രക്ഷപ്പെടരുത് – സര്‍ഫാസിയും ഭര്‍ത്താവും.

തീര്‍ച്ചയായും ഗാര്‍ഹികപീഡനപ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കണം. കൊലക്കുറ്റത്തിനോ ആത്മഹത്യാപ്രേരണക്കോ കേസെടുക്കണം. അതേസമയം അതിന്റെ പേരില്‍ ബാങ്കോ സര്‍ഫാസി നിയമമോ രക്ഷപ്പെടരുത്. സര്‍ഫാസി നിയമം റദ്ദാക്കപ്പെടുക തന്നെ വേണം.

ഭവനവായ്പ കൃത്യമായി തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുണ്ടായ ജപ്തി ഭീഷണിയും അതുമായി ബന്ധപ്പെട്ടും അല്ലാതേയുമുണ്ടായ കുടുംബപ്രശ്‌നങ്ങളും മൂലം ഒരമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരിക്കുന്നത് ”ഇത് കേരളമാണ്” എന്നു കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധ കേരളത്തിലാണ്. മുഖ്യമന്ത്രിപോലും ഇടപെട്ട് സാവകാശം നല്‍കണമെന്നാവശ്യപ്പെട്ടിട്ടും അതംഗീകരിക്കാതെ കനറാ ബാങ്ക് അധികൃതര്‍ നിരന്തരമായി ഇവരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലോണ്‍ തിരിച്ചടക്കണെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. പ്രളയദുരന്തങ്ങള്‍ക്കുശേഷം ജപ്ത നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ബാങ്കധികൃതര്‍ ഈ മുഷ്‌ക് കാണിച്ചത്. ബ്ലൈഡു കമ്പനികളേക്കാള്‍ മോശപ്പെട്ട നിലവാരത്തിലേക്കാണ് കനറാ ബാങ്ക് ഇതിലൂടെ അധപതിച്ചിരിക്കുന്നത്. അതാകട്ടെ തികച്ചും ജനവിരുദ്ധമായ സാമ്പത്തിക ഭീകരനിയമം സര്‍ഫാസിയുടെ പേരില്‍. അതേസമയം കാനറ ബാങ്ക് ഒരുവര്‍ഷം എഴുതിത്തള്ളിയത് കുത്തകകളുടെ 8310 കോടി രൂപയാണെന്ന കണക്കും പുറത്തുവന്നിട്ടുണ്ട്.
മറുവശത്ത് ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും മറ്റ് 2 ബന്ധുക്കളുമാണ് മരണത്തിന് കാരണമെന്നാണ് മരിച്ച ലേഖയുടെ ആത്മഹത്യാക്കുറിപ്പ്. വായ്പ തിരിച്ചടക്കാന്‍ ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നു. കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നു. സ്ഥലത്ത് ആല്‍ത്തറ ഉള്ളതിനാല്‍ പ്രശ്‌നമുണ്ടാകില്ല എന്നാണത്രെ അവ്# പറഞ്ഞിരുന്നത്. ബാങ്കില്‍ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ അനങ്ങിയില്ല. പകരം കത്ത് ആല്‍ത്തറയില്‍ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച് വന്നതുമുതല്‍ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തില്‍ ലേഖ ആരോപിക്കുന്നു. മന്ത്രവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. വീട്ടില്‍ എപ്പോഴും വഴക്കാണ്. നിന്നെയും നിന്റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
തീര്‍ച്ചയായും ഗാര്‍ഹികപീഡനപ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കണം. കൊലക്കുറ്റത്തിനോ ആത്മഹത്യാപ്രേരണക്കോ കേസെടുക്കണം. അതേസമയം അതിന്റെ പേരില്‍ ബാങ്കോ സര്‍ഫാസി നിയമമോ രക്ഷപ്പെടരുത്. സര്‍ഫാസി നിയമം റദ്ദാക്കപ്പെടുക തന്നെ വേണം.
2002 ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം – സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് – പാര്‍ലിമെന്റില്‍ പാസ്സായത്. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാന കാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നതെന്നാണ് വെപ്പ്. എന്നാല്‍ ഫലത്തില്‍ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമമായി അത് മാറി. എല്ലാം പാവപ്പെട്ടവര്‍ക്കെതിരെ. കുത്തകകള്‍ക്കെതിരെ ഈ നിയമമുപയോഗിച്ച ചരിത്രമില്ല. മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ അതിസമ്പന്നരുടെ കടം 2016-17ല്‍ 1.08 ലക്ഷം കോടി രൂപയും 2017-18 1.62 ലക്ഷം കോടി രൂപയും 2018-19 1.47 ലക്ഷം കോടി രൂപയുമാണെന്ന് മറക്കരുത്. എന്‍ഡിഎ സര്‍ക്കാരാണ് നിയമം പാസാക്കിയതെങ്കിലും യുപിഎ സര്‍ക്കാരും നിയമത്തിന് അനുകൂലം തന്നെയായിരുന്നു. വായ്പയെടുത്താല്‍ മൂന്ന് മാസം ഗഡു മുടങ്ങുകയോ, കുടിശിക വരികയോ ചെയ്താല്‍ വായ്പയുടെ കാലാവധി പോലും പരിഗണിക്കാതെ ബാങ്കുകള്‍ക്ക് കിടപ്പാടത്തെ നിഷ്‌ക്രിയാസ്തി ആയി പ്രഖ്യാപിച്ച് നേരിട്ട് പിടിച്ചെടുക്കാനും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനും അമിതാധികാരം നല്‍കുന്നതാണ് ഈ നിയമം. ഒപ്പം സിവില്‍ കോടതിയില്‍ പോകാനുള്ള 34-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തു.
ഈ നിയമം മൂലം ബാങ്കുകളുടെ നടപടികള്‍ക്ക് എപ്പോഴും വിധേയരാകുന്നത് ദുര്‍ബല ജനവിഭാഗങ്ങളാണ്. ഇത്തരത്തില്‍ സര്‍ഫാസി നിയമത്തിന്റെ ഇരയായ പ്രീത ഷാജിയുടെ സമരമാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് കൂടുതല്‍ കൊണ്ടുവന്നത്. ശക്തമായ സമരമുറകളുമായി മുന്നോട്ട് പോയ ഒരു സാധാരണ കുടുംബത്തിന്റെ പ്രതിരോധമായിരുന്നു പ്രീത ഷാജിയുടെ സര്‍ഫാസി വിരുദ്ധ സമരം. രണ്ടു ലക്ഷമാണ് വായ്പയെടുത്തതെങ്കില്‍ ജപ്തി നടപടികളുമായി 2014 ല്‍ ബാങ്ക് മുന്നോട്ട് വരുന്നത് 2 കോടി 70 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടായിരുന്നു. വീടും സ്ഥലവും ഓണ്‍ലൈന്‍ ആയി ബാങ്ക് അധികൃതര്‍ ലേലത്തിന് വെക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പട്ട് ഒരറിയിപ്പും കുടുംബത്തിണ് ലഭിച്ചില്ല. വീടും സ്ഥലവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ പ്രീത ഷാജിയേയും കുടുംബത്തെയും ഒഴിപ്പിക്കാനായി വന്നപ്പോഴാണ് ഈ കാര്യങ്ങള്‍ അവര്‍ അറിയുന്നത്. 38,00,000 രൂപയ്ക്കാണ് രതീഷ് വീടും സ്ഥലവും ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അയല്‍ വാസികളും എറണാകുളം കേന്ദ്രീകരിച്ച് രൂപം കൊണ്ടിരുന്ന സര്‍ഫാസി വിരുദ്ധ സമിതി പ്രവര്‍ത്തകരും രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് രതീഷ് മടങ്ങിപ്പോയി. എന്നാല്‍ അതേ തുടര്‍ന്ന് ഷാജിയുടെ മാതാവ് ഹൃദയം തകര്‍ന്ന് മരിക്കുകയുണ്ടയി. ഇതേതടര്‍ന്ന് പ്രീതാഷാജിയും സര്‍ഫാസി വിരുദ്ധ സമരസമിതിയും നടത്തിയ ജനകീയ പോരാട്ടങ്ങളുടേയും നിയമയുദ്ധങ്ങളുടേയും ഭാഗമായി വളരെ വൈകി അവര്‍ക്ക് നീതി ലഭിച്ചു. ദേഹത്തു മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു ജനങ്ങള്‍ ജപ്തിനീക്കത്തെ പ്രതിരോധിച്ചത്. പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട പ്രീത വീട്ടുമുറ്റത്ത് ഒരു ചിത ഒരുക്കി അനശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു. തങ്ങളുടെ പേരിലുള്ള പതിനെട്ടര സെന്ററില്‍ ഏഴു സെന്റ് സെന്റ് നല്‍കാമെന്ന് പ്രീത ഷാജിയും കുടുംബവും മുമ്പേ ബാങ്കിനെ അറിയിച്ചിരുന്നു എന്നാല്‍ ബാങ്കിനത് സ്വീകാര്യമായില്ല. പിന്നീട് വീണ്ടും 50 ലക്ഷം തരാമെന്നും വീടും സ്ഥലവും തിരികെ നല്‍കണമെന്നും ആ കുടുംബം ആവശ്യപ്പെട്ടു. വസ്തു ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ ഒന്നേകാല്‍ കോടി രൂപയാണ് ആവശ്യപ്പെട്ടത്.
എന്തായാലും പോരാട്ടങ്ങള്‍ക്കൊടുവില്‍ 2109 ഫെബ്രുവരിയില്‍ പ്രീത ഷാജിക്ക് വീട് തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒപ്പം 43.35 ലക്ഷം രൂപ ബാങ്കിനും ഒരു ലക്ഷം രൂപ നേരത്തെ ലേലത്തില്‍ വാങ്ങിയ രതീഷിനും. അതോടൊപ്പം മറ്റൊരു തമാശയും. ഒരു ഘട്ടത്തില്‍ കോടതിയെ ധിക്കറിച്ചതിന് 100 മണിക്കൂര്‍ ജില്ലാ ആശുപത്രിയില്‍ സാമൂഹ്യസേവനം നടത്താനും വിധിക്കുകയും അവരത് ചെയ്യുകയും ചെയ്തു. ഒരുപരിധിവരെയെങ്കിലും സര്‍ഫാസി ഭീകരനെ മുട്ടുകുത്തിക്കാന്‍ ഈ പോരാട്ടത്തിനു സാധിച്ചു. സമാനമായ രീതിയില്‍ ജപ്തി നടപടികള്‍ നേരിടുന്ന 17 കുടുംബങ്ങളുടെ പോരാട്ടം 2019 ലോകസഭാതെരഞ്ഞെടുപ്പുദിവസം കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ഫാസി എന്നത് ഒരു സാമ്പത്തിക കരിനിയമമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്. അതിനാല്‍തന്നെ ഈ നിയമം റദ്ദാക്കാനാവശ്യപ്പെട്ടുള്ള പോരാട്ടങ്ങളാണ് ശക്തമാകേണ്ടത്. ഏതവസ്ഥയിലും ജപ്തി ചെയ്ത് വീടുകളില്‍ നിന്ന് ഇറക്കിവിടാതിരിക്കാനായി ബാങ്കുകള്‍ക്ക് കടിഞ്ഞാണിടുന്ന നിയമനിര്‍മ്മാണം അനിവാര്യമാണ്. ബാങ്കുകള്‍ പൊതു സ്ഥാപനങ്ങളാണ്. അവര്‍ കൈകാര്യം ചെയ്യുന്ന പണം ജനങ്ങളുടേതാണ്. എന്നിട്ടാണ് അതേ ജനങ്ങളുടെ മേല്‍ ബ്ലൈഡ് കമ്പനികളേക്കാള്‍ നീചമായി അവര്‍ കുതിര കയറുന്നത്. ഈ അമ്മയുടേയും മകളുടേയും രക്തസാക്ഷിത്വമെങ്കിലും ഈ അവസ്ഥ മാറ്റിമറിക്കാന്‍ കാരണമായെങ്കില്‍ എത്ര നന്നായിരുന്നു. സര്‍ഫാസി നിയമം റദ്ദാക്കാനാവശ്യപ്പെടാതെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെല്ലാം അര്‍ത്ഥരഹിതമാണ്. അതിന്റെ പേരില്‍ അവരുടെ ഭര്‍ത്താവ് രക്ഷപ്പെടാനവസരം ഉണ്ടാകുകയുമരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply