റോഡുവികസനം വേണം… അതിനുമുമ്പ് മറ്റുചിലതും വേണം…

കേരളത്തിലെ ദേശീയപാത വികസനം വീണ്ടും വിവാദത്തിലാണ്. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയാണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. ദേശീയപാതയുടെ വീതി 45 മീറ്ററില്‍ നിന്ന് 30 ആക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മലപ്പുറത്തെ ഏതാനും പ്രമാണിമാര്‍ക്കുവേണ്ടിയാണെന്നും വൈകീട്ട് 9നു ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വികസന വിരോധികളും ഇതിനു കാരണമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പാതക്കു വീതിയില്ലാത്തതിനാല്‍ ആയിരകണക്കിനു ജീവനുകളാണ് തെരുവില്‍ പിടഞ്ഞുവീഴുന്നതെന്നും ഭൂമിയേക്കാള്‍ വലുത് ജീവനാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോക്ക് സെന്റിന് അരകോടി കൊടുക്കാമെങ്കില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് […]

xx

കേരളത്തിലെ ദേശീയപാത വികസനം വീണ്ടും വിവാദത്തിലാണ്. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയാണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. ദേശീയപാതയുടെ വീതി 45 മീറ്ററില്‍ നിന്ന് 30 ആക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മലപ്പുറത്തെ ഏതാനും പ്രമാണിമാര്‍ക്കുവേണ്ടിയാണെന്നും വൈകീട്ട് 9നു ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വികസന വിരോധികളും ഇതിനു കാരണമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പാതക്കു വീതിയില്ലാത്തതിനാല്‍ ആയിരകണക്കിനു ജീവനുകളാണ് തെരുവില്‍ പിടഞ്ഞുവീഴുന്നതെന്നും ഭൂമിയേക്കാള്‍ വലുത് ജീവനാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോക്ക് സെന്റിന് അരകോടി കൊടുക്കാമെങ്കില്‍ ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്വാഭാവികമായും ചാനലുകാര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ സി ആര്‍ നീലകണ്ഠനെ രംഗത്തിറക്കി. മൂലമ്പിള്ളിക്കാരുടെയും കേരളത്തിന്റെ പലഭാഗത്തും റോഡുവികസനത്തിനായി ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിക്കാത്തവരുടേയും അനുഭവങ്ങള്‍ നീലകണ്ഠന്‍ ചൂണ്ടികാട്ടി. മാത്രമല്ല, നഷ്ടപരിഹാരം ലഭിച്ചാലും ജീവിക്കാനനുയോജ്യമായ ഭൂമി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. അഞ്ചോ ആറോ സെന്റ്് ഭൂമിയുള്ളവരുടെ രണ്ടോ മൂന്നോ സെന്റ് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നിസ്സഹയാവസ്ഥയും അദ്ദേഹം ചൂണ്ടികാട്ടി.
റോഡുവികസനത്തിനായി സ്വന്തം ഭൂമി മടിയില്ലാതെ നല്‍കണമെന്ന സന്ദേശവുമായി ഒരു സിനിമ തിയറ്ററുകളില്‍ കളിക്കുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നതെന്നത് യാദൃഛികമാകാം. സത്യത്തില്‍ ഈ രണ്ടു വാദഗതികളിലും യാഥാര്‍ത്ഥ്യമുണ്ട്. റോഡുവികസനം നടക്കാതെ ഇനി നമുക്ക് മുന്നോട്ടുപോകാനാവില്ല. അബ്ദുള്ളക്കുട്ടി പറയുന്ന പോലെ അപകടങ്ങള്‍ക്കും ഗതാഗതകുരുക്കിനും ഒരു പ്രധാന കാരണം റോഡുകള്‍ക്ക് വീതിയില്ലാത്തതുതന്നെ. സ്വയം വാഹനമുപേക്ഷിക്കുകയും പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ തയ്യാറാകുകയും ചെയ്യുന്നവര്‍ക്കേ റോഡുവികസനത്തെ എതിര്‍ക്കാന്‍ ധാര്‍മ്മികമായ അവകാശമുള്ളു. അങ്ങനെയുള്ളവര്‍ വളരെ കുറവാണ്. പിന്നെ എതിര്‍ക്കാന്‍ അവകാശമുള്ളത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുതന്നെ. നഷ്ടപ്പെടുന്ന ഭൂമിക്ക് മാന്യമായ നഷ്ടപരിഹാരവും പകരം ഭൂമിയും ലഭിക്കുമോ എന്ന ഭയം ന്യായമാണ്. കേരളത്തിലെ മുന്‍കാല അനുഭവങ്ങള്‍ ഈ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ഒരു ഉറപ്പും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ഭൂമി വില്‍ക്കുന്ന വിലയേക്കാള്‍ വളരെ കുറച്ച് മാത്രം രേഖപ്പെടുത്ത അവസ്ഥയാണ് എല്ലായിടത്തും നിലനില്‍ക്കുന്നത്. അതനുസരിച്ചുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക. അത് നടപ്പുവിലയേക്കാള്‍ വളരെ കുറവായിരിക്കും. മാത്രമല്ല, നേരത്തെ സൂചിപ്പിച്ചപോലെ ഭൂമിയുടെ ഒരു ഭാഗം നഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെ അവസ്ത ദയനീയമായിരിക്കും.
ദേശീയപാതക്ക് സാമാന്യം വീതി വേണം എന്നതില്‍ സംശയമില്ല. മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചും നഷ്ടപരിഹാരം നല്‍കിയും ഭൂമി നഷ്ടപ്പെടുന്നവരുടെ പൂര്‍ണ്ണസമ്മതത്തോടെയായിരിക്കണം അക്വിസേഷന്‍ നടത്തേണ്ടത്. അത്് മെട്രോമോഡലായിരിക്കണം, മൂലമ്പിള്ളി മോഡലാകരുത്. അതിനുമുമ്പ് മറ്റൊരു സാധ്യത പരിശോധിക്കണം. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇപ്പോഴത്തെ റെയില്‍വെ ട്രാക്കിനു സമാന്തരമായി രണ്ടു പാത കൂടി നിര്‍മ്മിക്കുക എന്നതാണത്. എന്നിട്ട് മുംബൈ മോഡലില്‍ ട്രെയിനുകള്‍ ഓടിക്കണം. അങ്ങനെ വരുമ്പോള്‍ കുറച്ചു ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. റെയില്‍വേയാണെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കും. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഈ പ്രോജക്ട് ലാഭകരമാകുമെന്ന് റെയില്‍വേ കാര്യാലയത്തെ ബോധ്യപ്പെടുത്തുകയും വേണം. അങ്ങനെ വരുമ്പോള്‍ ഒരുപക്ഷെ ദേശീയപാത 30 മീറ്ററില്‍ ഒതുക്കാന്‍ കഴിഞ്ഞെന്നു വരും. മാത്രമല്ല, അപകടവും ഇന്ധന ഉപയോഗവും കുറഞ്ഞതും താരതമ്യേന പരിസ്ഥിതിക്ക് ദോഷം കുറഞ്ഞതും മനുഷ്യന്റെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതുമായ ഗതാഗതമാര്‍ഗ്ഗമായിരിക്കും അതുവഴി വികസിക്കുക. റെയില്‍വേ സ്റ്റേഷനുകളോടുചേര്‍ന്ന് മുംബൈ മോഡലില്‍തന്നെ ബസ് സ്റ്റാന്റുകളും നിര്‍മ്മിക്കണം. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തേക്ക് മുന്‍ഗണന കൊടുക്കേണ്ടത് ബസുകള്‍ക്കായിരിക്കണം. സ്വകാര്യവാഹനങ്ങള്‍ക്കാകരുത്.
ഇതെല്ലാം ചെയ്തിട്ടും റോഡുവികസനം ആവശ്യമെങ്കില്‍ അത് ടോള്‍ വ്യവസ്ഥയിലാകരുത് താനും. ടോള്‍ എന്നത് സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരാണ്. ദിനം പ്രതി ആയിരകണക്കിനു വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന കേരളത്തില്‍ വന്‍ നികുതിയാണ് സര്‍ക്കാരിനു ലഭിക്കുന്നത്. േെപ്രാള്‍, ഡീസല്‍ നികുതികള്‍ വേറെ. അതുപയോഗിച്ച് റോഡുനിര്‍മ്മിക്കണം. അതേസമയം പിഡബ്ലിയുഡിയെ പോലുള്ള ജനങ്ങളെ ദ്രോഹിക്കുക മാത്രം തൊഴിലാക്കിയ സ്ഥാപനങ്ങളെ സര്‍ക്കാരിന്റേതെന്ന ന്യായീകരണത്താല്‍ പിന്തുണക്കേണ്ട കടമയും ജനങ്ങള്‍ക്കില്ല. ടോള്‍ കൊടുത്താലെന്ത്, സ്വസ്ഥമായി യാത്ര ചെയ്യാമല്ലോ എന്ന വാചകം മിക്കവാറും വാഹനമുടമകളും ഡ്രൈവര്‍മാരും പറയുന്നതാണല്ലോ. ആ അവസ്ഥക്കു പരിഹാരമുണ്ടാക്കാതെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്നതിലും അര്‍ത്ഥമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply