രഹ്ന ഫാത്തിമക്കെതിരായ നടപടി മൗലികാവകാശ നിഷേധം

തുഷാര്‍ നിര്‍മ്മല്‍ മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ രഹ്ന ഫേയ്‌സ്ബുക്കില്‍ ഫോട്ടോയും ചിത്രവും പോസ്റ്റ് ചെയ്‌തെന്ന പേരിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 295 A പ്രകാരം രഹ്ന്‌നക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്. രഹ്ന ആചാരക്രമങ്ങള്‍ പാലിക്കാതെ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചെന്നും അതുവഴി വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്താനും വര്‍ഗ്ഗീയതിക്രമങ്ങള്‍ പടര്‍ത്താനും ശ്രമിച്ചെന്നും ഇതിനു പിന്നില്‍ ഭീകര സംഘടനയുടെ പദ്ധതിയുള്ളതായി സംശയിക്കുന്നതായും കാണിച്ച് ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് രഹ്നക്കെതിരെ കേസെടുക്കാന്‍ കാരണമായത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യവും, സംഘടനാ സ്വാതന്ത്ര്യവും ഉള്‍പ്പടെയുള്ള മൗലികാവകാശങ്ങള്‍ […]

rrതുഷാര്‍ നിര്‍മ്മല്‍

മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ രഹ്ന ഫേയ്‌സ്ബുക്കില്‍ ഫോട്ടോയും ചിത്രവും പോസ്റ്റ് ചെയ്‌തെന്ന പേരിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 295 A പ്രകാരം രഹ്ന്‌നക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്. രഹ്ന ആചാരക്രമങ്ങള്‍ പാലിക്കാതെ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചെന്നും അതുവഴി വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്താനും വര്‍ഗ്ഗീയതിക്രമങ്ങള്‍ പടര്‍ത്താനും ശ്രമിച്ചെന്നും ഇതിനു പിന്നില്‍ ഭീകര സംഘടനയുടെ പദ്ധതിയുള്ളതായി സംശയിക്കുന്നതായും കാണിച്ച് ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് രഹ്നക്കെതിരെ കേസെടുക്കാന്‍ കാരണമായത്.

അഭിപ്രായപ്രകടന സ്വാതന്ത്ര്യവും, സംഘടനാ സ്വാതന്ത്ര്യവും ഉള്‍പ്പടെയുള്ള മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ഇത്തരം നടപടിക്രമങ്ങള്‍ സ്വീകരിക്കുന്ന രീതി സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടാന്‍ പൂനെ പോലീസ് ഉപയോഗിച്ചത് ഇതുപോലെ ഒരാള്‍ നല്‍കിയ പരാതിയായിരുന്നു.

ഹിന്ദുത്വ ഫാസിസത്തിന്റെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അക്രമാസക്തമായ ദേശീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയും ഭരണകൂട പിന്തുണയോടെ സ്ഥാപിച്ചെടുക്കാന്‍ ഇത്തരം പരാതികള്‍ ഉപയോഗപ്പെടുന്നു. തങ്ങളുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതിനാല്‍ ഈ പരാതിക്കാരുടെയും ഭരണകൂടത്തിന്റെയും താല്‍പ്പര്യം പലപ്പോഴും ഒന്നാകുന്ന സാഹചര്യവുമുണ്ട്.

ദരിദ്രരും പാര്‍ശ്വവത്കൃതരുമായ ജനതയെ അനുതാപത്തോടെ പരിഗണിച്ചിരുന്ന ‘നിയമ ആക്റ്റിവിസം’ ഇന്ന് ഹിന്ദുത്വ ഫാസിസത്തിന് അനുകൂലമായി പരിണമിക്കുന്നത് എങ്ങനെയാണ് എന്നത് ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്.

രഹനയുടെ കേസിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി നടപടി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണന്ന് പറയാതെ വയ്യ. രഹ്നക്കെതിരെയുള്ള ആരോപണങ്ങളെ ന്യായീകരിക്കാന്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ മൂന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ച കോടതി ഒരു സാധാരണ വിശ്വാസിയുടെ വിവേകത്തിന്റെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ അവയെ അംഗീകരിക്കാനാവില്ല എന്നാണ് വിലയിരുത്തിയത്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരായ നിയമം റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരിശോധനക്ക് വിധേയമായ പോസ്റ്റുകള്‍ എന്നത് ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലൊരിടത്തും പരാമര്‍ശിക്കുന്നത് പോലുമില്ല.

സുപ്രീം കോടതി വിധിയും അതിനെതിരെ വിശ്വാസികളില്‍ ഒരു വിഭാഗത്തില്‍ നിന്നുയരുന്ന പ്രതിഷേധവും ഈ പ്രതിഷേധത്തില്‍ നിന്ന് ലാഭമുണ്ടാക്കാനുള്ള കക്ഷിരാഷ്ട്രീയ മത്സരങ്ങളും നമ്മുടെ സാമൂഹ്യ ജീവിതത്തെ അപകടകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമാണെന്ന് സുപ്രീം കോടതി വിലയിരുത്തിയ ഒരു അനാചാരത്തെ സ്ഥാപിക്കാനാണ് ഈ പ്രതിഷേധം. അത്തരം സ്ത്രീവിരുദ്ധ മുന്നേറ്റത്തിനെതിരായ പ്രതികരണമാണ് രഹ്നയുടെ പോസ്റ്റുകള്‍ എന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. എന്നാല്‍ സാമൂഹ്യ പരിഷ്‌ക്കരണത്തെ മുന്‍നിറുത്തിയുള്ള പരിശോധനക്ക് പകരം സാധാരണ വിശ്വാസിയുടെ വിവേകത്തെ മാനദണ്ഡമാക്കുക വഴി കോടതി സ്വാഭാവികമായും രഹ്നയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറ്റമാരോപിക്കുന്നതിലാണ് എത്തിച്ചേര്‍ന്നത്. സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള ഏതൊരു ശ്രമവും യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടാകുമെന്ന ലളിത വസ്തുത കാണാന്‍ കോടതിക്ക് കഴിഞ്ഞില്ല.

തസ്ലീമാ നസ്രീന്റെ പുസ്തം ഇന്ത്യയില്‍ നിരോധിച്ചതിനെതിരെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സുജാതൊ ബദ്ര കല്‍ക്കത്താ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ജസ്റ്റിസ് ദിലീപ് കുമാര്‍ സേഥ് തന്റെ പ്രത്യേക വിധിന്യായത്തില്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ രഹ്നയുടെ കേസിലും പ്രസക്തമാണെന്ന് കരുതുന്നു. അസമത്വം ഇല്ലാതാക്കി ലിംഗനീതി നേടിയെടുക്കാന്‍ സാര്‍വ്വദേശീയ തലത്തില്‍ തന്നെയുള്ള ബോധപൂര്‍വ്വവും ന്യായാനുവര്‍ത്തിയുമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ട കോടതി എല്ലാ മനുഷ്യരെയും ദൈവം തുല്യരായാണ് സൃഷ്ടിച്ചതെന്നും സ്ത്രീയെ താണവളായി കാണുന്ന ആചാരങ്ങളെയും സാമൂഹ്യ ക്രമങ്ങളേയും വ്യത്യസ്തമായി കാണേണ്ടതുണ്ടെന്നും ഞെട്ടല്‍ ഉളവാക്കുന്ന പ്രതികരണങ്ങളിലൂടെ അത്തരം തിന്മകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ എങ്ങനെയാണ് ദ്രോഹ ബുദ്ധിയോടെയുള്ള പ്രവര്‍ത്തിയായി കാണാനാകുക എന്നും മതത്തിന്റെ അംഗീകാരം ഉണ്ട് എന്നതിനാല്‍ അനാചാരങ്ങള്‍ക്കെതിരെ കണ്ണടക്കാനാകില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഇവിടെ രഹ്നക്ക് മേല്‍ ചുമത്തിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 A വകുപ്പിനെ സംബന്ധിച്ച് വിശദമായ പരിശോധിച്ച് കൊണ്ടാണ് ഈ നിരീക്ഷണങ്ങള്‍ കോടതി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ രഹനാ ഫാത്തിമയുടെ കാര്യത്തില്‍ അത്തരം ഒരു സമീപനം ഉണ്ടായില്ല എന്നത് തീര്‍ത്തും ഖേദകരമാണ്.

തങ്ങളുടെ പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ഉറപ്പിക്കാനും അവക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും ഭീതിയിലാഴ്ത്തി ഇല്ലാതാക്കാനും നിയമ വ്യവഹാരങ്ങളെയും കോടതിയേയും ഉപകരണങ്ങളാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പുരോഗമന പക്ഷത്തുള്ള അഭിഭാഷകരും നിയമജ്ഞരും ഈ ഉത്തരവാദിത്തം ഗൗരവത്തില്‍ ഏറ്റെടുക്കേണ്ടതുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply