രാഷ്ട്രീയം പറയാത്ത തെരുവുയുദ്ധങ്ങള്‍

എന്താണ് വരുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയം? ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് പച്ചയായ രാഷ്ട്രീയമല്ലേ? തെരഞ്ഞെടുപ്പിനെ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കുകയല്ലേ വേണ്ടത്? നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. മാധ്യമങ്ങള്‍ക്ക് പലപ്പോഴും അജണ്ട നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണല്ലോ. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ സൃഷ്ടിക്കുന്ന അജണ്ട കേവലം പ്രാദേശിക വിഷയങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ എം പി ഫണ്ട് എങ്ങനെ ചിലവഴിച്ചു, ഇനി എങ്ങനെ ചിലവഴിക്കും എന്നതിലാണ് […]

x

എന്താണ് വരുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയം? ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് പച്ചയായ രാഷ്ട്രീയമല്ലേ? തെരഞ്ഞെടുപ്പിനെ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കുകയല്ലേ വേണ്ടത്?
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. മാധ്യമങ്ങള്‍ക്ക് പലപ്പോഴും അജണ്ട നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണല്ലോ. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ സൃഷ്ടിക്കുന്ന അജണ്ട കേവലം പ്രാദേശിക വിഷയങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ എം പി ഫണ്ട് എങ്ങനെ ചിലവഴിച്ചു, ഇനി എങ്ങനെ ചിലവഴിക്കും എന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പേരുകളില്‍ നേതാക്കളേയും സ്ഥാനാര്‍ത്ഥികളേയും ജനങ്ങളേയും അണിനിരത്തി മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ നോക്കൂ. ഇതാണ് അവരുടെ പ്രധാന ചര്‍ച്ചാവിഷയം. പിന്നെയല്‍പ്പം കസ്തൂരിരംഗന്‍. തീര്‍ച്ചയായും മറ്റു ചില പരിപാടികളില്‍ രാഷ്ട്രീയചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഈ രണ്ടുവിഷയത്തില്‍ ഒതുക്കുന്ന പ്രവണതയാണ് കാണുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ കണ്ട ചര്‍ച്ചയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകമായത്. തൃശൂര്‍ നിയോജക മണ്ഡലത്തിലെ ചര്‍ച്ചയായിരുന്നു. ജയിച്ചാല്‍ എന്താണു ചെയ്യുക എന്ന ചോദ്യത്തിനു യുഡിഎഫ്, എല്‍ഡിഫ്, ബിജെപി പ്രതിനിധികള്‍ മണ്ഡലത്തില്‍ അതുചെയ്യും, ഇതുചെയ്യും എന്നൊക്കെ പറഞ്ഞു. ആം ആദ്മി സ്ഥാനാര്‍ത്ഥി സാറാജോസഫ്, ജനലോക്പാല്‍ പാസ്സാക്കുമെന്നു പറഞ്ഞപ്പോള്‍ സദസ്സും അവതാരകനും അവരോടാവശ്യപ്പെട്ടത് തൃശൂരില്‍ എന്തു ചെയ്യുമെന്ന് പറയൂ എന്ന്? പഞ്ചായത്തിലേക്കോ മുന്‍സിപ്പാലിറ്റിയിലേക്കോ നടക്കുന്ന തെരഞ്ഞെടുപ്പുപോലെയാണ് ഈ തെരഞ്ഞെടുപ്പിനേയും നോക്കികാണുന്നതെന്ന് വ്യക്തം.
എം പി ഫണ്ട് ഉപയോഗിക്കുക എന്ന ക്ലറിക്കല്‍ ജോലിക്ക് ഒരു എംപി വേണോ? അതെല്ലാം എംപിയുടെ സ്റ്റാഫ് ചെയ്യേണ്ട കാര്യം മാത്രം. പാലം, റോഡ്, സ്‌കൂള്‍ കെട്ടിടം, ആശുപത്രി കെട്ടിടം, കുടിവെള്ളവിതരണസംവിധാനം തുടങ്ങിയവയൊക്കെയാണ് എംപി ഫണ്ടുപയോഗിച്ച് ചെയ്യുന്നത്. അതിലെ ഏറ്റക്കുറച്ചിലുകളല്ല ഈ തെരഞ്ഞെടുപ്പിലെ അജണ്ട. മറിച്ച് വര്‍ഗ്ഗീയ ഫാസിസത്തിനും അഴിമതിക്കും മുന്നില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന ജനാധിപത്യത്തെ തിരിച്ചുപിടിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. അതാണ് ചര്‍ച്ച ചെയ്യേണ്ടത്.
എത്ര ആഗ്രഹിച്ചാലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാനിടയില്ല. കേരളത്തിലെ ഭൂരിപക്ഷം പേരും ബിജെപിക്ക് എതിര്‍ വശത്താണ്. അപ്പോഴും അഖിലേന്ത്യാതലത്തിലെ രാഷ്ട്രീയത്തില്‍ പ്രധാന ചര്‍ച്ചാവിഷയം ബിജെപിയും മോഡിയും തന്നെ. വാജ്‌പേയില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍ ബിജെപിക്ക് വന്നിട്ടുള്ള മാറ്റം തന്നെയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. അത് രണ്ടു തലത്തിലുണ്ട്. ഒന്ന് ഹൈന്ദവതയുമായി ബന്ധപ്പട്ടും രണ്ട് കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ടും. ഈ വിഷയം എന്തേ നമ്മുടെ തെരുവുകളില്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നു? ഒപ്പം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്കകത്തെ പ്രശ്‌നങ്ങളും പ്രധാനമാണ്. ഒരുപക്ഷെ തെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ അതിനു പ്രധാന പങ്കുണ്ടാകും.
ബിജെപിക്കെതിരെ നിലപാടെടുക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ അടുത്ത പ്രശ്‌നം യുഡിഎഫോ എല്‍ഡിഎഫോ എന്നതാണ്. ആര്‍ക്കുവോട്ടുചെയ്താലും ഒരുപോലെ എന്ന് ബിജെപി പറയുന്നത് ശരിയല്ല. വളരെ കാതലായ ഒരു വിഷയം വോട്ടര്‍മാര്‍ക്കുമുന്നിലുണ്ട്. മൂന്നാം മുന്നണിയുടെ പിന്തുണയോടെ യുപിഎയോ യുപിഎയുടെ പിന്തുണയോടെ എന്‍ഡിഎയോ എന്നതു തന്നെയാണത്. ഇരുപക്ഷത്തേയും നേതാക്കള്‍ എത്ര നിഷേധിച്ചാലും ഭൂരിപക്ഷം മലയാളികളുടേയും മുന്നിലെ പ്രധാന രാഷ്ട്രീയ പ്രശ്‌നം അതാണ്. കാരാട്ടും ആന്റണിയും അതു പറയുന്നുമുണ്ടല്ലോ. ആ ചോദ്യത്തിന്റെ ഉത്തരത്തിനനുസരിച്ചായിരിക്കണം വോട്ട്. എന്നാല്‍ ആ ചോദ്യവും തെരുവിലെത്തുന്നില്ല. മറിച്ച് നേരത്തെ പറഞ്ഞപോലെ എംപി ഫണ്ട്, കസ്തൂരിരംഗന്‍ പിന്നെ അല്‍പ്പം ടിപി വധവും സരിതയും വിഎസും സുധീരനും. കഴിഞ്ഞു. ഇതാണ് മാധ്യമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തെരുവുചര്‍ച്ചകളില്‍ നടക്കുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ ചോദ്യം ഭംഗിയായി മറച്ചുവെക്കുന്നു.
അതോടൊപ്പം ഗൗരവമായ വിഷയമാണ് ജനാധിപത്യത്തെ ബാധിച്ച അര്‍ബുദം പോലെ അഴിമതി മാറിയിരിക്കുന്നത്. അതിനുള്ള രാഷ്ട്രീയ ഉത്തരമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. പൊതുവില്‍ മതവിശ്വാസം പോലെയാണ് മലയാളിക്ക് കക്ഷിരാഷ്ട്രീയം. അടിയന്തരാവസ്ഥക്കെതിരെ ആം ആദ്മിയേക്കാള്‍ എത്രയോ ശക്തമായി രൂപം കൊണ്ട ജനതാപാര്‍ട്ടിയോടും പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില കൊടുങ്കാറ്റായി മാറിയ മണഅഡല്‍ കമ്മീഷനോടും നിഷേധാത്മക നിലപാട് സ്വീകരിച്ചവരാണ് മലയാളികള്‍. അതുതന്നെയാണ് ആം ആദ്മിയോടും നമ്മള്‍ സ്വീകരിക്കാനിട. അപ്പോഴും ജനാധിപത്യത്തെ സുതാര്യമാക്കാനും അഴിമതി രഹിതമാക്കാനും ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്ന നിലപാടുകളും ചര്‍ച്ചാവിഷയങ്ങളാകേണ്ടതാണ്.
തീര്‍ച്ചയായും ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും തന്നെയാണ് മുഖ്യം. അതേസമയം കേരളത്തില്‍ ഇരുമുന്നണികളും അവഗണിക്കുന്ന ജനകീയ പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന ചില വ്യക്തികളും ചെറിയ പാര്‍ട്ടികളും സംഘടനകളും രംഗത്തുണ്ട്. അവരോട് സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചാവിഷയമാകേണ്ടതാണ്. എന്നാല്‍ അവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ ആര്‍ക്കാണ് താല്‍പ്പര്യം?
സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെ സാന്നിധ്യവും പ്രധാന ഘടകങ്ങളാണ്. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പങ്കാളിത്തവും അവരോടുള്ള സമീപനം പ്രധാന വിഷയമല്ലേ? എല്ലാവിഭാഗത്തിലുമുള്ള ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുക. അക്കാര്യത്തിലെ നമ്മുടെ അവസ്ഥ ചര്‍ച്ച ചെയ്യേണ്ടതാണ്. മതന്യൂനപക്ഷ വിഷയമാണെങ്കില്‍ മലയാളിക്കുമുന്നില്‍ ചോദ്യചിഹ്നമായി മദനിയുണ്ട്. അതുപോലെ ഇത്രയും കാലം അധികാരകസേരയിലിരുന്ന സവര്‍ണ്ണ പുരുഷന്മാരില്‍നിന്നും സ്ത്രീകളിലേക്കും ദളിതരിലേക്കും യുവജനങ്ങളിലേക്കും അധികാരവും നേതൃത്വവും കൈമാറാന്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നുണ്ടോ എന്ന വിഷയവും പരിശോധിക്കപ്പെടേണ്ടതാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply