രാഷ്ട്രീയനേതാക്കളും അഴിമതിയും

അഴിമതിക്കേസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ പൊളിറ്റ്ബ്യൂറോ അംഗം ബോ സിലായിക്കു ജീവപര്യന്തം തടവ് എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതല്ല. കാരണം അഴിമത് ലോകവ്യാപകമാണ് എന്നതുതന്നെ. അത് ഫാസിസ്റ്റ് ഘടനയായാലും മതരാഷ്ട്രമായാലും ജനാധിപത്യ രാഷ്ട്രമായാലും സോഷ്യലിസ്റ്റായാലും വലിയ അന്തരമില്ല. ഇത്തരം രാജ്യങ്ങൡ നിന്നെല്ലാം വന്‍തോതിലാണ് അഴിമതി കഥകള്‍ പുറത്തുവരുന്നത്. ബോ സിലായിക്കെതിരെ കൈക്കൂലി, പണാപഹരണം, അധികാരദുര്‍വിനിയോഗം എന്ന മൂന്നു കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നാണ് കോടതി വിധി. അഴിമതിക്കു ജീവപര്യന്തം, പണാപഹരണത്തിനു 15 വര്‍ഷം, അധികാരദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷം എന്നിങ്ങനെയാണു […]

images
അഴിമതിക്കേസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ പൊളിറ്റ്ബ്യൂറോ അംഗം ബോ സിലായിക്കു ജീവപര്യന്തം തടവ് എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതല്ല. കാരണം അഴിമത് ലോകവ്യാപകമാണ് എന്നതുതന്നെ. അത് ഫാസിസ്റ്റ് ഘടനയായാലും മതരാഷ്ട്രമായാലും ജനാധിപത്യ രാഷ്ട്രമായാലും സോഷ്യലിസ്റ്റായാലും വലിയ അന്തരമില്ല. ഇത്തരം രാജ്യങ്ങൡ നിന്നെല്ലാം വന്‍തോതിലാണ് അഴിമതി കഥകള്‍ പുറത്തുവരുന്നത്.
ബോ സിലായിക്കെതിരെ കൈക്കൂലി, പണാപഹരണം, അധികാരദുര്‍വിനിയോഗം എന്ന മൂന്നു കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നാണ് കോടതി വിധി. അഴിമതിക്കു ജീവപര്യന്തം, പണാപഹരണത്തിനു 15 വര്‍ഷം, അധികാരദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷം എന്നിങ്ങനെയാണു തടവ്. അവിഹിത വ്യാപാര ഇടപാടുമായി ബന്ധപ്പെട്ടു ബ്രിട്ടിഷ് ബിസിനസുകാരന്‍ നീല്‍ ഹെവുഡിനെ വിഷം നല്‍കി കൊന്ന കേസില്‍ ബോയുടെ ഭാര്യ ഗു കൈലായും ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ്. ചൈനയില്‍ അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പൊളിറ്റ്ബ്യൂറോ അംഗമാണു ബോ സിലായി. നേരത്തേ പിബി അംഗം ചെന്‍ ലിയാങ്യു 18 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം പോലും ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുമ്പോള്‍, അഴിമതി സര്‍വ്വവ്യാപിയാണെന്ന ന്യായീകരണം ശരിയാണോ? ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നഭിമാനിക്കുന്ന ഇന്ത്യയുടെ അവസ്ഥ നമുക്കറിയാം. അതുകൊണ്ടുതന്നെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു പരിശോധിക്കേണ്ടതാണ്. തീര്‍ച്ചയായും ഉദ്യോഗസ്ഥരിലും അഴിമതി വ്യാപകമാണ്. ജനാധിപത്യത്തിന്റെ നാലു തൂണുകളും ഇന്ന് അഴിമതിയില്‍ നിന്ന് വിമുക്തമല്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയുടെ മാനങ്ങള്‍ ഏറെയാണ്. കാരണം അവര്‍ നിസ്വാര്‍ത്ഥരായി ജനസേവനം ചെയ്യുകയാണെന്നാണല്ലോ വെപ്പ്. ജീവിതം സമൂഹത്തിനായി മാറ്റി വെച്ചവര്‍. രാഷ്ട്രീയ രംഗത്തെ അഴിമതിക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രതിഫലനം മറ്റുമേഖലകളിലും ഉണ്ടാകുമെന്നുറപ്പ്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ഇന്ന് ശ്രമിക്കേണ്ടത്.
രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പം തന്നെ അടിമുടി മാറണം. നമുക്കെന്തിനാണ് മുഴുവന്‍ സമയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും? രാഷ്ട്രീയ പ്രവര്‍ത്തകരും അല്ലാത്തവരും എന്ന വിഭജനം തന്നെ ഇല്ലാതാകണം. എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകരാകണം. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമായി മാറുന്ന അവസ്ഥ ഇല്ലാതാകണം. സത്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമായി മാറുന്ന അവസ്ഥയാണ് അഴിമതിക്ക് ഒരു പ്രധാന കാരണം. ഒരു വരുമാനവുമില്ലാത്ത കുട്ടിനേതാക്കള്‍ പോലും ആഡംബരകാറുകളിലും വിമാനത്തിലും മറ്റും കറങ്ങുന്നത് അഴിമതിയിലൂടെ തന്നെയാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. എല്ലാവരും തൊഴില്‍ ചെയ്ത് ജീവിക്കുന്ന പോലെ സ്വന്തമായി തൊഴില്‍ ചെയ്ത് വേണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പല കേന്ദ്രങ്ങളിലും ലഭിക്കുന്ന മുന്‍ഗണനകള്‍ അവസാനിപ്പിക്കണം. തങ്ങളെ തീറ്റിപോറ്റേണ്ടത് സമൂഹമാണെന്ന ചിന്താഗതിയാണ് പല രാഷ്ട്രീയക്കാര്‍ക്കുമുള്ളത്. റഷ്യന്‍ വിപ്ലവസമയത്ത് ലെനിനും സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയുമൊക്കെ മുഴുവന്‍ സമയ കേഡര്‍മാരെ ആവശ്യപ്പെട്ട്ടിരിക്കാം. ഇന്ന് ആ അവസ്ഥയല്ല. കേഡര്‍മാരല്ല, മറിച്ച് മുഴുവന്‍ പേരും ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകണം.
അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മാത്രമല്ല ഒരാള്‍ക്ക് ഒരു തവണ മാത്രമേ മത്സരിക്കാന്‍ അവസരം കൊടുക്കാവൂ. അങ്ങനെ ഭരിക്കുന്നവര്‍ മാറിമാറി വരട്ടെ. അക്കാലയളവില്‍ ജോലിയില്‍ നിന്ന് ലീവെടുക്കാമല്ലോ. അതുവഴി ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന വിഭജനം കുറഞ്ഞുവരണം. ഏതു സ്ഥാപനത്തിന്റേയും സംഘടനയുടേയും വരുമാനം പരിശോധിക്കാന്‍ നിയമമുള്ള നാട്ടില്‍ പാര്‍ട്ടികളെ അതില്‍ നിന്ന് ഒഴിവാക്കരുത്. പാര്‍ട്ടികളുടെ വരവു ചിലവു കണക്കുകളും ഓഡിറ്റ് ചെയ്യണം. വിവരാവകാശനിയം പാര്‍ട്ടികള്‍ക്കും ബാധകമാക്കണം. നേതാക്കള്‍ക്ക് പണം പുറത്തേക്ക് കടത്തി സുരക്ഷിതമാക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണം. രാഷ്ട്രീയനേതാക്കളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ കമ്മീഷനുകള്‍ക്ക് അവസാനം കണ്ടെത്താന്‍ വാങ്ങല്‍ – കൊടുക്കലുകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുതിയ രീതികള്‍ ആവിഷ്‌കരിക്കണം. അതോടൊപ്പം ഭരണവ്യവസ്ഥയേയും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സുതാര്യമാക്കണം. ഒപ്പം അധികാരം പരമാവധി വികേന്ദ്രീകരിക്കണം. അതും അഴിമതി കുറക്കാന്‍ സഹായകരമാകും. മുഴുവന്‍ അധികാരകേന്ദ്രങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്ത്രീ നേതൃത്വങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
നമ്മുട ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ജനങ്ങള്‍ക്ക് നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ തോല്‍പ്പിക്കാമെന്നു പറയാമെങ്കിലും ഇരുപക്ഷക്കാരും അങ്ങനെയായല്‍ എന്തായിരിക്കും അവസ്ഥ. മാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായിരിക്കും സജീവം. തിരിച്ചുവിളിക്കാനുള്ള അവകാശവും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. അവിടെയാണ് അന്നാഹസാരേയും മറ്റും ഉന്നയിച്ച ലോക്പാലിന്റെ പ്രസക്തി. എന്നാല്‍ അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയണമെന്നുമാത്രം. അതോടൊപ്പം ജനങ്ങളുടെ വോട്ടുനേടാതെ ആരും അധികാരത്തിലെത്തരുത്. നമ്മുടെ പ്രധാനമന്ത്രിപോലും അത് നേടിയിട്ടില്ല എന്നതാണ് വൈരുദ്ധ്യം.
തീര്‍ച്ചയായും ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് പ്രാധാന്യം. അവരെ തള്ളിപ്പറഞ്ഞ് അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല. എന്നാല്‍ അത്തരത്തില്‍ ജനം മാറുന്നതില്‍ തങ്ങള്‍ക്കും ഉത്തരവാദിത്തമില്ലേ എന്നാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടത്. രാഷ്ട്രീയരംഗം ശുദ്ധീകരിക്കപ്പെടുമ്പോള്‍ അത് മറ്റുമേഖലകളിലും ഗുണകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നേരത്തെ സൂചിപ്പിച്ച അധികാരരൂപങ്ങളില്‍ തമ്മില്‍ ഭേദം ജനാധിപത്യമാണെങ്കില്‍ അതിനെ മുന്നോട്ടുകൊണ്ടുപോകാനാണ് നാം ശ്രമിക്കേണ്ടത്. അഴിമതിക്കെതിരെ സമരങ്ങള്‍ നടത്തുമ്പോഴും അത് ശാശ്വതമായി ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഉണ്ടാകേണ്ടത്. ആ ദിശയിലൊരു ചിന്തയെങ്കിലും ആരംഭിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply