മോചനമായി – ഇനിയോ?

ആഭ്യന്തരയുദ്ധം മൂര്‍ഛിച്ച ഇറാഖിലെ തിക്രിത്തില്‍, ആശുപത്രിക്കെട്ടിടത്തിനുള്ളില്‍ രണ്ടാഴ്ചയിലേറെ നരകയാതന അനുഭവിച്ച 46 മലയാളി നഴ്‌സുമാര്‍ക്കു മോചനം. അത്രക്കും ആശ്വാസം. അവരുടെ തിരിച്ചുവരവിനായി ശ്രമിച്ചവര്‍ക്ക് ആശ്വസിക്കാം. ഒപ്പം മുഴുവന്‍ മലയാളികള്‍ക്കും. കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിക്കെട്ടിടത്തില്‍നിന്നു സുന്നി വിമതര്‍ കൊണ്ടുപോയ നഴ്‌സുമാരെ ഇന്നലെ രാത്രിയാണു കുര്‍ദ് ശക്തികേന്ദ്രമായ ഇര്‍ബിലെ വിമാനത്താവളത്തില്‍ എത്തിച്ചത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും ചില സുന്നി പ്രമുഖരുടെയും ഇടപെടലാണു നഴ്‌സുമാരുടെ മോചനത്തിനു വഴിതെളിച്ചത്. അതിനായി കടുത്ത സമ്മര്‍ദ്ദം തന്നെയാണ് സംസ്ഥാന സര്‍ക്കാരും […]

nurses1_2

ആഭ്യന്തരയുദ്ധം മൂര്‍ഛിച്ച ഇറാഖിലെ തിക്രിത്തില്‍, ആശുപത്രിക്കെട്ടിടത്തിനുള്ളില്‍ രണ്ടാഴ്ചയിലേറെ നരകയാതന അനുഭവിച്ച 46 മലയാളി നഴ്‌സുമാര്‍ക്കു മോചനം. അത്രക്കും ആശ്വാസം. അവരുടെ തിരിച്ചുവരവിനായി ശ്രമിച്ചവര്‍ക്ക് ആശ്വസിക്കാം. ഒപ്പം മുഴുവന്‍ മലയാളികള്‍ക്കും.
കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിക്കെട്ടിടത്തില്‍നിന്നു സുന്നി വിമതര്‍ കൊണ്ടുപോയ നഴ്‌സുമാരെ ഇന്നലെ രാത്രിയാണു കുര്‍ദ് ശക്തികേന്ദ്രമായ ഇര്‍ബിലെ വിമാനത്താവളത്തില്‍ എത്തിച്ചത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെയും ചില സുന്നി പ്രമുഖരുടെയും ഇടപെടലാണു നഴ്‌സുമാരുടെ മോചനത്തിനു വഴിതെളിച്ചത്. അതിനായി കടുത്ത സമ്മര്‍ദ്ദം തന്നെയാണ് സംസ്ഥാന സര്‍ക്കാരും ചെലുത്തിയത്.
അതേസമയം ഈ നടപടികള്‍ ആരംഭിക്കാന്‍ ഇത്രയും വൈകിയതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. അതിനുള്ള മറുപടി അവര്‍ നല്‍കിയേ മതിയാകൂ. നഴ്‌സുമാരുടെ ദുരവസ്ഥ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 18 ദിവസം മുമ്പേ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്രം അടിയന്തരനടപടിക്കു കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്. നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ രേഖാമൂലം അറിയിക്കട്ടെയെന്ന നിലപാടാണു തുടക്കം മുതല്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. 15 നഴ്‌സുമാര്‍ ഇപ്രകാരം മടങ്ങാന്‍ താല്‍പര്യം കാട്ടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല. വിദ്യാഭ്യാസവായ്പ അടക്കമുള്ള ബാധ്യതകളുള്ളതിനാലാണു ദുരിതനടുവിലും ഇറാഖില്‍ തുടരാന്‍ നഴ്‌സുമാര്‍ തയാറായതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യങ്ങള്‍ പരിഗണിക്കുന്നതൊക്കെ പിന്നീടാകാം എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിച്ചത്.
പതുക്കെയാണെങ്കിലും നഴ്‌സുമാരെ മോചിപ്പിച്ചതിന്റെ വ്യവസ്ഥകളും പരസ്യമാക്കണം. അതിപ്പോള്‍തന്നെ വേണമെന്ന ചില മാധ്യമങ്ങളുടെ പിടിവാശി ബാലിശമാണ്. എങ്കിലും എല്ലാം അവസാനിക്കുമ്പോള്‍ കാര്യങ്ങള്‍ പുറത്തുവരണമല്ലോ. അതറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്.
വളരെ കടുത്ത പരീക്ഷണങ്ങളും യാത്രകളുമാണ് മാലാഖമാര്‍ എന്നു വിളിക്കപ്പെടുന്ന ഈ നേഴ്‌സുമാര്‍ നേരിട്ടത്. അതേസമയം തങ്ങളോട് വശളരെ മാന്യമായാണ് വിമതര്‍ പെരുമാറിയതെന്നും ഇവരെങ്ങനെയാണ് ഭീകരരാകുന്നതെന്നും മനസ്സിലാകുന്നില്ല എന്ന് ചില നഴ്‌സുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മൊസൂളിലെത്തിച്ച നഴ്‌സുമാരെ മോചിപ്പിക്കുന്നതായി ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് അറിയിപ്പു ലഭിച്ചത്. തുടര്‍ന്നു വിമതര്‍തന്നെ ഇവരെ ബസില്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഇര്‍ബില്‍ എത്തിച്ചു. അവിടെയെത്തിയ ഇന്ത്യന്‍ എംബസി അധികൃതര്‍ നഴ്‌സുമാരെ ഹോട്ടലിലെത്തിക്കുകയും തുടര്‍ന്ന് ഇര്‍ബ് രാജ്യാന്തരവിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്കു യാത്രയാക്കുകയുമായിരുന്നു. എന്തൊക്കെ പറഞ്ഞാലും വിമതരുടെ മാന്യമായ നിലപാടാണ് മോചനത്തിനു വഴിയൊരുക്കിയത്. എല്ലാ രാഷ്ട്രങ്ങളിലും കലാപം ചെയ്യുന്നവരും സര്‍ക്കാരുകളും ഈ മാതൃക പിന്തുടരണം. ഇന്ത്യക്കും ഇതില്‍ നിന്ന് പാഠം പഠിക്കാനുണ്ട്.
പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നിരന്തരം ബന്ധപ്പെട്ടുവരുകയായിരുന്നു. നഴ്‌സുമാരെ തിക്രിത്തില്‍നിന്നു മൊസൂളിലേക്കു കൊണ്ടുപോയ വിവരം അറിഞ്ഞയുടന്‍ വിദേശകാര്യമന്ത്രാലയം വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു മോചനശ്രമം തുടങ്ങി. ഇറാഖിലെ സുന്നി പ്രമുഖരുമായും വിമതനേതൃത്വവുമായും ബന്ധപ്പെട്ടതിനു പുറമേ സുന്നിഭരണത്തിലുള്ള സൗദി അറേബ്യയുടെ സഹായത്തോടെ ഇന്ത്യ ശക്തമായ സമ്മര്‍ദം ചെലുത്തി. ഇതേത്തുടര്‍ന്നാണു നാട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ നഴ്‌സുമാരെ വിമതര്‍ അനുവദിച്ചത്. പിന്നാലെ മോചനതീരുമാനവുമെത്തി. വിമതര്‍ മാന്യമായാണു പെരുമാറിയതെന്നു നഴ്‌സുമാര്‍ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറും അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ രചനാ ഷായും ഇറാഖിലെത്തിയിരുന്നു.
മോചനപ്രശ്‌നം പരിഹരിച്ചെങ്കിലും വലിയ വലിയ ചോദ്യങ്ങളാണ് ബാക്കി നില്‍ക്കുന്നത്. മടങ്ങി വരുന്ന മിക്കവര്‍ക്കും മാസങ്ങളായി ശബളം കിട്ടിയിട്ടില്ല. ലോകത്ത് ഏറ്റവുമധികം നഴ്‌സുമാരുള്ളത് കേരളത്തില്‍ നിന്നാണല്ലോ. പലയിടത്തും ഇതാണ് അവസ്ഥ. കേരളത്തിലേയും നഴ്‌സുമാരുടെ അവസ്ഥ മഹാകഷ്ടമാണല്ലോ. അടുത്ത കാലത്തായി പോരാട്ടത്തിലൂടെ ചില നേട്ടങ്ങള്‍ ഉണ്ടാക്കാനായെങ്കിലും പൊതുവിലവരുടെ അവസ്ഥ ദയനീയമാണ്. ഈ വിഷയമാണ് ഇനിയുള്ള ദിദ്വസങ്ങൡ നാം ചര്‍ച്ച ചെയ്യേണ്ടത്. നഴ്‌സിംഗ് മേഖലയില്‍ സമഗ്രമായ ഒരു നയം തന്നെ രൂപീകരിക്കണം. അതിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ലാതെ മാലാഖമാരെന്നു വിളിച്ച് അവരെ അപമാനിക്കുകയല്ല വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply