യാത്ര ദുരന്തം : എന്തിന് ഇങ്ങനെ ഒരു അതോറിട്ടി?

ദേശീയപാതക്ക് എന്തിനാണ് ഇങ്ങനെ അതോറിട്ടി? കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ചോദിക്കുന്ന ചോദ്യമാണിത്. റോഡുകളുടെ ദയനീയ സ്ഥിതിയറിയാതെ പുറമെനിന്ന് എത്തുന്നവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ ദയനീയാവസ്ഥ കണ്ട് മൂത്ത് വിരല്‍ വെക്കുന്നു. ദേശീയപാത അതോറിട്ടിക്കും സര്‍ക്കാരിനും മാത്രം യാതൊരു കുലുക്കവുമില്ല. ദേശീയപാതയില്‍ ഏറ്റവും ദയനീയാവസ്ഥയിലായിട്ടുള്ളത് എന്‍ എച്ച് 47ലെ തൃശൂര്‍ – പാലക്കാട് ഭാഗമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ റോഡിന്റെ അവസ്ഥ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭയാനകമാണ്. അങ്ങിന ഒരു റോഡില്ല എന്ന് രണ്ട് വര്‍ഷം […]

13trksh04-repair_G_1177086g
ദേശീയപാതക്ക് എന്തിനാണ് ഇങ്ങനെ അതോറിട്ടി? കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ചോദിക്കുന്ന ചോദ്യമാണിത്. റോഡുകളുടെ ദയനീയ സ്ഥിതിയറിയാതെ പുറമെനിന്ന് എത്തുന്നവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ ദയനീയാവസ്ഥ കണ്ട് മൂത്ത് വിരല്‍ വെക്കുന്നു. ദേശീയപാത അതോറിട്ടിക്കും സര്‍ക്കാരിനും മാത്രം യാതൊരു കുലുക്കവുമില്ല.
ദേശീയപാതയില്‍ ഏറ്റവും ദയനീയാവസ്ഥയിലായിട്ടുള്ളത് എന്‍ എച്ച് 47ലെ തൃശൂര്‍ – പാലക്കാട് ഭാഗമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ റോഡിന്റെ അവസ്ഥ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭയാനകമാണ്. അങ്ങിന ഒരു റോഡില്ല എന്ന് രണ്ട് വര്‍ഷം മുമ്പെ ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. അതിനേക്കാള്‍ ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥ. എത്രയോ ജീവനുകള്‍ ഇക്കാരണം കൊണ്ട് ഇവിടെ കൊഴിഞ്ഞുവീണു. അവസാനം സ്വകാര്യ ബസുകള്‍ അനശ്ചിതകാലമായി ആരംഭിച്ച സമരത്തോടെയാണ് അതോറിട്ടി രംഗത്തിറങ്ങിയത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്.
മഴക്കു മുന്നെ ഈ റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി നാലരകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിട്ടി അനങ്ങിയില്ല. മഴ കനത്തതോടെ റോഡിന്റെ അവസ്ഥ ദയനീയമായി. ബസ് സമരം ആരംഭിച്ചതോടെ അതോറിട്ടി ആരംഭിച്ച അറ്റകുറ്റ പണി കണ്ടാല്‍ സഹതാപം തോന്നും. അഞ്ചോ ആറോ തൊഴിലാളികള്‍ ചട്ടിയില്‍ മണ്ണെടുത്താണ് കുഴികള്‍ മൂടുന്നത്. റോഡ് കൂടുതല്‍ നശിച്ചതു ഫലം. കുഴികള്‍ക്കു പുറമെ പൊടിപടലങ്ങള്‍ കൂടിയായപ്പോള്‍ യാത്രക്കാര്‍ക്ക് ചുമക്കാതെ പോകാനാവാത്ത അവസ്ഥസ്ഥയായി.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ അതോറിട്ടിക്ക് നോട്ടീസ് നല്‍കിയത്. ഒരാഴ്ച്ചക്കകം പണി പൂര്‍ത്തിയാക്കുമെന്ന് അതോറിട്ടി മറുപടിയും നല്‍കി. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവര്‍ത്തനവും അവിടെ കാണാനില്ല. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ 14 കോടി കൂടി അനുവദിച്ചിട്ടുണ്ട്. സ്ഥിതി ഏറ്റവും മോശമായ വാണിയമ്പാറമുതല്‍ കുതിരാന്‍ വരെയുള്ള മേഖലയിലേക്ക് 50,190,000മാണ് അനുവദച്ചിട്ടുള്ളത്. എന്നാല്‍ ഈ തുകയെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാകുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍. ബിഒടിയും ടോളുമില്ലാതെ ദേശീയപാത നിര്‍മ്മിക്കാനാവില്ല എന്ന ചിന്തയിലേക്ക് മുഴുവന്‍ പേരേയും എത്തിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് കരുതേണ്ടിയിരിക്കുന്നു. യാത്ര ചെയ്യാന്‍ മാന്യമായ റോഡ് എന്ന യാത്രക്കാരുടെ അവകാശമാണ് ഇവിടെ ധ്വംസിക്കപ്പെടുന്നത്. കൃത്യമായി ടാക്‌സ് അടച്ച് വാഹനമോടിക്കുന്നവരും നിരപരാധികളായ യാത്രക്കാരുമാണ് നടുറോഡില്‍ മരണപ്പെടുന്നത്. ഇതിനെ അപകടമരണമെന്നല്ല, കൊലപാതകങ്ങള്‍ എന്നാണ് വിശേഷിപ്പിക്കേണ്ടത്. അതിനാണ് അതോറിട്ടിക്കെതിരെ കേസെടുക്കേണ്ടത്. ഇതുമൂലമുണ്ടാകുന്ന കോടികളുടെ ഇന്ധനനഷ്ടം വേറെ.
അതിനിടെ ബസ് സമരം തുടരുന്നതിനാല്‍ ജനം ദുരിതത്തിലാണ്. എങ്കിലും ബസുകള്‍ക്കെതിരെ ജനം തിരിയുന്നില്ല. ആദ്യമായിട്ടായിരിക്കാം ദുരിതം തരുന്ന ബസ് സമരത്തെ ജനം പിന്തുണക്കുന്നത്. കിഴക്കന്‍ മേഖലകളില്‍ നിന്ന് തൃശൂരിലെത്തി പഠിക്കുന്ന കുട്ടികളും ജോലിക്കാരുമാണ് ഏറ്റവും കഷ്ടപ്പെടുന്നത്. സമയത്തെത്താന്‍ കഴിയാത്ത അവസ്ഥയിലാണവര്‍. പലരും തൃശൂരിലേക്ക് താമസം മാറ്റി. പാലക്കാട് നിന്നു വരുന്നവര്‍ ഇപ്പോള്‍ ഷൊര്‍ണൂര്‍ വഴിയാണ് വരുന്നത്. അതിനാല്‍ ആ വഴിയിലും ഗതാഗതകുരുക്കാണ്. 13ന് ജില്ലാവ്യാപകമായി സൂചനാ സമരം നടത്താനാണ് ബസുടമകളുടേയും ജീവനക്കാരുടേയും തീരുമാനം.
ദേശീയപാത ആറു വരിയായി വികസിപ്പിക്കുകയാണെന്നും അതിനിടയില്‍ അറ്റകുറ്റപണികള്‍ നടത്തുന്നത് നഷ്ടമാണെന്നുമാണ് വര്‍ഷങ്ങളായി അതോറിട്ടി പറയുന്നത്. അതു വൈകുന്നതിലും ഉത്തരവാദി ജനങ്ങളല്ല. കുടിയൊഴിപ്പിച്ചവര്‍ക്ക് കൃത്യമായും മാന്യമായും നഷ്ടപരിഹാരം നല്‍കാത്തതാണ് സ്ഥിതി വഷളാക്കിയത്. അതിന് യാത്രക്കാര്‍ ദുരിതമനുഭവിക്കണമെന്നാണ് അതോറിട്ടിയുടെ നയമെന്നു തോന്നുന്നു.
എന്‍ എച്ച് 47ന്റെ അവസ്ഥ ഇതാണെങ്കില്‍ 17ന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ചാവക്കാട് – കൊടുങ്ങല്ലൂര്‍ മേഖലയില്‍ വന്‍ഗട്ടറുകളാണ് രൂപം കൊണ്ടിട്ടുള്ളത്. പാതാ വികസനത്തിന് കുടിയൊഴിപ്പിക്കലില്‍ മുഴുകിയിരിക്കുന്ന അധികൃതര്‍ അതു കാണുന്നില്ല എന്നുമാത്രം. സംസ്ഥാനപാതകളുടെ അവസ്ഥയും മോശമല്ല. തൃശൂര്‍ – കുന്ദംകുളം, മണ്ണുത്തി – പീച്ചി തുടങ്ങി നിരവധി പേര്‍ യാത്രചെയ്യുന്ന പല റോഡുകളും തകര്‍ന്നു കിടക്കുയാണ്. പീച്ചിയിലേക്കുള്ള വിനോദ സഞ്ചാരികളും കോഴിക്കോട്, ഗുരുവായൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തൃശൂര്‍ – കുന്ദംകുളം റൂട്ടില്‍ മൂണ്ടൂര്‍ ഭാഗത്താണ് റോഡ് ഏറെ തകര്‍ന്നിരിക്കുന്നത്.
മഴമാറിയില്‍ ഈ കോലാഹലങ്ങളും അവസാനിക്കും. അനുവദിച്ച പണമൊക്കെ മിടുക്കന്മാരുടെ പോക്കറ്റിലാകും. പേരിന് എന്തെങ്കിലും ചെയ്ത് അടുത്ത മഴക്കാലം വരെ കൊണ്ടുപോകും. വീണ്ടും ഇതെല്ലാം ആവര്‍ത്തിക്കും. അതിനിടയില്‍ നടുറോഡില്‍ കുറെപേരുടെ കുരുതി നടക്കും. മറ്റൊന്നും സംഭവിക്കില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply