രോഹിത് വെമൂല കേരള കാര്‍ഷിക സര്‍വ്വകലാശാലയിലും

സര്‍വ്വകലാശാലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നിലകൊള്ളുന്ന യു.ജി.സി. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും അധ്യാപകരുടെ നിരുത്തരവാദിത്തം കൊണ്ടും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിക്ക് പി.എച്ച്.ഡി. നിഷേധിച്ച സംഭവം ഏറെ വിവാദമായെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. കേരളത്തിലെ നെല്ലിനങ്ങളെ കുറിച്ച് ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ച തമിഴ്‌നാട് സ്വദേശി ടി. രാജേഷിനാണ് കാര്‍ഷിക സര്‍വ്വകലാശാല പി.എച്ച്.ഡി. നിഷേധിച്ചത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ കൃഷിശാസ്ത്രത്തില്‍ എം.എസ്.സി. ബിരുദത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിയാണ് രാജേഷ്. 2012 ഒക്ടോബര്‍ മാസം […]

kau

സര്‍വ്വകലാശാലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നിലകൊള്ളുന്ന യു.ജി.സി. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും അധ്യാപകരുടെ നിരുത്തരവാദിത്തം കൊണ്ടും കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിക്ക് പി.എച്ച്.ഡി. നിഷേധിച്ച സംഭവം ഏറെ വിവാദമായെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. കേരളത്തിലെ നെല്ലിനങ്ങളെ കുറിച്ച് ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ച തമിഴ്‌നാട് സ്വദേശി ടി. രാജേഷിനാണ് കാര്‍ഷിക സര്‍വ്വകലാശാല പി.എച്ച്.ഡി. നിഷേധിച്ചത്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ കൃഷിശാസ്ത്രത്തില്‍ എം.എസ്.സി. ബിരുദത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിയാണ് രാജേഷ്.
2012 ഒക്ടോബര്‍ മാസം പി.എച്ച്.ഡി. പഠനത്തിന് യോഗ്യത നേടിയ രാജേഷ് തന്റെ ഗവേഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം 2014 മേയ് മാസത്തില്‍ത്തന്നെ ഗവേഷണ പ്രബന്ധത്തിന്റെ കരട് രൂപം കമ്മറ്റിയുടെ ചെയര്‍മാനായ ഡോ. വി.വി. രാധാകൃഷ്ണന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷവും എട്ടു മാസവും കഴിഞ്ഞിട്ടും രാജേഷിന്റെ ഗവേഷണ പ്രബന്ധം ആരും തൊട്ടില്ല. ഈ സാഹചര്യത്തിലാണ് രാജേഷ് കഴിഞ്ഞ ഫെബ്രുവരി 25 ന് സര്‍വ്വകലാശാല റജിസ്ടാര്‍ക്ക് പരാതി സമര്‍പ്പിച്ചത്.
ഇതിനിടെ കമ്മറ്റിയുടെ ചെയര്‍മാനായ ഡോ. വി.വി. രാധാകൃഷ്ണനും മറ്റൊരു മെമ്പറായ ഡോ. അമ്പിളി എസ്. നായരും കാര്‍ഷിക സര്‍വ്വകലാശാല സര്‍വ്വീസില്‍ നിന്ന് പോയിരുന്നു. പകരം ആരെയും തല്‍സ്ഥാനത്ത് നിയമിച്ചതുമില്ല. യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം സര്‍വ്വകലാശാല സര്‍വ്വീസില്‍ ഇല്ലാത്ത അധ്യാപകരുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തരുതെന്നുണ്ട്.
അഞ്ചു പേരടങ്ങുന്ന കമ്മറ്റിയിലെ ഡോ. സി.ആര്‍. എല്‍സി മാത്രമാണ് രാജേഷിന്റെ ഗവേഷണ പ്രബന്ധത്തിനോടും രാജേഷിനോടും വംശീയ വൈരാഗ്യവും വിവേചനവും കാണിച്ചതെന്നാണ് ആരോപണം. നെല്ലില്‍ വിശേഷാല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ. സി.ആര്‍. എല്‍സി പക്ഷെ വര്‍ഷങ്ങളായി സര്‍വ്വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജേഷിന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് കമ്മറ്റിയില്‍ വരാന്‍ യോഗ്യതയില്ലെന്നും ആരോപണമുണ്ട്.
യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം രാജേഷിന്റെ ഗവേഷണ പ്രബന്ധം വിലയിരുത്താന്‍ പത്തുതവണയെങ്കിലും കമ്മറ്റി കൂടേണ്ടതായുണ്ട്. എന്നാല്‍ ഇവിടെ കേവലം മൂന്നു തവണ മാത്രമാണ് കമ്മറ്റി കൂടിയത്.
വിഷയം വിവാദമായപ്പോള്‍ സര്‍വ്വകലാശാല അധികൃതര്‍ രാജേഷിനെ ഭീഷണിപ്പെടുത്തി പരാതി മരവിപ്പിച്ചിരിക്കുകയാണ്. രാജേഷ് പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കാത്തപക്ഷം രണ്ടു മാസങ്ങള്‍ക്കുള്ളില്‍ രാജേഷിന് പി.എച്ച്.ഡി. കൊടുക്കാമെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണെന്ന് അറിയാന്‍ കഴിയുന്നു.
പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ സര്‍വ്വകലാശാല ഈ വിഷയത്തില്‍ ഒരു അന്വേഷണത്തിന്ന് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അന്വേഷണ കമ്മറ്റിയില്‍ ഒരു ദളിത് അംഗം പോലുമില്ലെന്നത് രാജേഷിനോട് കാണിക്കുന്ന കടുത്ത അനീതിയാണെന്ന് മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വകലാശാല ഒരു ദളിത് അംഗത്തെക്കൂടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും രാജേഷിനോട് അനീതി കാണിച്ചവര്‍ തന്നെ അനീതി അന്വേഷിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന വസ്തുത നിലനില്‍ക്കുന്നു.
ഈ വിഷയം നാളിതുവരെ ദളിത് പീഡനം കൈകാര്യംചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിന്ന് കൈമാറിയിട്ടുമില്ല. മാത്രമല്ല ദളിത് പീഡനം കൈകാര്യം ചെയ്യാന്‍ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കേണ്ട കമ്മറ്റിയും കേരള കാര്‍ഷിക സര്‍വ്വകലാശാലയിലില്ല. അത്തരത്തില്‍ ഒരു കമ്മറ്റിയുടെ ആവശ്യമില്ലെന്നും സര്‍വ്വകലാശാല റജിസ്ട്രാര്‍ പറയുന്നു.
പി.എച്ച്.ഡി. പ്രബന്ധം അനാവശ്യമായി വച്ചുതാമസിപ്പിച്ച് ദളിതനായ തന്നെ പീഡിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജേഷിന്റെ പരാതിയില്‍ പറയുന്നത്. ”ഞാന്‍ ജാതീയമായ അയിത്തം അനുഭവിക്കുകയാണ്. മോശമായ പെരുമാറ്റം, മാനസിക പീഡനം, വിവേചനത്തിന്റെ പാരമ്യം, അവകാശ നിഷേധം. ഞാനൊരു നിര്‍ധന തമിഴ് ദലിത് കുടുംബത്തിലെ അംഗമാണ്. ജീവിക്കാന്‍ പോലും വകയില്ലാത്തവന്‍. അന്തസ്സോടെ ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാപരമായ അവകാശം എനിക്ക് നിഷേധിക്കപ്പെടുന്നു. ജാതി പീഡനത്തിന് ഇരയായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ് ഞാന്‍’ കുടുംബം പട്ടിണികിടന്ന് മിച്ചം വെച്ച പണം കൊണ്ട് തമിഴ്‌നാട് സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ കൃഷി ശാസ്ത്രത്തില്‍ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ വിജയിച്ച രാജേഷ് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച പരാതിയിലെ വാചകങ്ങളാണിത്.
വി.സിയെ കാണാനത്തെിയ രാജേഷ് ് മോഹാലസ്യപ്പെട്ടു വീണു. അതിനുപിറകെ രാജേഷിന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടില്‍നിന്ന് മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തത്തെി രാജേഷിനു വേണ്ടി നെഞ്ചത്തടിച്ചു കരഞ്ഞു.
രാജേഷിന്റെ പരാതിയില്‍ ‘പ്രതി’ ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും പരാതി ഒതുക്കാനാണ് അധികൃതരുടെ ശ്രമം. വിദ്യാര്‍ഥി ക്ഷേമത്തിന്റെ ചുമതലയുള്ള ഒരു അധ്യാപകനാണ് ‘പ്രതി’യെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതത്രേ. വനിതാ പ്രഫസര്‍ തന്നോട് തുടക്കം മുതല്‍ പകയോടെ പെരുമാറിയിരുന്നുവെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് രാജേഷ് പരാതിപ്പെട്ടു. 2012 ഫെബ്രുവരി 10ന് വൈവ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ ഈ അധ്യാപിക വിമുഖത കാണിച്ചു. അസോസിയേറ്റ് ഡീന്‍ നിര്‍ബന്ധിച്ചിട്ടും അവര്‍ ഒപ്പിട്ടില്ല. ഇതേക്കുറിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതി, അധ്യാപികയോട് തിസീസ് സമര്‍പ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഫലം മറിച്ചാണുണ്ടായത്. ഗവേഷണത്തിന് സഹായിക്കുന്ന ഉപദേശക സമിതിയില്‍ അംഗമായ വകുപ്പ് മേധാവി രാജേഷിന്റെ തിസീസിന്റെ കരട് സ്വീകരിക്കാന്‍ പോലും തയാറായില്ല. വിവരം പുറത്തായതോടെ വ്യാഴാഴ്ച പ്രസ്തുത അധ്യാപികക്ക് അനുകൂലമായി വിദ്യാര്‍ഥികളെക്കൊണ്ട് ഒപ്പ് ശേഖരണം നടത്തിക്കുകയാണ് സര്‍വകലാശാലയിലെ ചിലര്‍ ചെയ്തത്.
നാലുവര്‍ഷമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തിയ രാജേഷ് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന്റെ യഥാര്‍ത്ഥ മൂല്യനിര്‍ണ്ണയം, സംഭവം വിവാദമായ സാഹചര്യത്തില്‍ സര്‍വ്വകലാശാലക്ക് പുറത്തുള്ള ഗവേഷണ ഏജന്‍സികള്‍ നടത്തുകയാണ് വേണ്ടതെന്ന ആവശ്യം ശക്തമാണ്. അല്ലാത്ത പക്ഷം പ്രശ്‌നം ഒതുക്കി തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ടവരെ രക്ഷപ്പെടുത്താനും സര്‍വ്വകലാശാല ശ്രമിക്കാതിരിക്കില്ല എന്ന ആശങ്കയാണ് ഈ ആവശ്യത്തിനു കാരണം..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply