രാജാവിനേക്കാള്‍ വലിയ രാജഭക്തി വേണോ ഡോ ഇക്ബാല്‍

മലയാളി ബുദ്ധിജീവികളില്‍ ഒരു വിഭാഗം കടുത്ത സാര്‍വ്വദേശീയരായത് കൊണ്ടായിരിക്കാം ദേശീയ ഗാനത്തോട് ഒരു പുശ്ചം…. ഇത് ആദരണീയനായ ഡോ ബി ഇക്ബാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വിഷയം എന്താണെന്നു വളരെ വ്യക്തം. സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും അതു കേള്‍ക്കുമ്പോള്‍ എല്ലാവരും ദേശീയബോധത്താല്‍ എണീറ്റുനില്‍ക്കണമെന്നുമുള്ള കോടതി ഉത്തരവിനെതിരായ പ്രതിഷേധങ്ങള്‍ ഇക്ബാലിനു പിടിച്ചില്ല. തിരുവനന്തപുരത്തു നടക്കുന്ന ചലചിത്രോത്സവവുമായി ബന്ധപ്പെട്ട് ഈ വിഷയം വ്യാപകചര്‍ച്ചയായതാണ് ബുദ്ധിജീവി എന്ന പദം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതെന്നു വ്യക്തം. എന്നാല്‍ ഇതേ സുപ്രിം കോടതി […]

ek

മലയാളി ബുദ്ധിജീവികളില്‍ ഒരു വിഭാഗം കടുത്ത സാര്‍വ്വദേശീയരായത് കൊണ്ടായിരിക്കാം ദേശീയ ഗാനത്തോട് ഒരു പുശ്ചം….

ഇത് ആദരണീയനായ ഡോ ബി ഇക്ബാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. വിഷയം എന്താണെന്നു വളരെ വ്യക്തം. സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും അതു കേള്‍ക്കുമ്പോള്‍ എല്ലാവരും ദേശീയബോധത്താല്‍ എണീറ്റുനില്‍ക്കണമെന്നുമുള്ള കോടതി ഉത്തരവിനെതിരായ പ്രതിഷേധങ്ങള്‍ ഇക്ബാലിനു പിടിച്ചില്ല. തിരുവനന്തപുരത്തു നടക്കുന്ന ചലചിത്രോത്സവവുമായി ബന്ധപ്പെട്ട് ഈ വിഷയം വ്യാപകചര്‍ച്ചയായതാണ് ബുദ്ധിജീവി എന്ന പദം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതെന്നു വ്യക്തം. എന്നാല്‍ ഇതേ സുപ്രിം കോടതി തന്നെ 30 വര്‍ഷം മുമ്പ് തങ്ങളുടെ വിശ്വാസത്തിന് എതിരാണെങ്കില്‍ ദേശീയഗാനത്തെ ആദരിക്കേണ്ടതില്ല എന്ന വിധി പ്രഖ്യാപിച്ചിട്ടുള്ളതായി ഇക്ബാലിനു അറിയാമോ ആവോ? സാര്‍വ്വദേശീയതയില്‍ വിശ്വസിക്കുന്നവര്‍ ദേശീയബോധം പ്രകടിപ്പിക്കാതിരുന്നാല്‍ അതു തെറ്റല്ല എന്നുതന്നെയാണ് ആ വിധിയുടെ അര്‍ത്ഥം. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെയാണ് ഇക്ബാല്‍ സാര്‍വ്വദേശീയ വാദികളെ അക്രമിക്കുന്നത്.
1986 ആഗസ്റ്റ് 11നാണ് സുപ്രിംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധിയുണ്ടായത്. കേരളത്തില്‍ നടന്ന സംഭവവുമായാണ് കേസ് ഉണ്ടായത്. Bijoe Emmanuel v. State of Kerala എന്ന പേരില്‍ പ്രശസ്തമായ പ്രസ്തുതകേസും വിധിയും ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. നിയമവിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയവുമാണ്. യഹോവയുടെ സാക്ഷികള്‍ എന്ന വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് ഇമ്മാനുവല്‍. ലോകമാകെ പടര്‍ന്നു കിടക്കുന്ന അവരുടെ വിശ്വാസമനുസരിച്ച് യഹോവയെ ഒഴികെ മറ്റാരേയും മറ്റൊന്നിനേയും ആരാധിക്കാന്‍ പാടില്ല. ഇമ്മാനുവലിന്റെ മൂന്നു കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കിയതോടെയാണ് കേസിന്റെ ആരംഭം. കാരണം മറ്റൊന്നുമായിരുന്നില്ല. എല്ലാ കുട്ടികളും ദേശീയഗാനം ആലപിക്കണമെന്ന സ്‌കൂള്‍ നിയമം അവര്‍ ലംഘിക്കുകയായിരുന്നു. അത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നായിരുന്നു കുട്ടികള്‍ വാദിച്ചത്. തുടര്‍ന്ന് ഇമ്മാനുവല്‍ സ്‌കൂളിലെത്തി അധ്യാപകരോട് സംസാരിച്ചു. എന്നാല്‍ അതിനിടയില്‍ സംഭവം പുറത്തറിയുകയും നിയമസഭയില്‍ തന്നെ ഉന്നയിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടികളെ പുറത്താക്കിയത്. നടപടി തങ്ങളുടെ വിശ്വാസങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റമാണെന്ന ഇമ്മാനുവലിന്റെ വാദം ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് ഇമ്മാനുവല്‍ സുപ്രിം കോടതിയിലെത്തിയത്. സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്നു ചൂണ്ടികാട്ടിയ സുപ്രിംകോടതി സ്‌കൂള്‍ അധികൃതരുടെ നടപടി ഭരണഘടനാ ലംഘനമാമെന്ന വിധിയാണ് പുറപ്പെടുവിച്ചത്. കോടതിവിധിയല്‍ നിന്നുള്ള ഒരു ബാഗമിങ്ങനെയായിരുന്നു. ‘They [Jehovah’s Witnesses] do not sing the National Anthem wherever, ‘Jana Gana Mana’ in India, ‘God save the Queen’ in Britain, ‘The Star-Spangled Banner’ in the United States and so on. . . . They desist from actual singing only because of their honest belief and conviction that their religion does not permit them to join any rituals except it be in their prayers to Jehovah their God.’ പൗരനുമീതെ ദേശീയബോദമടക്കം ഒരു വിശ്വാസവും അടിച്ചേല്‍പ്പിക്കാന്‍ സ്റ്റേറ്റിനവകാശമില്ലെന്നു പറഞ്ഞ കോടതി നിശബ്ദരായിരിക്കാനുള്ള സ്വതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നു നിരീക്ഷിച്ചു. പ്രസക്തമായ മറ്റൊന്നു കൂടി കോടതി ചൂണ്ടികാട്ടി. അത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസത്തിനുള്ള അവകാശമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളനുസരിച്ച് ജീവിക്കാനവകാശമുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യവും മതേതരത്വവും അര്‍ത്ഥപൂര്‍ണ്ണമാകൂ എന്ന് കോടതി അടിവരയിട്ടു പറഞ്ഞു. ഇന്ത്യ വൈവിധ്യമാര്‍ന്ന രീതിയിലുള്ള വിശ്വാസികള്‍ ജീവിക്കുന്ന രാജ്യമാണെന്നു ചൂണ്ടികാട്ടിയ കോടതി സഹിഷ്ണുതയാണ് നമ്മുടെ മുഖമുദ്രയെന്നും അതിനെതിരായ ഒന്നാണ് സ്‌കൂള്‍ അധികൃതരുടെ നടപടിയെന്നും തുറന്നടിച്ചു.
ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മാത്രമല്ല, പല ലോകരാഷ്ട്രങ്ങളിലും ഈ വിധി ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മഹത്വമായാണ് ഈ വിധി ആഷോഘിക്കപ്പെട്ടത്. പല രാജ്യങ്ങളിലെ കോടതികളും സമാനമായ കേസുകളില്‍ ഈ വിധി ഉദ്ധരിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടുതന്നെ അമേരിക്ക, കനഡ, അര്‍മേനിയ, ഫ്രാന്‍സ്, ജപ്പാന്‍, റഷ്യ, ഫിലിപ്പെന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ കേസുകള്‍ ഉണ്ടായി. അവിടങ്ങളിലും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള അവകാശം അംഗീകരിക്കുന്ന വിധികളാണ് ഉണ്ടായത്.
മതവിശ്വാസവുമായി ബന്ധപ്പെട്ടുപോലും ഇത്തരത്തിലുള്ള വിധിയുണ്ടായിട്ടുള്ള രാജ്യത്ത് സാര്‍വ്വദേശീയതയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതനുസരിച്ചു ജീവിക്കാനുള്ള അവകാശം നിഷേദിക്കുന്നത് ശരിയാണോ ഡോ ഇക്ബാല്‍? സാര്‍വ്വദേശീയതയില്‍ വിശ്വസിക്കുന്നു എന്ന് പലപ്പോഴും അവകാശപ്പെടാറുള്ള ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ലേ താങ്കള്‍? നിര്‍ഭാഗ്യവശാല്‍ സുപ്രിം കോടതി പഴയ നിലപാട് കയ്യൊഴിഞ്ഞു എന്നു വെച്ച് അതിനു കുട പിടിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ടോ? കൃത്രിമമായി അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണോ ദേശീയബോധവും രാജ്യസ്‌നേഹവുമൊക്കെ? സിനിമക്കു വരുന്ന വിദേശികള്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എണീറ്റുനില്‍ക്കണമെന്ന വിധിയില്‍ എന്തു ലോജിക്കാണുള്ളത്? സാര്‍വ്വദേശീയതയില്‍ വിശ്വസിക്കുന്നവരില്‍ ദേശീയവികാരം അടിച്ചേല്‍പ്പിക്കുന്നത് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമല്ലേ? കെ സുരേന്ദ്രനോ മോഹന്‍ലാലോ മേജര്‍ രവിയോ ആയിരുന്നു ഇത്തരത്തിലുള്ള പോസ്റ്റിട്ടിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഡോ ഇക്ബാലില്‍ നിന്ന് ഇത്തരമൊരു പുച്ഛം ആരും പ്രതീക്ഷിക്കുന്നില്ല.
മറ്റൊന്നു കൂടി ഇക്ബാലിനറിയുമോ എന്നറിയില്ല. ബ്രിട്ടീഷ് രാജാവിനെ പ്രകീര്‍ത്തിക്കുന്നതാണ് എന്ന ആരോപണത്തിന്റെ ചുവടുപിടിച്ച് നമ്മുടെ ദേശീയഗാനം ബഹിഷ്‌കരിക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ട്. അതെല്ലാം കാണാതെ കണ്ണടച്ച് രാജാവിനേക്കാള്‍ വിലയ രാജഭക്തി കാണിക്കേണ്ടിയിരുന്ന ഒരു വ്യക്തിയാണോ താങ്കള്‍..?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply