മോദിയും കേരളവും തമ്മിലെന്ത്

അജയ് ശേഖര്‍ ജനങ്ങളുടെ ദൃശ്യകാമനകളെയും ബിംബരതിയേയും രാഷ്ട്രീയ അബോധത്തേയും സ്വാധീനിക്കുന്ന രീതിയിലുള്ള വമ്പന്‍ കട്ടൗട്ടുകളും ഹോഡിങ്ങുകളും പൗരുഷവീര്യം വമിക്കുന്ന പോസ്റ്ററുകളും ബഹുവര്‍ണ്ണ ചിത്രബിംബാവലികളും ഉപയോഗിച്ചുകൊണ്ടാണ് ഗുജറാത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഘപരിവാര്‍  ഹിന്ദുത്വവാദവും മോദിരാഷ്ട്രത്തിന്റെ ചെറുപതിപ്പിലേക്കുള്ള പരീക്ഷണങ്ങളും സമര്‍ത്ഥമായി തുടങ്ങിവച്ചത്. ആട്ടിക്കുലേറ്റിംഗ് റെസിസ്റ്റന്‍സ്(2013) എന്ന പുസ്തകത്തില്‍ ശിവജി പണിക്കരും ദീപ്ത ആചാരും ഇന്ത്യന്‍  ഹിന്ദുത്വ ഫാഷിസത്തിന്റെ സവിശേഷമായ ബിംബാവലികളെ വിമര്‍ശ വിശകലനം ചെയ്യുന്നുണ്ട്. പൊതു ഇടങ്ങളിലും ഗാര്‍ഹിക ഇടങ്ങളിലുമുള്ള നിരന്തരവും സാവധാനം നടത്തിയുറപ്പിക്കുന്നതുമായ വമ്പന്‍ വീരപൗരുഷരൂപങ്ങളുടെ രക്ഷാകര്‍തൃരൂപങ്ങള്‍ […]

modiഅജയ് ശേഖര്‍

ജനങ്ങളുടെ ദൃശ്യകാമനകളെയും ബിംബരതിയേയും രാഷ്ട്രീയ അബോധത്തേയും സ്വാധീനിക്കുന്ന രീതിയിലുള്ള വമ്പന്‍ കട്ടൗട്ടുകളും ഹോഡിങ്ങുകളും പൗരുഷവീര്യം വമിക്കുന്ന പോസ്റ്ററുകളും ബഹുവര്‍ണ്ണ ചിത്രബിംബാവലികളും ഉപയോഗിച്ചുകൊണ്ടാണ് ഗുജറാത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഘപരിവാര്‍  ഹിന്ദുത്വവാദവും മോദിരാഷ്ട്രത്തിന്റെ ചെറുപതിപ്പിലേക്കുള്ള പരീക്ഷണങ്ങളും സമര്‍ത്ഥമായി തുടങ്ങിവച്ചത്. ആട്ടിക്കുലേറ്റിംഗ് റെസിസ്റ്റന്‍സ്(2013) എന്ന പുസ്തകത്തില്‍ ശിവജി പണിക്കരും ദീപ്ത ആചാരും ഇന്ത്യന്‍  ഹിന്ദുത്വ ഫാഷിസത്തിന്റെ സവിശേഷമായ ബിംബാവലികളെ വിമര്‍ശ വിശകലനം ചെയ്യുന്നുണ്ട്. പൊതു ഇടങ്ങളിലും ഗാര്‍ഹിക ഇടങ്ങളിലുമുള്ള നിരന്തരവും സാവധാനം നടത്തിയുറപ്പിക്കുന്നതുമായ വമ്പന്‍ വീരപൗരുഷരൂപങ്ങളുടെ രക്ഷാകര്‍തൃരൂപങ്ങള്‍ ഇതിലേറ്റവും പ്രധാനമാണ്.  റാംബോയുടേയും ഹീമാന്റേയും വെളുത്ത മസിലന്‍ ശരീരമുള്ള അമ്പും വില്ലും കൊലായുധങ്ങളും ഉയര്‍ത്തി നില്‍ക്കുന്ന രാമന്റെ വമ്പന്‍ ചിത്രങ്ങളാണ് ഏതാനും ദശകങ്ങളായി ഹിന്ദുത്വശക്തികള്‍ തെന്നിന്ത്യയുള്‍പ്പെടെ സാവകാശത്തില്‍ ഉയരര്‍ത്തിക്കൊണ്ടു വന്നത്. റാംബോയുടെ ശരീരവും ശിവന്റെ ജഡയും ത്രിശൂലവുമുള്ള ഒരു കിരാതഹിംസാകാമുകനെയാണ് അമീഷ് ത്രിപാഠിയുടെ ശിവത്രയം നോവലുകളുടെ പുറംചട്ടയില്‍ ഇന്ന് ഏതു പുസ്തകക്കടയിലും കാണുന്നത്.
വേദനിഷേധികളും യാഗം മുടക്കികളും പൗരോഹിത്യത്തിനു കീഴടങ്ങാത്തവരുമായ രാക്ഷസരെ യഥായഥാ കാലപുരിക്കയച്ച് രാമരാജ്യമെന്ന സനാതനവര്‍ണാശ്രമരാജ്യത്തെ സംരക്ഷിക്കുന്ന ആത്മാരാമനെന്ന ഇന്ത്യന്‍ റാംബോ ക്രമേണ മോദിയെന്ന രക്ഷാപുരുഷനിലേക്കു പരകായ പ്രവേശം ചെയ്തു. കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയ്ക്ക് കേരളമടക്കമുള്ള തെന്നിന്ത്യയിലേക്ക് മോദിയുടെ നിരവധി വമ്പന്‍ ചിത്രങ്ങളും ഹോഡിങ്ങുകളും തിട്ടയായി വന്നുകൊണ്ടിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ മുക്കിലും മൂലയിലും ഓരോ ചെറുകവലയിലും ചായക്കടകളില്‍  പോലും മോദിയുടെ വന്‍ ഹോഡിങ്ങുകളും ചെറുചിത്രങ്ങളും പ്രചരിച്ചുതുടങ്ങിയിരുന്നു. വളരെ ആസൂത്രണത്തോടെ വ്യക്തമായ കാര്യപരിപാടികളോടെ സാവധാനം നടപ്പാക്കിയ ഒരു പ്രചാരണ പരിപാടിയുടെ സ്വാഭാവിക പരിണാമമായാണ് നമോയുടെ അധികാരപ്രവേശം സാധ്യമാക്കിയിരിക്കുന്നത്.  ഭരണകൂടത്തിന്റെ കണക്കനുസരിച്ചു തന്നെ രണ്ടായിരത്തിലധികം ന്യൂനപക്ഷജനങ്ങളെ അരുംകൊല ചെയ്ത 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം ഹിന്ദുഹിം കരസേവക നായകനായി മോദി ഉയരുന്നു എന്നും രാജ്യം ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീഷണിയിലാണെന്നും ഈ ലേഖകനടക്കമുള്ള നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും നിരന്തരം മുന്നറിയിപ്പു നല്‍കിപ്പോന്നിരുന്നു. ഇത്തരം വിമര്‍ശ വീക്ഷണങ്ങളും ഭാവിയെക്കരുതിയുള്ള ആശങ്കകളും ബുദ്ധിജീവികളുടെ മാനസിക വിഭ്രാന്തിയായാണ് നമ്മുടെ അധീശപൊതുബോധവും മാധ്യമ അക്കാദമിക തല്‍സ്ഥിതി സമവായവും എഴുതിത്തള്ളിയത്.
2013-ല്‍ ഉത്തരാഞ്ചലില്‍ മലയിടിച്ചിലുണ്ടായപ്പോള്‍ ഹെലികോപ്റ്ററുകളിലും ടൊയോട്ട ഇനോവകളിലും  ഭക്തജനങ്ങളെ രക്ഷിച്ച ഇന്ത്യന്‍ റാംബോയായ നമോയെ വിരാടപുരുഷനായും വികാസപുരുഷനായും പ്രാദേശിക മാധ്യമങ്ങളടക്കം വാഴ്ത്തുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ട് മത്സരത്തെ വെല്ലുന്ന നിലയിലുള്ള കേളികൊട്ടും തഴക്കവും വഴക്കവും വന്ന പ്രചാരണ തന്ത്രങ്ങളും  അരങ്ങുവാണപ്പോള്‍ അതിനു പിന്നിലുള്ള വമ്പന്‍ മൂലധനകോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ വെളിപ്പെടുകയായിരുന്നു. ഓഹരി വിപണി പോലും മുക്രയിടുന്ന തരത്തില്‍ നമോയെന്ന് വാഴ്ത്തപ്പെട്ടു തുടങ്ങി.  നവബ്രാഹ്മണ്യവും കോര്‍പ്പറേറ്റ് ക്രോണി ക്യാപിറ്റലിസവും തമ്മിലുള്ള അവിഭാജ്യമായ സംബന്ധങ്ങളെ അനിഷേധ്യമായി തുറന്നു കാട്ടുന്നതാണ് മോദിത്വത്തിന്റെ  പ്രായോജകരാവുന്ന അംബാനിമാരും മറ്റു കോര്‍പ്പറേറ്റു വമ്പന്മാരും കാഴ്ചവെക്കുന്ന പാദജഹിന്ദുത്വം.  സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരു വര്‍ഷത്തോളം മുമ്പുതന്നെ പ്രീമിയര്‍ നമോ എന്ന നാമകരണവും രഹസ്യമായും പരസ്യമായും പ്രചരിച്ചു. നോയിഡയിലും മറ്റും പണം കൊടുത്തു ടിക്കറ്റെടുത്താണ് സംഘികളും  ഭാവാത്മക  ഹിന്ദുക്കളും നമോയുടെ  പ്രചണ്ഡമായ പ്രസംഗങ്ങള്‍ കേട്ടത്. നേപ്പാളി മാവോയിസം മുതല്‍ ഇന്ത്യന്‍ ഹിന്ദുത്വ ഫാഷിസം വരെ തുടരുന്ന കുത്തകകുപ്പിണികളുടെ കുങ്കുമക്കുറികളും ഗോപിക്കുറികളും തുടുത്തു തെളിയുകയായിരുന്നു. പ്രസംഗവേദിക്കരില്‍ കുഴിബോംബുകള്‍ പൊട്ടിച്ചപ്പോള്‍ നമോ അക്ഷോഭ്യനും നിര്‍വികാരനുമായ ശാന്തരായിരിക്കാന്‍ അണികളോടാഹ്വാനം ചെയ്തു. പ്രസംഗവേദിയില്‍ പലപ്പോഴും പാക്കിസ്ഥാനെ അപരവല്‍ക്കരിക്കുന്ന പദാവലികളുപയോഗിച്ച നമോ സത്യപ്രതിജ്ഞയ്ക്കു നവാസ് ഷരീഫിനെവിളിച്ചുവരുത്തി ഒരു സാര്‍ക്ക് അടയാള കോയ്മയുടെ പരിവേഷം ഉണര്‍ത്തി. ശ്രീലങ്കയും ബംഗ്ലാദേശിലുമെല്ലാമെത്തിയ കളിയോഗമ ഹാമഹത്തില്‍ സിംഹള ബൗദ്ധനായ മഹിന്ദനെ ശാസനാസ്വരത്തിലുള്ള ആശങ്കകള്‍ കേള്‍പ്പിച്ചുകൊണ്ട് തമിഴ് ദേശീയ വാദികളുടേയും ഹിന്ദുഭക്തജനകോടികളുടേയും നാവടക്കി ചകിതരാക്കിയ നമോ എന്തുകൊണ്ടാണ് ചൈനയെ വരുത്താത്തതും വിളിക്കാത്തതെന്നും നമ്മുടെ ജനങ്ങളാരും ചോദിക്കുന്നില്ല.
യഥാര്‍ത്ഥത്തില്‍ മൂന്നു നിര്‍ണായക ഹിന്ദുവല്‍ക്കരണ വരവുകളോടെയാണ് നമോയുടെ ദൃശ്യതയും വാങ്മയവും അടയാളങ്ങളും കേരളത്തില്‍ തെളിഞ്ഞത്. ശിവഗിരി, വള്ളിക്കാവ്, കൊച്ചിക്കായല്‍ എന്നിവയാണ് നിര്‍ണായക വാമനചുവടുകള്‍. ഗാന്ധിയും ടാഗൂറും അടങ്ങുന്ന ദേശീയ രക്ഷാപുരുഷന്മാര്‍ ഇങ്ങോട്ടു വന്നു വണങ്ങിയ പാരമ്പര്യമാണ് നാരായണഗുരുവിനും ശിവഗിരിക്കുമുള്ളത്.  അത്തരത്തില്‍ മതേതരവും ആത്മീയവുമായ ഔന്നത്യവും പ്രസക്തിയുമുള്ള   ശിവഗിരിയില്‍ പ്രകാശാനന്ദ നമോയെ വിളിച്ചു മാലയിട്ടു സ്വീകരിച്ചു. മാത്രമല്ല ശ്രീ ശ്രീ രവിശങ്കരനെപ്പോലുള്ള ആത്മീയ വണിക്കുകളെ വണങ്ങാന്‍ നാരായണ ഗുരുവിന്റെ മുനിസംഘന്ദുത്തിലെ മുതിര്‍ന്ന ചുമതലക്കാരനെന്നു പറയുന്നു ശ്രീമാന്‍ പ്രകാശാനന്ദ ശിവഗിരിയില്‍ നിന്നും കെട്ടും കെട്ടിയിറങ്ങി തെക്ക് തിരുവനന്തപുരത്തോളം പോയി താണു വണങ്ങി. 1990കളില്‍ പോലും സംഘപരിവാരവുമായി ബന്ധപ്പെട്ട ഏതോ യോഗത്തില്‍ പങ്കെടുത്ത ഒരു മുനിയെ ശിവഗിരിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. ഹിന്ദുക്കളുടെ യോഗത്തില്‍ ശിവഗിരിയിലെ മുനിമാര്‍ക്കു കാര്യമൊന്നുമില്ല എന്നായിരുന്നു അതിനുള്ള ന്യായം. അത്തരത്തിലുള്ള മതേതര ജനായത്ത പാരമ്പര്യത്തില്‍ നിന്നും കേവലം ഇരുപതുവര്‍ഷംകൊണ്ട് തികച്ചും ഹൈന്ദവവും ബ്രാഹ്മണികവും ശുദ്രവുമായ ഒരു ഹിംസാകേന്ദ്രമായി നാണുവാശാന്റെ ശിവഗിരിയെ ഇല്ലായ്മ ചെയ്തതിന്റേയും കേരളത്തിക്കു നമോയെ  കൊണ്ടുവന്നു കാലുകഴുകി മാലയിട്ടു സ്വീകരിച്ചതിന്റെയും പൂര്‍ണ വൈഭവം പ്രകാശാനന്ദയ്ക്കും പരിവാരവുമായി ശിവഗിരിയെ സംബന്ധിക്കാന്‍   കിണഞ്ഞു ശ്രമിക്കുന്ന പാദജ സന്യാസികള്‍ക്കുള്ളതാണ്. സംഘപരിവാരവും ഹിന്ദുത്വവാദികളുമായി ഗൂഢാലോചന നടത്തികൊണ്ട് പ്രകാശാനന്ദയും കൂട്ടരും ശിവഗിരിയെ ഹിന്ദുവല്‍ക്കരിക്കുകയും ഹിംസാകേന്ദ്രമാക്കുകയും ചെയ്തുകഴിഞ്ഞു.  തഥാഗതന്റെ തേരാവാദത്തെ മായാനമാക്കി ദൈവത്തേയും ആത്മാവിനേയും  നിരാകരിച്ച ഗൗതമനേത്തന്നെ ദൈവമാക്കി അകത്തുനിന്നും ശിഥിലീകരിച്ച കുത്സിത മറിമായത്തിനു തുല്യമായ പിന്‍തിരിപ്പന്‍ കരവേസയായി ഇതിനെ വിലയിരുത്താവുന്നതാണ്.
ശിവഗിരിയില്‍ മാലയിട്ടു സ്വീകരിച്ചതിനു ശേഷമാണ് മാതാമയിയൂടെ വള്ളിക്കാവിലും കൊച്ചിയിലെ പുലയരുടെ കായല്‍ സമ്മേളനത്തിലും നമോയെ കെട്ടിയിറക്കുന്നത്. ഈഴവരും ധീവരരും പുലയരുമെല്ലാമായ അവര്‍ണ ബഹുജനങ്ങളുടെ ഹിന്ദുവല്‍ക്കരണവും അടയാള അടിയായ്മയും ഉറപ്പിക്കുക കൂടിയാണ് ഹിന്ദുത്വശക്തികള്‍ ഈ പ്രതീകാത്മക സ്വീകരണങ്ങളിലൂടെ സാധിച്ചെടുത്തത്. കവി തിലകന്‍ പണ്ടിറ്റ് കറുപ്പന്‍ തന്റെ ദലിത സോദരമായ കെ.പി. വള്ളോന്‍,  ചാഞ്ചന്‍, കൃഷ്ണാദി എന്നിവരോടൊപ്പം കരയില്‍ യോഗസ്ഥലം നിഷേധിക്കപ്പെട്ട പുലയര്‍ക്കായി കൊച്ചിക്കായലില്‍ 1913ല്‍ നടത്തിയ ഐതിഹാസികമായ കായല്‍ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷിക്കാന്‍ ഗുജറാത്ത് നരഹത്യയുടെ മുഖ്യകാര്‍മികത്ത്വം വഹിച്ചുവെന്നു പറയപ്പെടുന്ന നമോയെ ചാട്ടില്‍  കയറ്റി എന്നു പറഞ്ഞാല്‍ കേരള നവോത്ഥാനമാനവികതയേയും മതേതര ജനായത്തെ ബോധത്തേയും പൂര്‍ണമായും ഹിന്ദുവല്‍ക്കരിച്ച് പരിവാരം വിഴുങ്ങി എന്നാണ് മനസ്സിലാക്കാവുന്നത്.
ഈ വിപുലമായ ഹിന്ദുവല്‍ക്കരണത്തിന്റെ പരകോടിയിലാണ് ചായക്കടക്കാരനായും പായസവീരനായും നമോ ഉയിര്‍ക്കുന്നത്. 2014 മെയ് മാസത്തില്‍ നമോയുടെ പ്രധാന മന്ത്രിയായുള്ള സത്യപ്രതിജ്ഞ  നടക്കുമ്പോള്‍ കേരളത്തിലെമ്പാടും നമോ ചായക്കടകള്‍ തുറന്നു. ലഡു വിതരണം തകര്‍ത്തു. എറണാകുളം കരയോഗം പായസവിതരണം നടത്തിയതായി പത്രവാര്‍ത്തകള്‍ കണ്ടു. വളരെയധികം തയ്യാറെടുപ്പും ഏറെകാലത്തെ പ്രതീക്ഷകളും നിറഞ്ഞതാണീ പ്രതികരണങ്ങള്‍. തിരുവനന്തപുരത്ത് ബിജെപി വിജയത്തിനടുത്തെത്തി. എറണാകുളം മടക്കമുള്ള  മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കേരളത്തിലെ  പ്രമുഖ പത്രങ്ങളും മാധ്യമങ്ങളും മോദിയേയും ബിജെപിയേയും പ്രത്യക്ഷമായി  വാഴ്ത്തി  പിന്തുണപ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു തൂപ്പുകാരന്റെ  ഉടലില്‍ മോദിയുടെ മുഖം ഒട്ടിച്ചചിത്രവും പോലും പ്രസിദ്ധീകരിച്ച് നമോണിയയുടെ  ഇരകളായി പല പത്രപ്രഭുക്കളും വാലാട്ടിത്തുടങ്ങി.  അഭൂതപൂര്‍വ്വമായ  ഹിന്ദുവല്‍ക്കരണത്തിന്റെ പരിണിത ഫലങ്ങളാണ് തെരഞ്ഞെടപ്പു രാശ്ട്രീയത്തിലും പൊതുസമൂഹത്തിലും പ്രതിഫലിക്കുന്നത്. അവര്‍ണരെ ഹിന്ദുക്കളാക്കുന്ന വ്യാദഭൂരിപക്ശപരമായ പരിവാര തന്ത്രമാണിവിടെ വിജയിക്കുന്നത്. ബൗദ്ധവും ജൈനവും ആ ജീവികവുമെല്ലാമായ മതപാരമ്പര്യങ്ങളുള്ള അവര്‍ണജനതയെ ഒന്നാകെ ഹിന്ദുക്കളാക്കുകയും തൊട്ടുകൂടാത്തവരുടെ ചിലവില്‍ വമ്പിച്ച ഭൂരിപക്ഷഭരണവാദവും പ്രയോഗവും സാധ്യമാക്കുകയുമാണ് ഇന്ത്യന്‍ സംസ്‌കാര ദേശീയവാദം എന്ന ഹിന്ദുദേശീയവാദം. കേരളത്തിന്റേയും ഇന്ത്യയുടേയും മറിച്ചുവച്ചിരിക്കുന്ന യഥാര്‍ത്ഥ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കുട്ടികളേയും യുവാക്കളേയും പഠിപ്പിക്കാതെ ഹിന്ദുവല്‍ക്കരണത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രത്തേയും സംസ്‌കാരദേശീയ വാദത്തേയും വിമര്‍ശനാത്മകമായി അപനിര്‍മ്മിക്കാനും ചെറുക്കാനുമാവില്ല.  നവബൗദ്ധ വ്യവഹാരങ്ങളും ദലിതബഹുജനസംസ്‌കാര രാഷ്ട്രീയവും ന്യൂനവിഷയികളുടേയും പുതുസത്വങ്ങളുടേയും  സര്‍ഗാത്മക  വ്യവഹാരങ്ങളും വിമര്‍ശനവീക്ഷണങ്ങളും പ്രസക്തമാകുന്നതിവിടെയാണ്. സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പോരാട്ടവും സംഘര്‍ഷഭരിതമാവുകയാണ്.

കടപ്പാട് : നേരറിവ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോദിയും കേരളവും തമ്മിലെന്ത്

  1. Avatar for Critic Editor

    k.s.radhakrishanan

    ഇന്ത്യ എന്നത് “മതേതര വ്യവസ്ഥ” ആനു സ്വീകരിച്ചത് . എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കൊങ്ഗ്രെസ്സും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനങ്ങളും ഒരു ഹിന്ദു സാം‍സ്കാരിക ദേശീയത ആനു സൂക്ഷിച്ചിരുന്നതും . 1947 വരെ രണ്ടു മത രാഷ്ട്ര സങ്കല്‍പനം ആനു ഇവിടെ അന്തേര്‍ധാരയായി ദേശീയ സ്വതന്ത്ര സമരത്തില്‍ തുടര്‍ന്നതും .

    എന്നാല്‍ 47 ഇല്‍ ക്ലാസ്സികള്‍ ഇസ്ലാം “പാകിസ്ഥാന്‍ ” ആയി പിളരന്നു . ബാക്കി ശേഷിച്ചത് ഒരു “ഹീന്ദുസ്ഥാന്‍” ആയിരുന്നു . എന്നാല്‍ ഇവിടെ ഉള്ള ക്രിസ്ത്യന്‍ വിഭാഗത്തോടൊപ്പം ഒരു ദേശീയ മുസ്ലിം വിഭാഗം ഇന്ത്യയില്‍ തുടരാനാണ് തീരുമാനിച്ചത് .

    അങ്ങിനെ ആനു ഈ ന്യൂന പക്ഷങ്ങളെ കൂടി ഉല്‍കൊണ്ടു കൊണ്ട് ഭാരതം , ഇന്ത്യ ഉണ്ടാകുന്നത് . എന്നാല്‍ നീണ്ട കൊങ്ഗ്രെസ്സ് ഭരനത്തിലും , കമ്മുനിസ്റ്റ് യാന്ത്രിക സമീപനത്താലും , ഇന്ത്യയുടെ മൌലിക സംഭാവന ആയ കാവി സംസ്കാരത്തെ പോലും നിഷേധിചചാലെ ഇന്ത്യ മതേതരമാകൂ എന്ന നിലപാടിലേക്ക് ന്യൂന പ്കഷ മത രാശട്രീയത്തെ വളര്‍ത്തുന്നതില്‍ കൊങ്ഗ്രെസ്സ് എത്തപ്പെട്ടു . അതാണ് ഈ സമയം ഇന്ത്യന്‍ ജനത തിരുത്തിയത് എന്ന് ഞാന്‍ അനുമാനിക്കുന്നു . ചര്‍ച്ച ക്ക് വേണ്ടി ആനു പ്രതികരികുന്നത് തന്നെ !

Leave a Reply