റൂബല്ല: വാക്‌സിനേഷന്റെ മറവിലെ കമ്പോള താത്‌പര്യങ്ങള്‍

അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലത്ത്‌ പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക്‌ വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ്‌ ലക്ഷം പെണ്‍കുട്ടികള്‍ക്ക്‌ റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്‌പര്യങ്ങളെ തുറന്നുകാട്ടുന്നു ഡോ. പി.ജി. ഹരി വിവാദമായ പെന്റാവാലന്റ്‌ വാക്‌സിന്‌ തൊട്ടുപിന്നാലെ മറ്റൊരു നിര്‍ബന്ധിത മരുന്നു പരീക്ഷണത്തിന്‌ കൂടി കേരളം വേദിയാവുകയാണ്‌. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ്‌ ലക്ഷം പെണ്‍കുട്ടികള്‍ക്ക്‌ റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ്‌. അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ […]

imagesഅപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലത്ത്‌ പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക്‌ വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍
വിദ്യാര്‍ത്ഥിനികളായ ആറ്‌ ലക്ഷം പെണ്‍കുട്ടികള്‍ക്ക്‌ റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്‌പര്യങ്ങളെ തുറന്നുകാട്ടുന്നു ഡോ. പി.ജി. ഹരി


വിവാദമായ പെന്റാവാലന്റ്‌ വാക്‌സിന്‌ തൊട്ടുപിന്നാലെ മറ്റൊരു നിര്‍ബന്ധിത മരുന്നു പരീക്ഷണത്തിന്‌ കൂടി കേരളം വേദിയാവുകയാണ്‌. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ്‌ ലക്ഷം പെണ്‍കുട്ടികള്‍ക്ക്‌ റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ്‌. അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലത്ത്‌ പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക്‌ വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കുത്തിവയ്‌പ്പ്‌ തുടങ്ങിയിരിക്കുന്നത്‌. പെന്റാവാലന്റ്‌ കുത്തിവയ്‌പ്പിന്റെ അപകടത്തെക്കുറിച്ച്‌ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന കാലത്തുതന്നെ രംഗത്തെത്തിയ ഈ പുതിയ വാക്‌സിനെയും, അതിന്റെ പിന്നിലെ യഥാര്‍ത്ഥ താത്‌പര്യങ്ങള്‍ തുറന്നുകാണിച്ചുകൊണ്ട്‌ എതിര്‍ക്കാന്‍ നാം സന്നദ്ധരാകണം. കാരണം, കുത്തക മരുന്നു കമ്പനികളുടെ പരീക്ഷണ യുക്തിതന്നെയാണ്‌ റൂബല്ലയുടെയും വരവിന്‌ പിന്നിലുള്ളതെന്ന്‌ വ്യക്തം. കൂടാതെ, രോഗപ്രതിരോധ വാക്‌സിനുകളുടെ ആരോഗ്യസങ്കല്‍പ്പത്തെതന്നെ ചോദ്യം ചെയ്യേണ്ടുന്ന മറ്റനേകം കാരണങ്ങളും നാം പരിഗണിക്കേണ്ടതുണ്ട്‌.


ജനസംഖ്യാ നിയന്ത്രണത്തിന്റെ രാഷ്‌ട്രീയം
ജനങ്ങള്‍ക്ക്‌ ഒട്ടും അധികാരമില്ലാത്തവിധം ആരോഗ്യരംഗം കൂടുതല്‍ കേന്ദ്രീകൃതവും ജനാധിപത്യ വിരുദ്ധവുമായിക്കൊണ്ടിരിക്കുകയാണ്‌. ജനങ്ങള്‍ക്ക്‌ താത്‌പര്യമില്ലാത്ത പദ്ധതികള്‍ പോലും നിരന്തരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. അതിനെല്ലാം പിന്നില്‍ മരുന്നുകമ്പനികള്‍ക്കുള്ള താത്‌പര്യങ്ങള്‍ കൂടുതല്‍ പ്രത്യക്ഷമായിരിക്കുന്നു. പള്‍സ്‌ പോളിയോയ്‌ക്ക്‌ ശേഷം വന്ന പുതുതലമുറ വാക്‌സിനുകള്‍ക്കൊന്നും ജനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ്‌ റൂബല്ലയും എതിര്‍ക്കപ്പെടേണ്ടത്‌. അല്ലാതെ, ഗര്‍ഭകാലത്ത്‌ എടുക്കേണ്ട വാക്‌സിന്‍ സ്‌കൂള്‍കുട്ടികള്‍ക്ക്‌ എന്തിന്‌ നല്‍കണം എന്നതിന്റെ യുക്തിമാത്രം ചോദ്യം ചെയ്യപ്പെട്ടാല്‍ പോരാ. സാമൂഹികനീതിയുടെയും മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കമ്പോള-മൂലധന താത്‌പര്യങ്ങളുടെയും പ്രശ്‌നങ്ങള്‍ വാക്‌സിനേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ട്‌ ഉയര്‍ന്നുവരണം. ഒപ്പം യു.എന്നിന്റെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയുമായി വാക്‌സിനുകള്‍ക്കുള്ള ബന്ധവും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്‌. റൂബല്ല വാക്‌സിന്‍ ജനസംഖ്യാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണെന്ന്‌ ഉറപ്പിച്ചുപറയുന്നതിനുള്ള തെളിവുകള്‍ പ്രത്യക്ഷത്തില്‍ ലഭ്യമല്ല. എന്നാല്‍ പലതരത്തിലൂള്ള വാക്‌സിനേഷനുകള്‍ മൂന്നാംലോക രാജ്യത്തിലേക്ക്‌ വരുന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അത്തരം തെളിവുകള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമാക്കുന്ന യു.എന്‍ പരിപാടിക്ക്‌ വേണ്ടി ഫണ്ട്‌ നല്‍കുന്നുണ്ട്‌. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ വാക്‌സിനേഷന്‌ വലിയ പങ്കുവഹിക്കാനുണ്ടെന്ന്‌ റോക്‌ഫെല്ലറിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്‌ തുറന്നുപറയുന്നുണ്ട്‌. പ്രജനനശേഷി നഷ്‌ടപ്പെടുന്ന പലതരം ഘടകങ്ങള്‍ ലോകവ്യാപകമായി വാക്‌സിനേഷനുകളില്‍ കണ്ടെത്തിയിട്ടുണ്ട്‌ എന്നത്‌ ഈ വസ്‌തുതയെ കൂടുതല്‍ ഉറപ്പിക്കുന്നു. നൈജീരിയയില്‍ നല്‍കിയ പോളിയോ തുള്ളിമരുന്നില്‍ പ്രജനന ശേഷി നഷ്‌ടപ്പെടുന്ന ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ അളവ്‌ കണ്ടെത്തിയിട്ടുണ്ട്‌. Human chorionic gonadotropin എന്ന ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ റൂബല്ലയില്‍ അതെവിടെയും കണ്ടെത്തിയതായി വിവരങ്ങളില്ലാത്തതിനാല്‍ നിലവില്‍ ആ വാദം മാത്രം ഉന്നയിക്കാന്‍ കഴിയില്ല. അതേസമയം വാക്‌സിനുകളെ ജനസംഖ്യാനിയന്ത്രണത്തിനായി ഉപയോഗിക്കുന്നതിന്‌ പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിയുകയും അത്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. വികസിതരാജ്യങ്ങളുടെ സൗകര്യങ്ങളൊന്നും കുറയ്‌ക്കാതെ തന്നെ വിഭവക്ഷാമവും ദാരിദ്ര്യവും എങ്ങനെ പരിഹരിക്കാമെന്നുള്ള ഗവേഷണങ്ങളാണ്‌ മിക്ക മേഖലകളിലും നടക്കുന്നത്‌. ആരോഗ്യം രംഗത്ത്‌ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല അത്‌. തീവ്രവ്യവസായ വത്‌കരണവും ആര്‍ഭാട ഉപഭോഗവും കുറയ്‌ക്കാതെ തന്നെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്‌ക്കുന്നതിന്‌ വേണ്ടി മൂന്നാം ലോകരാജ്യങ്ങളുടേ മേല്‍ ചില പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ഇന്ന്‌ നമുക്ക്‌ മുന്നില്‍ കൂടുതല്‍ വ്യക്തമാണ്‌. വിഭവങ്ങളുടെ മേല്‍ അനിയന്ത്രിത അധികാരം ആഗ്രഹിക്കുന്ന മുതലാളിത്ത രാജ്യങ്ങള്‍ക്ക്‌ മുന്നില്‍ ജനസംഖ്യകുറയ്‌ക്കുക തന്നെയാണ്‌ അവരുടെ ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം. വിഭവങ്ങളുടെ മേലുള്ള അമിതകേന്ദ്രീകരണത്തിന്റെ പ്രശ്‌നത്തെ മറച്ചുവച്ചുകൊണ്ട്‌ ജനസംഖ്യാവര്‍ദ്ധനവാണ്‌ കുഴപ്പം എന്ന്‌ പറയുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണ്‌. കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണവും ഭവനരഹിതരുടെ എണ്ണവും തമ്മിലുള്ള വൈരുദ്ധ്യവും നമ്മുടെ കണ്‍മുന്നിലുള്ള ഒരു പ്രത്യക്ഷ ഉദാഹരണമാണ്‌. എല്ലാ മേഖലകളിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്‌.


റൂബല്ലയുടെ വരവ്‌
ഇന്ത്യയില്‍ രോഗപ്രതിരോധ മരുന്ന്‌ സാര്‍വ്വത്രികമായി ഉപയോഗിക്കുന്നതിന്‌ സാങ്കേതിക അനുമതിയും ഉപദേശവും നല്‍കുന്ന സമിതിയാണ്‌ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്‌ ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ). 25ഓളം ഡോക്‌ടര്‍മാരും മറ്റ്‌ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളുമാണ്‌ ഇതിലുള്ളത്‌. ഇതില്‍ ഭൂരിഭാഗം ഡോക്‌ടര്‍മാരും മരുന്നു കമ്പനികളുമായി ബന്ധമുള്ളവരും അവര്‍ക്ക്‌ വേണ്ടി ഗവേഷണം നടത്തുന്നവരുമാണ്‌. ഡോ. ജേക്കബ്‌ പുളിയലിനെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ്‌ വാക്‌സിനേഷന്റെ സാമൂഹിക വശങ്ങള്‍ പരിഗണിക്കുന്നത്‌. 2010ല്‍ നടന്ന എന്‍.ടി.എ.ജി.ഐ മീറ്റിംഗിലാണ്‌ റൂബല്ല വാക്‌സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്‌. റൂബല്ല രോഗം ഗര്‍ഭസ്ഥ ശിശുവിന്‌ വൈകല്യങ്ങളുണ്ടാക്കുന്നത്‌ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഒമ്പതാംക്ലാസ്‌ മുതല്‍ പ്ലസ്‌ടു വരെ പഠിക്കുന്ന പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിക്കുന്നത്‌.
സ്വകാര്യആശുപത്രികള്‍ ഏറെക്കാലമായി കുഞ്ഞുങ്ങള്‍ക്ക്‌ എം.എം.ആര്‍ (മീസല്‍സ്‌, മംപ്‌സ്‌, റൂബല്ല) വാക്‌സിന്‍ നല്‍കുന്നുണ്ട്‌. റൂബല്ല രോഗം തടയുന്നതിനുള്ള രോഗപ്രതിരോധ ശേഷിക്ക്‌ വേണ്ടിയാണ്‌ അതും എടുക്കുന്നത്‌. ശൈശവത്തില്‍ വാക്‌സിന്‍ എടുത്താലും രോഗാണുവിന്റെ ഏജ്‌ഷിഫ്‌റ്റ്‌ എന്ന പ്രതിഭാസം കാരണം റൂബല്ല രോഗാണു മുതിര്‍ന്നവരില്‍ വീണ്ടും കടന്നുകൂടാന്‍ ഇടയുണ്ട്‌ എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ എന്‍.ടി.എ.ജി.ഐ ഈ തീരുമാനമെടുത്തത്‌. സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളില്‍ മാത്രം മതിയെന്ന്‌ തീരുമാനിച്ചത്‌ സര്‍ക്കാറാണ്‌. സ്വകാര്യ സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ക്ക്‌ പണം കൊടുത്ത്‌ വാക്‌സിന്‍ എടുക്കാന്‍ കഴിയുമെന്നതിനാല്‍ ഒഴിവാക്കുന്നു എന്നായിരുന്നു വിശദീകരണം. സാമൂഹികനീതി-ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ്‌ കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്‌.
പൂനെയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന സ്വകാര്യകമ്പനി മാത്രമാണ്‌ ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്‌. പൊതുമേഖല സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയതുകൊണ്ടാണ്‌ സ്വകാര്യമേഖലയെ ആശ്രയിക്കുന്നത്‌ എന്നതായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ റൂബല്ല വാക്‌സിന്‍ പദ്ധതി ആവിഷ്‌കരിച്ചതിന്‌ പിന്നാലെയാണ്‌ ഗുഡ്‌മാനുഫാക്‌ച്വറിംഗ്‌ പ്രൊസീജിയര്‍ ഇല്ലെന്ന പേരില്‍ പൊതുമേഖലാ കമ്പനികള്‍ അടച്ചുപൂട്ടിയത്‌.
വികലാംഗക്ഷേമത്തിനായി നീക്കിവച്ചിരുന്ന 40 കോടിരൂപയാണ്‌ കേരള സര്‍ക്കാര്‍ റൂബല്ല കുത്തിവയ്‌പ്പിനായി ഉപയോഗിക്കുന്നത്‌. ഇതില്‍നിന്നും കോടിക്കണക്കിന്‌ രൂപ വാക്‌സിന്റെ പരസ്യത്തിനായി മാത്രം ചിലവാക്കിയിട്ടുണ്ട്‌. അതേസമയം മരുന്ന്‌ നല്‍കുന്ന വിദ്യാര്‍ത്ഥിനികളെയും അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും തീര്‍ത്തും അവഗണിച്ചുകൊണ്ട്‌ ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ്‌ കേരളത്തില്‍ നടന്നത്‌. മരുന്നുകമ്പനികളോട്‌ സര്‍ക്കാറിനുള്ള വിധേയത്വമാണ്‌ ഇവിടെയെല്ലാം പ്രകടമാകുന്നത്‌. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഹെപ്പറ്റൈറ്റിസ്‌ ബിയുടെ പേരില്‍ നടന്ന വാക്‌സിനേഷന്‍ പരിപാടിയുടെ പിന്നില്‍ മരുന്നുകമ്പനികളായിരുന്നു എന്നത്‌ തെളിഞ്ഞിട്ടുള്ള കാര്യമാണ്‌.
എന്‍.ടി.എ.ജി.ഐയുടെ ഒരേ മീറ്റിംഗിലാണ്‌ റൂബല്ലയും പെന്റാവാലന്റും നല്‍കാന്‍ തീരുമാനിക്കപ്പെടുന്നത്‌. പെന്റാവാലന്റ്‌ ഉപയോഗിക്കാന്‍ തീരുമാനിക്കുന്ന മീറ്റിംഗില്‍ തന്നെ അതിനെതിരെ എന്‍.ടി.എ.ജി.ഐയില്‍ എതിര്‍പ്പുണ്ടായിട്ടുണ്ട്‌. യോഗത്തിന്റെ മിനുട്ട്‌സില്‍ അത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇഫക്‌ട്‌ ആന്റ്‌ ഇംപാക്‌ട്‌ സ്റ്റഡി ഫോര്‍ വണ്‍ ഇയര്‍ ആസ്‌ എ പൈലറ്റ്‌ പ്രോജക്‌ട്‌ എന്നുപറഞ്ഞുകൊണ്ടാണ്‌ പെന്റാവാലന്റ്‌ കേരളത്തിലും തമിഴ്‌നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്‌. ഇഫക്‌ട്‌ ആന്റ്‌ ഇംപാക്‌ട്‌ സ്റ്റഡി എന്നതിനെ പ്രായോഗിക സാധ്യതകള്‍ പഠിക്കുക എന്നാണ്‌ ഡോക്‌ടര്‍മാര്‍ വിശദീകരിച്ചത്‌. പരീക്ഷണ പ്രയോഗം എന്നുതന്നെയാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌.


വാക്‌സിനേഷന്റെ പ്രശ്‌നങ്ങള്‍
വാക്‌സിനേഷന്റെ ശാസ്‌ത്രീയത തന്നെ ചോദ്യം ചെയ്‌തുകൊണ്ടും റൂബല്ല എതിര്‍ക്കപ്പെടണം. രോഗബാധയുണ്ടാക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ്‌ രോഗാണു. എന്നാല്‍ രോഗങ്ങള്‍ തടയുന്നതിനുള്ള മറ്റ്‌ ഘടകങ്ങളെയെല്ലാം അവഗണിച്ച്‌ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്ക്‌ വേണ്ടിമാത്രം കോടിക്കണക്കിന്‌ രൂപ ചിലവഴിക്കുന്നത്‌ എങ്ങനെ ശാസ്‌ത്രീയമാകും? ശുദ്ധജലലഭ്യതയും, പോഷകാഹാരവും ശുദ്ധവായുവും മാലിന്യമുക്തമായ പരിസരവുമെല്ലാം രോഗപ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. അതിലൊന്നുമില്ലാത്ത ശുഷ്‌കാന്തി പ്രതിരോധ മരുന്നുകളുടെ മേല്‍ മാത്രം കാണിക്കുന്നതിനെ അശാസ്‌ത്രീയമെന്നാണ്‌ വിളിക്കേണ്ടത്‌.
ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്‌ രോഗം വരാതിരിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ എടുക്കുന്നതിന്റെ പിന്നിലെ യുക്തിരാഹിത്യവും ചോദ്യം ചെയ്യപ്പെടണം. കുപ്രചരണങ്ങള്‍ നടത്തിക്കൊണ്ടാണ്‌ വാക്‌സിനുകള്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കാറുള്ളത്‌. റൂബല്ലയുടെ കാര്യത്തിലും അത്‌ സംഭവിക്കുന്നുണ്ട്‌. പള്‍സ്‌ പോളിയോ ഫീല്‍ഡ്‌ സ്റ്റാഫ്‌ പോളിയോ കൊടുത്തില്ലെങ്കില്‍ ഹജ്ജിന്‌ പോകാന്‍ കഴിയില്ലെന്നും സ്‌കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്നുമെല്ലാം പാവങ്ങളെ പറഞ്ഞുപറ്റിച്ച്‌ പോളിയോ നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്നെങ്കിലും കല്യാണം കഴിഞ്ഞ്‌ കുട്ടികളുണ്ടാകുമ്പോള്‍ റൂബല്ല വന്നാല്‍ പ്രശ്‌നമാകും എന്ന്‌ സ്‌കൂള്‍കുട്ടികളോട്‌ പറയുന്ന ആരോഗ്യവകുപ്പ്‌ അതിനേക്കാള്‍ മോശമായ പ്രചരണമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. കുട്ടികള്‍ക്കുണ്ടാകാനിടയുള്ള വൈകല്യങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ സ്വയംനിര്‍ണ്ണയാവകാശത്തിന്‌ മേല്‍ ദുസ്വാധീനമുണ്ടാക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌.


അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം
സ്‌കൂളുകള്‍ക്ക്‌ മേല്‍ പദ്ധതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നിരവധി സ്‌കൂളുകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്‌. കൊടുങ്ങല്ലൂരിലുള്ള എടവിലങ്ങ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കുട്ടികള്‍ക്കാര്‍ക്കും കുത്തിവയ്‌പ്പെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌. വയനാട്ടില്‍ ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ 10ല്‍ താഴെ മാത്രമാണ്‌ റൂബല്ല വാക്‌സിന്‍ എടുക്കാന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയിട്ടുള്ളത്‌. ഇത്തരം എതിര്‍പ്പുകള്‍ കാരണം പദ്ധതി ഒമ്പതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസിലേക്കും മാത്രമായി സര്‍ക്കാര്‍ ചുരുക്കുകയും ചെയ്‌തു. റൂബല്ല എടുക്കേണ്ടതില്ല എന്ന്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും അവകാശമുണ്ട്‌. സര്‍ക്കാറിന്‌ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. മരുന്ന്‌ വേണ്ട എന്നാണ്‌ തീരുമാനിക്കുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന പ്രത്യഘാതങ്ങള്‍ക്ക്‌ ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി പറഞ്ഞ്‌ രക്ഷകര്‍ത്താവ്‌ ഒപ്പിട്ടുനല്‍കണം. ഇതുതന്നെ സാധാരണക്കാരെ സമ്മര്‍ദ്ദത്തിലാക്കി, പരമാവധി കുട്ടികളില്‍ മരുന്ന്‌ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണ്‌.
ഡോക്‌ടര്‍മാര്‍ തന്നെ എതിര്‍ക്കുന്നു
റൂബല്ലയുടെ കാര്യത്തില്‍, മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി അലോപ്പതി ഡോക്‌ടര്‍മാരുടെ പക്ഷത്ത്‌ നിന്നുതന്നെ ശക്തമായ എതിര്‍പ്പ്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ്‌ റൂബല്ല കുത്തിവയ്‌പ്പിനെ വിമര്‍ശിച്ചുകൊണ്ട്‌ രംഗത്ത്‌ വന്നിരുന്നു. അതുപോലെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. മാധവന്‍കുട്ടി സ്‌കൂള്‍കുട്ടികള്‍ക്ക്‌ ഈ കുത്തിവയ്‌പ്പ്‌ എടുക്കേണ്ട ഒരാവശ്യവുമില്ലെന്ന്‌ പ്രതികരിച്ചിരുന്നു. ഹെപ്പറ്റൈറ്റിസ്‌ ബിയും പെന്റാവാലന്റും പോലെയുള്ള പുതുതലമുറ വാക്‌സിനുകള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചുള്ള വ്യക്തിയാണ്‌ അദ്ദേഹം. ഇങ്ങനെ നിരവധി ഡോക്‌ടര്‍ റൂബല്ലയ്‌ക്കെതിരെ രംഗത്ത്‌ വന്നിട്ടുണ്ട്‌.
തീരുമാനം നമ്മുടേതാണ്‌
അര്‍ത്ഥശങ്കയ്‌ക്ക്‌ ഇടയില്ലാത്തവിധം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച്‌ വാക്‌സിന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണപരാജയമാണ്‌. മരുന്നുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഫലപ്രാപ്‌തിയെക്കുറിച്ചും പൂര്‍ണ്ണമായ ഉറപ്പ്‌ ഇപ്പോഴും ആരോഗ്യമേഖലയിലെ വിദഗ്‌ധര്‍ക്കില്ല. പ്രതിരോധ മരുന്നുകളുടെ ചരിത്രം പരിശോധിച്ചാല്‍ അക്കാര്യത്തില്‍ അവര്‍ പരാജയം ആവര്‍ത്തിക്കുന്നതായാണ്‌ കാണാന്‍ കഴിയുന്നത്‌. പ്രതിരോധ മരുന്നുകള്‍ കാരണം മരണപ്പെടുകയും തളര്‍ന്നുപോവുകയും ചെയ്‌ത നിരവധി കുട്ടികളുടെ ഉദാഹരണങ്ങള്‍ നമുക്ക്‌ മുന്നിലുണ്ട്‌. വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ പരീക്ഷണ ഇരകളാകാന്‍ നമ്മുടെ കുട്ടികളെ ഇനിയും അനുവദിക്കാന്‍ പാടില്ല. മരുന്നില്‍ നിന്നും വിട്ടുനില്‍ക്കാനും വേണ്ടെന്ന്‌ തീരുമാനിക്കാനുമുള്ള അവകാശം നമ്മുടേതാണെന്ന്‌ മറക്കാതിരിക്കുക.

കടപ്പാട്‌ – കേരളീയം 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply