ലയിച്ചാലും പുനരേകീകരിച്ചാലും എന്താണ്‌ ഗുണം ബേബി……?

ഇരുകമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടേയും ലയനം അല്ലെങ്കില്‍ പുനരേകീകരണം എന്ന ആശയം ഇടക്കിടെ പൊങ്ങിവരാറുണ്ട്‌. സാധാരണ സിപിഐ നേതാക്കളാണ്‌ അതുന്നയിക്കാറ്‌. സിപിഎം അവ കയ്യോടെ തള്ളാറുമുണ്ട്‌. പിളര്‍പ്പിന്റെ സാഹചര്യ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന്‌ സിപിഐയും നിലനില്‍ക്കുന്നു എന്ന്‌ സിപിഎമ്മും പറയാറാണ്‌ സാധാരണ പതിവ്‌. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ സാഹചര്യത്തില്‍ സിപിഐ ഒരിക്കല്‍ കൂടി അതാവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിപിഎം പതിവുപോലെ അതും തള്ളുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത്‌ മറിച്ചാണ്‌. ഏതാനും മാസം മുമ്പ്‌ പാര്‍ട്ടി തള്ളിക്കളഞ്ഞ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ ഏകോപനം […]

babyഇരുകമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടേയും ലയനം അല്ലെങ്കില്‍ പുനരേകീകരണം എന്ന ആശയം ഇടക്കിടെ പൊങ്ങിവരാറുണ്ട്‌. സാധാരണ സിപിഐ നേതാക്കളാണ്‌ അതുന്നയിക്കാറ്‌. സിപിഎം അവ കയ്യോടെ തള്ളാറുമുണ്ട്‌. പിളര്‍പ്പിന്റെ സാഹചര്യ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന്‌ സിപിഐയും നിലനില്‍ക്കുന്നു എന്ന്‌ സിപിഎമ്മും പറയാറാണ്‌ സാധാരണ പതിവ്‌. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ സാഹചര്യത്തില്‍ സിപിഐ ഒരിക്കല്‍ കൂടി അതാവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിപിഎം പതിവുപോലെ അതും തള്ളുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത്‌ മറിച്ചാണ്‌. ഏതാനും മാസം മുമ്പ്‌ പാര്‍ട്ടി തള്ളിക്കളഞ്ഞ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ ഏകോപനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തുറന്നുപറച്ചിലുമായി സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി തന്നെയാണ്‌ രംഗത്തെത്തിയത്‌. ലയനം എളുപ്പമല്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും രണ്ടായി പിളര്‍ന്ന കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്‌തമാണെന്നുമാണ്‌ ബേബി പറഞ്ഞത്‌. അതാകട്ടെ ലയനത്തെ കുറിച്ച്‌ നേരത്തെ സംസാരിച്ചിരുന്ന സിപിഐ നേതാവ്‌ ബിനോയ്‌ വിശ്വത്തിന്റെ മുന്നില്‍ വെച്ച്‌. എന്നാല്‍ ബിനോയ്‌ വിശ്വവും പന്ന്യനുമടക്കമുള്ള സിപിഐ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്‌ ലയനത്തിനുള്ള സമയമായില്ല, കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പുനരേകീകരണമാകാമെന്ന്‌. ബേബിയുടെ പ്രസ്‌താവനയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നും ലയനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടടക്കമുള്ള നേതാക്കളും വ്യക്തമാക്കി. രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വിഷയങ്ങളില്‍ ധാരണയാകേണ്ടതുണ്ട്‌. അതിനുശേഷമേ ലയനത്തെക്കുറിച്ച്‌ ആലോചിക്കേണ്ടതുള്ളൂ എന്നാണ്‌ കാരാട്ട്‌ പറഞ്ഞത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ സി.പി.എമ്മിനും ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞു സൃഷ്‌ടിച്ച വിവാദം കെട്ടടങ്ങും മുമ്പാണ്‌ പാര്‍ട്ടി നേരത്തേ തള്ളിയ ലയനമെന്ന ആശയം ബേബി വീണ്ടും ഉയര്‍ത്തിയത്‌. എന്താണ്‌ ബേബിയുടെ മനസ്സിലിരുപ്പെന്ന്‌ വ്യക്തമല്ല. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തീവ്രവലതുപക്ഷവല്‍ക്കരണവും തീവ്രവര്‍ഗീയവല്‍ക്കരണവുമാണു നടക്കുന്നതിനാല്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ലയനത്തെക്കുറിച്ച്‌ ചിന്തിക്കണമെന്നുമാണ്‌ ബേബിയുടെ വിശദീകരണം. പ്രമുഖ ചിന്തകന്‍ സച്ചിദാനന്ദന്‍ ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ട്‌.
സിപിഐ പിളര്‍ന്ന്‌ സിപിഎം രൂപീകൃതമായി 50 വര്‍ഷം തികഞ്ഞ പശ്ചാത്തലത്തിലാണ്‌ ഈ ചര്‍ച്ചകള്‍ നടക്കന്നത്‌. പിന്നീട്‌ സിപിഎമ്മും പിളര്‍ന്നു. അതിന്റെ അവാന്തരവിഭാഗങ്ങളാണ്‌ വിവിധ കമ്യൂണിസ്റ്റ്‌ – നക്‌സലൈറ്റ്‌ – മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകള്‍. ഇവരെ കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നാണ്‌ സിപിഐ പലപ്പോഴും ആവശ്യപ്പെടാറുള്ളത്‌. എന്നാല്‍ അതൊരിക്കലും സിപിഎം അംഗീകരിക്കാറില്ല. ബിജെപിയേക്കാള്‍, കോണ്‍ഗ്രസ്സിനേക്കാള്‍ ശത്രുക്കളായി സിപിഎം കാണാറുള്ളത്‌ ഇവരെയാണ്‌.
ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും നേരിടുന്ന തിരിച്ചടികളാണ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളെ ഇത്തരത്തില്‍ ചിന്തിപ്പിക്കാറുള്ളത്‌. സിപിഐ പറയാറുള്ള പോലെ പിളര്‍പ്പിനാധാരാമായ വിഷയങ്ങളൊക്കെ ഏറെക്കുറെ അപ്രസക്തമായി കഴിഞ്ഞു. ആഗോളതലത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ചേരിതിരിവും ഇന്ത്യന്‍ ബൂര്‍ഷ്വാസിയോടുള്ള സമീപനത്തിലെ വ്യത്യസ്‌തതയുമാണ്‌ പിളര്‍പ്പിനു കാരണമായത്‌. പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ അല്‍പ്പം കരുത്തും പ്രവര്‍ത്തകരില്‍ ആവേശവും കൂടുമായിരിക്കാം. എന്നാല്‍ അതിനേക്കാള്‍ പ്രധാനം മറ്റൊന്നാണ്‌. എന്തുകൊണ്ടാണ്‌ ഇത്രയും ദശകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ ഇന്ത്യയില്‍ ഒന്നുമല്ലാതായി എന്നു സ്വയംവിമര്‍ശനാത്മകമായി പരിശോധിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ലോകത്ത്‌ എത്രയോ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ അതിനു തയ്യാറായി. മറിച്ച്‌ സോവിയറ്റ്‌ യൂണിയനടക്കമുള്ള രാഷ്ട്രങ്ങളും കമ്യൂണിസ്റ്റ പാര്‍ട്ടികളും തകര്‍ന്നിട്ടും തങ്ങള്‍ മാര്‍ക്‌സിസം ലെനിനിസം ഉയര്‍ത്തിപിടിച്ചുമുന്നോട്ടു പോകുന്നു എന്നാണ്‌ നമ്മുടെ പാര്‍ട്ടികള്‍ പറയുന്നത്‌. മുന്നോട്ടല്ല പോയത്‌ എന്നത്‌ വളരെ വ്യക്തം. ലോകം മുഴുവന്‍ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോഴും, ലോകത്തെ പല കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ചിന്തകരും അവ പുനപരിശോധിക്കാന്‍ തയ്യാറായിട്ടും തികഞ്ഞ അന്ധവിശ്വാസികളെപോലെയായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചത്‌ എന്നതാണ്‌ സത്യം. മനുഷ്യന്‌ കുരങ്ങനിലേക്ക്‌ തിരിച്ചുപോകാനാകില്ല എന്നാണ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളിലും മുതലാളിത്ത ജീര്‍ണ്ണത ബാധിക്കാം എന്ന അഭിപ്രായത്തോടുണ്ടായ ഇഎംഎസിന്റെ പ്രശ്‌സ്‌തമായ പ്രതികരണം. എന്നാല്‍ എന്താണ്‌ സംഭവിച്ചതെന്ന ചരിത്രം ഇപ്പോള്‍ നമുക്കു മുന്നിലുണ്ട്‌. പ്രേമചന്ദ്രന്‍ പോയി, ബെന്നറ്റ്‌ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നില്ല, ക്രിസ്‌റ്റിക്ക്‌ പരിചയം പോര തുടങ്ങിയവയൊക്കെയാണ്‌ കേരളത്തിലെ തിരിച്ചടിക്ക്‌ ഇവര്‍ കണ്ടെത്തിയ കാരണങ്ങള്‍. അഖിലേന്ത്യാതലത്തിലെ കാര്യങ്ങള്‍ പറയുകയും വേണ്ട.
ജനാധിപത്യവ്യവസ്ഥയിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണല്ലോ നമ്മുടേത.്‌ എന്നാല്‍ ആ ആര്‍ജ്ജവം നിലനിര്‍ത്താനും മുന്നോട്ടുപോകാനും അവര്‍ക്കായില്ല. ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുമ്പോഴും അണികളോട്‌ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കുകായിരുന്നു പാര്‍ട്ടി ചെയ്യത്‌. മാത്രമല്ല, സായുധസമരം തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന്‌ ഇടക്കിടെ പറയുകയും ചെയ്‌തു.
സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനം എന്ന തങ്ങളുടെ ആചാര്യന്മാരുടെ ആശയംപോലും ഇന്ത്യയില്‍ നടപ്പാക്കാത്തവരാണ്‌ കമ്യൂണിസ്റ്റുകാര്‍. വ്യവസായിക വിപ്ലവത്തിന്റെ ഘട്ടത്തില്‍ യൂറോപ്യ സാഹചര്യത്തില്‍ രൂപം കൊണ്ട ആശയത്തെ ഏതൊരു മൗലികവാദിയേയും പോലെ പിന്തുടരുകയായിരുന്നു അവര്‍ ചെയ്‌തത്‌. ജാതിയുടേയും മതത്തിന്റേയും വര്‍ണ്ണത്തിന്റേയും മറ്റനവധി വൈരുദ്ധങ്ങളുടേയും അനന്തമായ സാമ്രാജ്യമായിരുന്ന ഇന്ത്യക്കുനേരെ കണ്ണുതുറക്കാന്‍ അവരൊരിക്കലും തയ്യാറായിരുന്നില്ല. വര്‍ഗ്ഗത്തേക്കാള്‍ എത്രയോ അനാദിയായ ജാതിയുടെ ഇന്ത്യന്‍ സാന്നിധ്യത്തെകുറിച്ച്‌ മനസ്സിലാക്കാത്തതാണ്‌ കമ്യൂണിസ്റ്റുകള്‍ക്ക്‌ പറ്റിയ ഏറ്റവും വലിയ തെറ്റ്‌. വര്‍ഗ്ഗത്തിന്റെ ചാരിത്രത്തിന്റെ പേരുപറഞ്ഞ്‌ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈരുദ്ധങ്ങള്‍ കാണാത്ത അവര്‍ അംബേദ്‌കര്‍ മുതല്‍ മായാവതിയേയും സികെ ജാനുവിനേയും വരെ അക്രമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയം പ്രതിസന്ധികളും കുതിപ്പുകളും കണ്ട സമയത്തെല്ലാം അവര്‍ കാഴ്‌ചക്കാരായി മാറി. അടിയന്തരാവസ്ഥയും മണ്ഡല്‍ കമ്മീഷനും ബാബറി മസ്‌ജിദും ഉത്തരേന്ത്യയിലെ പിന്നോക്ക ദളിത്‌ മുന്നേറ്റങ്ങളും ന്യൂനപക്ഷപ്രശ്‌നങ്ങളും സംസ്ഥാനങ്ങളിലെ പ്രാദേശിക സമരങ്ങളും പ്രാദേശിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ആം ആദ്‌മി പാര്‍ട്ടിയുടെ ഉദയവും വരെ ഈ പട്ടിക നീളുന്നു. കാഴ്‌ചക്കാരായി മാറിനില്‍ക്കുക മാത്രമല്ല, പരമ്പരാഗത ശൈലിയില്‍ ഏതുമുന്നേറ്റത്തേയും വിമര്‍ശിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍ ചെയ്‌തത്‌. ഗാന്ധിയും അംബേദ്‌കറും മുതല്‍ കെജ്രിവാള്‍ വരെ ഈ വിമര്‍ശനം നീണ്ടു. ഫലമെന്താ? എ കെ ജിയില്‍ നിന്ന്‌ കാരാട്ടിലെത്തിയപ്പോഴേക്കും പാര്‍ട്ടിയുടെ ഗതി ഇതായി.
നഗരങ്ങളെ കേന്ദ്രീകരിച്ച്‌ ഇന്ന്‌ ഇന്ത്യയില്‍ സംഭവിക്കുന്ന ധ്രുതഗതിയിലുള്ള മാറ്റങ്ങളിലും ക്യുണിസ്റ്റ്‌ പാര്‍്‌ട്ടികള്‍ കാഴ്‌ചക്കാരാണ്‌. അതുമായി ബന്ധപ്പെട്ട്‌ നമ്മുടെ പുതുതലമുറയിലെ ചിന്താധാരകള്‍ മനസ്സിലാക്കാനും വൃദ്ധമനസ്സുമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിനേതൃത്വത്തിനാവുന്നില്ല.
മറുവശത്ത്‌ ലോകത്തെങ്ങും സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളില്‍ നിന്നും ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പദത്തിനുള്ളില്‍തന്നെ അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ്‌ ശൈലി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ടിപി വധം വരെ അതെത്തി. തങ്ങളുടെ നിലപാടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു സൈദ്ധാന്തികനേയും വളര്‍ത്തിയെടുക്കാനും അവര്‍ക്കായില്ല. ഇഎംഎസ്‌ എഴുതിയ പതിനായിരകണക്കിനു പേജുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അണികളുടെ സംശയങ്ങള്‍ തീര്‍ക്കാനുളള വാദഗതികള്‍ മാത്രം.
ചുരുക്കത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ലയിച്ചാലും പുനരേകീകരിച്ചാലും കാര്യമായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. പ്രത്യയശാസ്‌ത്ര കാര്‍ക്കക്കശ്യങ്ങള്‍ മാറ്റിവെച്ച്‌ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച്‌ സ്വയം മാറാനും തയ്യാറാകുകയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സീറ്റ്‌ പൂജ്യമായിരിക്കും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply