌ധരെ അണി നിരത്തിക്കഴിഞ്ഞു. നിയമങ്ങള്‍ക്ക്‌ മൂര്‍ച്ച പോരാ എന്നുണ്ടെങ്കില്‍ പുതിയ നിയമങ്ങള്‍ എഴുതി ഉണ്ടാക്കി നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച്‌ പാസാക്കിയോ അല്ലെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കിയോ മര്യാദ പഠിപ്പിക്കാന്‍ സംസ്ഥാന, കേന്ദ്ര ഭരണക്കാരും അവരുടെ ഉപദേശകരും തയ്യാറാണ്‌. പിന്നെ സിനിമാക്കാര്‍ എന്തിനു പേടിക്കണം? വിധിക്കട്ടെ വധശിക്ഷകള്‍. സാക്ഷ്യപ്പെടുത്തട്ടെ മനോരോഗികളായിട്ട്‌. വിനോദം അടിച്ചേല്‍പ്പിക്കപ്പെട്ട അധികാര രൂപമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ സാരം. ചെന്നൈയിലെ ക്ലബുകളില്‍ മുണ്ടുടുത്ത്‌ പ്രവേശിക്കാന്‍ പാടില്ല എന്ന നിബന്ധനയെ മറി കടക്കാന്‍ മുതലമൈച്ചര്‍ കുമാരി ജയലളിത നിയമം പാസ്സാക്കി എന്നാണറിവ്‌. കേരളത്തില്‍ ജനാധിപത്യവും പുരോഗമനവും മറ്റും കൂടുതലായതുകൊണ്ട്‌, അത്തരം നിയമങ്ങളൊന്നും ആവശ്യമില്ല. അതിനാല്‍ ലുലു മാള്‍ ഇടപ്പള്ളിയില്‍ തന്നെ പ്രവര്‍ത്തിക്കട്ടെ. അട്ടപ്പാടികള്‍ വ്യാജച്ചാരായവുമടിച്ച്‌ ഊരിലും കാട്ടിലും കിറുങ്ങിക്കിടന്നോളും. ആധുനികത പ്രാകൃതത്വം കൊണ്ട്‌ മലിനമാകില്ലെന്നുറപ്പ്‌. തുരപ്പന്‍ ഡയലോഗുകളും ശരീരചലനങ്ങളുമായി സൂപ്പര്‍ സ്റ്റാറുകള്‍ തിരശ്ശീലകളിലും പുറത്തും വിരാജിക്കട്ടെ. ഞങ്ങള്‍ നില്‍പ്പുസമരത്തിലൂടെ അനുസരിച്ചു കൊള്ളാം.

കടപ്പാട്‌ – സിറാജ്‌ 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ലുലുമാളും അട്ടപ്പാടിയും പെരുച്ചാഴിയും

  1. ‘ലുലു മാളിലെന്താ അട്ടപ്പാടികൾക്കു കാര്യം’ എന്നുകരുതുന്ന പെരുച്ചാഴിയിൽ നിന്ന് “മുന്നൂറ്റമ്പത് രൂപ വരെ പ്രവേശന ഫീസുള്ളതിനാലും അവിടെയെത്തിപ്പെടാന്‍ പാങ്ങില്ലാത്തതിനാലും അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസികളാരും ഇവിടെയെത്തി പെരുച്ചാഴി കാണാനിടയില്ല” എന്ന മുൻവിധിയിലേക്ക് / രക്ഷാകർതൃത്വത്തിലേക്ക് ഏറെ ദൂരമുണ്ടോ?

    ജി പി രാമചന്ദ്രൻ എഴുതിയ ലേഖനത്തെപ്പറ്റി രൂപേഷ്‌ കുമാർ : https://www.facebook.com/rupeshkumar.budhanversleeps/posts/10152479668229667

Leave a Reply