രാഹുല്‍ : തെറ്റായ തീരുമാനം

അങ്ങനെ ഏറെദിവസമായി കാത്തിരുന്ന, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന പ്രഖ്യാപനം വന്നു. സ്വാഭാവികമായും യുഡിഎഫ് ആഹ്ലാദതിമര്‍പ്പിലാണ്. എല്‍ഡിഎഫ് ആശങ്കയിലും. എന്‍ഡിഎയാകട്ടെ ഈ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വരുന്ന രണ്ടുമൂന്നുദിവസങ്ങള്‍ ഇക്കാര്യത്തില്‍ വളരെ നിര്‍ണ്ണായകമാകുമെന്നുറപ്പ്. എന്തൊക്കെ ന്യായീകരണമുണ്ടാകാമെങ്കിലും ഈ തീരുമാനം രാഷ്ട്രീയമായി ശരിയാണെന്നു പറയാനാകില്ല. പിണറായി വിജയന്‍ സൂചിപ്പിച്ച പോലെ ഈ തീരുമാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസന്ദേശം സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ തെറ്റുതന്നെയാണ്. പോയവാരത്തിലെ ചര്‍ച്ചകളില്‍ പലരുമത് ചൂണ്ടികാണിച്ചതാണ്. തീര്‍ച്ചയായും ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയിലും മത്സരിക്കുക […]

rr2

അങ്ങനെ ഏറെദിവസമായി കാത്തിരുന്ന, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന പ്രഖ്യാപനം വന്നു. സ്വാഭാവികമായും യുഡിഎഫ് ആഹ്ലാദതിമര്‍പ്പിലാണ്. എല്‍ഡിഎഫ് ആശങ്കയിലും. എന്‍ഡിഎയാകട്ടെ ഈ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനമെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വരുന്ന രണ്ടുമൂന്നുദിവസങ്ങള്‍ ഇക്കാര്യത്തില്‍ വളരെ നിര്‍ണ്ണായകമാകുമെന്നുറപ്പ്.
എന്തൊക്കെ ന്യായീകരണമുണ്ടാകാമെങ്കിലും ഈ തീരുമാനം രാഷ്ട്രീയമായി ശരിയാണെന്നു പറയാനാകില്ല. പിണറായി വിജയന്‍ സൂചിപ്പിച്ച പോലെ ഈ തീരുമാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസന്ദേശം സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ തെറ്റുതന്നെയാണ്. പോയവാരത്തിലെ ചര്‍ച്ചകളില്‍ പലരുമത് ചൂണ്ടികാണിച്ചതാണ്. തീര്‍ച്ചയായും ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയിലും മത്സരിക്കുക എന്ന രാഹുലിന്റെ തീരുമാനം ശരിയാണ്. ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് അത് നല്‍കുന്ന ആവേശം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. ദക്ഷിണേന്ത്യയിലെ മൂന്നു പ്രധാന സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ് വയനാടെന്ന വാദവും അംഗീകരിക്കാം. നരേന്ദ്രമോദിയുടെ 5 വര്‍ഷങ്ങള്‍ ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ ഒരു വിടവുണ്ടാക്കിയെന്നും അതിനിടയിലെ ഒരു സ്‌നേഹപാലമാണ് രാഹുല്‍ എന്ന ഹൈക്കമാന്റിന്റെ വാദവും ഒരു പരിധി വരെ ശരിയാണ്. ഒരു പരിധി വരെ എന്നു പറയാന്‍ കാരണമുണ്ട്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ നിലവിലെ വിടവ് മോദിയുടെ സൃഷ്ടിയല്ല. അത് ചരിത്രപരമാണ്. ചരിത്രപരമായി തന്നെ നിരവധി വൈവിധ്യങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈവിധ്യമാണ് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മില്‍ നില നില്‍ക്കുന്നത്. അതു കൃത്രിമമായി ഇല്ലാതാക്കാന്‍ സാധ്യമല്ല. അങ്ങനെ ഇല്ലാതാക്കേണ്ടതുമല്ല. അതേസമയം മോദി ഈ വിടവിനെ രൂക്ഷമാക്കി എന്നതു ശരിയാണ്. തങ്ങള്‍ക്ക ഏറെക്കുറെ അപ്രാപ്യമായ ദക്ഷിണേന്ത്യയോട് മോദി സര്‍ക്കാരിന്റേത് പൊതുവില്‍ നിഷേധാത്മക സമീപനം തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ഭാവി തീരുമാനിച്ചിരുന്നത് പൊതുവില്‍ ഉത്തരേന്ത്യന്‍ കോര്‍പ്പറേറ്റുകളായിരുന്നെങ്കില്‍ ഇപ്പോളതിന്റെ ശക്തികൂടിയിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കാപ്പം ഉത്തരേന്ത്യന്‍ ഹിന്ദുത്വ രാഷ്ട്രീയ പ്രസഥാനവുമായി അത് ഉറ്റ ചങ്ങാത്തത്തിലാണ്. ഈ സാഹചര്യത്തില്‍ ഈ വിടവിനെ ഇല്ലാതാക്കാനാണ് രാഹുല്‍ മത്സരിക്കുന്നതെന്നും അത് ദേശീയ ഉദ്ഗ്രഥനത്തെ സഹായിക്കുമെന്നും തീര്‍ച്ചയായും കോണ്‍ഗ്രസ്സിനു വാദിക്കാം. തെരഞ്ഞെടുപ്പുവേളയില്‍ അതൊരു പരിധിവരെ സ്വീകരിക്കപ്പെടുകയും ചെയ്യും.
കാര്യങ്ങള്‍ ഇങ്ങനെയായാലും രാഹുല്‍ മത്സരിക്കേണ്ടത് ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകത്തിലായിരുന്നു എന്ന വാദം പ്രസക്തം തന്നെയാണ്. കേരളമടക്കം മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ അല്ലാത്തിടത്തോളം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഷ്ട്രീയമായ ശരി കാണാന്‍ എളുപ്പമല്ല. വയനാട്ടില്‍ രാഹുലിന്റെ പ്രധാന എതിരാളി സിപിഐ ആണെന്നോര്‍ക്കണം. സിപിഐക്കാരനോ
ട് മത്സരിച്ചാണോ ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ ലോകസഭയിലെത്തേണ്ടത്? തീര്‍ച്ചയായും അത് ബിജെപിക്കാരനോട് മത്സരിച്ചാകണമായിരുന്നു. കര്‍ണ്ണാടകത്തില്‍ അതിനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അതല്ല സംഭവിച്ചത്. ഈ വിഷയം സ്വാഭാവികമായും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നുറപ്പ്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന സിപിഎം തൊട്ടടുത്ത സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാമെന്നു പറഞ്ഞു വോട്ടുചോദിക്കുന്നില്ലേ എന്ന വിശദീകരണം ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. അതുപോലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സഖ്യങ്ങളാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പിനുശേഷം അതെല്ലാം മറന്ന് എന്‍ഡിഎക്കെതിരെ വിശാല ഐക്യമുണ്ടാകുമെന്നുമുള്ള വിശദീകരണവും ഇതിനുപോര. കാരണം മത്സരിക്കുന്നത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് എന്നതുതന്നെ. അതുകൊണ്ടാണല്ലോ അമേഠിയില്‍ എസ് പിയും ബി എസ് പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് നിര്‍ത്തരുത് എന്നു പറയുന്നതും ന്യായമല്ല. കാരണം അങ്ങനെ ചെയ്താല്‍ അതു ഗുണകരമാകുക ഇപ്പോള്‍ മൂന്നാം സ്ഥാനം മാതരമുള്ള ബിജെപിക്കാകുമെന്നതുതന്നെ.
പുതിയ സാഹചര്യത്തെ മറികടക്കാന്‍ തന്ത്രപൂര്‍വ്വമായ ശ്രമങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടാകുമെന്നുറപ്പ്. ഒരുപക്ഷെ അഖിലേന്ത്യാതലത്തിലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ അവര്‍ കൊണ്ടുവരാം. അമേഠിയില്‍ നിന്ന് ഭയപ്പെട്ടാണ് രാഹുല്‍ വയനാട്ടിലെത്തിയെതെന്ന പ്രചരണം ശക്തമാകാം. അതിനെ നേരിടാന്‍ പ്രിയങ്ക, മോദിക്കെതിരെ മത്സരിക്കുന്ന വാര്‍ത്തയും വരുന്നുണ്ട്. മോദിയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കാം. എന്തായാലും കേരളത്തിലെ മാത്രമല്ല, അഖിലേന്ത്യാതലത്തില്‍തന്നെ രാഷ്ട്രീയരംഗത്തെ ഏറെ സജീവമാക്കാന്‍ ഈ സ്ഥാനാര്‍ത്ഥിത്വം സഹായകരമാകുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply