രാജ്യം അടിയന്തരാവസ്ഥയുടെ മറ്റൊരു വാര്‍ഷികനാളില്‍…

അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് നാളുകളെ ഒരിക്കല്‍ കൂടി രാജ്യം സ്മരിക്കുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 41-ാം വാര്‍ഷികം. സ്വാഭാവികമായും ഫാസിസ്റ്റ് പ്രവണതകളില്‍നിന്നും ഫാസിസ്റ്റ് ഭീഷണിയില്‍ നിന്നും എത്രത്തോളം മുന്നോട്ടുപോകാന്‍ നമുക്കായിട്ടുണ്ടെന്നു പരിശോധിക്കാന്‍ ജനാധിപത്യശക്തികള്‍ക്ക് ബാധ്യതയുണ്ട്. ഇത്തരമൊരു പരിശോധനയില്‍ ഒരുവശത്ത് കുറെ ഗുണാത്മകവശങ്ങള്‍ കാണാമെങ്കിലും മറുവശത്ത് ഫാസിസ്റ്റ് ഭീഷണി ശക്തിപ്പെട്ടതായും പ്രകടമാണ്. ജനാധിപത്യം തടവിലാകുകയും നാവടക്കാനും പണിയെടുക്കാനും നിര്‍ബന്ധിതമായ ഫാസിസ്റ്റ് ദിനങ്ങളുടെ നാല്‍പ്പത്തിയാന്നാം വാര്‍ഷികമടുക്കുമ്പോള്‍ ആ ദിനങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്ത് ഉദ്ദേശത്തിലായാലും എല്‍ കെ അദ്വാനി പോലും […]

eee

അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് നാളുകളെ ഒരിക്കല്‍ കൂടി രാജ്യം സ്മരിക്കുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 41-ാം വാര്‍ഷികം. സ്വാഭാവികമായും ഫാസിസ്റ്റ് പ്രവണതകളില്‍നിന്നും ഫാസിസ്റ്റ് ഭീഷണിയില്‍ നിന്നും എത്രത്തോളം മുന്നോട്ടുപോകാന്‍ നമുക്കായിട്ടുണ്ടെന്നു പരിശോധിക്കാന്‍ ജനാധിപത്യശക്തികള്‍ക്ക് ബാധ്യതയുണ്ട്. ഇത്തരമൊരു പരിശോധനയില്‍ ഒരുവശത്ത് കുറെ ഗുണാത്മകവശങ്ങള്‍ കാണാമെങ്കിലും മറുവശത്ത് ഫാസിസ്റ്റ് ഭീഷണി ശക്തിപ്പെട്ടതായും പ്രകടമാണ്.
ജനാധിപത്യം തടവിലാകുകയും നാവടക്കാനും പണിയെടുക്കാനും നിര്‍ബന്ധിതമായ ഫാസിസ്റ്റ് ദിനങ്ങളുടെ നാല്‍പ്പത്തിയാന്നാം വാര്‍ഷികമടുക്കുമ്പോള്‍ ആ ദിനങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്ത് ഉദ്ദേശത്തിലായാലും എല്‍ കെ അദ്വാനി പോലും ഒരു ഘട്ടത്തില്‍ അതുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കേസിലെ വിധിയെതുടര്‍ന്ന് തന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ പ്രക്ഷോഭത്തിനിടയിലെ പ്രകോപനമായിരുന്നു ഇന്ദിരാഗാന്ധിയെ ഫാസിസ്റ്റാക്കിയത്. അതല്ലാതെ അതിനു പുറകില്‍ ശക്തമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നതല്ല സ്ഥിതി. വളരെ ആസൂത്രിതമായി തങ്ങളുടെ ശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ കരുത്തുള്ള ഒരു പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത്. അവരത് ഇടക്കിടെ പ്രകടമാക്കുന്നുണുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധപ്രക്ഷോഭത്തിലൂടെ മാന്യത ലഭിച്ച പ്രസ്ഥാനമാണതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം. ഗാന്ധിവധത്തിന്റെ പേരിലുണ്ടായിരുന്ന രാഷ്ട്രീയ അയിത്തത്തില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ മോചനം നേടിയത് അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തിലൂടേയും ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും ജനതാ ഗവണ്മന്റില്‍ അംഗമാകുകയും ചെയ്താണ്. പിന്നീട് പടിപടിയായുള്ള ഹൈന്ദവവല്‍ക്കരണ തീവ്രപ്രചരണങ്ങളിലൂടേയും കലാപങ്ങളിലൂടേയും ഇന്നവര്‍ ഒറ്റക്കു രാജ്യം ഭരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനായി ശ്രമിക്കുന്നു. പഴയ ഇന്ദിരാഗാന്ധിയേക്കാള്‍ എത്രയോ ശക്തനാണ് ഇന്നു മോദി.
തീര്‍ച്ചയായും ചരിത്രം മോദിയില്‍ അവസാനിക്കുമെന്നോ ഇനി പ്രതീക്ഷിക്കാനൊന്നുമില്ല എന്നുമല്ല പറയുന്നത്. അത്തരത്തില്‍ ചലനാത്മകതയില്ലാത്ത ഒന്നല്ല ഇന്ത്യന്‍ ജനാധിപത്യം. അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് ദിനങ്ങളുടെ കാലത്ത് ജനതാപാര്‍ട്ടി ഉടലെടുത്തതും ബാബറി മസ്ജിദ് കാലഘട്ടത്തില്‍ മണ്ഡല്‍ കമ്മീഷന്‍ രംഗത്തുവന്നതും അഴിമതിയുടെ ഇക്കാലത്ത് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതുമൊക്കെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കകത്തെ പ്രതിരോധങ്ങളാണ്. മോദിയുടെ കിരീടധാരണത്തിനുശേഷം നടന്ന പല തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയും കിട്ടി. രാജ്യമെങ്ങും വര്‍ഗ്ഗീയപ്രത്യയശാസ്ത്രത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളാണ് അവയുടെ മുന്‍നിരയിലെന്നത് പ്രതീക്ഷനല്‍കുന്നു. സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും ഭയപ്പെടുന്ന അംബേദ്കര്‍ രാഷ്ട്രീയവും സജീവമാകുന്നത് ജനാധിപത്യശക്തികള്‍ക്ക് ശക്തി നല്‍കുന്ന ഒന്നു തന്നെയാണ്.
ജനാധിപത്യവിരുദ്ധമായ കരിനിയമങ്ങളാണ് ഫാസിസത്തിന്റെ പ്രധാന മുഖമുദ്ര. ഇന്നത് യു എ പി എ യിലും അഫ്‌സപയിലും മറ്റും എത്തിനില്‍ക്കുകയാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ആരേയും മുസ്ലിം തീവ്രവാദിയോ മാവോയിസ്‌റ്റോ ആക്കി യുഎപിഎ ചുമത്താന്‍ സര്‍ക്കാരിനാകുന്നു എന്നതാണ് ഇന്ന് ജനാധിപത്യം നേരിടുന്ന ഏറ്റുവും വലിയ വെല്ലുവിളി. എത്രയോ ചെറുപ്പക്കാരാണ് രാജ്യമെങ്ങും ഇത്തരത്തില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഒരുവശത്ത് രാജ്യത്തെ ഖനിജ വിഭവങ്ങള്‍ കോര്‍പ്പറേറ്റ് തട്ടിക്കൊണ്ടു പോവുന്നതിനെ ചോദ്യം ചെയ്യുന്നവരെയും അടിസ്ഥാനവിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന വികസനനയത്തെ ചോദ്യം ചെയ്യുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കുന്നു. മറുവശത്ത് വധശിക്ഷക്കെതിരായും ദളിത് – ആദിവാസി – മുസ്ലിം ജനവിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരേയും. രാഷ്ട്രമെന്നാല്‍ തങ്ങളാണെന്നും തങ്ങളെയും തങ്ങളുടെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെന്നും രാജ്യദ്രോഹികള്‍ക്കെതിരെ യു എ പി എ പോലുള്ള ഏതു കരിനിയമവും പ്രയോഗിക്കാമെന്നുമുള്ള തീരുമാനത്തിലാണല്ലോ കേന്ദ്ര സര്‍ക്കാര്‍. ഏതു ഫാസിസ്റ്റുകളും ഏതു കാലത്തും ചെയ്യുന്ന തന്ത്രം തന്നെയാണ് ഇവിടേയും പ്രയോഗിക്കുന്നത്. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കാശ്മീരിലെ പല ഭാഗങ്ങളുമാകട്ടെ പട്ടാളഭരണത്തിലാണെന്നുതന്നെ പറയാം.
കേരളത്തിലേക്കു വരുമ്പോളും സ്ഥിതി ആശാവഹമല്ല. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്ത ഏക സംസ്ഥാനമാണ് പ്രബുദ്ധകേരളം. ഇപ്പോഴും രാജ്യത്തെങ്ങും വളര്‍ന്നുവരുന്ന നവരാഷ്ട്രീയത്തിനുമുന്നില്‍ കേരളം വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്. പകരം ഫാസിസ്റ്റുകളെ കായികമായി നേരിടാമെന്ന മൂഢവിശ്വാസത്തിലാണ് മലയാളികള്‍. വര്‍ഗ്ഗീയ ഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസവും കേരളത്തിന്റെ പല ഭാഗത്തും ശക്തമാണ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ രാഷ്ട്രീയഫാസിസത്തിന്റെ പ്രകടരൂപങ്ങളാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്ക് ഇവിടത്തെ എല്ലാ പ്രധാന പാര്‍ട്ടികളും അനുകൂലമാണ്. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും പി ജയരാജനെതിരെ യുഎപിഎ പ്രയോഗിച്ചത് തെറ്റാണെന്നേ പറഞ്ഞിട്ടുള്ളു. നിരവധി പേര്‍ യുഎപിഎ ചുമത്തപ്പെട്ട് ഇവിടത്തെ ജയിലുകളിലുണ്ട്. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനാഹ്വാനം നല്‍കിയവര്‍ പോലും അതില്‍പെടും. അത്തരത്തിലവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കോടതിപോലും വിധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. മദനിയുടെ ദുരിതത്തിന്റെ രണ്ടാംപര്‍വ്വം ആറുവര്‍ഷം കഴിഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിവരാവകാശനിയമത്തിനുനരെ പോലും നിഷേധാത്മകനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതും കാണാതിരുന്നുകൂട.
ജനാധിപത്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയേ വളരുന്ന ഫാസിസ്‌റ്് ഭീഷണിയെ നേരിടാനാവൂ. മുകളില്‍ സൂചിപ്പിച്ച രീതിയില്‍ രാജ്യത്തെങ്ങും ശക്തമാകുന്ന അംബേദകര്‍ രാഷ്ട്രീയത്തോടൊപ്പം എല്ലാ ജനാധിപത്യശക്തികളും ഫാസസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളും ഐക്യപ്പെടണം. നമ്മുടെ കലാലയങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം ഫാസിസ്റ്റ് വിരുദ്ധരാഷ്ട്രീയം ശക്തമാകട്ടെ. ഒപ്പം ജനാധിപത്യത്തെ ഗുണപരമായി ഉയര്‍ത്താനും കഴിയണം. അല്ലെങ്കില്‍ ആ ജനാധിപത്യം തന്നെയായിരിക്കും ഫാസിസത്തിന് പരവതാനി വിരിക്കുക. ഭൂരിപക്ഷാഭിപ്രായമാണല്ലോ ജനാധിപത്യത്തില്‍ നടപ്പാക്കപ്പെടുക. ഭൂരിപക്ഷാഭിപ്രായം തെറ്റാവുകയും അക്രമാസക്തമാകുകയും മതാധിഷ്ഠിതമാകുകയുമൊക്കെ ചെയ്യുമ്പോള്‍ എന്തുചെയ്യും? ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യപരമായിത്‌നനെയാണല്ലോ അധികാരത്തിലെത്തിയത്. ജനാധിപത്യപരമായി തന്നെ അവരുടെ ഫാസിസവല്‍ക്കരണത്തെ എങ്ങനെ അതിനെ പ്രതിരോധിക്കും? ജനലോക്പാലും വിവരാവകാശനിയമവും തിരിച്ചുവിളിക്കാനുള്ള അധികാരവും അധികാരവികേന്ദ്രീകരണവുമൊക്കെ ഒരു വശത്ത് ശക്തമാക്കുമ്പോള്‍ തന്നെ ഈ കാതലായ പ്രശ്‌നവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply