രണ്ടുപേര്‍ ഉമ്മവെക്കുമ്പോള്‍ പോലീസ് ആസ്ഥാനത്ത് അപകടമണി മുഴങ്ങുന്നു

പ്രമോദ് പുഴങ്കര രണ്ടു പേര്‍ ഉമ്മ വെക്കുമ്പോള്‍ ലോകം മാറുന്നു എന്ന് വായ്‌നാറ്റത്തോടെയും അല്ലാതെയുമുള്ള എല്ലാ ഉമ്മകളുടെയും പഴകിത്തേഞ്ഞ അടിക്കുറിപ്പാണ്. പക്ഷേ ഇവിടെയിപ്പോള്‍ രണ്ടുപേര്‍ ഉമ്മവെക്കുമ്പോള്‍ കേരള പോലീസ് ആസ്ഥാനത്ത് അപകടമണി മുഴങ്ങുന്നു എന്നാണ്. ‘തോളില്‍ കയ്യിട്ടാല്‍ തെറ്റാണോ? ഞങ്ങളുമ്മവെച്ചില്ല’ എന്നു ഒരു സ്ത്രീയും പുരുഷനും ആളുകള്‍ക്ക് വന്നിരിക്കാന്‍ വേണ്ടിയുള്ള ഒരു ഉദ്യാനത്തില്‍ വെച്ച് പൊലീസിനോട്. ‘അല്ലാ, നിങ്ങള്‍ ഉമ്മവെച്ചു, വാ സ്റ്റേഷനിലേക്ക്, നിനക്കു അച്ഛനും അമ്മയും ഒന്നുമില്ലെ, ഞങ്ങള്‍ നിങ്ങളെ ദ്രോഹിക്കാനല്ല എന്നൊക്കെ’ പോലീസുകാരികള്‍ തിരിച്ചും. […]

mmm

പ്രമോദ് പുഴങ്കര

രണ്ടു പേര്‍ ഉമ്മ വെക്കുമ്പോള്‍ ലോകം മാറുന്നു എന്ന് വായ്‌നാറ്റത്തോടെയും അല്ലാതെയുമുള്ള എല്ലാ ഉമ്മകളുടെയും പഴകിത്തേഞ്ഞ അടിക്കുറിപ്പാണ്. പക്ഷേ ഇവിടെയിപ്പോള്‍ രണ്ടുപേര്‍ ഉമ്മവെക്കുമ്പോള്‍ കേരള പോലീസ് ആസ്ഥാനത്ത് അപകടമണി മുഴങ്ങുന്നു എന്നാണ്.
‘തോളില്‍ കയ്യിട്ടാല്‍ തെറ്റാണോ? ഞങ്ങളുമ്മവെച്ചില്ല’ എന്നു ഒരു സ്ത്രീയും പുരുഷനും ആളുകള്‍ക്ക് വന്നിരിക്കാന്‍ വേണ്ടിയുള്ള ഒരു ഉദ്യാനത്തില്‍ വെച്ച് പൊലീസിനോട്. ‘അല്ലാ, നിങ്ങള്‍ ഉമ്മവെച്ചു, വാ സ്റ്റേഷനിലേക്ക്, നിനക്കു അച്ഛനും അമ്മയും ഒന്നുമില്ലെ, ഞങ്ങള്‍ നിങ്ങളെ ദ്രോഹിക്കാനല്ല എന്നൊക്കെ’ പോലീസുകാരികള്‍ തിരിച്ചും. ഇത്രയും കോമാളിത്തം നിറഞ്ഞ ഒരു രംഗം കേരളത്തിലാണ് നടക്കുന്നത്.
പ്രായപൂര്‍ത്തിയായ മനുഷ്യന്‍മാര്‍ക്ക് അടുത്തിരിക്കാന്‍, വര്‍ത്തമാനം പറയാന്‍, ഉമ്മവെക്കാന്‍ ഇതിനൊക്കെ പൊലീസിന്റെ മൂന്നാംമുറയെ പേടിക്കണമെന്ന അവസ്ഥ വരുന്നത് എത്ര ഭീകരമാണ്. സദാചാര പൊലീസ് കളിക്കണ്ട എന്നു നാട്ടുകാരോട് മുഖ്യമന്ത്രി വിജയന്‍ മുന്നറിയിപ്പ് കൊടുത്തത് ഈയിടെയാണ്. അതിനു എന്റെ വക ഔദ്യോഗിക പൊലീസ് ഉണ്ടെന്നാണ് രാജാവ് നിരൂപിച്ചതെന്ന് അല്പബുദ്ധികളായ നമ്മളുണ്ടോ അറിഞ്ഞു!
ജനസംഖ്യ വെച്ച് നോക്കിയാല്‍ കേരളത്തില്‍ വേണ്ടത്ര പോലീസില്ല. ആളുകള്‍ വണ്ടിക്ക് കയ്യ് കാട്ടി ഒറ്റപ്പെട്ട സ്ത്രീ പീഡനം നടത്തി പോകുന്നു. അപ്പോഴാണ് ഉള്ള നാലു പൊലീസുകാരെ നമ്മള്‍ രണ്ടു ചൂണ്ടുകള്‍ക്കിടയില്‍ ബലമായി തിരുകിക്കയറ്റുന്നത്. പ്രായപൂര്‍ത്തിയായ മനുഷ്യര്‍ ലൈംഗിക ലാളനകള്‍ക്കായി കുറ്റവാളികളെപ്പോലെ ഒളിച്ചും പതുങ്ങിയും നടക്കേണ്ട അവസ്ഥയെക്കുറിച്ചോര്‍ത്ത് ഒരു യുവജന സംഘടനയ്ക്കും ഒന്നും പറയാനില്ലേ? ഭോഗത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കാള്‍ വലിയ യുവജന പ്രശ്‌നങ്ങള്‍ വളരെ കുറവാണ് ചങ്ങാതിമാരെ.
മനുഷ്യനു ജര വരുന്ന കാലത്താണ് കേരളത്തില്‍ ആണുങ്ങള്‍ കല്യാണം കഴിക്കാറ്. അങ്ങനെ കന്യകന്മാരും കന്യകമാരും കൂടി വണ്ട്, പൂവ് കൂട്ടിപ്പിണയുന്ന കാല് പിന്നെയൊക്കെ ഊഹാപോഹങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ദുരന്തമാണ് മലയാളികളുടെ ലൈംഗികജീവിതം. രാത്രി പതിനൊന്നു മുതല്‍ പതിന്നൊന്നര വരെ കട്ടില്‍ ഞെരങ്ങാതെ, ജനാലയ്ക്കരികില്‍ ഒളിഞ്ഞുനോട്ടക്കാരുണ്ടോ എന്നു ഇടക്കിടെ നോക്കി, ശബ്ദമുണ്ടാക്കാതെ, അവിടെയല്ല ഇവിടെ എന്നൊക്കെ ഇരുട്ടില്‍ വഴികാണിച്ച് നടത്തുന്ന ഒരു പരിതാപകരമായ സാമൂഹ്യപ്രശ്‌നമാണ് ഈ ലൈംഗികത. മാനസിക രോഗം എന്നുപറയാവുന്ന ഒരു അവസ്ഥയിലുള്ള ഒരു സമൂഹം!
നായികയുടെ പുറവും കണങ്കാലും കാണിച്ച് ഇതൊരു ഭരതന്‍ പടം എന്നെഴുതി വിജയിപ്പിക്കാന്‍ കഴിയുന്ന നാടായിരുന്നു നമ്മുടെ. ജയഭാരതി കുളിക്കണ്ട, കുളിക്കും എന്നൊരു സൂചന കിട്ടിയാല്‍ മതിയായിരുന്നു പുരുഷന്‍മാര്‍ക്ക്. നിത്യഹരിതവനനായകനും നായികയും കൂട്ടിമുട്ടിയാല്‍ മതി, പിന്നെ ചുണ്ടൊക്കെ കടിച്ചു രണ്ടാളും രണ്ടുവശത്തേക്ക് നോക്കി സീല്‍ക്കാരവും കണ്ണടയ്ക്കലും ഒക്കെയായി ആകെ ബഹളമാണ്. ഒരു പുരുഷനും സ്ത്രീയും തൊട്ടേയുള്ളൂ, അതിന്റെ തിക്കുംതിരക്കുമാണ്. തൊട്ടനേ ഞാന്‍ എന്ന കുഞ്ഞുഭീഷണി. പാവം, ഒന്നു തൊട്ടോട്ടെ എന്ന്! പരമാവധി ഒന്നു കെട്ടിപ്പിടിച്ചേനെ എന്നും. തീര്‍ന്നു, സങ്കല്‍പ്പം പോലും ഇത്രയേ ഉള്ളൂ.
നമ്മുടെ സമൂഹം ചോദിക്കുന്നേയില്ല. എന്താണ് വിജയാ ഈ കാട്ടിക്കൂട്ടുന്നത്. ആരെങ്കിലും ഉമ്മവെക്കുകയോ ഭോഗിക്കുകയോ ചെയ്‌തോട്ടെ, ഇത് നോക്കലാണോ തന്റെ പണിയെന്ന്. മൊത്തം സമൂഹം ലിംഗപ്രശ്‌നത്തിലാണ്.
ഈ മനോരോഗത്തിലാണ് വനിതാ, ഗൃഹലക്ഷ്മിമാരൊക്കെ (ആരോഗ്യമാസികകളും) കാശുണ്ടാക്കുന്നത്. ചേച്ചി , ഞാന്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവിനെ ഒരു സഹോദരനെപ്പോലെ വിശ്വസിച്ചു, പക്ഷേ ഒരു ദിവസം…ഇങ്ങനെ അടുത്ത 6 മാസത്തേക്കുള്ള ചിതറിയ ജീവിതകഥയിലെ ചോദ്യവും ഉത്തരവും എഴുതാന്‍ ഒരു കക്ഷി അവിടെ സ്ഥിരമായുണ്ട്. എനിക്ക് ലിംഗത്തിന് ഒമ്പതിഞ്ച് വലിപ്പമേയുള്ളൂ, എനിക്ക് ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനാവുമോ ഡോക്ടര്‍? പറ്റും എന്ന് തോന്നുന്നില്ല, വിധിയോടു പൊരുത്തപ്പെടൂ എന്ന ഉത്തരം. വായിച്ച സകല വിദ്വാന്മാരും പത്തിഞ്ചിന്റെ സ്‌കെയിലും വെച്ച് അന്തം വിട്ടിരിക്കുന്ന നാട്!!
ഇതേ ലിംഗഭീതിയുടെ മുഴക്കോലാണ് പൊലീസുകാരുടെ കയ്യിലും ഏതാണ്ടെല്ലാ നാട്ടുകാരുടെ കയ്യിലും. സര്‍ക്കാരിന്റെ കയ്യിലും. മുറിയടച്ചിട്ടു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്ന മാന്യനായ മൂപ്പര് ചെയ്യുന്നതും ഇതേ അളക്കലാണ്. കാറ്റും കോളും നിറഞ്ഞ കടലില്‍ വഞ്ചിയിറക്കുന്ന മുക്കുവന്റെ മനോനിലയാണ് ഭോഗിക്കാന്‍ പോകുന്ന മലയാളിക്ക്. തിരിച്ചുവന്നാല്‍ വന്നു.
എത്ര ചെറിയൊരു സംഗതിയാണ് നമ്മളിത്ര കുനുഷ്ടു പിടിച്ച കാര്യമാക്കിയത്. സ്വാതന്ത്ര്യത്തോടെയുള്ള ലൈംഗികത ഒരു ജനാധിപത്യ സമൂഹത്തിന്റെ അവകാശമാണ്. ഫ്യൂഡലിസത്തില്‍ നിന്നുള്ള കുതറിമാറലില്‍ ആദ്യം മോചിപ്പിക്കപ്പെടുന്ന ഒന്നു ഈ ലൈംഗികതയാണ്.
അതുകൊണ്ടാണ് 1928ല്‍ വി ടി ഭട്ടതിരിപ്പാട്, ഏറ്റവും ഹീനവും മനുഷ്യത്വരഹിതവുമായ പീഡനങ്ങള്‍ സഹിച്ചിരുന്ന നമ്പൂതിരി സ്ത്രീകളുടെ സ്വാതന്ത്ര്യമോഹത്തിന്റെ ആദ്യ അടയാളമായി അന്നേവരെയില്ലാത്ത രീതിയില്‍ ഒരു കഥ പറഞ്ഞപ്പോള്‍ അതില്‍ കുഞ്ചു എന്ന ചെറുപ്പക്കാരനും തേതി എന്ന യുവതിയും ‘ചുംബിക്കുകയാണ്’. കേശവദേവ് അതിനെക്കുറിച്ചെഴുതിയത്, അതിന്റെ വിസ്‌ഫോടകമായ സാധ്യതയെ സൂചിപ്പിച്ചത്, അന്തര്‍ജ്ജനങ്ങള്‍ക്ക് ചുംബിക്കാന്‍ അറിയുമെന്ന് എനിക്കറിയില്ലായിരുന്നു എന്നാണ്.
സുഹറ മജീദിനെ ചുംബിച്ച് അയാളുടെ സകല രാഗമോഹങ്ങളുടെയും കുരുപൊട്ടുന്നതും അസ്വാതന്ത്ര്യത്തിന്റെ ദുഷിച്ച രക്തം പുറത്തുപോകുന്നതും ഒരു പുതിയ ആധുനിക മനുഷ്യന്‍ ഉണ്ടാകാന്‍ തുടങ്ങുന്നതും ബഷീര്‍ എഴുതിയിട്ടു അരനൂറ്റാണ്ടു കഴിഞ്ഞു. പഴയ ജീര്‍ണലൈംഗികതയുടെ സൂരി നമ്പൂതിരിയെ പുറത്താക്കിയാണ്, യൌവനത്തിന്റെ ലൈംഗിക സ്വാതന്ത്യം കൂടി പ്രഖ്യാപിച്ചാണ് മാധവനും ഇന്ദുലേഖയും ഒന്നിക്കുന്നത്. അതായത് ലൈംഗിക സ്വാതന്ത്ര്യം, നാഗരികതയിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ വിപ്ലവകരമായ ഒരു ഘടകമാണ് എന്നര്‍ത്ഥം.
ഇതൊക്കെ കഴിഞ്ഞു ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും ഉമ്മ വെക്കുന്നവരെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ പ്രത്യേക പോലീസുള്ള നാടായി ഞെളിയുകയാണ് നമ്മള്‍. എത്ര വികൃതമായ ഒരു ചരിത്രമാണ് നാം അവശേഷിപ്പിക്കാന്‍ പോകുന്നത്.
ഒന്നും രണ്ടും പ്രതികള്‍ പൊതുസ്ഥലത്ത് അശ്ലീലപ്രദര്‍ശനം നടത്തി എന്നതിന് തെളിവുണ്ടോ ? പിങ്ക് പൊലീസ് വത്സല രാവിലെ വായിച്ചുപഠിച്ചുവന്ന മൊഴി കൊടുക്കാന്‍ തുടങ്ങും: ‘മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വത്സല എന്ന ഞാനും ഇതേ സ്റ്റേഷനില്‍ എനിക്കൊപ്പം ജോലി ചെയ്യുന്ന ബീനമോളും കനകക്കുന്നു കൊട്ടാരം വളപ്പില്‍ ബീറ്റ് ഡ്യൂടി ചെയ്യവേ ഒന്നും രണ്ടും പ്രതികള്‍ അശ്ലീലമായ വിധത്തില്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും കണ്ടു. തുടര്‍ന്ന് ഞങ്ങള്‍ ഇരുവരുടെയും അടുത്ത് ചെന്നു പരിശോധിച്ചതില്‍ നിന്നും രണ്ടു പ്രതികളും പരസ്പരം ലൈംഗിക കേളികളില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന് കണ്ടുമനസിലായി.’
ഈ ഘട്ടത്തില്‍ ശ്വാസം മുട്ടി കേട്ടുകൊണ്ടിരുന്ന മജിസ്‌ട്രേറ്റ് ആകാംക്ഷ സഹിക്കാന്‍ പറ്റാതെ ചോദിക്കും. ‘അതെങ്ങനെ മനസിലായി.? ‘ഒന്നാം പ്രതി അര്‍ജുനന്‍ എന്ന പാര്‍ത്ഥന്‍ എന്ന വിജയന്റെ ലിംഗം ജീന്‍സിനുള്ളില്‍ വീര്‍ത്തിരിക്കുകയും രണ്ടാം പ്രതി സുഭദ്രയുടെ മുലക്കണ്ണുകള്‍ കനത്തിരിക്കുകയും ചെയ്തിരുന്നു.’
അരനൂറ്റാണ്ടു കഴിഞ്ഞാല്‍ വായിക്കുന്ന നമ്മുടെ നീതിന്യായ ചരിത്രം!
കുഞ്ചുവും തേതിയും ഉമ്മവെച്ചപ്പോളാണ് മനുഷ്യനാവണം എന്ന് നമ്പൂരാരോട് ചിലര്‍ പറയാന്‍ തുടങ്ങിയത്.
മലയാളി എന്നാണ് മനുഷ്യനാവുക!

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply