യുവത ഇന്ന് ആലപ്പാട്ടേക്ക്

ഒത്തുതീര്‍പ്പു ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. ഖനനം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും ഒരു മാസത്തേക്ക് സീ വാഷിങ് നിര്‍ത്താമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ സമരസമിതി തയ്യാറായില്ല. ആലപ്പാട്ടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീ രതിനിധീകരിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയുമുണ്ടാകുമെന്നും തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കുമെന്നും കടല്‍ഭിത്തികള്‍ ശക്തിപ്പെടുത്തുമെന്നും തീരമേഖല കടലെടുക്കാതിരിക്കാനുള്ള […]

ala

ഒത്തുതീര്‍പ്പു ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. ഖനനം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നും ഒരു മാസത്തേക്ക് സീ വാഷിങ് നിര്‍ത്താമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ സമരസമിതി തയ്യാറായില്ല. ആലപ്പാട്ടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീ രതിനിധീകരിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയുമുണ്ടാകുമെന്നും തീരമേഖലയില്‍ പുലിമുട്ട് നിര്‍മാണം കാര്യക്ഷമമാക്കുമെന്നും കടല്‍ഭിത്തികള്‍ ശക്തിപ്പെടുത്തുമെന്നും തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞെങ്കിലും താല്‍ക്കാലികമായി പോലും ഖനനം നിര്‍ത്താന്‍ തയ്യാറായിട്ടില്ല. ഖനനം തുടര്‍ന്നാല്‍ മാത്രമേ പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ അതിനു കാരണമായി പറയുന്നത്. പതിവുപോലെ പ്രകൃതി തന്ന സമ്പത്താണു കരിമണല്‍ എന്നും അതു പരമാവധി ഉപയോഗിക്കണമെന്ന വാചകങ്ങളും മന്ത്രി ആവര്‍ത്തിചചു. അതേസമയം ആലപ്പാട്ടെ ജനങ്ങളുടെ ജീവനു് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും 240 തൊഴിലാളികളെയും വ്യവസായത്തെയും കുറിച്ചു മാത്രമാണ് മന്ത്രി പറയുന്നതെന്നും സമരസമിതി ആരോപിക്കുന്നു. പൂഴ്ത്തിവച്ചിരിക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാനും സമിതി നേതാള്‍ ആവശ്യപ്പെടുന്നു. സമരത്തെ പിന്തുണച്ച് ഇന്ന് (ജനുവരി 19) പ്രഖ്യാപിച്ചിട്ടുള്ള യുവത ആലപ്പാട്ടേക്ക് എന്ന പരിപാടി സര്‍ക്കാരിനുള്ള താക്കീതാകുമെന്നാണ് സമിതി അവകാശപ്പെടുന്നത്.
ഒരു ജനാധിപത്യസംവിധാനത്തില്‍ പാലിക്കേണ്ടതായ പ്രാഥമിക ജനാധിപത്യ മര്യാദപോലും പാലിക്കാതെയാണ് ഇ പി ജയരാജന്‍ സമിതിയുമായി ചര്‍ച്ചക്കു തയ്യാറായത് എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് ഒരു താല്‍പ്പര്യവുമില്ലാതെ അദ്ദേഹം സമിതിയെ ചര്‍ച്ചക്കു ക്ഷണിച്ചത്. അപ്പോള്‍ തന്നെ ചര്‍ച്ച പരാജയമാകുമെന്ന സൂചനയുണടായിരുന്നു. ഖനനം നിര്‍ത്തില്ലെന്ന് ചര്‍ച്ചക്കുമുന്നെ അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, വര്‍ഗ്ഗീയ – പ്രാദേശിക വികാരം ഇളക്കി വിടുക എന്ന ലക്ഷ്യത്തോടെ സമരത്തിനു പുറകില്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ഇടതുമുന്നണിക്കകത്തെ അഭിപ്രായഭിന്നതകള്‍പോലും അദ്ദേഹം കണക്കിലെടുത്തിട്ടില്ല. ഇടതുമുന്നണി വിപുലീകരണത്തിനുശേഷം നടന്ന ആദ്യയോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. സിപിഐ തന്നെയാണ് ജയരാജന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത്. ഖനനം തീരഭൂമിയെ വന്‍തോതില്‍ കവര്‍ന്നെടുക്കുകയാണെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നും ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിനു കരിമണലിനെക്കാള്‍ വിലയുണ്ടെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി.എസിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുതെന്നും അദ്ദേഹം ജീവിച്ചു പോക്കോട്ടെയെന്നുമാണ് ആക്ഷേപരൂപത്തില്‍ മന്ത്രി പ്രതികരിച്ചത്. ചര്‍ച്ച കേവലം പ്രഹസനമായിരുന്നു എന്നു വ്യക്തം.
അതേസമയം എല്ലാ സമരങ്ങളിലും പതിവുള്ള പോലെ ചുക്കാന്‍ പിടിക്കുന്നവരെ തേജോവധം ചെയ്യാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. ഏതോ ഉദ്ദേശത്തോടെ പെട്ടന്നുണ്ടാക്കിയ സമരമാണിതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഖനനത്തോളം പഴക്കമുണ്ട് സമരത്തിനും എന്നതാണ് വസ്തുത. ഇപ്പോള്‍ കാല്‍ നൂറ്റാണ്ടായി ഈ മേഖലയിലെ സമരങ്ങള്‍ അതിശക്തവുമാണ്. 1992ല്‍ കരിമണല്‍ ഖനനത്തിന് എതിരെയുള്ള യുവകലാസാഹിതിയുടെ പരിസ്ഥിതി സംരക്ഷണ ജലജാഥയില്‍ വെച്ചാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഏറെ പ്രശസ്തമായ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന ഗാനം എഴുതിയതെന്നതുതന്നെ ഇതിനു നിദാനമാണ്. 1994ല്‍ കെംപ്ലാസ്റ്റ്, റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കണ്‍സോര്‍ഷ്യം, വെസ്‌ട്രേലിയന്‍ സാന്‍ഡ്സ് തുടങ്ങിയ കമ്പിനികളെ കൊണ്ട് വന്ന് ആയിരംതെങ്ങ് മിനറല്‍ കോംപ്ലെക്സ് നിര്‍മ്മിക്കാന്‍ നടത്തിയ നീക്കത്തെ അതിശക്തമായ സമരം കൊണ്ടാണ് നാട്ടുകാര്‍ പരാജയപപെടുത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സമരങ്ങളില്‍ സജീവമാണ്. അവര്‍ കരിമണല്‍ ഖനനത്തിന്റെ അപകടങ്ങള്‍ വെളിവാക്കുന്ന നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുന്‍പ് നിയമസഭാ പരിസ്ഥിതി കമ്മിറ്റി എത്തുകയും, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു പഞ്ചായത്ത് കമ്മിറ്റിയും ഇതുമായി ബന്ധപ്പെട്ട് പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് സേവ് ആലപ്പാട് എന്ന പേരില്‍ ഇപ്പോളാരംഭിച്ചിരിക്കുന്ന പോരാട്ടമെന്ന് സമരസമിതി അവകാശപ്പെടുന്നു. സമരത്തിനെതിരെയുള്ള അവസാന അടവായാണ് അത് സ്വകാര്യമേഖലക്കുവേണ്ടിയാണെന്ന ആരോപണം. വായുവും വെള്ളവും പോലും സ്വകാര്യവല്‍ക്കരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നതാണ് തമാശ. എല്ലാ ജനകീയസമരങ്ങള്‍ക്കും നേരെ ഉന്നയിക്കുന്ന അരാഷ്ട്രീയം എന്ന ആരോപണമാണ് മറ്റൊന്ന്. തങ്ങള്‍മാത്രം ശരിയെന്നു വാദിക്കുന്ന കക്ഷിരാഷ്ട്രീയമാണ് ഇവര്‍ക്ക് രാഷ്ട്രീയം. അതിനാലാണ് തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ ഭരണത്തിലെത്തുമ്പോള്‍ ശരിയാകുന്നത്. മറിച്ചും. അതാണല്ലോ തങ്ങള്‍ ഭരിക്കുമ്പോള്‍ ഈ വിഷയത്തിലിടപെടാതിരുന്ന യുഡിഎഫ് നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. പാരിസ്ഥിതി അനുമതി കിട്ടാത്ത ഇടങ്ങളില്‍ പോലും ഖനനം നടക്കുന്നതായും സി.ആര്‍.ഇസഡ് നിയമം പോലും വിലക്കുന്ന സീ വാഷിംഗ് ഖനനരീതി തുടരുന്നു എന്നും ഖനനം പ്രദേശത്തിന്റെ ജൈവ സമ്പത്തിനോ, പരിസ്ഥിതിക്കോ കോട്ടം തട്ടുന്ന രീതിയില്‍ ആകരുതെന്ന നിയമവും അട്ടിമറിക്കപ്പെടുന്നു എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാവുകളും കണ്ടലും ചതുപ്പും ജലാശയങ്ങളുമെല്ലാം കുഴിച്ചു കഴിഞ്ഞു. കരിമണല്‍ കുന്നുകള്‍ ഇല്ലാതാക്കി. പകരം കടല്‍ ഭിത്തി പണിയാന്‍ കല്ല് കൊണ്ട് വരുമ്പോള്‍ പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം വേറെ. ഈ കടല്‍ ഭിത്തി ഉണ്ടായത് കൊണ്ട് പ്രജനനം നഷ്ടപ്പെട്ട കടല്‍ ആമകള്‍, ചെറുമീനുകള്‍, ഞണ്ടുകള്‍, നത്തക്ക തീരം ഇല്ലാതെ ഒഴിഞ്ഞു പോകുന്ന കടല്‍ കാക്കകള്‍, ദേശാടന പക്ഷികള്‍ എന്നിങ്ങനെ ജൈവ – പരിസ്ഥിതി നഷ്ടത്തിന്റെ കണക്കുകള്‍ നീളുന്നു. ഇതൊന്നും സര്‍ക്കാരിന് നഷ്ടങ്ങളുടെ കണക്കില്‍ വരുന്നില്ല. അതിനേക്കാളെല്ലാമുപരി പിറന്ന മണ്ണ് പടിപടിയായി കടലെടുക്കുന്നതിന് ദൃക്‌സാക്ഷികളാകുകയാണ് ആലപ്പാട്ടുകാര്‍. പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായി വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ഇതുവഴി തകരുന്നതെന്ന വസ്തുതപോലും പരിഗണിക്കാതെയാണ് ഖനനം തുടരാനുള്ള സര്‍ക്കാര്‍ തീരുമാനം. അതിനാല്‍തന്നെ അതിനെതിരായ ജനകീയപോരാട്ടവും ശക്തമാകുകയാണ്. അതിന്റെ പ്രഖ്യാപനം കൂടിയാണ് യുവത ആലപ്പാട്ടേക്ക് എന്ന സമരരൂപം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply