`മോഡിഫൈഡ്‌ ‘ഇന്ത്യ ബഹുസ്വരത നിലനിര്‍ത്തുമോ?

വിജയരാഘവന്‍ ചേലിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യമാണ്‌. ദേശീയവും പ്രാദേശികവുമായ നൂറുകണക്കിന്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍, അഭിപ്രായങ്ങളുടെ നേരിയ വ്യത്യാസങ്ങള്‍ പോലും അവരെ വേര്‍തിരിച്ചു നിര്‍ത്തി. അതോടൊപ്പം തന്നെ അവയോരോന്നിന്റെയും അസ്‌തിത്വം പരസ്‌പരം അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഒരുതരം മഴവില്‍ ജനാധിപത്യം. അഖണ്‌ഡതയുടെ വക്താക്കള്‍ക്ക്‌ ഈ വൈവിധ്യങ്ങള്‍ എന്നും അശ്ലീലവും അസ്വീകാര്യവുമായിരുന്നു. പാശ്ചാത്യ നാടുകളിലെവിടെയുമെന്നതുപോലെ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ക്കപ്പുറമുണ്ടാകുക എന്നത്‌ ശിഥിലീകരണത്തിന്റെ സൂചനയായി അവര്‍ കണക്കാക്കി. ഇന്ത്യ സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്നത്‌ ഈ വൈജാത്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ടു തന്നെയാണ്‌. ഏകീകരിക്കപ്പെട്ട നാഗരീകതകളോ, […]

modiവിജയരാഘവന്‍ ചേലിയ
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യമാണ്‌. ദേശീയവും പ്രാദേശികവുമായ നൂറുകണക്കിന്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍, അഭിപ്രായങ്ങളുടെ നേരിയ വ്യത്യാസങ്ങള്‍ പോലും അവരെ വേര്‍തിരിച്ചു നിര്‍ത്തി. അതോടൊപ്പം തന്നെ അവയോരോന്നിന്റെയും അസ്‌തിത്വം പരസ്‌പരം അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഒരുതരം മഴവില്‍ ജനാധിപത്യം. അഖണ്‌ഡതയുടെ വക്താക്കള്‍ക്ക്‌ ഈ വൈവിധ്യങ്ങള്‍ എന്നും അശ്ലീലവും അസ്വീകാര്യവുമായിരുന്നു. പാശ്ചാത്യ നാടുകളിലെവിടെയുമെന്നതുപോലെ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ക്കപ്പുറമുണ്ടാകുക എന്നത്‌ ശിഥിലീകരണത്തിന്റെ സൂചനയായി അവര്‍ കണക്കാക്കി.
ഇന്ത്യ സഹസ്രാബ്‌ദങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്നത്‌ ഈ വൈജാത്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ടു തന്നെയാണ്‌. ഏകീകരിക്കപ്പെട്ട നാഗരീകതകളോ, സംസ്‌കൃതികളോ ഇത്രയേറെ അതിജീവനശക്തി പ്രകടമാക്കിയിട്ടുമില്ല. നാനാത്വത്തില്‍ ഏകത്വം എന്നൊക്കെയുള്ള ഭംഗിവാക്കുകള്‍ക്കപ്പുറം പ്രകൃതിയുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായ ഈ വൈവിധ്യം സാമൂഹ്യഘടനയിലേക്കു പരിവര്‍ത്തിക്കപ്പെടുമ്പോഴുണ്ടാകുന്ന കരുത്ത്‌ അറിഞ്ഞനുസരിക്കാന്‍ നമുക്കു കഴിയുന്നില്ല. തീര്‍ത്തും `പ്രകൃതി വിരുദ്ധമായ’ ആധുനിക നാഗരികതയുടെ സ്വാധീനം മറുത്തു ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബഹുദൈവങ്ങളും ഗോത്രങ്ങളും മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ആചാരങ്ങളും, അനുഷ്‌ഠാനങ്ങളും, ആഹാര-വേഷഭൂഷാദികളും പ്രാകൃതമാണെന്നും എല്ലാ രംഗത്തും യൂണിഫോമിറ്റിയാണ്‌ പുരോഗമനപരമെന്നും പ്രചരിപ്പിക്കപ്പെടുന്നു. കുട്ടിച്ചാത്തനില്‍നിന്നും കൃഷ്‌ണനിലേക്കും രാമനിലേക്കും, പാലിയില്‍നിന്ന്‌ സംസ്‌കൃതത്തിലേക്കും ഇംഗ്ലീഷിലേക്കുമുള്ള പലായനം പുരോഗമനപരമാണെന്ന്‌ വിലയിരുത്തപ്പെടുന്നു. കടുത്ത ദേശീയവാദികളും ലിബറലുകളും ഇടതുപക്ഷവും എല്ലാം ഏറിയും കുറഞ്ഞും ഈ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നവരാണ്‌. വികസനത്തിന്റെ ബുള്‍ഡോസറിനടിയില്‍ ചെറുചെറു സാമൂഹ്യ-സാംസ്‌കാരിക സ്വത്വങ്ങള്‍ തുടച്ചുമാറ്റപ്പെടുമ്പോള്‍ മാറ്റത്തിന്റെ അനിവാര്യതയായി വ്യാഖ്യാനിക്കപ്പെടുന്നത്‌ ഇതേ ചിന്തയുടെ പിന്‍ബലത്തിലാണ്‌.
കോണ്‍ഗ്രസില്‍ നിന്നും മോഡിയിലേക്കെത്തുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത്‌ ഈ വൈവിധ്യങ്ങളുടെ പരിപൂര്‍ണ്ണമായ ഉച്ചാടനമാണ്‌. ഗാന്ധിയില്‍ നിന്ന്‌ നെഹ്‌റുവിലേക്കും, ഇന്ദിരയില്‍ നിന്ന്‌ മന്‍മോഹന്‍സിങ്ങിലേക്കുമുള്ള കോണ്‍ഗ്രസ്സിന്റെ തളര്‍ച്ച വരുത്തിവെച്ചതിനേക്കാള്‍ പതിന്മടങ്ങ്‌ പ്രഹരശേഷി ദേശീയതയുടെ ബാനറില്‍ വരുന്ന `മോഡിഫിക്കേഷനുണ്ട്‌’. കോണ്‍ഗ്രസ്സിനുള്ള ഏകമികവ്‌ അതിനുള്ളിലെ വ്യത്യസ്‌തങ്ങളായ അഭിപ്രായ ചേരുവകളാണ്‌. കോണ്‍ഗ്രസ്സില്‍ തന്നെ ഇന്ദിരയുടെ നാളുകള്‍ ദ്വികക്ഷി സമ്പ്രദായത്തിനു വേണ്ടിയുള്ള വാദങ്ങളാല്‍ മുഖരിതമായിരുന്നു. ശക്തമായ ഇന്ത്യ, കരുത്തയായ ഭരണാധികാരി എന്നു തുടങ്ങി `ഇന്ദിരയാണ്‌ ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂടെയാണല്ലോ അടിയന്തിരാവസ്ഥയിലേക്കു കൂപ്പുകുത്തിയത്‌. ഇന്ദിരയുടെ ജീവിതം പാഠപുസ്‌തകങ്ങളാക്കുകയും അന്നുവരെ കണ്ടിട്ടില്ലാത്തവിധം ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നുവെന്ന്‌ പ്രചരിപ്പിക്കപ്പെടുകയും ചെയ്‌തു. അടിയന്തിരാവസ്ഥക്കാലത്ത്‌ കാര്യങ്ങളെല്ലാം കൃത്യമായും ഭംഗിയായും (!) നടന്നുവെന്ന്‌ ഭരണകൂടം അവകാശപ്പെട്ടു. വ്യത്യസ്‌തനായിരിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം മാറ്റിവെച്ചുനോക്കിയാല്‍ കാര്യക്ഷമവും വേഗതയാര്‍ന്നതുമായിരുന്നു ആ നാളുകള്‍ എന്നാണ്‌ `മാനേജുമെന്റ്‌ വിദഗ്‌ധര്‍’ പില്‍ക്കാലത്തു വിലയിരുത്തിയത്‌.
മോഡിയുടെ വഴികാട്ടികള്‍ സര്‍ദാര്‍വല്ലഭായ്‌ പട്ടേലും ഇന്ദിരാഗാന്ധിയുമാണത്രേ. (രാഷ്‌ട്രീയ വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ ഇന്ദിരയുടെ ഇച്ഛാശക്തിയും കാര്യക്ഷമതയും തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന്‌ മോഡി). പട്ടേലും ഇന്ദിരയും ഇന്ത്യ കണ്ട കരുത്തരായ ഭരണാധികാരികള്‍ തന്നെ. കാശ്‌മീരിനേയും ഹൈദരബാദിനേയും മറ്റു നാട്ടുരാജ്യങ്ങളേയും ഇന്ത്യയോടു ചേര്‍ത്തതിലാണ്‌ പട്ടേലിന്റെ ഖ്യാതി. നെഹ്‌റു എങ്ങാനുമായിരുന്നു പട്ടാള മന്ത്രിയെങ്കില്‍ അത്‌ അസാധ്യമായേനെ എന്നാണ്‌ അടക്കം പറച്ചില്‍. ഇന്ദിരയുമതേ. പാക്കിസ്ഥാനു ചുട്ട മറുപടി കൊടുത്ത പ്രധാനമന്ത്രി. പ്രിവിപേഴ്‌സ്‌ നിര്‍ത്തിയും ബാങ്ക്‌ ദേശസാത്‌കരിച്ചും നേടിയ പുരോഗമന ഛായ, അടിയന്തിരാവസ്ഥയുടെ കാര്യക്ഷമത, ഫിനിക്‌സ്‌ പക്ഷിയെപ്പോലെ ചാരത്തില്‍നിന്നും പറന്നുയരാനുള്ള കരുത്ത്‌, ശത്രുസംഹാരശേഷി, തന്നേക്കാള്‍ വലിയവനാകാന്‍ ഒരുത്തനേയും അനുവദിക്കാത്ത തന്ത്രജ്ഞത, കൂടെ എന്നും ഒരു സ്‌തുതിപാഠക സംഘത്തെ നിലനിര്‍ത്തുന്നതിനുള്ള താത്‌പര്യം – ഇന്ത്യ കണ്ട പ്രധാനമന്ത്രിമാരില്‍ `കരുത്തന്‍’ ഇന്ദിര തന്നെ. എന്തുകൊണ്ടും ചഞ്ചലചിത്തനായ നെഹ്‌റുവിനേക്കാള്‍ മോഡിക്കു ഇന്ദിരയും പട്ടേലുമാണ്‌ ചേര്‍ച്ച.
നെഹ്‌റുവും പിന്നീട്‌ ഇന്ദിരയും കോണ്‍ഗ്രസ്സിന്‌ അവസാന വാക്കായിരുന്നു. നെഹ്‌റു ഗാന്ധിയുടെ നോമിനേഷനുമായാണ്‌ ഒന്നാമനായത്‌. ഇന്ദിര എല്ലാ മൃദുല വികാരങ്ങളേയും മറി കടന്നുകൊണ്ടും. ക്യാബിനറ്റിലെ ഏക `ആണ്‍’ ഇന്ദിരയാണെന്ന്‌ വിലയിരുത്തപ്പെടുക വരെയുണ്ടായി. കോണ്‍ഗ്രസ്സിലവശേഷിച്ച ആര്‍ദ്രതയുടെ, ജനാധിപത്യത്തിന്റെ അംശങ്ങളെയെല്ലാം ചോര്‍ത്തിക്കളഞ്ഞത്‌ ഇന്ദിരയായിരുന്നു. മോഡിയാണ്‌ ഇന്നത്തെ ആണ്‍കുട്ടി. `മോഡിഫൈഡ്‌ ഇന്ത്യ, കരുത്തുറ്റ ഇന്ത്യ’ എന്നതാണ്‌ പുതിയ മുദ്രാവാക്യം. ഇന്ദിരയാണ്‌ ഇന്ത്യയെന്ന പോലെ മധ്യപ്രദേശും ഗുജറാത്തും മോഡിയെ പാഠപുസ്‌തകത്തിലെഴുതാന്‍ തുനിഞ്ഞല്ലോ. പലതും ഇന്ദിരയെ ഓര്‍മ്മിപ്പിക്കുന്നു. ആര്‍ദ്രമായൊരു മനസ്സില്ലാത്തൊരാള്‍ രാഷ്‌ട്രത്തലവനാകുന്നത്‌ ആപത്താണെന്ന അനന്തമൂര്‍ത്തിയുടെ വിലാപത്തിന്‌ മറുപടിയായി കറാച്ചിയിലേക്കുള്ള ടിക്കറ്റാണ്‌ മോഡിയുടെ `ആണ്‍കുട്ടികള്‍’ അയച്ചുകൊടുത്തത്‌. ആണത്തത്തിന്റെ മികച്ച തെളിവ്‌!
കാര്യക്ഷമതയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ്‌ ഭരണത്തേക്കാള്‍ എന്തുകൊണ്ടും മികച്ചത്‌ മോഡിയായിരിക്കുമെന്ന്‌ കണ്ണുംപൂട്ടി പ്രവചിക്കാം. സംഘപരിവാറിന്റെ പിന്തുണ തുടരുന്നേടത്തോളം അതില്‍ യാതൊരു കുറവും ഉണ്ടാവുകയുമില്ല. കുഴപ്പമുണ്ടാക്കുക ഫാന്‍സ്‌ അസോസിയേഷനുകളാകും. ഇന്ദിരാ ഫാന്‍സ്‌ എങ്ങനെയൊരു ഏകാധിപതിയെ സൃഷ്‌ടിച്ചുവെന്ന ചരിത്ര പാഠം നമുക്കു മുന്നിലുണ്ട്‌. വമ്പിച്ച ജന പിന്തുണയും രാജ്‌ഘട്ടിലെ നീണ്ട പ്രാര്‍ത്ഥനയും സാര്‍ക്ക്‌ രാഷ്‌ട്രത്തലവന്മാരെ ക്ഷണിക്കാന്‍ കാണിച്ച ഔചിത്യവും കേബിനറ്റിലെ കൂടിയ വനിതാസാന്നിദ്ധ്യവും പാഠപുസ്‌തകങ്ങളില്‍ നിന്ന്‌ തന്നെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശവും മോഡിക്ക്‌ പുതിയൊരു പരിവേഷം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ മോഡിഫാന്‍സ്‌ ഇതെത്രത്തോളം ഉള്‍ക്കൊള്ളുമെന്ന്‌ കാത്തിരുന്നു കാണണം. കരുത്ത്‌ എന്നാല്‍ ശത്രു സംഹാരശേഷി എന്ന്‌ മാത്രം വായിച്ചു ശീലിച്ച `ആണ്‍കുട്ടികളെ’ അധികാരത്തിലേക്കുള്ള വഴിയല്ല `അധികാരത്തിന്റെ വഴി’ എന്ന്‌ ബോധ്യപ്പെടുത്താന്‍ സംഘപരിവാറിനാകുമോ?
വാജ്‌പേയിയുടെ നാളുകളിലേക്ക്‌ തിരിച്ചുപോകണമെന്ന നവാസ്‌ ഷെരീഫിന്റെ അഭ്യര്‍ത്ഥന ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെ. വാജ്‌പേയിക്കു ശേഷം ഭരിച്ച മതേതരന്മാര്‍ക്കുള്ള വിമര്‍ശനം കൂടെ ആയി ഷെരീഫിന്റെ വാക്കുകളെ വായിച്ചെടുക്കാം. പാക്കിസ്ഥാനോടു മൃദു സമീപനം സ്വീകരിച്ചാല്‍ തങ്ങളുടെ `സെക്കുലറിസം’ മുസ്ലീം പ്രീണനമായി വിമര്‍ശിക്കപ്പെടുമോ എന്ന ഭയം കൊണ്ട്‌ എന്നും മസിലു പിടിച്ചിരിക്കാന്‍ മാത്രം ദുര്‍ബലരായിരുന്നല്ലോ അവര്‍. ഭീരുക്കളായ ഈ കപട മതേതരന്മാരേക്കാള്‍ നേര്‍ക്കുനേരെ നില്‍ക്കാന്‍ കെല്‍പ്പുള്ള മോഡിയാണു ഭേദം എന്നുകൂടെ പറഞ്ഞുവെയ്‌ക്കുകയാണ്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി.
സാമ്പത്തിക രംഗത്താവട്ടെ മന്‍മോഹന്‍സിങ്ങിനേക്കാള്‍ വേഗത തനിക്കുണ്ടെന്ന്‌ ലോക സാമ്പത്തിക ശക്തികളെ ബോധ്യപ്പെടുത്താന്‍ മോഡിക്കുകഴിഞ്ഞിട്ടുണ്ട്‌. മൂലധന ശക്തികള്‍ക്ക്‌ നെഞ്ചിടിപ്പുകൂടാതെ മുതലിറക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുത്താണ്‌ ഗുജറാത്ത്‌ `മോഡലായത്‌’. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടിസ്ഥാന ജനതയ്‌ക്കല്ല വ്യാവസായിക ശക്തികള്‍ക്കു വേണ്ടിയാണെന്നത്‌ ഗുജറാത്തിലെ ജനങ്ങളുടെ ജീവിത സൂചിക ബോധ്യപ്പെടുത്തുന്നുണ്ടെന്നത്‌ വേറെകാര്യം. അധികാരത്തില്‍വന്ന്‌ ഞൊടിയിടകൊണ്ട്‌ പ്രതിരോധ വ്യവസായവും നിര്‍മാണ മേഖലയും നൂറുശതമാനം വിദേശ നിക്ഷേപത്തിനു തുറന്നുകൊടുക്കുന്നതിലൂടെ മോഡി കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചിരിക്കുന്നു. അങ്ങനെ കോണ്‍ഗ്രസ്സിന്റെ മേല്‍വിലാസം നഷ്‌ടപ്പെടുത്തുകയും അതുകൂടെ തനിക്കൊപ്പം ചേര്‍ക്കുകയും ചെയ്‌തതിലൂടെ നിലനില്‍ക്കാന്‍ മറ്റെന്തെങ്കിലും വഴി അന്വേഷിച്ചോളൂ എന്ന്‌ പറഞ്ഞുവെയ്‌ക്കുക കൂടെയാണ്‌ മോഡി.
സാമ്പത്തിക രംഗത്ത്‌ കോണ്‍ഗ്രസ്സ്‌ തുടര്‍ന്ന നയങ്ങളെ കൂടുതല്‍ വേഗതയോടെ പിന്തുടരുമ്പോഴും കോണ്‍ഗ്രസ്സ്‌ നേരിട്ട എതിര്‍പ്പ്‌ മോഡിക്കെതിരെ ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്‌. ഇടതുപക്ഷം ജീവനറ്റ നിലയിലാണ്‌. എന്നും ഇന്ത്യയുടെ രാഷ്‌ട്രീയമുഖ്യധാരയില്‍ ചെറുതല്ലാത്ത സ്വാധീനങ്ങളെകൊണ്ട്‌ ശ്രദ്ധേയമായിരുന്ന സോഷ്യലിസ്റ്റ്‌ – കമ്യൂണിസ്റ്റ്‌ ശക്തികള്‍ നിസ്സഹായരായി തീര്‍ന്നുവെന്നതാണ്‌ തെരഞ്ഞെടുപ്പിന്റെ മറ്റൊരു ഫലം. പ്രാദേശിക കക്ഷികളെക്കൂടി ദേശീയ തലത്തില്‍ സ്വാധീനമില്ലാത്തവരായിത്തീര്‍ക്കാന്‍ തെരഞ്ഞെടുപ്പു ഫലത്തിനു കഴിഞ്ഞു. വോട്ടിന്റെ കണക്കില്‍ ബി.ജെ.പി 31% വും കോണ്‍ഗ്രസ്സ്‌ 19% ഉം മാത്രമേ നേടിയിട്ടുള്ളൂ. 50% ഇതര കക്ഷികളുടെ വിഹിതമാണ്‌. പക്ഷേ ലഭിച്ച സീറ്റുകളുടെ കുറവ്‌ അവരെ ദുര്‍ബലരാക്കിയിരിക്കുന്നു. ഈ അവസരം മുതലെടുത്ത്‌ പുതിയൊരു പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനുള്ള ശേഷി ഇന്നത്തെ കോണ്‍ഗ്രസ്സിനില്ല. തോല്‍വിയുടെ വിലയിരുത്തലില്‍ തന്നെ ഇതു പ്രകടമാണ്‌. കരുത്തുറ്റൊരു നേതൃത്വമില്ല എന്നതാണ്‌ പരാജയ കാരണം എന്നാണ്‌ വിലപിക്കുന്നത്‌. രാഹുല്‍ഗാന്ധിയെന്ന `ജോക്കറി’ലൂടെ രക്ഷപ്പെടാന്‍ കഴിയില്ലെന്നു വരെ പറഞ്ഞുവെയ്‌ക്കുന്നു. അപ്പോള്‍പോലും ജനവിരുദ്ധവും സാമ്രാജ്യത്ത അനുകൂലവുമായ തങ്ങളുടെ നയങ്ങളെ തള്ളിപ്പറയാനും നെഹ്‌റുവും ഇന്ദിരയും വരുത്തിവെച്ച വ്യതിയാനങ്ങളെ വിമര്‍ശിക്കാനും കോണ്‍ഗ്രസ്സിലെ വിപ്ലവകാരികള്‍ക്കു പോലും കഴിയുന്നില്ല. ഇനി കോണ്‍ഗ്രസ്സിനു പഴയ വേഷത്തില്‍ തുടരാനാകില്ല. നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ്ങ്‌ വരെയുള്ളവരെ തള്ളിപ്പറയാതെ അവര്‍ക്കു നിലനില്‍ക്കാനാവില്ല. ഗാന്ധിയിലേക്കു മടങ്ങുക അല്ലെങ്കില്‍ ഉയരുക എന്നതു മാത്രമാണ്‌ പോംവഴി. ആഗോളീകരണത്തിനു ബദലായി ചൂണ്ടിക്കാണിക്കാന്‍ ആ ഒരുവഴി, അതെത്രതന്നെ അവ്യക്തമായിരുന്നാലും, മാത്രമേയുള്ളൂവെന്ന്‌ തിരിച്ചറിയാന്‍ വൈകുന്നു.

കടപ്പാട്‌ – പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply