ലിംഗനീതിക്കായി, സാസ്‌കാരികഫാസിസത്തിനെതിരെ മഴവില്‍ ചലചിത്രമേള

സാമൂഹിക പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ 9-ാം എഡിഷന്‍ 11 മുതല്‍ 17 വരെ തൃശൂരില്‍ നടക്കുന്നു. ലിംഗനീതിയാണ് ഇക്കുറി മേളയുടെ കേന്ദ്രപ്രമേയം. ഒപ്പം രാജ്യത്ത് ഭീഷണമായ രീതിയില്‍ വളരുന്ന സാസ്‌കാരിക ഫാസിസത്തിനെതിരായ കാമ്പയിനും മേളയുടെ ഭാഗമായി നടക്കും. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, ലൈംഗികന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇത്തവണ ചലചിത്രമേളയുടെ സവിശേഷത. ഒപ്പം സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന 377-ാം വകുപ്പിനെതിരായ പ്രചരണ കാമ്പയിനും മേളയുടെ ഭാഗമായി നടക്കും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും […]

unnamedസാമൂഹിക പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ 9-ാം എഡിഷന്‍ 11 മുതല്‍ 17 വരെ തൃശൂരില്‍ നടക്കുന്നു. ലിംഗനീതിയാണ് ഇക്കുറി മേളയുടെ കേന്ദ്രപ്രമേയം. ഒപ്പം രാജ്യത്ത് ഭീഷണമായ രീതിയില്‍ വളരുന്ന സാസ്‌കാരിക ഫാസിസത്തിനെതിരായ കാമ്പയിനും മേളയുടെ ഭാഗമായി നടക്കും.
സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, ലൈംഗികന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇത്തവണ ചലചിത്രമേളയുടെ സവിശേഷത. ഒപ്പം സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന 377-ാം വകുപ്പിനെതിരായ പ്രചരണ കാമ്പയിനും മേളയുടെ ഭാഗമായി നടക്കും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും കലാസൃഷ്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക ഫാസിസത്തിനെതിരായ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനും അടുത്തയിടെ ഹൈദരബാദില്‍വെച്ച് കാശ്മീരിനെ കുറിച്ചുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത സഞ്ജയ് കാക്ക്, പോസ്‌കോ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് പ്രസാന്ത് പൈകേര്‍ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം, മേളയില്‍ പങ്കെടുക്കുന്ന ചലച്ചിത്രകാരന്മാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര്‍ എന്നിവരുമൊത്ത് വേദി പങ്കിട്ടുകൊണ്ട് മിനി കോണ്‍ഫ്രന്‍സുകള്‍, അഭിമുഖങ്ങള്‍, സമ്മേളനങ്ങള്‍, മാധ്യമ പ്രദര്‍ശനം, ജൈവ മേള, കലാ സാംസ്‌ക്കാരിക രാവ്, ഗ്രാമീണ മഴവില്‍മേളകള്‍, ലിംഗനീതി ശില്‍പ്പശാല, കോളേജ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കലാലയ മഴവില്‍ മേളകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതിയില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ മേളയിലെത്തും. ശ്രിലങ്കയിലെ പ്രശസ്ത സ്ത്രീവിമോചക പ്രവര്‍ത്തകയും നിരവധി പുസ്തകങ്ങളുടെ രചയിതാവും കൊളംബോയിലെ വിമന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എക്‌സിക്യൂട്ടൂവ് ഡയറക്ടറുമായ ഡോക്ടര്‍ സെല്‍വി തിരുചന്ദ്രനാണ ്‌ഡോ സെല്‍വി തിരുചന്ദ്രനാണ് ഇത്തവണ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കുന്നത്.
മനുഷ്യനും പ്രകൃതിയും നേരിടുന്ന ബഹുമുഖപ്രശ്‌നങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവ വര്‍ഗ്ഗവിശകലനത്തിന്റേയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തത്വശാസ്ത്രത്തിന്റേയോ വിശകലനത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല എന്നതാണ് മഴവില്ലിന്റെ പ്രസക്തി. അതുകൊണ്ടുതന്നെ ബഹുസ്വരതയാണ് മഴവില്‍മേളയുടെ മുഖമുദ്ര. മനുഷ്യന്റെ, പ്രകൃതിയുടെ, ജീവജാലങ്ങളുടെ വിലാപങ്ങളും സന്ദേഹങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും മേളയെ വര്‍ണ്ണാഭമാക്കുന്നു. സ്വത്വാന്വേഷണങ്ങളും നിലനില്‍പ്പനായ മുറവിളികളും മേളയുടെ രാഷ്ട്രീയമുഖമാകുന്നു.
ലോകപ്രശസ്തമായ നിരവധി ചിത്രങ്ങള്‍ ഇത്തവണ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത കനേഡിയന്‍ സംവിധായകനായ മാര്‍ക്ക് ആഷ്ബാറിന്റെ റിട്രോസ്‌പെക്ടീവാണ് മേളയുടെ ഏറ്റവും പ്രധാന ആകര്‍ഷണീയത. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഡോക്യുമെന്ററികള്‍ ഏറെ ലോകശ്രദ്ധപിടിച്ചു പറ്റിയവയാണ്. ആഷ്ബാറിന്റെ കോര്‍പ്പറേഷന്‍, ‘മാനുഫാക്ച്ചറിംഗ് കണ്‍സെന്റ്, ടൂ ബ്രൈഡ്‌സ് ആന്റ് എ സ്‌കാല്‍പെല്‍ : എ ലസ്ബിയന്‍ മേരേജ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 26ഓളം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് കോര്‍പ്പറേഷന്‍. മുമ്പുവരെ നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലാതിരുന്ന ആഗോള കോര്‍പ്പറേറ്റ് ഭീമന്മാര്‍ പിന്നീടെങ്ങനെ അവിഭാജ്യഭാഗമായി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബക്കാന്റെ അതേപേരിലുള്ള പുസ്തകത്തെ ആധാരമാക്കി നിര്‍മ്മിച്ച ഈ ചിത്രം അധികാരവും സമ്പത്തും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുന്ന രാഷ്ട്രീയ ഡോക്യുമെന്ററിയാണ്. ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോസ്‌കിയുടെ ജീവിതത്തേയും ചിന്തകളേയും പ്രമേയമാക്കുന്ന ചിത്രമാണ് മാനുഫാക്ടച്ചറിംഗ് കണ്‍സെന്റ്. 22ഓളം പുരസ്‌കാരം നേടിയ ഈ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സംവിധായകന്‍ ആഷ്ബാര്‍ മേളയില്‍ എത്തുന്നു എന്നതും ഇത്തവണത്തെ മഴവില്‍മേളയെ ശ്രദ്ധേയമാക്കുന്നു.
ബാംഗ്ലൂര്‍ സ്വദേശിനിയും പ്രശസ്ത എഴുത്തുകാരിയും സംവിധായികയുമായ ദീപ ധന്‍രാജിന്റെ 4 ചിത്രങ്ങളും ഇത്തവണ റിട്രോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുന്ന ദീപ ധന്‍രാജിന്റെ ചിത്രങ്ങളും നിരവധി പുരസ്‌കാരങ്ങള്‍ നേടിയവയാണ്. അവരുടെ വാട്ട് ഹാപ്പന്റ് ടു ദിസ് സിറ്റി, സംതിങ്ങ് ലൈക്ക് എ വാര്‍, ദി അഡ്വക്കേറ്റ്, ഇന്‍വോക്കിംഗ് ജസ്റ്റീസ് എന്നീ ചിത്രങ്ങളാണ് മഴവില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന കണ്ണബിരാനെകുറിച്ചുള്ള ഡോക്യുമെന്ററിയാണ് ദി അഡ്വക്കേറ്റ്. ആന്ധ്രയിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും അതിനെ സര്‍ക്കാര്‍ എതിരിട്ട രീതിയും ഈ സിനിമ ചര്‍ച്ചാവിഷയമാക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും രാഷ്ട്രീയ തടവുകാരുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ അഡ്വക്കേറ്റ് കൂടിയായിരുന്ന കണ്ണബിരാന്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടിയാകുന്നു ദി അഡ്വക്കേറ്റ്. കണ്ണബിരാന്റെ ഭാര്യ വസന്ത് കണ്ണബിരാനും മേളയിലെത്തും. ഇവര്‍ സംവിധാനം ചെയ്ത, ഹൈദരാബാദില്‍നിന്നുള്ള സ്ത്രീസംഘടന ആസ്മിത ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാന്ധാരി എന്ന ബാലെ അരങ്ങേറും. യുദ്ധം സമ്മാനിക്കുന്ന ഭയാനകമായ ദുരന്തങ്ങളില്‍ നൊമ്പരപ്പെടുന്ന ഗാന്ധാരിയിലൂടെ അധികാരത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ നൃത്ത സംഗീത ശില്‍പ്പത്തിന്റെ പ്രമേയം.
പ്രശസ്ത എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖലയുടെ വൈറ്റ് വാന്‍ സ്റ്റോറീസ് ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ശ്രീലങ്കയിലെ വംശീയ കലാപത്തിനു ശേഷം അപ്രത്യക്ഷരായവരെ കുറിച്ചും അവരുടെ കുടുംബങ്ങളെ കുറിച്ചുമാണ് 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രതിപാദിക്കുന്നത്. ശ്രീലങ്കയില്‍ ഇപ്പോഴും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചിത്രം പുറത്തു കൊണ്ടുവരുന്നു.
ഫെബ്രുവരി 10ന് മഴവില്‍ മേളയുടെ വിളംബര പ്രദര്‍ശനം നടക്കും. ഫുട്‌ബോള്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും പ്രമേയമാക്കിയ ഡെന്‍ ആന്‍ഡ്ര സ്‌പോര്‍ട്ടന്‍ ആണ് വിളംബരചിത്രം. 1960ല്‍ സ്വീഡനില്‍ ആദ്യവനിതാ ഫുട്‌ബോള്‍ ടീം രൂപപ്പെട്ടതിനുശേഷം കളിക്കാരികള്‍ നേരിടുന്ന കയ്പും ചവര്‍പ്പും ഇടക്കുള്ള ആനന്ദവുമൊക്കെ പ്രമേയമാക്കി ചിത്രീകരിച്ച വിജയാഹ്ലാദം, ഒഴുക്കിനെതിരെ ഒരു സംഘം സ്ത്രീകള്‍, കളി കാര്യമാകുമ്പോള്‍ എന്നീ മൂന്നു ചിത്രങ്ങളുടെ സമന്വയമാണ് മാത്തിയാസ് ലോയുടെ ഈ സിനിമ. വില്ലടത്ത് യുവജനസംഘം വായനശാലയുടെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലനം നേടിയ പെണ്‍കുട്ടികളുടെ ടീമിനെ ചടങ്ങില്‍ ആദരിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 350-ാളം ചിത്രങ്ങളില്‍നിന്ന് പ്രശസ്ത തമിഴ് എഴുത്തുകാരിയും ചലചിത്രപ്രവര്‍ത്തകയുമായ കുട്ടിരേവതിയുടെ നേതൃത്വത്തിലുള്ള ജൂറി തിരഞ്ഞെടുത്ത 130ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകന്‍ പി ബാബുരാജാണ് ഇത്തവണ ഫെസ്റ്റിവല്‍ ഡയറക്ടര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ലിംഗനീതിക്കായി, സാസ്‌കാരികഫാസിസത്തിനെതിരെ മഴവില്‍ ചലചിത്രമേള

  1. Avatar for Critic Editor

    Cvthankappan Velayudhan

    ആശംസകള്‍

Leave a Reply