യാത്ര മനോഹരമായ അനുഭവമാക്കാന്‍…….

കെ.വി അബ്ദുള്‍ അസീസ് മലപ്പുറത്തുണ്ടായ റോഡപകടങ്ങളെ തുടര്‍ന്ന് വേഗപ്പൂട്ട് പരിശോധനയടക്കം ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. തീര്‍ച്ചയായും അത് സ്വാഗതാര്‍ഹം. എന്നാല്‍ വേഗപ്പൂട്ടു ഘടിപ്പിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലെ ബസ് ഗതാഗത രംഗത്തു നിലനില്‍ക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. അപകടങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, ജനങ്ങളുടെ യാത്ര സുഖകരമാക്കുക എന്നതു കൂടിയായിരിക്കണം അതിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ മുഖ്യ ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. ഗതാഗതമേഖലയെ സര്‍വ്വീസ് ആയി അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയം. വായുവും വെളളവും ഭക്ഷണവും വസ്ത്രവും വസതിയും […]

IrizarTVS-iT09

കെ.വി അബ്ദുള്‍ അസീസ്

മലപ്പുറത്തുണ്ടായ റോഡപകടങ്ങളെ തുടര്‍ന്ന് വേഗപ്പൂട്ട് പരിശോധനയടക്കം ശക്തമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. തീര്‍ച്ചയായും അത് സ്വാഗതാര്‍ഹം. എന്നാല്‍ വേഗപ്പൂട്ടു ഘടിപ്പിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലെ ബസ് ഗതാഗത രംഗത്തു നിലനില്‍ക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. അപകടങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, ജനങ്ങളുടെ യാത്ര സുഖകരമാക്കുക എന്നതു കൂടിയായിരിക്കണം അതിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ മുഖ്യ ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്.
ഗതാഗതമേഖലയെ സര്‍വ്വീസ് ആയി അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയം. വായുവും വെളളവും ഭക്ഷണവും വസ്ത്രവും വസതിയും പോലെ തന്നെ അനിവാര്യമായ ഒന്നാണല്ലോ യാത്ര. അത് അപകടരഹിതവും അനായാസമാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. എത്രയോ മേഖലകളില്‍ സബ്‌സിഡിയും മറ്റുമായി കോടിക്കണക്കിനു രൂപ ചിലവഴിക്കുന്ന സര്‍ക്കാര്‍ സത്യത്തില്‍ ഗതാഗതമേഖലയില്‍ നിന്ന് ഒളിച്ചോടുകയാണ്. ആ സമീപനമാണ് ആദ്യം തിരുത്തേണ്ടത്.
സ്വകാര്യബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കേണ്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിലേക്കു നയിക്കുന്ന കാരണങ്ങളും ഇല്ലാതാക്കിയാലേ ദീര്‍ഘകാല പരിഹാരമായി എന്നു പറയാനാകൂ. സത്യത്തില്‍ മദ്യത്തെപോലെ സ്വകാര്യബസ് മേഖലയെയും കറവപശുവാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വന്‍തുകയാണ് റോഡുനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിക്കുന്നത്. ഇതിന്റെ പത്തിലൊരു ഭാഗം പോലും റോഡുകള്‍ നന്നാക്കാന്‍ ചിലവാക്കുന്നുണ്ടോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഈ നികുതി ആത്യന്തികമായി പോകുന്നത് ജനങ്ങളില്‍ നിന്നാണല്ലോ. സത്യത്തില്‍ റോഡിനു നികുതി എന്നത് ഒരു തരത്തിലുള്ള ടോള്‍ തന്നെയാണ്. ഒരു ജനാധിപത്യസര്‍ക്കാരിന് അത് ഭൂഷണമല്ല.
തൃശൂരില്‍ നിന്ന് ഗുരുവായൂര്‍ക്കുള്ളത് മുപ്പതുകിലോമീറ്ററോളം. എണ്‍പതോളം സ്വകാര്യബസുകള്‍ ഈ റൂട്ടിലുണ്ട്. ഒരു ബസില്‍ നിന്ന് പ്രതിമാസം പിരിക്കുന്ന നികുതി 12000 മുതല്‍ 15000 വരെ. അപ്പോള്‍ സംസ്ഥാനത്തെ മൊത്തം അവസ്ഥ ഊഹിക്കാമല്ലോ. ബസുടമകളെ എത്രവേണമെങ്കിലും നമുക്ക് കുറ്റപ്പെടുത്താം. കുറ്റപ്പെടുത്തണം. പക്ഷെ ഈ നികുതി അടക്കലാണ് അവരുടെ ഏറ്റവും വലിയ തലവേദന. ഭൂരിഭാഗം ബസുടമകള്‍ക്കും കൈവശമുള്ളത് രണ്ടോ മൂന്നോ ബസുകള്‍. കാര്യമായി വന്‍കിടക്കാര്‍ ഈ മേഖലയില്ല. ഇതെല്ലാം പരിഗണിക്കപ്പെടേണ്ട വസ്തുതകളല്ലേ? സര്‍ക്കാരിനുവേണ്ടിയും തങ്ങള്‍ക്കുവേണ്ടിയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയിലാണ് ഉടമകള്‍. യാത്രാബത്ത കൂടുതല്‍ കിട്ടാനായി മത്സരിക്കുന്ന ജീവനക്കാരും. ആര്‍ടിഒ ഓഫീസുകളിലെ അഴിമതിയും റോഡുകളുടേയും ബസുകളുടേയും മോശപ്പെട്ട അവസ്ഥയും. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങളും ദുരന്തങ്ങളുമാണ് റോഡുകളില്‍ കാണുന്നത്.
മാന്യമായ യാത്രാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ജനാധിപത്യ ഭരണകൂടം തയ്യാറുണ്ടോ? എങ്കില്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. റോഡുനികുതി ഒഴിവാക്കണം. അതേസമയം മികച്ച റോഡുകള്‍ ലഭ്യമാക്കണം. പി ഡബ്ലിയു ഡിയും മറ്റും നിര്‍മ്മിക്കുന്ന റോഡുകള്‍ തകരുമ്പോഴും മലേഷ്യന്‍ കമ്പനികളും മറ്റും നിര്‍മ്മിച്ച് മികച്ച റോഡുകള്‍ കേരളത്തിലുണ്ട്. അവ മാതൃകയാക്കണം. മാന്യമായ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്ത് റോഡുകളുടെ വികസനം സാധ്യമാക്കണം. പ്രധാന റോഡുകളിലെല്ലാം ഡിവൈഡര്‍ വേണം. റോഡുകളിലെ അപകടകരമായ രീതിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പരിപാടി അവസാനിപ്പിക്കണം. സ്‌റ്റോപ്പുകളില്‍ ബസ്‌ബേകള്‍ നിര്‍ബന്ധമാക്കണം. മികച്ച ബസുകള്‍ മാത്രമേ സര്‍വ്വീസിങ്ങിന് അനുവദിക്കാവൂ. റോഡു നികുതി പോലും അടക്കാത്ത എ എസ് ആര്‍ ടി സി ബസുകള്‍പോലും എത്ര അധോഗതിയിലാണ്. ആ അവസ്ഥ മാറണം. റോഡു നികുതി ഒഴിവാക്കുന്നതോടെ ബസുകളില്‍ ഇരിക്കാന്‍ കഴിയുന്നവരെ മാത്രമെ കയറ്റാന്‍ പാടൂ എന്ന തീരുമാനം എടുക്കണം. അതോടൊപ്പം തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണം.
ബസുകള്‍ക്ക് തോന്നിയ നിറവും പേരും കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കണം. ഓരോ റൂട്ടിലും നമ്പറുകള്‍ നല്‍കണം. അതോടെ നിറത്തിന്റെ കാര്യവും. ഉദാഹരണമായി ഗുരുവായൂരില്‍ നിന്ന് തൃശൂര്‍ക്ക് നോണ്‍ സ്‌റ്റോപ്പ് ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓര്‍ഡിനറി ബസുകളും വേണം. ഓരോന്നിനും പ്രത്യേക നിറവും നമ്പറും കൊടുക്കണം. ഓരോ വിഭാഗം ബസുകളുടേയും ക്ലസ്റ്റര്‍ ഉണ്ടാക്കണം. അവയുടെ ഓരോ ദിവസത്തേയും കളക്ഷന്‍ തുല്ല്യമായി വീതിച്ചു നല്‍കണം. ടി്ക്കറ്റുകള്‍ ബസിലല്ല നല്‍കേണ്ടത്. ബസ്സ്‌റ്റോപ്പുകളില്‍ അതിനുള്ള സംവിധാനമുണ്ടാക്കാം. അവിടെ വേണമെങ്കില്‍ പരസ്യങ്ങളാകാം. സീസണ്‍ ടിക്കറ്റുകളും ഉണ്ടായിരിക്കണം. ബസുകളില്‍ ചെക്കര്‍മാരെ ബസുടമകള്‍ ഒന്നിച്ച് നിയമിക്കണം.
കര്‍ശനമായ ചട്ടങ്ങളോടെയായിരിക്കണം ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍. ജീവനക്കാര്‍ക്ക് മികച്ച വേതനം കൊടുക്കുകയും യാത്രാബത്ത നല്‍കുന്നത് അവസാനിപ്പിക്കുകയും വേണം.
മറ്റൊന്ന് ബസുകള്‍ക്കും ബസ് യാത്രക്കാര്‍ക്കും മാന്യത നല്‍കണമെന്നതാണ്. ട്രാഫിക് പ്രശ്‌നങ്ങളും അന്തരീക്ഷമലിനീകരണവും ഇന്ധന ഉപയോഗവും ഏറ്റവും കുറവു് സൃഷ്ടിക്കുന്നവരാണിവര്‍. കാല്‍നടക്കാര്‍ കഴിഞ്ഞാല്‍ റോഡില്‍ പ്രാധാന്യം കൊടുക്കേണ്ടത് അവര്‍ക്കാണ്. ഒന്നോ രണ്ടോ പേര്‍ യാത്ര ചെയ്യുന്ന കാറുകള്‍ക്കോ മറ്റു വാഹനങ്ങള്‍ക്കോ അല്ല. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും പ്രഥമ പരിഗണന നല്‍കേണ്ടത് ബസുകള്‍ക്കാണ്. ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ബസുകള്‍ വഴി തിരിച്ചുവിടുന്ന രീതി അവസാനിപ്പിക്കണം. എല്ലാ വാഹനങ്ങള്‍ക്കംു നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ബസുകളാണ് കടത്തി വിടേണ്ടത്. അതേസമയം നഗരത്തിലേക്കുള്ള ഓരോ പ്രധാന റോഡുകളിലും ഹബുകള്‍ സൃഷ്ടിച്ച് മറ്റു വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്ത് ബസുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണം.
ഒറ്റയടിക്ക് നടത്താവുന്ന കാര്യങ്ങല്ലായിരിക്കാം ഇവ. എങ്കിലും പരീക്ഷണാര്‍ത്ഥം ചില മേഖലകളില്‍ പരിശോധിച്ചുനോക്കാമല്ലോ. വിജയകരമാണെങ്കില്‍ മറ്റു മേഖലകളിലേക്ക് വ്യാപിപ്പി്ക്കുകയുമാകാം. എങ്കില്‍ മാത്രമേ തെരുവുകളില്‍ ചോരവീഴുന്നത് അവസാനിപ്പിക്കാനും യാത്ര മനോഹരമായ അനുഭവമാക്കാനും കഴിയൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply