യാന്ത്രിക സോഷ്യലിസത്തില്‍നിന്നു മാനുഷികമുഖമുള്ള സോഷ്യലിസത്തിലേയ്ക്ക്

കെ.ഇ.കെ. സതീഷ് മുതലാളിത്തലോകം ലോകമാനവ പൈതൃകത്തെത്തന്നെയും വെല്ലുവിളിച്ച് സംഹാരനൃത്തം ചവിട്ടുമ്പോള്‍ ലാറ്റിനമേരിക്കയിലെ ഒരു കുഞ്ഞുരാജ്യമായ വെനസ്വേല ഹ്യൂഗോ ഷാവേസ് എന്ന മനുഷ്യന്റെ നേതൃത്വത്തില്‍ അതിനെയെല്ലാം ചെറുത്ത് സ്വന്തം കാലില്‍ നട്ടെല്ലോടെ നിന്നതു നാമെല്ലാം കണ്ടതാണ്. സോഷ്യലിസ്റ്റ് ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ അമേരിക്കയുടെ കാര്‍ഷികത്വത്തില്‍ നടന്ന ഹോമപൂജാദികളൊന്നും തന്നെ ഫലം കണ്ടില്ല. ഒരു രാജ്യത്തെ ജനങ്ങളാകെ ഒരു തത്ത്വശാസ്ത്രത്തിനു പിന്നില്‍ അതിജീവനത്തിനായി പടനയിക്കുന്നതും വിജയം വരിക്കുന്നതും നാം കണ്ടു. പലപ്പോഴും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഷാവേസിന്റെ നടപടികള്‍ക്ക് മൂകസാക്ഷിയായി ലജ്ജയോടെ […]

imagesകെ.ഇ.കെ. സതീഷ്
മുതലാളിത്തലോകം ലോകമാനവ പൈതൃകത്തെത്തന്നെയും വെല്ലുവിളിച്ച് സംഹാരനൃത്തം ചവിട്ടുമ്പോള്‍ ലാറ്റിനമേരിക്കയിലെ ഒരു കുഞ്ഞുരാജ്യമായ വെനസ്വേല ഹ്യൂഗോ ഷാവേസ് എന്ന മനുഷ്യന്റെ നേതൃത്വത്തില്‍ അതിനെയെല്ലാം ചെറുത്ത് സ്വന്തം കാലില്‍ നട്ടെല്ലോടെ നിന്നതു നാമെല്ലാം കണ്ടതാണ്. സോഷ്യലിസ്റ്റ് ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ അമേരിക്കയുടെ കാര്‍ഷികത്വത്തില്‍ നടന്ന ഹോമപൂജാദികളൊന്നും തന്നെ ഫലം കണ്ടില്ല. ഒരു രാജ്യത്തെ ജനങ്ങളാകെ ഒരു തത്ത്വശാസ്ത്രത്തിനു പിന്നില്‍ അതിജീവനത്തിനായി പടനയിക്കുന്നതും വിജയം വരിക്കുന്നതും നാം കണ്ടു. പലപ്പോഴും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഷാവേസിന്റെ നടപടികള്‍ക്ക് മൂകസാക്ഷിയായി ലജ്ജയോടെ തലകുനിക്കേണ്ടിയും വന്നു. സ്വന്തം നട്ടെല്ലിന്റെ അഭാവമോര്‍ത്ത്.
എന്തായിരുന്നു ഷാവേസിന്റെ വിജയരഹസ്യം? ഷാവേസിന്റെ മുഖ്യഉപദേഷ്ടാക്കളായിരുന്ന മാര്‍ത്ത ഹാനേക്കറും മൈക്കിള്‍ എ ലാഞ്ചോവിറ്റ്‌സും അതാണു നമുക്കു പറഞ്ഞുതന്നത്. ശനിയാഴ്ച തൃശൂരില്‍ സി. അച്യുതമേനോന്‍ പഠനഗവേഷണ കേന്ദ്രവും കോസ്റ്റ് ഫോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്നതായിരുന്നു വിഷയം.
മുതലാളിത്തത്തില്‍നിന്നും യഥാര്‍ത്ഥ സോഷ്യലിസത്തിലേക്കുള്ള വഴി സുദീര്‍ഘവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് വെനിസ്വലേയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാര്‍ത്താ ഹാര്‍നേക്കര്‍ വ്യക്തമാക്കി. മുതലാളിത്തം വളര്‍ന്നുവികസിച്ച രാജ്യങ്ങളിലാണു വിപ്ലവം നടക്കേണ്ടതെന്ന സിദ്ധാന്തം റഷ്യന്‍ വിപ്ലവത്തിലൂടെ തെറ്റാണെന്ന് തെളിഞ്ഞു. റഷ്യയുടെ അന്നത്തെ സാമ്പത്തികാവസ്ഥയേക്കാള്‍ രാഷ്ട്രീയ പരിതഃസ്ഥിതികളാണ് വിപ്ലവത്തിന് കാരണമായത്. വിപ്ലവത്തിനു മുമ്പുള്ള റഷ്യയുമായി വെനസ്വേലയ്ക്ക് ഏറെ സാമ്യമുണ്ടായിരുന്നു. എല്ലാത്തരം ചൂഷണങ്ങളും നഗ്നമായി അരങ്ങുവാഴുകയായിരുന്നു. നവലിബറലിസത്തിന്റെ വക്താക്കളും സഞ്ചരിച്ചത് മുതലാളിത്തത്തിന്റെ അതേ പാതയിലൂടെ തന്നെയായിരുന്നു. ലാഭം എന്ന ഒരേയൊരു ഭൗതിക യാഥാര്‍ത്ഥ്യം മാത്രമാണ് രാഷ്ട്രപുരോഗതിയ്ക്കും വളര്‍ച്ചയ്ക്കുമുള്ള സിദ്ധൗഷധമായി എല്ലാവരും നോക്കിക്കണ്ടത്. പ്രകൃതിവിഭവങ്ങള്‍പോലും ഇതിന്റെ ബലിയാടായി. ജനങ്ങള്‍ പൊറുതിമുട്ടി. അതാണു വെനസ്വേലയുടെ സോഷ്യലിസ്റ്റ് പരീക്ഷണത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഷാവേസിനു പിന്നില്‍ അണിനിരക്കാന്‍ കാരണമായതും.
ജനങ്ങളില്‍ നിന്നു പഠിക്കുക, അവരെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുക, അഞ്ചുവര്‍ഷംകൂടുമ്പോള്‍ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി മാറിനില്‌ക്കേണ്ടവരല്ല ജനങ്ങള്‍. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും ഇടപെടേണ്ടതും. അങ്ങനെ, ഒരു വ്യക്തിയ്ക്ക് എത്രമാത്രം വളരാമോ, എത്രമാത്രം സര്‍ഗ്ഗാത്മകമായി പുരോഗതി പ്രാപിക്കാമോ അത്രയും അവനെ/ അവളെ വളര്‍ത്താനുള്ള സാഹചര്യമൊരുക്കുക. പരിപൂര്‍ണ്ണനായ മനുഷ്യനെ സൃഷ്ടിക്കുക എന്നതാകണം 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ലക്ഷ്യം.
ഓരോ സമൂഹത്തിനും തനതായ സ്വഭാവ വിശേഷങ്ങളും വ്യക്തിത്വവുമുണ്ട്. അതുകൊണ്ടുതന്നെ അതതു ജനവിഭാഗങ്ങളുടെ ചരിത്രവും സംസ്‌കാരവും ആഴത്തില്‍ പഠിച്ചേ തീരൂ. നാം മുതലാളിത്തത്തിന്റെ ഉപഭോക്തൃസംസ്‌കാരം സ്വായത്തമാക്കിയവരാണ്. നാമതു മാറ്റിയേ തീരൂ. ഗവണ്‍മെന്റുകള്‍ ആത്യന്തികമായി സ്വേച്ഛാധിപത്യ സ്വഭാവമുള്ളവയായിരിക്കും. അതിനെ ജനാധിപത്യ പ്രക്രിയയിലൂടെ പരിപൂര്‍ണ്ണമായി ജനായത്തവല്ക്കരിക്കുകമാത്രമാണ് നമ്മുടെ മുന്നിലവശേഷിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം. രാഷ്ട്രീയവും ജനാധിപത്യവും തമ്മില്‍ ഇടയ്ക്കിടെ വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇതു മറികടന്നാല്‍ ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ഭരണഘടന തന്നെ മാറ്റിയെഴുതേണ്ടിവരും. അതാണ് കാലം നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്. ജനങ്ങളും…
എങ്ങനെ ഒരു ബദല്‍ സ്ഥാപനമാകണമെന്നതാണ് ഗവണ്‍മെന്റ് ചിന്തിക്കേണ്ടത്. ഇവിടെ ബുദ്ധിജീവികള്‍ക്കും സര്‍ഗ്ഗാത്മകമായി സമൂഹത്തിലിടപെടാന്‍ കഴിയും. കഴിയണം. അതാണു ബുദ്ധിജീവികളുടെ കടമയും…
സൈന്യത്തിന്റെ റോള്‍ കാലത്തിനനുസരിച്ച് മാറ്റണം. പുതിയ രീതിയും ഭരണഘടനയും അനുസരിച്ച് പട്ടാളം ക്രിയാത്മകരീതിയില്‍ വേണം സമൂഹത്തിലിടപെടാന്‍.
മനുഷ്യാവകാശത്തോടൊപ്പം തന്നെ പ്രകൃതിയുടെ അവകാശങ്ങളും ആദരിക്കപ്പെടണം. പ്രകൃതിസംരക്ഷണം നമ്മുടെ മുഖമുദ്രയാകണം. എന്തെന്നാല്‍ നമ്മെ നിലനിര്‍ത്തുന്നത് ഈ പ്രകൃതിയാണ്. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പരിക്കുമാത്രമേ നാം പ്രകൃതിയിലേല്പ്പിക്കാവൂ. അതും അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നമ്മുടെ നിലനില്‍പിനുവേണ്ടി മാത്രം.
മുതലാളിത്ത സമൂഹത്തിലെ അന്യോന്യ മത്സരത്തിന്റെ സ്ഥാനത്തു നമുക്കു പരസ്പര സഹകരണവും ഐക്യദാര്‍ഢ്യവും വളര്‍ത്തണം. അതാണു സുസ്ഥിര വികസനത്തിന്റെ ആണിക്കല്ല്. ആശയങ്ങള്‍ ഗാന്ധിചിന്തയുമായി സാദൃശ്യമുള്ളവയാണെന്നും അതു ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ മനസ്സിലാകുമെന്നു മാര്‍ത്തഹാരനേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പരമമായ സ്ഥാനം ഗവണ്‍മെന്റിനല്ല. ഭരണകൂടത്തിനല്ല, ജനങ്ങള്‍ക്കാണ്. ഇതാണ് എപ്പോഴും ഓര്‍മ്മയിലിരിക്കേണ്ട പരമമായ സത്യവും. 21-ാം നൂറ്റാണ്ടിന്റെ സോഷ്യലിസത്തിന്റെ പരീക്ഷണശാലയില്‍ ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യമുഖം നല്‍കുക എന്നതാണ് പ്രധാനം. ജനാധിപത്യം ഉറപ്പുവരുത്തുക മാത്രമാണ് ഇതിനുള്ള പോംവഴി. കാരണം ജനങ്ങളുടെ റോള്‍ പരമപ്രധാനമാണ്. അവരുടെ അറിവും അനുഭവങ്ങളുമാണ് ഗവണ്‍മെന്റുകള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കണക്കിലെടുക്കേണ്ടത്.
സോഷ്യലിസത്തിനപ്പുറത്തേക്കു സഞ്ചരിക്കാന്‍ അസാധാരണമായ കോമണ്‍സെന്‍സാണ് ആവശ്യമെന്ന് മൈക്കിള്‍ എ ലബോവിറ്റ്‌സ് പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം മാനുഷിക മുഖമുള്ളതാകണമെന്നും സാഹചര്യങ്ങളെ മാറ്റിമറിച്ചുകൊണ്ടായിരിക്കണം നമ്മുടെ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസം ഒരു ജൈവഘടനയാണ്. അതില്‍ മാനവരാശിക്ക് എളുപ്പത്തിലെത്തിച്ചേരാം. അതിനെ യാന്ത്രികമാക്കാതിരുന്നാല്‍ മാത്രം മതി. സ്വേച്ഛാധിപത്യ-പാര്‍ട്ടി ആധിപത്യ പ്രവണതകളെ മറികടക്കാനുള്ള മാനസികമായ സംസ്‌കാരവും പക്വതയും ആര്‍ജ്ജിച്ചാല്‍ മാത്രം മതി. മനുഷ്യന്റെ സാര്‍വ്വതോന്മുഖമായ സമ്പന്നതയായിരിക്കണം നമ്മുടെ ലക്ഷ്യം. അതു പണത്തില്‍ മാത്രമം പോരാ. മസ്തിഷ്‌കവും ഹൃദയവും അതിനനുസരിച്ച് സാംസ്‌കാരികമായിക്കൂടി പാകപ്പെടേണ്ടതുണ്ട്. ലബോവിറ്റ്‌സ് ഓര്‍മ്മിപ്പിച്ചു.
‘വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനം- അസാധ്യമായതിനെ സാധ്യമാക്കുന്ന കല’ എന്ന മാര്‍ത്ത ഹാനേക്കറുടെ പുസ്തകത്തിന്റെ മലയാളപരിഭാഷ ടി.എന്‍.ജോയ് ചടങ്ങില്‍ പ്രകാശിപ്പിച്ചു. ‘നോ ന്യൂ ലെഫ്റ്റ്, നോ എക്‌സ്ട്രീം ലെഫ്റ്റ്, ഓണ്‍ലി എക്‌സ്ട്രീം സെന്റര്‍’ ജോയ് ഓര്‍മ്മിപ്പിച്ചു. ഇ.എം. സതീശനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്.
ചര്‍ച്ചായോഗത്തില്‍ ഡോ. എം.പി. പരമേശ്വരന്‍ മോഡറേറ്ററായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply