ലിംഗ-ലൈംഗിക വൈവിധ്യങ്ങളെ ആഘോഷിച്ചുകൊണ്ട് എട്ടാമത് കേരള ക്വിയര്‍ പ്രൈഡ്

സ്വവര്‍ഗപ്രേമികളുടെയും ട്രാന്‍സ്­ജന്റര്‍ വ്യക്തികളുടെയും മറ്റ് ലൈംഗികന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ക്കായി വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എട്ടാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പൊതുസേമ്മേളനവും ആഗസ്‌ററ് 12ന് കൊച്ചിയില്‍ വെച്ച് ആഘോഷപൂര്‍വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും, ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും (GenderSexualtiy Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും […]

ppp

സ്വവര്‍ഗപ്രേമികളുടെയും ട്രാന്‍സ്­ജന്റര്‍ വ്യക്തികളുടെയും മറ്റ് ലൈംഗികന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ക്കായി വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എട്ടാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പൊതുസേമ്മേളനവും ആഗസ്‌ററ് 12ന് കൊച്ചിയില്‍ വെച്ച് ആഘോഷപൂര്‍വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും, ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും (GenderSexualtiy Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക അടയാളപ്പെടുത്തലുകളും തുടങ്ങിവച്ചത്. കേരളത്തില്‍ വിമതലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂര്‍ത്തമായും നിലനിര്‍ത്താനും LGBTIQ (ലെസ്ബിയന്‍, േ, ബൈസെക്ഷ്വല്‍, ട്രാന്‍സ്­ജന്റര്‍, ഇന്റര്‍സെക്‌സ്, ക്വിയര്‍) വിഭാഗത്തില്‍ പെട്ട ലൈംഗികന്യൂനപക്ഷങ്ങളുടെ ദൃശ്യത കൈവരിക്കുന്നതിലും കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്­ജന്റര്‍ വ്യക്തികള്‍ക്ക് വേണ്ടി ഒരു നയം തന്നെ രൂപപ്പെടുത്തിയതും പ്രസ്തുത നയം വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും നമ്മെ സംബന്ധിച്ച് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. എന്നാല്‍ ഈ നയം നിലനില്‍ക്കുമ്പോള്‍ തന്നെ പൊതുസ്ഥലങ്ങളില്‍ ട്രാന്‍സ്‌സ്ത്രീകള്‍ക്ക് നേരെ നടക്കുന്നപോലീസിന്റെ അക്രമങ്ങള്‍ അത്യന്തം അപലപനീയമാണ്. വിഷയത്തില്‍ ഗുണപരമായ മുന്നോട്ടു പോക്കിന് പോലീസ് മേധാവികള്‍ , മാധ്യമപ്രവര്‍ത്തകര്‍ മുതലായവക്കര്‍ക്കു വിഷയസംബന്ധിയായ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ്. അതിനോടൊപ്പം തന്നെ, വര്‍ഷങ്ങളുടെ പ്രയത്‌നത്താല്‍ ഇന്ന് കേരളത്തില്‍ നാം നേടിയെടുത്ത മുഴുവന്‍ അവകാശങ്ങളും ദൃശ്യതയും ലെസ്ബിയന്‍ , ഗേ , ബൈസെക്ഷ്വല്‍ , ഇന്റര്‍സെക്‌സ്, ക്വിയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും കൂടി ലഭ്യമാകുന്നതിനും ക്വിയര്‍ പ്രൈഡ് കേരളം നിലകൊള്ളുന്നു. ഇത്തരം ഇടപെടലുകളിലൂടെ സ്വന്തം ലിംഗ/ലൈംഗിക സ്വത്വം തുറന്നു പറയാന്‍ കഴിയാതെ പോകുന്ന അനേകമാളുകള്‍ക്ക് ആത്മധൈര്യം പകരാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്യ സാമൂഹിക പദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥവിദ്യരെന്നും അവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തു വിവിധ നാടുകളിലെ നിയമനിര്‍മ്മാണ നിര്‍വ്വഹണ വിഭാഗങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. മറ്റ് രാജ്യങ്ങളില്‍ സ്വവര്‍ഗപ്രേമികള്‍ക്കും ലിംഗന്യൂനപക്ഷങ്ങളില്‍പെട്ടവര്‍ക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്‌നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങള്‍ക്കും സുഹ്രുത്തുക്കള്‍ക്കും നമ്മുക്ക് നല്കാന്‍ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിര്‍മ്മിച്ച സംവിധാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത, ഭിന്നവര്‍ഗലൈംഗികതാ കേന്ദ്രീകൃത കുടുംബമാതൃകകളില്‍ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും മാനസികാരോഗ്യാലയങ്ങളിലും തളയ്ക്കാന്‍ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്കെതിരായ കടന്നു കയറ്റം തന്നെയല്ലേ? സ്വവര്‍ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും ലൈംഗികന്യൂനപക്ഷങ്ങളില്‍പെട്ടവരോടുള്ള അകാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശനിഷേധം എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലിംഗലൈംഗികന്യൂനപക്ഷങ്ങളുടെ ശാക്തീകരണം സമൂഹത്തിലെ സ്ത്രീപുരുഷസമത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് ക്വിയര്‍ പ്രൈഡ് കേരളം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പകലും രാത്രിയും പൊതു സ്ഥലങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ സ്വപ്നം കാണുന്നത് എല്ലാ മനുഷ്യരുടേയും ലിംഗഭേദത്തിന്റെയും ലൈംഗികതയുടെയും സ്വാഭാവികതയെ ചുറ്റുമുള്ളവര്‍ സാധാരണമായി കാണുന്ന ഒരു നാളെയാണ്. പ്രണയിക്കുന്നതില്‍, പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും സാമൂഹിക സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആണ്‍പെണ്‍ വിവാഹബന്ധങ്ങള്‍ ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാത്ത, സുന്ദരമായൊരു നാളെ. അതിന് നിയമനിര്‍മ്മാണം മാത്രം മതിയാവില്ല,മറിച്ച്, നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായ ഒരന്തരീക്ഷം ഉണ്ടാവേണ്ടതും,നിയമങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ഒരുപോലെ ആവശ്യമാണ്. ലൈംഗികചായ്‌വിലും (Sexual Orientation ) ലിംഗതന്മയിലും (Gender Identtiy) ഉള്ള വൈവിദ്ധ്യങ്ങളെ രോഗമായി കണ്ട്, ചികിത്സയും മരുന്നും നല്കി അത് ‘മാറ്റിയെടുക്കാന്‍’ ശ്രമിക്കുന്ന പ്രാകൃത ചിന്തകളെയും രീതികളെയും തടയാനും ചെറുക്കാനും നമുക്കേവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാം. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐ.പി.സി 377സംസ്ഥാനതലത്തില്‍ ഭേദഗതി ചെയ്യാനുള്ള സാധ്യതയെ പ്രയോജനപ്പെടുത്താന്‍ ജനപ്രധിനിധികളെ സമീപിക്കേണ്ടതും കൂടെയുണ്ട്.
എട്ടാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയിലേക്കും അനുബന്ധ പ്രചാരണപരിപാടികളിലേക്കും എല്ലാ സുഹൃത്തുക്കളേയും സുസ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 12നു ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് എറണാകുളം മേനകഭാഗത്തുള്ള വഞ്ചി സ്‌ക്വയര്‍ പരിസരത്തു നിന്നുമാരംഭിച്ചു ഷണ്‍മുഖം റോഡ്മഹാരാജാസ് കോളേജ്‌രാജേന്ദ്ര മൈതാനം വഴി ചുറ്റിത്തിരിഞ്ഞു തിരിച്ചു മഹാരാജാസ് കോളേജ് ഓഡിറ്റോറിയം വരെയാണ് ഘോഷയാത്ര തീരുമാനിച്ചിരിക്കുന്നത്. പ്രചാരണപരിപാടികളുടെ ഭാഗമായുള്ള സെമിനാറുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, അനുഭവസാക്ഷ്യങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, പൊതുസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിശദശാംശങ്ങള്‍ വരും ദിനങ്ങളില്‍ പങ്കുവെക്കുന്നതായിരിക്കും. പരിപാടികളിലേക്ക് ലൈംഗികന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവരെയും, സുഹൃത്തുക്കളേയും ,മാതാപിതാക്കളേയും, മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്നവരേയും, എല്ലാവരെയും സുസ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടുനടക്കുന്ന പ്രശ്‌നങ്ങളും,മുസ്ലിം സഹോദരങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളും, ദളിത് മനുഷ്യാവകാശ ധ്വംസനങ്ങളും മറ്റും കൂടി അഭിസംബോധനചെയ്യുതുകൊണ്ടു തന്നെയായിരിക്കും ക്വിയര്‍ പ്രൈഡിന്റെ ഇടപെടലുകള്‍.
പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന,അനേകായിരം ആളുകളുടെകൂടെ കൈ കോര്‍ക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഞങ്ങളുടെ ജീവിതങ്ങളെ കെട്ടുകഥകളിലും ഊഹാപോഹങ്ങളിലും കെട്ടിയിടാതെ,ഞങ്ങളുടെ പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ, പ്രായോഗിക ഇടപെടലുകള്‍ വഴിയായി ഞങ്ങളുടെ ജീവിതങ്ങളെ സമീപിക്കുവാനും മുന്‍വിധികളില്ലാതെ ഞങ്ങളുടെ കഥകള്‍ കേള്‍ക്കുവാനും കാണുവാനും എഴുതുവാനും മാധ്യമങ്ങളോട് ഞങ്ങള്‍ വിനയപൂര്‍വം ആവശ്യപ്പെടുന്നു.
ആണും പെണ്ണും പോലെ, ആണും ആണും, പെണ്ണും പെണ്ണും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പ്രേമിക്കട്ടെ,വ്യത്യസ്തങ്ങളായ ലിംഗലൈംഗിക സ്വത്വങ്ങള്‍ പുറംതോടു പൊട്ടിച്ചു വര്‍ണ്ണ ചിറകുകളുമായി പറക്കട്ടെ. മനുഷ്യാവകാശ ഇടപെടലുകളുടെ പുതിയ സമവാക്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇതളിടട്ടെ.
പങ്കെടുക്കുക, സാഭിമാനം…
ഇത് നിലനില്‍പ്പിന്റെ ശരീരങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാണ്…
സുഹ്രുത്തുക്കളോടൊപ്പം പങ്കുചേരുമല്ലോ.

ടീം ക്വിയര്‍ പ്രൈഡ് കേരളം
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 7356111277, 9745186466, 9847649280

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply