രാജവീഥികള്‍ നിര്‍മ്മിക്കലല്ല, നെല്‍വയലുകള്‍ സംരക്ഷിക്കലാണ് യഥാര്‍ത്ഥ വികസനം മിസ്റ്റര്‍ ചെരുവില്‍

എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറയുന്ന പ്രകാരം നെല്‍വയലുകള്‍ സംരക്ഷിക്കാനാവശ്യപ്പെട്ട് സമരം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരെ അപഹസിച്ചുകൊണ്ട്, പാര്‍ട്ടി നേതൃത്വത്തോടുള്ള അടിമത്തം കൊണ്ട് അന്ധനായ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ ഫേസ് ബുക്ക് പോസ്റ്റാണിത്. സമരങ്ങളിലൂടെ വളര്‍ന്ന ഒരു പ്രസ്ഥാനം എന്ന് അഭിമാനിക്കുന്നവര്‍ തന്നെ ചെങ്കൊടി നാട്ടിയ സമരപന്തല്‍ കത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. അത് എഴുത്തുകാരില്‍ നിന്നാകുന്നതും സ്വാഭാവികം മാത്രം. മഹാരഷ്ട്രയിലെ കര്‍ഷകസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ പോസ്‌റ്റെന്നതും അല്‍ഭുതമുണ്ടാക്കുന്നില്ല. എല്‍ഡിഎഫിന്റെ 2016ലെ തെരഞ്ഞെടുപ്പു […]

ashoanഎല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറയുന്ന പ്രകാരം നെല്‍വയലുകള്‍ സംരക്ഷിക്കാനാവശ്യപ്പെട്ട് സമരം ചെയ്യുന്ന സിപിഎം പ്രവര്‍ത്തകരെ അപഹസിച്ചുകൊണ്ട്, പാര്‍ട്ടി നേതൃത്വത്തോടുള്ള അടിമത്തം കൊണ്ട് അന്ധനായ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ ഫേസ് ബുക്ക് പോസ്റ്റാണിത്. സമരങ്ങളിലൂടെ വളര്‍ന്ന ഒരു പ്രസ്ഥാനം എന്ന് അഭിമാനിക്കുന്നവര്‍ തന്നെ ചെങ്കൊടി നാട്ടിയ സമരപന്തല്‍ കത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. അത് എഴുത്തുകാരില്‍ നിന്നാകുന്നതും സ്വാഭാവികം മാത്രം. മഹാരഷ്ട്രയിലെ കര്‍ഷകസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ പോസ്‌റ്റെന്നതും അല്‍ഭുതമുണ്ടാക്കുന്നില്ല.
എല്‍ഡിഎഫിന്റെ 2016ലെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ ചെരുവില്‍ വായിച്ചിരിക്കാനിടയില്ല. അതില്‍ പറയുന്നതിങ്ങനെയാണ്. ‘നെല്‍കൃഷി ഭൂമിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദനം 10 ലക്ഷം ടണ്ണാക്കും.  ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് നെല്‍വയലുകളെ സംസ്ഥാനത്തെ സംരക്ഷിത നെല്‍പ്രദേശങ്ങളായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം’. ഇതിനുപുറമെ ഒരു സെന്റ് നെല്‍വയല്‍പോലും ഇനി നികത്തില്ല എന്ന് മന്ത്രിമാര്‍ നിരന്തരം പ്രഖ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ മികച്ച രീതിയില്‍ കൃഷി നടക്കുന്ന വയലുകളും നീര്‍ത്തടങ്ങളും കുഴിച്ചുമൂടി ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതും സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ സമരം ചെയ്യുന്നവരെ അക്രമിക്കുന്നതും അപഹസിക്കുന്നതും. നെല്‍വയലുകള്‍/നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയവര്‍ തന്നെയാണ് നഗ്‌നമായ നിയമ ലംഘനം നടത്തുന്നത്. ഭൂരിഭാഗം കര്‍ഷകരും വയല്‍ നികത്താനനുകൂലമാണെന്നു അവകാശപ്പെട്ടാണ് ഈ നടപടി. ആരംഭത്തില്‍ മിക്കവാറും കര്‍ഷകര്‍ എതിരായിരുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ ശാസനക്കെതിരെ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഉണ്ടാകുക എളുപ്പമല്ലല്ലോ. മാത്രമല്ല, ഉടമയുടെ സമ്മതവും പാടം നികത്തലുമായി എന്തു ബന്ധമാണുള്ളത്?
വികസനത്തിന്റെ പേരിലാണ് പാടം നികത്തല്‍ ന്യായീകരിക്കപ്പെടുന്നത്. സിംഗൂരിലും നന്ദിഗ്രാമിലും അത് വ്യവസായവികസനത്തിന്റെ പേരിലാണെങ്കില്‍ ഇവിടെയത് റോഡുനിര്‍മ്മാണത്തിന്റെ  പേരിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിയില്ലെങ്കില്‍ പട്ടിണികിടക്കേണ്ടിവരുന്ന കേരളത്തിലെ ഏറ്റവും വലിയ വികസനം നെല്‍വയലുകള്‍ സംരക്ഷിക്കുന്നതും വിപുലീകരിക്കുന്നതുമാണ്. അവയെല്ലാം കുഴിച്ചുമൂടി റോഡുനിര്‍മ്മിക്കുന്നതല്ല. കെട്ടിടങ്ങളും രാജവീഥികളുമാണ് വികസനം എന്ന കാലഹരണപ്പെട്ട സങ്കല്‍പ്പമാണ് തിരുത്തേണ്ടത്. വയലായവയലെല്ലാം കുഴിച്ചുമൂടി നടത്തുന്ന വികസനത്തിന്റെ പ്രധാന ഉപഭോക്താക്കള്‍ ആരാണെന്നു പരിശോധിച്ചാല്‍ ഇവരുടെയെല്ലാം താല്‍പ്പര്യം എന്താണെന്നു വ്യക്തമാകും. അത് പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സാധാരണക്കാരോ പാവപ്പെട്ടവരോ അല്ല. മിനിമം ഒരു കാറെങ്കിലുമുള്ളവരാണ്. കേരളത്തിലോടുന്ന മോട്ടോര്‍  വാഹനങ്ങളില്‍ കേവലം 3 % മാത്രമാണ് ബസുകള്‍. ആകെ  വാഹനങ്ങളില്‍ 60% ഇരുചക്ര വാഹനങ്ങളും 20 % നാലു ചക്രവാഹനങ്ങളുമാണ്.  ഈ സ്വകാര്യ  വാഹനങ്ങളുടെ എണ്ണമാകട്ടെ  ഓരോ വര്‍ഷവും 10 % വീതം വര്‍ദ്ധിച്ചു കൊണ്ടമിരിയ്ക്കുന്നു. അക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനം കേരളമാണ്. കൊട്ടാരം പോലുള്ള വീടും വാഹനവുമാണല്ലോ നമ്മുടെ അന്തസ്സിന്റെ പ്രതീകം. വിപണിയിലെ വന്‍തോതിലുള്ള മത്സരം മൂലം വലിയ ഓഫറുകളുമായി കാര്‍കമ്പനികള്‍ രംഗത്തുവരുന്നു. സര്‍ക്കാരും ബാങ്കുകളും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു. സ്വാഭാവികമായും ഈ വാഹനങ്ങള്‍ക്കോടണമെങ്കില്‍ വലിയ റോഡുകള്‍ വേണം. അവിടെ നെല്‍വയലിന് ഒരു സ്ഥാനവുമില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഗതാഗത നയങ്ങള്‍ സുസ്ഥിരമല്ലാത്തതാണെന്ന് ലോകം തിരിച്ചറിയുകയും അതിനനുസൃതമായ മാറ്റങ്ങല്‍ കൊണ്ടുവരികയും ചെയ്യുന്ന കാലത്താണ് നമ്മള്‍ ആ ദിശയില്‍ തന്നെ മുന്നോട്ടുപോകുന്നത്.  ഗതാഗത കുരുക്കുകളും അന്തരീക്ഷമലിനീകരണവും ആഗോളതാപനവുമൊക്കെ വേറെ വിഷയങ്ങള്‍.
തൃശൂരില്‍ അടുത്തയിടെ ഈ ലേഖകനുണ്ടായ അനുഭവം. സംസ്ഥാന യുവജനോത്സവം പ്രമാണിച്ച് നഗരത്തിലേക്ക് ബസുകള്‍ക്ക് പ്രവേശനമില്ല. എണ്‍പതോളം പേര്‍ യാത്രചെയ്യുന്ന ബസുകള്‍ വഴിയില്‍ നിര്‍ത്തുന്നു. നടന്നു പോകുമ്പോള്‍ കാണുന്നത് ഒരാള്‍ മാത്രം യത്രചെയ്യുന്ന ഇന്നോവ കാറുകള്‍ കടന്നുപോകുന്നത്. ഇതാണ് നമ്മള്‍ കൊട്ടിഘോഷിക്കുന്ന വികസനവും ഗതാഗതനയവും. അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ സ്വകാര്യവാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് മികച്ച രീതിയില്‍ വിളവെടുക്കുന്ന പാടങ്ങള്‍ നികത്തുന്നതും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതും നാമമാത്രമായ നഷ്ടപരിഹാരം നല്‍കുന്നതും പ്രതിഷേധിക്കുന്നവരെ ബലപ്രയോഗം കൊണ്ട് നേരിടുന്നതും അതിനെയെല്ലാം  ന്യായീകരിക്കാന്‍ വികസനവാദികള്‍ രംഗത്തിറങ്ങുന്നതും. ജനവിരുദ്ധമായ ഈ നയമാണ് ആദ്യം മാറ്റേണ്ടത്.  പൊതു വാഹനങ്ങള്‍ക്ക് പ്രാമുഖ്യമുള്ളൊരു നയമാണ് വളര്‍ത്തിയെടുക്കേണ്ടത്. ബസുകളെയും മറ്റ് പൊതു വാഹനങ്ങളെയും കൂടുതല്‍ ജനകീയവും ആകര്‍ഷകവും വിശ്വസനീയവുമാക്കുന്ന നയ പരിപാടികള്‍ സ്വീകരിക്കുകയും മറുവശത്ത് സ്വകാര്യവാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. കേരളത്തിന്റെ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം വികസിപ്പിക്കാനും വലിയ സാധ്യതകളുണ്ട്. അതൊന്നും ചെയ്യാതെയാണ് വാഹനകമ്പനികള്‍ക്കും വന്‍കിടക്കാര്‍ക്കും മലയാളിയുടെ പൊങ്ങച്ചത്തിനും വേണ്ടി നെല്‍വയലുകള്‍ നശിപ്പിക്കുന്നത് എന്നതാണ് യഥാര്‍ത്ഥപ്രശ്‌നം.
ഇനി കീഴാറ്റൂരിലേക്ക് തന്നെ തിരിച്ചുവരാം. അവര്‍ റോഡുവേണ്ട എന്നു പറയുന്നില്ല. റോഡിന്റെ വീതിയുടെ കൃത്യകണക്കെടുത്ത് 11.5 ഏക്കര്‍ മാത്രമേ നഷ്ടപ്പെടൂ എന്നു പറയുന്നതിന്റെ കാപട്യമാണവര്‍ തുറന്നു കാട്ടുന്നത്. കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ 5.7 കി മീ നീളത്തിലാണ് സ്ഥലമേറ്റെടുക്കേണ്ടത്. അടിയില്‍ നിന്നും മണ്ണിട്ട് കെട്ടിപ്പൊക്കി മുകളില്‍ 45 മീ വീതി വരുത്തണമെങ്കില്‍ 60 മീറ്ററോളം വീതിയില്‍ സ്ഥലമേറ്റെടുക്കേണ്ടി വരും.  60 മീ x 5700 മീ= 342000 സ്‌ക്വയര്‍ മീ. അതായത് 34.2 ഹെക്ടര്‍ അഥവാ 86 ഏക്കര്‍ ഏറ്റെടുക്കേണ്ടി വരും. ശേഷിക്കുന്ന ചെറിയ വീതി മാത്രമുള്ള വയലില്‍ ലക്ഷക്കണക്കിനു ടണ്‍ മണ്ണു വന്നു വീഴുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക വിനാശം ശേഷിക്കുന്ന ചെറിയ സ്ട്രിപ്പിലെ വയലിലെ കൃഷിയും അസാധ്യമാക്കും. ഈ നിലയിലാണ് 250 ഏക്കറോളം വയല്‍ നഷ്ടപ്പെടുമെന്ന് സമരസമിതി പറയുന്നത്. നിലവിലുള്ള നാഷണല്‍ ഹൈവേയില്‍ ചിറവക്ക് മുതല്‍ ഏഴാംമൈല്‍ വരെ ഒരു elevated പാത പണിയുകയാണെങ്കില്‍ ആരെയും കടിയൊഴിപ്പിക്കാതെ സ്ഥലമേറ്റെടുക്കാതെ വയലും തോടും തണ്ണീര്‍തടങ്ങളുമൊന്നും നശിപ്പിക്കാത്ത റോഡ് പണിയാമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പോലും ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് നന്ദിഗ്രാം – സിംഗൂര്‍ മോഡല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും അതിനെ ന്യായീകരിക്കാന്‍ ചെരുവിലിനെ പോലുള്ളവര്‍ രംഗത്തിറങ്ങുന്നതും സമരക്കാരെ അപഹസിക്കുന്നതും…!!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply