മോദിയെ തളക്കാന്‍

കെ വേണു ലോകസഭാ തെരഞ്ഞടുപ്പില്‍ ബിജെപി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ഭൂരിപക്ഷം അവര്‍ക്കു ലഭിച്ചതിന്റെ കാരണങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയുക ഹിന്ദുത്വ രാഷ്ട്രീയത്തെ തടുത്തുനിര്‍ത്തുന്ന ഘടകങ്ങള്‍ ദുര്‍ബ്ബലമായി എന്നതാണ്‌. മൊത്തത്തില്‍ ഹിന്ദുസമൂഹത്തിന്‌ ഇന്ത്യയില്‍ ഭൂരിപക്ഷമുണ്ടെന്നു പറയുമ്പോഴും അതിന്റെ വൈവിധ്യങ്ങള്‍ അനന്തമാണ്‌. അവയില്‍ മുഖ്യം ജാതിപരമായും ഭാഷാപരമായുമുള്ള വൈവിധ്യങ്ങള്‍തന്നെ. ബാബറി മസ്‌ജിദ്‌ തകര്‍ക്കലും അദ്വാനിയുടെ രഥയാത്രയുമൊക്കെ ഉണ്ടാക്കിയ ഇതിനേക്കാള്‍ ഭീകരമായ സാഹചര്യത്തില്‍പോലും ഹിന്ദുത്വരാഷ്ട്രീയത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ജാതിരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്‌ കഴിഞ്ഞിരുന്നു. യുപിയും ബീഹാറുമായിരുന്നു അത്തരമൊരു മുന്നേറ്റത്തിന്റെ പ്രധാന […]

downloadകെ വേണു
ലോകസഭാ തെരഞ്ഞടുപ്പില്‍ ബിജെപി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ഭൂരിപക്ഷം അവര്‍ക്കു ലഭിച്ചതിന്റെ കാരണങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയുക ഹിന്ദുത്വ രാഷ്ട്രീയത്തെ തടുത്തുനിര്‍ത്തുന്ന ഘടകങ്ങള്‍ ദുര്‍ബ്ബലമായി എന്നതാണ്‌. മൊത്തത്തില്‍ ഹിന്ദുസമൂഹത്തിന്‌ ഇന്ത്യയില്‍ ഭൂരിപക്ഷമുണ്ടെന്നു പറയുമ്പോഴും അതിന്റെ വൈവിധ്യങ്ങള്‍ അനന്തമാണ്‌. അവയില്‍ മുഖ്യം ജാതിപരമായും ഭാഷാപരമായുമുള്ള വൈവിധ്യങ്ങള്‍തന്നെ. ബാബറി മസ്‌ജിദ്‌ തകര്‍ക്കലും അദ്വാനിയുടെ രഥയാത്രയുമൊക്കെ ഉണ്ടാക്കിയ ഇതിനേക്കാള്‍ ഭീകരമായ സാഹചര്യത്തില്‍പോലും ഹിന്ദുത്വരാഷ്ട്രീയത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ജാതിരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്‌ കഴിഞ്ഞിരുന്നു. യുപിയും ബീഹാറുമായിരുന്നു അത്തരമൊരു മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. മുലായംസിംഗും മായാവതിയും ലല്ലുപ്രസാദ്‌ യാദവുമൊക്കെ ബിജെപിയെ ഒരു പരിധിവരെയെങ്കിലും ഫലപ്രദമായി തടഞ്ഞത്‌ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ രാഷ്ട്രീയ ഉണര്‍വ്വിന്റേയും ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള ഐക്യത്തിന്റേയും ഫലമായായിരുന്നു. അത്തരമൊരു രാഷ്ട്രീയത്തിന്റെ ക്ഷീണമാണ്‌ ഇക്കുറി ബിജെപിക്ക്‌ ഗുണകരമായത്‌. വര്‍ഷങ്ങളായുള്ള തന്ത്രപൂര്‍വ്വമായ നീക്കങ്ങളുടെ ഫലമായി ഇത്തരമൊരു മുന്നേറ്റത്തെ താല്‍ക്കാലികമായെങ്കിലും തകര്‍ക്കാനും അതിനുമീതെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാവിക്കൊടി പാറിക്കാനും മോദിക്കുകഴിഞ്ഞു. അത്തരമൊരു ലക്ഷ്യത്തോടെ മുസാഫര്‍ നഗര്‍ പോലുള്ള പ്രദേശത്ത്‌ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍പോലും അവര്‍ മടിച്ചില്ല. ഈ സംസ്ഥാനങ്ങളിലെ അടിസ്ഥാനവിഭാഗങ്ങള്‍ക്ക്‌ കുറെയേറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞത്‌ അവരുടെ രാഷ്ട്രീയ ഉണര്‍വ്വിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. പിന്നോക്ക – ദളിത്‌ വിഭാഗങ്ങളുടെ മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുപോലും ബിജെപിക്ക്‌ വോട്ടുലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ജാതിരാഷ്ട്രീയത്തെ പൂര്‍ണ്ണമായി തകര്‍ക്കാനൊന്നും ബിജെപിക്കാവില്ല. ഭാവിയിലും ഹിന്ദുത്വരാഷ്ട്രീയത്തെ ഫലപ്രദമായി നേരിടുക ഈ പാര്‍ട്ടികളായിരിക്കും.
മറുവശത്ത്‌ ഭാഷാധിഷ്‌ഠിത രാഷ്ട്രീയത്തെ തളര്‍ത്താനും ബിജെപിക്കായിട്ടില്ല. ബംഗാളും തമിഴ്‌നാടും ആന്ധ്രയും ഒറീസ്സയുമൊക്കെ ഉദാഹരണം. പ്രാദേശികരാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടികളില്‍ ശിവസേന മാത്രമാണ്‌ ബിജെപിയുടെ സഖ്യശക്തികളായി മാറിയിട്ടുള്ളത്‌.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ശക്തമായ നേതൃത്വമില്ലാത്തതാണ്‌ മുഖ്യപ്രശ്‌നം. നയപരമായ തീരുമാനങ്ങളെടുക്കാനും ചടുലമായി നടപ്പാക്കാനും നടപ്പാക്കിയ കാര്യങ്ങള്‍ പോലും ജനങ്ങളിലെത്തിക്കാനും അവര്‍ക്കാകുന്നില്ല. ഓരോ പ്രദേശത്തേയും സവിഷേഷതകള്‍ കണക്കിലെടുത്ത്‌ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കാനോ ഹിന്ദുത്വരാഷ്ട്രീയത്തേയും മതേതരത്വത്തേയും ജാതി – ഭാഷാ രാഷ്ട്രീയത്തേയും കൃത്യമായി മനസ്സിലാക്കാനോ അവര്‍ക്കായിട്ടില്ല. ഒരു ഘട്ടത്തില്‍ കൈയിലെത്തിയ പ്രധാനമന്ത്രിസ്ഥാനം ഉപേക്ഷിച്ച സോണിയാഗാന്ധിയുടെ ഇമേജ്‌ പിന്നെ നഷ്ടപ്പെട്ടു. രാഹുല്‍ഗാന്ധിക്കാകട്ടെ പഴയ നേതൃത്വങ്ങളെ മറികടന്ന ്‌തന്റെ ആശയങ്ങള്‍ നടപ്പാക്കാനുമാകുന്നില്ല. അപ്പോഴും കോണ്‍ഗ്രസ്സിന്റെ അടിത്തറ പൂര്‍ണ്ണമായി തകര്‍ന്നു എന്നൊക്കെ പറയുന്നത്‌ സത്യത്തോടടുത്തു നില്‍ക്കുന്നതാകില്ല. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇതാദ്യത്തെ തകര്‍ച്ചയല്ലല്ലോ.
ഇടതുപക്ഷപാര്‍ട്ടികളുടെ അവസ്ഥയും പരമദയനീയമാണ്‌. ഇനിയെങ്കിലും ഇന്ത്യയുടെ വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും ജനാധിപത്യപരമായ നിലപാടുകള്‍ സ്വീകരിക്കാനുമാണ്‌ അവര്‍ തയ്യാറാകേണ്ടത്‌.
എന്തായാലും മോദി അധികാരമേല്‍ക്കുമ്പോള്‍ ഭീതിദമായ ചില ആശങ്കകളുണ്ട്‌. പുറത്തുനിന്നുള്ള ഏതെങ്കിലും പാര്‍ട്ടികളുടെ പിന്തുണതേടി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടന ഭേദഗിത ചെയ്യാനുള്ള ശ്രമം നടക്കുമോ എന്നതുതന്നെയാണതില്‍ മുഖ്യം. അതുവഴി ന്യൂനപക്ഷാവകാശങ്ങളും മറ്റും ഇല്ലായ്‌മ ചെയ്യുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം തകര്‍ക്കുകയം ചെയ്യുമോ എന്ന ഭയം വളര്‍ന്നിട്ടുണ്ട്‌. ഇന്ത്യയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്ന ഒരു നേതാവായി മാറുകയാണെങ്കില്‍ മോദിയതിനു തയ്യാറാകില്ല. മറിച്ച്‌ ആദ്യഘട്ടങ്ങളിലെങ്കിലും കയ്യടി കിട്ടാവുന്ന രീതിയില്‍ പല വികസന നയങ്ങളും പ്രഖ്യാപിക്കാനാണ്‌ സാധ്യത. അതിനായി തന്റെ പ്രിയപ്പെട്ട കോര്‍പ്പറേറ്റുകളേയും മോദി ഉപയോഗിക്കാനിടയുണ്ട്‌.
ചരിത്രപരമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ജനാധിപത്യപരമായ കടമ നിര്‍വ്വഹിക്കാന്‍ കോണ്‍ഗ്രസ്സടക്കമുള്ള പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ മോദിയെ തളക്കാനാകൂ. ഇന്നത്തെ സാഹചര്യത്തില്‍ പരസ്‌പരമുള്ള അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച്‌ ഐക്യപ്പെടാനാണ്‌ അവര്‍ ശ്രമിക്കേണ്ടത്‌. നിതീഷ്‌കുമാറും ലല്ലുവും ആ ദിശയില്‍ ചിന്തിക്കുന്നു. കോണ്‍ഗ്രസ്സും ആം ആദ്‌മിയും ചേര്‍ന്ന്‌ വീണ്ടും ഡെല്‍ഹി ഭരിക്കാനോലോചിക്കുന്നു. കോണ്‍ഗ്രസ്സിനോടുള്ള അമിതമായ വിരോധം മാറ്റിവെച്ച്‌ രാജ്യമെങ്ങും ഒരു ഐക്യനിര കെട്ടിപ്പടുക്കണം. ഇടതുപക്ഷവും അതിനോട്‌ യോജിക്കുകയാണ്‌ വേണ്ടത്‌. അതുവഴി മാത്രമേ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ മോദി ഉയര്‍ത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയൂ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോദിയെ തളക്കാന്‍

  1. എന്റെ പരിമിതമായ അറിവില്‍ ഭരണഘടനയുടെ പൊതുവായ സ്വോഭാവം മാറ്റാന്‍ കഴിയുന്നതല്ല പാര്ലിആമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് . എന്നാല്‍ വ്യതസ്ത വ്യക്തി നിയമങ്ങള്‍ ഇവയും പൊതുവേ ഏക രീതിയ്യില്‍ കൊണ്ട് വരുവാനും കഴിയില്ല . എന്നാല്‍ നിലവിലുള്ള വ്യക്തി നിയമത്തില്‍ gender- disparity കല്‍ ഉണ്ടെങ്കില്‍ അത് മാറ്റുവ്വാന്‍ സാധിക്കും . Law ഓഫ് inheritance ഇല്‍ അപാകതകള്‍ ഉണ്ടെന്നു കാണുന്നു . അവയെ അമേണ്ട് ചെയ്തു മാറ്റണം !

    എന്നാല്‍ ഇന്ന് രാജ്യസഭയില്‍ bjp കു ഭൂരിപക്ഷം ഇല്ല . അതുകൊണ്ട് വെറുതെ ഉലകന്ടകള്‍ പ്രച്ചരിപ്പികേണ്ടത് ഇല്ല . ജനാധിപത്യത്തിന്റെ dynamics കല്‍ മനസിലാകാതെ ചില വ്യമോഹങ്ങളിലും തെറ്റായ നുണകളും പര്ച്ചരിപ്പിക്കാതെ ഇവയെ ചങ്കൂറ്റത്തോടെ നേരിടുവാന്‍ ഉള്ള ആര്ജതവം ആണ് പുരോഗമന ശക്തികള്‍ കാണിക്കേണ്ടത് !

Leave a Reply