രൂപ എങ്ങോട്ട്? ഇനിയെന്ത്?

ഡോ. സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി ഒരു പതിറ്റാണ്ടിലേറെകാലമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് സ്ഥിരതയാര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു ഡോളറിന് 40-45 രൂപ നിരക്കില്‍ അതു തുടര്‍ന്നുപോന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റ്മാസം മുതല്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി. ഇപ്പോഴത് ചരിത്രത്തിലാദ്യമായി 61 രൂപയുടെ നിലവാരത്തിലേക്ക് നിലംപൊത്തിയിരിക്കുന്നു. പ്രളയമോ വരള്‍ച്ചയോട വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന് ജനങ്ങളെ വലയ്ക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വിലകൂടുകയെന്നതാണ് ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത് ചരക്കുകൂലി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ […]

Indian-Rupee-vs-US-Dollar

ഡോ. സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി

ഒരു പതിറ്റാണ്ടിലേറെകാലമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് സ്ഥിരതയാര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു ഡോളറിന് 40-45 രൂപ നിരക്കില്‍ അതു തുടര്‍ന്നുപോന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റ്മാസം മുതല്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി. ഇപ്പോഴത് ചരിത്രത്തിലാദ്യമായി 61 രൂപയുടെ നിലവാരത്തിലേക്ക് നിലംപൊത്തിയിരിക്കുന്നു. പ്രളയമോ വരള്‍ച്ചയോട വരുത്തുന്ന ദുരന്തംപോലെ കോടിക്കണക്കിന് ജനങ്ങളെ വലയ്ക്കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച. നാം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതാകയാല്‍ പെട്രോളിനും ഡീസലിനും വിലകൂടുകയെന്നതാണ് ഉടന്‍ പ്രതീക്ഷിക്കാവുന്ന ദുരന്തം. അത് ചരക്കുകൂലി വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഏതാണ്ട് എല്ലാ അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിക്കുവാന്‍ ഇത് സാഹചര്യമൊരുക്കും. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍എന്നിവയുടെ വില വര്‍ദ്ധിക്കുക തന്നെ ചെയ്യും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ദ്ധിക്കുമ്പോള്‍ അത് സാധാരണക്കാരനെ കൂടുതലായി ബാധിക്കും. രൂപയുടെ മൂല്യത്തകര്‍ച്ച സാധാരണക്കാരനെ കൂടുതലായി ബാധിക്കുന്ന മറ്റൊരു മേഖലയാണ് പലിശനിരക്ക്.
രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കും. ദുസ്സഹമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം ഈയിടെയായി ഒന്നു മയപ്പെട്ടു വന്നതായിരുന്നു. കഴിഞ്ഞ മെയ് മാസത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ പണപ്പെരുപ്പം 4.7 ശതമാനമായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമെത്തിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്കുകള്‍ വായ്പകളില്‍ ഈടാക്കുന്ന പലിശനിരക്ക് കുറയ്ക്കണമെന്ന് റിസര്‍വ്വ് ബാങ്കിനുമേല്‍ സമ്മര്‍ദ്ദം ഏറി വരികയുമായിരുന്നു. അധികം വൈകാതെ അത്തരമൊരു നീക്കം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകും. അതുകൊണ്ട് ബാങ്കുവായ്പാ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. മൂല്യശോഷണം മയപ്പെട്ടില്ലെങ്കില്‍ പലിശനിരക്കുകള്‍ ഇനിയും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഭവനവായ്പകള്‍, ചെറുകിട ഇടത്തരം വായ്പകള്‍, വാഹനവായ്പ എന്നിവയുടെ നിരക്കുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നതിനാല്‍ സാധാരണക്കാരന്റെ ഈ മേഖലയിലുള്ള ഭാരവും വര്‍ദ്ധിച്ചുതന്നെയിരിക്കും.
കാരണങ്ങള്‍
പ്രധാനമായും രണ്ട് കാരണങ്ങളാണ് രൂപയുടെ മൂല്യശോഷണത്തിന് ഇടയാക്കുന്നത്. ഇന്ത്യയുടെ വ്യാപാരകമ്മിയാണ് ആദ്യത്തെ കാരണം. ഇന്ത്യ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നു. ഇത്തരം വ്യാപാരക്കമ്മി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ മൂന്നുശതമാനം കവിഞ്ഞാല്‍ അപായസൂചനയാണ്. എന്നാലിത് കഴിഞ്ഞ സാമ്പത്തികവര്‍ഷം അഞ്ചുശതമാനത്തിലെത്തി. അപകടകരമായ നിലവാരമാണത്. ഈവര്‍ഷവും വ്യാപാരക്കമ്മി നാലുശതമാനത്തില്‍ താഴെകൊണ്ടുവരാന്‍ കഴിയുമെന്നു തോന്നുന്നില്ല. 180 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഇപ്പോള്‍ നിലവിലുള്ളത്.
വ്യാപാരക്കമ്മിയെ സാധാരണയായി കൈകാര്യം ചെയ്യാന്‍ സഹായകരമാവുന്നത് വിദേശ നിക്ഷേപമാണ്. എന്നാല്‍ ഈയിടെയായി വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍നിന്ന് പിന്‍വലിയുകയാണ്. അങ്ങനെ വ്യാപാരക്കമ്മിയും വിദേശനിക്ഷേപത്തിലെ ശോഷണവും ഒരുമിച്ചുചേര്‍ന്നപ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഉതകിയ സാഹചര്യമൊരുക്കി. നിര്‍ഭാഗ്യവശാല്‍ ഈ രണ്ട് പ്രവണതകളും പരസ്പര വര്‍ദ്ധകങ്ങളാണ്. രൂപയുടെ മൂല്യശോഷണം വിദേശനിക്ഷേപത്തെ നിരുത്സാഹപ്പെടുത്തും. വിദേശനിക്ഷേപം കുറയുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ശോഷിക്കും,.
ഇനിയെങ്ങോട്ട്?
ജൂലൈ 8ന് ഡോളര്‍-രൂപ വിനിമയനിരക്ക് 61 രൂപയെന്ന സീമയും മുറിച്ചുകടന്നു. റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍മൂലം അത് കുറച്ചൊന്നു താഴോട്ടുവന്നു. അറുപതു രൂപയ്ക്ക് മുകളിലായിട്ടുണ്ട്. രൂപ ഇനിയെങ്ങോട്ട് എന്ന ചോദ്യം ഭയപ്പാടോടെ നാം നോക്കിക്കൊണ്ടിരിക്കുകയാണ്.
സമ്പദ് വ്യവസ്ഥയില്‍ ഉല്‍പാദനവും കയറ്റുമതിയും വര്‍ദ്ധിക്കാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാന്‍ തരമില്ല. ഊഹക്കച്ചവടത്തിനേര്‍പ്പെടുത്തിവരുന്ന വിലക്കും ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിനുള്ള നടപടികളും സ്ഥിതിയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ വരുത്തുവാന്‍ സാധ്യതയുള്ളൂ. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ നിരക്കുവര്‍ധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇനിയും കൂട്ടുവാന്‍ സാധ്യതയുണ്ട്. നമ്മുടെ ഇറക്കുമതിയില്‍ എണ്ണയും സ്വര്‍ണ്ണവും ആണ് ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത്. പക്‌ഷേ എണ്ണപോലെ സ്വര്‍ണ്ണം അവശ്യവസ്തുവല്ലല്ലോ.
ലോകത്തില്‍ സ്വര്‍ണ്ണത്തിന്റെ ഉപഭോഗം ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയിലാണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണത്തിന്റെ ഉപഭോഗം കേരളത്തിലുമാണ്. അതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിനിരക്കു വര്‍ദ്ധനയും നിയന്ത്രണങ്ങളും കേരളത്തെയായിരിക്കും കൂടുതല്‍ ബാധിക്കുക.
രൂപയുടെ മൂല്യശോഷണം വരുത്തുന്ന പണപ്പെരുപ്പവും പലിശനിരക്കുവര്‍ദ്ധനയുമൊക്കെ ജീവിതഭാരം കൂടുതല്‍ ദുസ്സഹമാക്കും. ഇനിയെങ്ങോട്ട് എന്നതിന് കൃത്യമായ ഉത്തരം ലഭിക്കാനിടയില്ല. എങ്കിലും ഡോളറിന് 63 രൂപ വരെ ഉയര്‍ന്ന് പിന്നീട് താഴ്ന്ന് വരുന്നതിനുള്ള സാധ്യത ചിലര്‍ ചൂണ്ടികാണിക്കുന്നു. എങ്കിലും പഴയ നിലവാരങ്ങളിലേക്ക് തിരിച്ചുവരിക എളുപ്പമല്ല. 59 രൂപയുടെ ഓരങ്ങളില്‍ തല്‍ക്കാലം അത് ചെന്ന് നില്‍ക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply