രാജ്യസ്‌നേഹം : ചെകുത്താന്‍ വേദമോതുമ്പോള്‍

രാജ്യസ്‌നേഹത്തെ കുറിച്ചുള്ള സംഘപരിവാറിന്റെ ജല്‍പ്പനങ്ങള്‍ കാണുമ്പോള്‍ ചെകുത്താന്റെ വേദമോതലല്ലാതെ മറ്റെന്താണ് ഓര്‍മ്മവരിക? സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മാപ്പപേക്ഷ കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കര്‍ തന്നെയാണ് ഇവരുടെ ഇപ്പോഴത്തേയും വഴികാട്ടി എന്നതിനാല്‍ അതിലല്‍ബുതമില്ല. അതേസമയം രാജ്യസ്‌നേഹത്തിന്റെ പരുപറഞ്ഞ് അസഹിഷ്ണുത മാത്രം കൈമുതലായ ഇക്കൂട്ടര്‍ നടത്തുന്നത് നഗ്നമായ രാജ്യദ്രോഹവും നീതിന്യായ വ്യവസ്ഥയേയും ഭരണസംവിധാനങ്ങലേയും ജനാധിപത്യത്തേയും മതേതരത്വത്തേയും വെല്ലുവിളിക്കലായി മാറിയിരിക്കുന്നു. ജവഹര്‍ലാല്‍ നൈഹ്‌റു സര്‍വ്വകലാശാലയിലെ സംഭവവികാസങ്ങലോടെയാണ് സംഘപരിവാറിന്റെ അസഹിഷ്ണുത ഏറ്റവും മറനീക്കി പുറത്തുവന്നിരിക്കുന്നത്. രാജ്യദ്രോഹപ്രസംഗം നടത്തി എന്ന കള്ളക്കേസില്‍ […]

sss

രാജ്യസ്‌നേഹത്തെ കുറിച്ചുള്ള സംഘപരിവാറിന്റെ ജല്‍പ്പനങ്ങള്‍ കാണുമ്പോള്‍ ചെകുത്താന്റെ വേദമോതലല്ലാതെ മറ്റെന്താണ് ഓര്‍മ്മവരിക? സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മാപ്പപേക്ഷ കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കര്‍ തന്നെയാണ് ഇവരുടെ ഇപ്പോഴത്തേയും വഴികാട്ടി എന്നതിനാല്‍ അതിലല്‍ബുതമില്ല. അതേസമയം രാജ്യസ്‌നേഹത്തിന്റെ പരുപറഞ്ഞ് അസഹിഷ്ണുത മാത്രം കൈമുതലായ ഇക്കൂട്ടര്‍ നടത്തുന്നത് നഗ്നമായ രാജ്യദ്രോഹവും നീതിന്യായ വ്യവസ്ഥയേയും ഭരണസംവിധാനങ്ങലേയും ജനാധിപത്യത്തേയും മതേതരത്വത്തേയും വെല്ലുവിളിക്കലായി മാറിയിരിക്കുന്നു.
ജവഹര്‍ലാല്‍ നൈഹ്‌റു സര്‍വ്വകലാശാലയിലെ സംഭവവികാസങ്ങലോടെയാണ് സംഘപരിവാറിന്റെ അസഹിഷ്ണുത ഏറ്റവും മറനീക്കി പുറത്തുവന്നിരിക്കുന്നത്. രാജ്യദ്രോഹപ്രസംഗം നടത്തി എന്ന കള്ളക്കേസില്‍ കുടുക്കി യൂണിയന്‍ ചെയര്‍മാനെയടക്കം തുറുങ്കിലടപ്പിച്ച ഇക്കൂട്ടര്‍ അതിനുശേഷം കാണിച്ചുകൂട്ടുന്ന വിക്രിയകള്‍ നോക്കുക. കോടതിയില്‍ പോലും അക്രമം നടത്താനും കോടതിക്കകത്ത് വന്ദേമാതരം മുഴക്കാനും തന്റെ തൊഴില്‍ ചെയ്യുന്ന സഹപ്രവര്‍ത്തകരായ അഡ്വക്കേറ്റുമാരെ തീവ്രവാദികള്‍ എന്നു വിളിച്ച് അപഹസിക്കാനോ ഇവര്‍ക്കു മടിയില്ല. ഡെല്‍ഹിയിലെ സിപി എം ഓഫീസിനു നേരെ അക്രമം നടത്തിയ ഇക്കൂട്ടര്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ ഭീഷണിയുയര്‍ത്തിയിരിക്കുന്നു. ഇതെല്ലാം കണ്ടുകൊണ്ടായിരിക്കാം നമ്മുടെ രാജേഷും സുരേന്ദ്രനിം ശോഭയുമൊക്കെ ചാനലിലിരുന്നും ഉറഞ്ഞു തുള്ളുകയാണ്. ഉത്തരം മുട്ടുമ്പോള്‍ തീവ്രവാദിയെന്നും ദേശദ്രോഹിയെന്നും ആരോപിക്കുക മാത്രമല്ല, ചര്‍ച്ചയിലെ എതിരാളികളെ ഭീഷണിപ്പെടുത്താനും ഇവര്‍ക്കുമടിയില്ല. എം ബി രാജേഷിനു നേരെ കഴിഞ്ഞ രാത്രിയില്‍ വന്ന ഭീഷണികളുടെ കാരണം മറ്റെന്താണ്?
നാലുദിവസത്തെ കോലാഹലങ്ങള്‍ക്കുശേഷം സംഭവിച്ചതെന്താണ്? ജെ.എന്‍.യു സംഭവത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. അഫ്‌സല്‍ ഗുരു മരണവാര്‍ഷികത്തില്‍ നടത്തിയ പരിപാടിയില്‍ കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടുണ്ടെന്നും പരിപാടിയുടെ സംഘാടകരില്‍ ഒരാളാണ് കനയ്യ കുമാറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആരോപണങ്ങള്‍ക്ക് നേര്‍വിപരീതമാണ് പോലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഉമര്‍ഖാലിദിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തിനായി സബര്‍മതി ദബയില്‍ ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍ ഈ പരിപാടി പോലീസ് തടഞ്ഞു. ഡി.എസ്.യു പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡി.എസ്.യു പ്രവര്‍ത്തകരാണ് ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ ഈ ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പ്രതിഷേധ പരിപാടിയില്‍ കനയ്യകുമാര്‍ പങ്കെടുത്തിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല
കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇതിനിടെ പുറത്തുവന്നിരുന്നു. ‘രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകുന്നിലെങ്കില്‍ രാജ്യനിര്‍മ്മാണം അസാധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം നല്‍കുക എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാന്‍ രോഹിത് തന്റെ ജീവന്‍ വിലയായി നല്‍കി. എന്നാല്‍ സംഘികളോടു ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സര്‍ക്കാരിനു മേല്‍ ഇത്ര വിശ്വാസമുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനോടു എന്റെ താക്കീതാണ് രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എന്‍.യുവില്‍ നടക്കുവാന്‍ ഞങ്ങളനുവദിക്കയില്ല.
പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങള്‍ക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മര്‍ദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള മാനവതാവാദത്തിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുന്‍പിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം; ബ്രാഹണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.
യഥാര്‍ത്ഥ ജനാധിപത്യം, യഥാര്‍ത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാര്‍ലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മള്‍ പറയുവാന്‍ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും.” എന്നിങ്ങനെപോയ 21 മിനിട്ട് പ്രസംഗത്തില്‍ ഒരിടത്തും രാജ്യദ്രോഹപരമായ ഒന്നുമില്ല. ഒരുപക്ഷെ അംബേദ്കറിനെ കുറിച്ചുള്ള വാചകങ്ങളായിരിക്കുമോ ഇവര്‍ക്ക് രാജ്യദ്രോഹം? ? സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും ഭയപ്പെടുന്നത് ്ംബേദ്കറെയാണല്ലോ. മറുവശത്ത് പതിവുപോലെ കേരളം പുറകിലാണെങ്കിലും ഇന്ത്യയിലെ മര്‍ദ്ദിത വിഭാഗങ്ങള്‍ അംബേദ്ഖറെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷരംഗത്തെ ചെറുപ്പക്കാരും അതു തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എനന്ാണ് ഹൈദരാബാദിലേയും ജെ എന്‍ യുവിലേയും സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രമെന്നാല്‍ തങ്ങളാണെന്നും തങ്ങളെയും തങ്ങളുടെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹികള്‍ക്കെതിരെ യു എ പി എ പോലുള്ള ഏതു കരിനിയമവും പ്രയോഗിക്കാമെന്നുമുള്ള തീരുമാനത്തിലാണെന്നു തോന്നുന്നു സംഘപരിവാര്‍. ഏതു ഫാസിസ്റ്റുകളും ഏതു കാലത്തും ചെയ്യുന്ന തന്ത്രം തന്നെയാണ് ഇവിടേയും പ്രയോഗിക്കുന്നത്.
സത്യത്തില്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. രണ്ടു നിലപാടില്‍ നിന്നായിരുന്നു പ്രധാനമായും പ്രതിഷേധമുയര്‍ന്നത്. ഒന്ന് ആധുനികകാലത്തിന് അനുയോജ്യമല്ലാത്തതും മിക്ക രാഷ്ട്രങ്ങളും നിരോധിച്ചതും യു എന്‍ തന്നെ നയം പ്രഖ്യാപിച്ചതുമായ കൊലക്കു കൊല എന്ന പ്രതികാരചിന്തയിലധിഷ്ഠിതമായ വധശിക്ഷ അവസാനിപ്പിക്കുക എന്ന നിലപാടുള്ളവര്‍. രണ്ടാമതായി പാര്‍ലിമെന്റ് അക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെ കുറിച്ചുതന്നെ സംശയമുള്ളവര്‍. പൊതുജനവികാരത്തെ മാനിച്ചാണ് വധശിക്ഷ നല്‍കുന്നതെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നല്ലോ. ഹൈദരബാദ് സര്‍വ്വകലാശാലയിലെ സംഭവങ്ങള്‍ക്ക് ഒരു കാരമണായിരുന്ന യാക്കൂബ് മേമന്റെ വധത്തിലും സമാനമായ വിഷയമുണ്ടായിരുന്നു. മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനത്തിലായിരുന്നല്ലോ യാക്കൂബ് മേമന്‍ ഇന്ത്യയിലേക്കുവന്നതും തെളിവു നല്‍കിയതും. കുറ്റവാളിയെ കിട്ടിയില്ലെങ്കില്‍ ഗോവര്‍ദ്ധന്മാരെ കണ്ടെത്തുന്ന സമീപനമാണ് ഭരണകൂടം ഇപ്പോഴും സ്വീകരിക്കുന്നത്. അതിനെതിരെ ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പ്രതികരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതിനെയാണ് രാജ്യദ്രോഹമായി എളുപ്പത്തില്‍ ആരോപിക്കുന്നത്. അതായത് അഭിപ്രായസ്വാതന്ത്ര്യമാണ് ഇവിടെ ദേശദ്രോഹപ്രവര്‍ത്തനം.
രാജ്യത്തെ ചിന്താശേഷിയിലും സ്വാതന്ത്ര്യബോധത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളെയാണ് ഫാസിസ്റ്റുകള്‍ ഉന്നം വെക്കുന്നതെന്ന് വ്യക്തം. എഫ് ടി ടി ഐ ആയാലും ഹൈദരാബാദ് സര്‍വ്വകലാശാലയായാലും ജെ എന്‍ യു ആയാലും ഇവര്‍ക്ക് ബാലികേറാമലയാണല്ലോ. അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നുപോലും ഇവരാവശ്യപ്പെടുന്നതിനു പുറകിലെ വികാരം പകല്‍ പോലെ വ്യക്തമാണ്. ലോകത്തെവിടേയും ഫാസിസത്തിന്റെ പൊതു സ്വഭാവം തന്നെയാണ് ഇവിടേയും പ്രകടമാകുന്നത്. ഇനിയും അതിനെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനാകുന്നില്ലെങ്കില്‍, ഭാവിയില്‍ അതിനുള്ള അവസരം പോലും ഇല്ലാകുമെന്നത്ില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply