യുപിഎയും സഖ്യകക്ഷികളും ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കണം

ടി ടി ശ്രീകുമാര്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പുരംഗം അതിവേഗം മാറുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്ന സമയത്ത് ബിജെപിക്കും എന്‍ഡിഎക്കും ഉണ്ടായിരുന്ന ആത്മവിശ്വാസം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപെട്ടിരിക്കുന്നു. കൊണ്ഗ്രസ്സും യുപിഎയും മറ്റ് പ്രധാന പ്രതിപക്ഷപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കും ഹിന്ദുത്വ അജണ്ടക്കും എതിരെ നടത്തിയ പ്രചരണം ഗ്രാമീണമേഖലകളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ തന്നെ മാറിപ്പോയിരിക്കുന്നു. അദ്ദേഹവും അമിത്ഷായും തങ്ങളുടെ പല്ലിനു പഴയ ശൌര്യമില്ലെന്ന അനിവാര്യമായ തിരിച്ചറിവിലേക്ക് എത്തിച്ചേരുകയാണ്. കോണ്ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോവരിയും നേരിട്ടും അല്ലാതെയും ബിജെപി സര്‍ക്കാരിന്റെ […]

UUU

ടി ടി ശ്രീകുമാര്‍

ഇന്ത്യയിലെ തെരഞ്ഞെടുപ്പുരംഗം അതിവേഗം മാറുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്ന സമയത്ത് ബിജെപിക്കും എന്‍ഡിഎക്കും ഉണ്ടായിരുന്ന ആത്മവിശ്വാസം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപെട്ടിരിക്കുന്നു. കൊണ്ഗ്രസ്സും യുപിഎയും മറ്റ് പ്രധാന പ്രതിപക്ഷപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കും ഹിന്ദുത്വ അജണ്ടക്കും എതിരെ നടത്തിയ പ്രചരണം ഗ്രാമീണമേഖലകളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ തന്നെ മാറിപ്പോയിരിക്കുന്നു. അദ്ദേഹവും അമിത്ഷായും തങ്ങളുടെ പല്ലിനു പഴയ ശൌര്യമില്ലെന്ന അനിവാര്യമായ തിരിച്ചറിവിലേക്ക് എത്തിച്ചേരുകയാണ്. കോണ്ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോവരിയും നേരിട്ടും അല്ലാതെയും ബിജെപി സര്‍ക്കാരിന്റെ മാത്രമല്ല, ചില മുന്‍കാല കോണ്ഗ്രസ് നയങ്ങള്‍ക്ക് നേരെതന്നെയുള്ള കുറ്റപത്രം കൂടിയായി എന്നത് രാഷ്ട്രീയമായ ധ്രുവീകരണത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമായ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് രാഷ്ട്രം ആഗ്രഹിക്കുന്ന തിരുത്തലുകള്‍ കേന്ദ്രനയങ്ങളില്‍ ഉണ്ടാവണം എന്നൊരു ദിശാബോധം ശക്തമായി പ്രതിഫലിക്കുന്ന പ്രകടനപത്രികയാണ് കോണ്ഗ്രസ് പുറത്തിറക്കിയത്. ബിജെപിയുടെ നയങ്ങളില്‍നിന്നും ഇത:പര്യന്തമുള്ള കോണ്ഗ്രസ്സിന്റെ തന്നെ ചില നയങ്ങളില്‍ നിന്നുമുള്ള ചില അടിസ്ഥാനവിച്ഛേദങ്ങള്‍ ആ പത്രികയില്‍ നമുക്ക് കാണുവാന്‍ കഴിയും.

പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അധികാരത്തില്‍ എത്തുന്ന സര്‍ക്കാരുകള്‍ നടപ്പിലക്കുമോ എന്ന ചോദ്യത്തിന് സ്വാഭാവികമായും കാത്തിരുന്നു കാണുക എന്ന് മാത്രമേ പറയാന്‍ കഴിയൂ. മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നത് ഭാഗികമായി മാത്രമേ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം പ്രകടനപത്രികകളോട് നീതിപുലര്‍ത്താറുള്ളു എന്നതാണ്. പക്ഷെ അവയുടെ പ്രാധാന്യം ഓരോ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കാന്‍ പോകുന്ന രാഷ്ട്രീയ-സാമ്പത്തിക സമീപനത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണ രൂപീകരിക്കുന്നതിനു സഹായിക്കുന്നു എന്നതാണ്. സാമ്പത്തിക പരിപാടികളിലേക്ക് കടക്കുന്നത്തിനു മുന്‍പ് തന്നെ എടുത്തുപറയേണ്ട ഒരു സവിശേഷത രാഷ്ട്രീയമായ ചില പ്രധാന വാഗ്ദാനങ്ങള്‍ കോണ്ഗ്രസ് പ്രകടനപത്രിക നല്‍കുന്നത് ബിജെപി -ആര്‍എസ്എസ് വൃത്തങ്ങളെ കാര്യമായി പ്രകോപിപ്പിച്ചു എന്നുള്ളതാണ്. ഐപിസിയിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നുള്ളതും പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കും എന്നുള്ളതും കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം പുന:പരിശോധിക്കും എന്നുള്ളതുമെല്ലാം നല്‍കുന്ന സൂചനകള്‍ മനുഷ്യാവകാശ മേഖലയില്‍ ഉണ്ടായിട്ടുള്ള വലിയ ധ്വംസനങ്ങള്‍ പുതിയ കോണ്ഗ്രസ് നേതൃത്വം തിരിച്ചറിയുന്നു എന്നതാണ്. സാംസ്‌കാരിക ദേശീയതയുടെ എപ്പോഴുമുള്ള ആത്മവിശ്വാസം തങ്ങളുടെ സങ്കുചിത മുദ്രാവക്യങ്ങള്‍ക്ക് താഴെ അണിനിരക്കാനേ പ്രതിയോഗികള്‍ക്ക് കഴിയൂ എന്നതാണ്. എന്നാല്‍ അതിനു നേര്‍വിപരീതമായ ഒരു നിലപാട് കോണ്ഗ്രസ് കൈക്കൊണ്ടു എന്നത് ബിജെപി വൃത്തങ്ങളെ അമ്പരിപ്പിക്കുന്നുണ്ട്.

സാമ്പത്തിക മേഖലയില്‍ യുപിഎ അധികാരത്തില്‍ എത്തിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ന് കാണുന്ന ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ നയങ്ങള്‍ കോണ്ഗ്രസ് നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയുന്നതല്ല. എന്നാല്‍ കോണ്ഗ്രസ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്ന പല നിര്‍ദ്ദേശങ്ങളും ബിജെപി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ വരുത്തിവെച്ച വലിയ കെടുതികളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള ചില സമവായങ്ങളിലേക്ക് നീങ്ങുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പൊതുമേഖലയില്‍ 34 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും, നിതി ആയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മിഷന്‍ പുനസ്ഥാപിക്കും, നോട്ട്‌നിരോധനം, ജി.എസ്.ടി ബാദ്ധ്യതകളില്‍ നിന്ന് കരകയറുന്നതിനുള്ള നടപടികള്‍ ഉണ്ടാകും, 12 ക്‌ളാസുവരെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസം സാധ്യമാക്കും, കാര്‍ഷികകടം തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമല്ലാതാക്കും, അസംഘടിതമേഖലയില്‍ കുറഞ്ഞ വരുമാനം നടപ്പാക്കും തുടങ്ങിയ പല നിര്‍ദ്ദേശങ്ങളും കോണ്ഗ്രസ്സിന്റെ പ്രകടനപത്രികക്ക് പുറത്തു ചര്‍ച്ചചെയ്യുകയും യുപിഎ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ ജനകീയസമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്.
പ്രകടനപത്രികയില്‍ പറയുന്ന മിനിമം വരുമാനം ഉറപ്പുവരുത്തുവാന്‍ അഞ്ചുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി യഥാര്‍ത്ഥത്തില്‍ കോണ്ഗ്രസ്സിന്റെ മാത്രം പദ്ധതിയല്ല. അത് ആഗോളമുതലാളിത്തം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മുന്നോട്ടുവയ്കപ്പെട്ടിട്ടുള്ള ഒരു നിര്‍ദ്ദേശമാണ്. അസമത്വം കുറയ്ക്കുമെന്ന ലേബലിലാണ് അത് അവതരിപ്പിക്കപ്പെടുന്നതെങ്കിലും ഈ പംക്തിയില്‍ ഞാന്‍ മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയൊരു വിഭാഗം ജനങ്ങളെ തൊഴില്‍ മേഖലയില്‍നിന്ന് എന്നെന്നേക്കുമായി പുറന്തള്ളുകയും മറ്റു തൊഴില്‍ അവസരങ്ങള്‍ സാമ്പത്തിക പുനര്ക്രമീകരണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇത് കേവലമായ ട്രേഡ് യൂണിയന്‍ കാഴ്ചപ്പാടിലുള്ള വിമര്‍ശനമല്ല. ഒഇസിഡി, ലോക സാമ്പത്തിക ഫോറം തുടങ്ങിയ മുതലാളിത്ത സംവിധാനങ്ങള്‍ തന്നെ തുറന്നുപറയാന്‍ നിര്‍ബന്ധിതരായിട്ടുള്ള കാര്യമാണ്. ഇത് ജനങ്ങളുടെ ക്രയശേഷിയെ – ഉലപ്പന്നങ്ങള്‍ വാങ്ങാനുള്ള കഴിവിനെ- ബാധിക്കുകയും അത് ആപേക്ഷികമായ അമിതോല്‍പ്പാദനത്തിലൂടെ മുതലാളിത്തത്തിന് തന്നെ തിരിച്ചടിയാവുകയും ചെയ്യുകയാണ്. ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് ലോക മുതലാളിത്ത വ്യവസ്ഥ കൂടുതല്‍ അസ്ഥിരപ്പെട്ടതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മുതലാളിത്തം മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് അടിസ്ഥാന വരുമാനം എന്ന സങ്കല്പ്പനം. ഒരു നിശ്ചിതതുക എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.

ഇതുവഴി രണ്ടു കാര്യങ്ങളാണ് ഇതിന്റെ വക്താക്കള്‍ ഉന്നംവയ്ക്കുന്നത്. ഒന്ന് അത് അടിസ്ഥാന ക്രയശേഷി സൃഷ്ടിക്കുകയും അങ്ങനെ മുതലാളിത്തത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായ വിപണിയിലെ ഡിമാന്റ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണുകയുംചെയ്യുക, രണ്ടു, തൊഴിലില്ലായ്മയുടെ പേരില്‍ ഉണ്ടാകാവുന്ന ജനകീയസമരങ്ങളെ ഒന്ന് തണുപ്പിക്കുക. ഒരു ലിബറല്‍ ജനാധിപത്യ പ്രസ്ഥാനം എന്നനിലയില്‍ ആഗോള മുതലാളിത്തത്തിന്റെ ഈ പദ്ധതിയോട് കോണ്ഗ്രസ് ചേര്‍ന്ന് നില്‍ക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. അതിനാല്‍ ഇതിനെ 15 ലക്ഷം രൂപ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞതുപോലെയുള്ള ഒരു വാഗ്ദാനമായി കാണേണ്ടതില്ല. നടപ്പിലാക്കാന്‍- ഇന്ത്യയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും- ഇടയുള്ള ഒരു പദ്ധതിയാണത്. എന്നാല്‍ അത് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള രൂപത്തിലാവുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലയെന്നതാണ് വസ്തുത.

ബിജെപിയുടെ ഓരോ സാമ്പത്തികനടപടികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുറകോട്ടു കൊണ്ടുപോകുന്നതായിരുന്നു. നോട്ടുറദ്ദാക്കല്‍ ഇന്ത്യന്‍ ഗ്രാമീണമേഖലയെ പാടെ ഉലച്ചുകളഞ്ഞ നടപടിയായിരുന്നു. സിഎംഇഐയുടെ (CMIE) കണക്കു അനുസരിച്ച് 2017 ജനുവരിക്കും എപ്രിലിനും ഇടയ്ക്കു ഒന്നര ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ബിജെപി അധികാരത്തില്‍ വരുന്ന സമയത്ത് 2-3 ശതമാനം ആയിരുന്നു തൊഴിലില്ലായ്മാ നിരക്കെങ്കില്‍ 2015 ആയപ്പോഴേക്കു അത് 5 ശതമാനമായി വര്‍ദ്ധിച്ചു. മാത്രമല്ല, യുവാക്കള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ 16 ശതമാനമാണ് വര്‍ദ്ധിച്ചത്. ഐറ്റി മേഖലയില്‍ 17 ശതമാനമാണ് ജോലി വാഗ്ദാനങ്ങളില്‍ കുറവുണ്ടായത്. പുതിയ ഐറ്റി ജോലികളില്‍ 2.7 ശതമാനം കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കമ്പനികള്‍ കൂട്ടമായി തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യശോഷണം വലിയൊരു സാമ്പത്തിക പ്രശ്‌നമായി മാറിയിരിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിവുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്ച്ചാ സൂചകങ്ങളില്‍ ഒന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കറന്‍സിക്ഷാമം പലയിടങ്ങളിലും രൂക്ഷമാണ്. ഡിജിറ്റല്‍ ക്രയവിക്രയം ലക്ഷ്യമിടുന്നു എന്ന് പറയുമ്പോഴും കറന്‍സിക്ഷാമം സൃഷ്ടിക്കുന്ന ഗുരുതരമായ ആഘാതങ്ങള്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് കാണാം. കമ്പനികളുടെ ലാഭാനിരക്കില്‍ വലിയ ഇടിവുകള്‍ സംഭവിക്കുകയും മൊത്തത്തില്‍ സമ്പദ് വ്യവസ്ഥയുടെ പോക്ക് പിന്നോട്ടാവുകയും ചെയ്തിരിക്കുന്നു. ദേശീയവരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഉണ്ടായ ഇടിവുകള്‍ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയാണ്. പൊതുവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുതലാളിത്ത മാനെജ്‌മെന്റ് തന്നെ നിര്‍വഹിക്കാന്‍ കഴിയാത്ത അങ്ങേയറ്റം കഴിവുകെട്ട ഒരു ഭരണത്തോടുള്ള പ്രതികരണം കൂടിയാണ് കോണ്ഗ്രസ്സിന്റെ മാനിഫെസ്റ്റോ എന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ യുപിഎഎയും സഖ്യകക്ഷികളും കൂടി ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് അടിയന്തിരമായ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക കടമയായി മാറിയിരിക്കുന്നു. (reusing nalaamkannu – face book post)
.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply