റിപ്പബ്ലിക്ക് ദിന പരസ്യവും ഒബാമയുടെ വാക്കുകളും

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിപ്പബ്ലിക്ക് ദിന പരസ്യത്തില്‍ മതേതര സോഷ്യലിസ്റ്റ് എന്ന് രേഖപ്പെടുത്താത്ത ഭരണഘടനയുടെ ചിത്രം നല്‍കിയത് വിവാദമാകുകയാണല്ലോ. അവ രണ്ടും ഇന്ത്യക്കാവശ്യമില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. അതേസമയം മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയിലെ അവസാനത്തെ പ്രസംഗത്തില്‍ ശക്തമായ ഭാഷയില്‍ ഒബാമ പ്രസംഗിച്ചത് സര്‍ക്കാരിനും ബിജെപിക്കും മോദിക്കും കനത്ത അടിയായി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക്ക് ദിന പരസ്യത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതര സോഷ്യലിസ്റ്റ് എന്ന ഭാഗം ഒഴിവാക്കിയത്. സംഗതി വവാദമായപ്പോള്‍ ഭരണ ഘടനയുടെ പഴയ ചിത്രം നല്‍കുക […]

mathamകേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിപ്പബ്ലിക്ക് ദിന പരസ്യത്തില്‍ മതേതര സോഷ്യലിസ്റ്റ് എന്ന് രേഖപ്പെടുത്താത്ത ഭരണഘടനയുടെ ചിത്രം നല്‍കിയത് വിവാദമാകുകയാണല്ലോ. അവ രണ്ടും ഇന്ത്യക്കാവശ്യമില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. അതേസമയം മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയിലെ അവസാനത്തെ പ്രസംഗത്തില്‍ ശക്തമായ ഭാഷയില്‍ ഒബാമ പ്രസംഗിച്ചത് സര്‍ക്കാരിനും ബിജെപിക്കും മോദിക്കും കനത്ത അടിയായി.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക്ക് ദിന പരസ്യത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതര സോഷ്യലിസ്റ്റ് എന്ന ഭാഗം ഒഴിവാക്കിയത്. സംഗതി വവാദമായപ്പോള്‍ ഭരണ ഘടനയുടെ പഴയ ചിത്രം നല്‍കുക വഴി യഥാര്‍ത്ഥ ഭരണഘടനയെ ആദരിക്കുകയായിരുന്നുവെന്നാണ് വാര്‍ത്താവിതരണ വകുപ്പ് സഹമന്ത്രി രാജ്യ വര്‍ധന്‍ സിംഗ് റാത്തോഡ് പ്രതികരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന 42ാം ഭേദഗതിയിലൂടെയാണ് മതനിരപേക്ഷം, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഈ ഭേദഗതിക്കുമുമ്പുള്ള ആമുഖത്തിന്റെ ചിത്രമാണ്  റിപബ്ലിക് ദിനപരസ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. അതേസമയം പരസ്യത്തെ ന്യായീകരിച്ച് ശിവസേന രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ആദ്യം സോഷ്യലിസ്റ്റ്, മതേതര പദങ്ങള്‍ ഉണ്ടായിരുന്നില്ല, 1975 ല്‍ ഇന്ദിരാഗാന്ധിയാണ് 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ ഈ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് എടുത്ത് കളയണമെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു.
ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍, ഈ അബദ്ധം സ്ഥിരമായി സംഭവിക്കട്ടെ എന്ന് മുതിര്‍ന്ന ശിവസേനാനേതാവ് സഞ്ജയ് റൗത്ത് എം.പി. പറഞ്ഞു. ഇന്ത്യ ഒരിക്കലുമൊരു മതനിരപേക്ഷ രാഷ്ട്രമായിരുന്നില്ല; ഹിന്ദുരാഷ്ട്രമാണിത്. മതനിരപേക്ഷം, സോഷ്യലിസ്റ്റ് എന്നീപദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് എന്നെന്നേക്കുമായി നീക്കംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം റൗത്ത് ആവശ്യപ്പെട്ടു.
ഇന്ത്യ ഒരിക്കലും മതനിരപേക്ഷമാകില്ലെന്ന് ഹൈന്ദവനേതാക്കള്‍ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു. ബാലാ സാഹെബ് താക്കറെയും അതിനുമുമ്പ് വീര്‍ സവര്‍ക്കറും പറഞ്ഞത് ഇന്ത്യ വിഭജിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടത് മുസ്ലിങ്ങള്‍ക്കുവേണ്ടിയായിരുന്നു. ബാക്കിയുള്ളഭാഗം ഹിന്ദുരാഷ്ട്രമാണെന്നും റൗത്ത് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി പ്രീണിപ്പിക്കുമ്പോള്‍, ഹിന്ദുക്കള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ ഇങ്ങനെ അവഗണിക്കപ്പെടണമെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നും റൗത്ത് പറഞ്ഞു.
എന്തായാലും തങ്ങളുടെ അജണ്ട രഹസ്യമായും പരസ്യമായും നടപ്പാക്കുമ്പോഴാണ് പ്രതീക്ഷിക്കാത്ത പ്രഹരം ഒബാമയില്‍ നിന്ന് കിട്ടിയത്.  യു.എസ്. പ്രസിഡന്റിന്റെ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമായി ആഘോഷിക്കപ്പെടുന്നതിനിടയിലാണ് മതസ്വാതന്ത്ര്യത്തെപ്പറ്റി ശക്തമായ ഭാഷയില്‍ ഒബാമ പ്രസംഗിച്ചത്. ‘ഘര്‍ വാപസി’ അടക്കമുള്ള വിവാദങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ഒബാമ ബോധപൂര്‍വമാണ് അവസാനത്തെ പ്രസംഗത്തില്‍ ഈ വിഷയം തിരഞ്ഞെടുത്തതെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. ചൈനയെപോലും അമ്പരപ്പിച്ച മോദി മാജിക്കിന് കനത്ത പ്രഹരം തന്നെയാണ് കിട്ടിയത്.
ഒബാമയുടെ പരാമര്‍ശത്തെ ഗൗരവമായി കാണേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെങ്കിലും  ആര്‍. എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും ഒബാമയുടെ പ്രസംഗത്തില്‍ അസ്വസ്ഥരാണ്.
ആണവ വ്യാപാര വികസന രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നീങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും മതസ്വാതന്ത്ര്യമടക്കമുള്ള നിര്‍ണായകവിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് യു.എസ്. പ്രസിഡന്റ്് നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മതേതരമൂല്യങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളോടുള്ള അന്താരാഷ്ട്ര പ്രതികരണമാണ് ഒബാമ നടത്തിയതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാരത്തിന്റെ നിഗൂഢമായ അജന്‍ഡകള്‍ക്കു സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെയും ഹാര്‍ദമായ പിന്തുണകൂടിയുണ്ടാകുമ്പോള്‍ സമൂഹം  മതത്തിന്റെ അടിസ്ഥാനത്തില്‍ വിഘടിക്കപ്പെടാനുള്ള സ്‌ഫോടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ഒബാമ സമകാലീന ഇന്ത്യന്‍ സ്ഥിതിവിശേഷത്തെപ്പറ്റി അതിശക്തമായ നിരീക്ഷണം നടത്തിയത്. പ്രസംഗം കേട്ട സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ കാണികളും ആഹഌദം പ്രകടിപ്പിച്ചു. പൊതുസമൂഹത്തിന്റെയും വ്യവസായ സമൂഹത്തിന്റെയുമൊക്കെ പ്രതിനിധികളായിരുന്നു ഒബാമയെ കേള്‍ക്കാനെത്തിയത്. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുചേ്ഛദം ചൂണ്ടിക്കാട്ടി ഒബാമ വ്യക്തമാക്കി. രാജ്യത്തിന്റെ പലയിടങ്ങളിലും നിര്‍ബന്ധിച്ചും അല്ലാതെയുമുള്ള മതപരിവര്‍ത്തനാഘോഷങ്ങള്‍ മുറയ്ക്കു നടക്കുമ്പോഴാണ് ഈ സംഭവം.
സ്വന്തം രാജ്യത്തു നടക്കുന്ന വര്‍ണവര്‍ഗ വിവേചനങ്ങളും അക്രമങ്ങളുമൊന്നും ഒബാമ കാണുന്നില്ലേ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അതിനെ വിമര്‍ശിക്കുകയുമാവാം. അപ്പോഴും അദ്ദേഹം ചൂണ്ടികാട്ടിയത് വളരെ പ്രസക്തമായ വിഷയം തന്നെ. അത് ഉചിതമാവുകയും ചെയ്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply