മേവാനിയെ ആരാണ് ഭയപ്പെടുന്നത്…?

ഒറ്റവാക്കില്‍ ഈ ചോദ്യത്തിനുള്ള മറുപടി മനുവാദി രാഷ്ട്രീയക്കാര്‍ എന്നോ കുറച്ചുകൂടി വ്യക്തമായി സംഘപരിവാര്‍ എന്നോ പറയുന്നവരായിരിക്കും കൂടുതല്‍. ഒറ്റനോട്ടത്തില്‍ അതു ശരിയുമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മേവാനിയെ ഭയപ്പെടുന്നു. കാരണം ഏറിയും കുറഞ്ഞും അവരെല്ലാം മനുവാദി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരായിട്ടില്ല എന്നതുതന്നെ. നൂറ്റാണ്ടുകളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് മനുവാദികള്‍ അകറ്റി നിര്‍ത്തിയവരുടെ പ്രതീകമാണ് ഇന്ന് അഡ്വ. ജിഗ്‌നേഷ് മേവാനി. അതുതന്നെ അദ്ദേഹത്തെ ഇവരെല്ലാം ഭയപ്പെടുന്നതിനു കാരണം. കഴിഞ്ഞ ദിവസം […]

mevaniഒറ്റവാക്കില്‍ ഈ ചോദ്യത്തിനുള്ള മറുപടി മനുവാദി രാഷ്ട്രീയക്കാര്‍ എന്നോ കുറച്ചുകൂടി വ്യക്തമായി സംഘപരിവാര്‍ എന്നോ പറയുന്നവരായിരിക്കും കൂടുതല്‍. ഒറ്റനോട്ടത്തില്‍ അതു ശരിയുമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മേവാനിയെ ഭയപ്പെടുന്നു. കാരണം ഏറിയും കുറഞ്ഞും അവരെല്ലാം മനുവാദി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരായിട്ടില്ല എന്നതുതന്നെ. നൂറ്റാണ്ടുകളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ നിന്ന് മനുവാദികള്‍ അകറ്റി നിര്‍ത്തിയവരുടെ പ്രതീകമാണ് ഇന്ന് അഡ്വ. ജിഗ്‌നേഷ് മേവാനി. അതുതന്നെ അദ്ദേഹത്തെ ഇവരെല്ലാം ഭയപ്പെടുന്നതിനു കാരണം.
കഴിഞ്ഞ ദിവസം മേവാനിയെ കസ്റ്റഡിയിലെടുത്ത ഗുജറാത്ത് ഗവണ്മന്റിന്റെ നടപടി ഈ ഭയത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം മാത്രം.  ഡല്‍ഹിയില്‍ ദലിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്ത ശേഷം അഹമ്മദാബാദില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സിവില്‍ വേഷത്തിലെത്തിയ പൊലീസ് സഘം മേവാനിയെ കസ്റ്റഡിയില്‍ എടുത്തത്. മേവാനിയെ കസ്റ്റഡിയില്‍ എടുത്തത്. അഹമദാബാദ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടി.  ഗുജറാത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷ പരിപാടിയെകുറിച്ച് ജിഗ്‌നേഷ് നടത്തിയ പരാമര്‍ശമത്രെ അറസ്റ്റിന് കാരണമായത്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യപരമായി അധികാരത്തിലെത്തിയ ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നത്. രാജ്യമെങ്ങും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മേവാനിയെ വിട്ടയച്ചു എങ്കിലും ഈ സംഭവം നല്‍കുന്ന സൂചന ആശാസ്യകരമല്ല.  ഗുജറാത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷ പരിപാടിയെകുറിച്ച് ജിഗ്‌നേഷ് നടത്തിയ പരാമര്‍ശമാണ് അറസ്റ്റിന് കാരണമായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ആണ് ജിഗ്‌നേഷ് മേവാനിയെ ചോദ്യം ചെയ്തത്.
ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ നടന്ന അക്രമണത്തെ തുടര്‍ന്ന് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന  പ്രക്ഷോഭം ദളിത് രാഷ്ട്രീയത്തെ പുതിയൊരു വഴിത്തിരിവിലെത്തിച്ചിരിക്കുന്ന സാഹചര്യം സംഘപരിവാറിനു പേടിസ്വപ്‌നമായിരിക്കുകയാണ് എന്നതുതന്നെയാണ് വസ്തുത. അതുവഴി ശക്തിപ്പെടുന്നതാകട്ടെ ഇന്ത്യന്‍ ജനാധിപത്യമാണെന്ന വസ്തുതയും ഫാസിസ്റ്റുകളെ പേടിപ്പെടുത്തുന്നു. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ദളിതര്‍ തങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ഗുജറാത്തില്‍ തന്നെയായത് ചരിത്രത്തിന്റെ കാവ്യനീതിയായിരുന്നു. ആയിരകണക്കിനു മുസ്ലിം വിഭാഗങ്ങളും ആ പ്രഖ്യാപനത്തില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ ദേശീയപതാകയുയര്‍ത്തിയത് രോഹിതിന്റെ മാതാവ് രാധിക വെമുലയായിരുന്നു എന്നതും ചെറിയ കാര്യമല്ല. 400 കിമി സഞ്ചരിച്ച പത്തുദിവസം ഗുജറാത്തിനെ ഇളക്കിമറിച്ച ദളിത് അഭിമാനയാത്രയുടെ സമാപനത്തിലായിരുന്നു ദളിതരുടെ പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. ദളിതര്‍ ഇനി മുതല്‍ പശുക്കളുടെ ശവങ്ങള്‍ തൊടുകയില്ലെന്നും തോട്ടിപ്പണി ചെയ്യില്ലെന്നും മാത്രമല്ല, എല്ലാ ദളിത് കുടുംബങ്ങള്‍ക്കും 5 ഏക്കര്‍ ഭൂമി നല്‍കണമെന്നും മഹാസമ്മേളനം ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കുമെന്ന് അംബേദ്കര്‍ പ്രതിമയെ സാക്ഷി നിര്‍ത്തിയവര്‍ പ്രഖ്യാപിച്ചു. ഈ സംഭവമാണ് സംഘപരിവാറിനു പേടിസ്വപ്‌നമായിരിക്കുന്നത്. തങ്ങള്‍ കുഴിച്ചുമൂടി എന്നു കരുതിയ അംബേദ്കര്‍ തിരിച്ചുവരികയാണെന്നത് അവര്‍ക്ക് സഹിക്കാവുന്നതിനേക്കാള്‍ എത്രയോ അകലെയാണ്.  സമ്മേളനം കഴിഞ്ഞതിനു പുറകെ ഗുജറാത്തില്‍ പലയിടത്തും ദളിത് വിഭാഗക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചതന്നെയാണ് ഈ സംഭവവും.
മേവാനിയെ ഭയപ്പെടുന്ന മറ്റൊരു വിഭാഗം കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. തങ്ങള്‍ക്കു ശക്തിയില്ലാത്ത മേഖലകളില്‍ അവര്‍ ലാല്‍ സലാം – നീല്‍ സലാം എന്ന മുദ്രാവാക്യമുയര്‍ത്തുന്നുണ്ട് എന്നതുശരി. ദളിത് പ്രക്ഷോഭങ്ങളില്‍ അവര്‍ ഐക്യപ്പെടാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കു ശക്തിയുള്ള കേരളമടക്കമുള്ള മേഖലകളില്‍ എടുക്കുന്ന നിലപാട് നേരെ തിരിച്ചുമാണ്. അവിടങ്ങളിലവരുടേത് രക്ഷാകര്‍തൃ മനോഭാവമാണ്. അതിനെ അംഗീകരിക്കാത്തവരെ എങ്ങനെ വേണമെങ്കിലും നേരിടുകയും ചെയ്യും. മുത്തങ്ങ, ചെങ്ങറ സമരങ്ങളോടുള്ള നിഷേധാത്മക നിലപാടുകള്‍ മാത്രമല്ല, കണ്ണൂരില്‍ ചിത്രലേഖക്കും അടുത്തയിടെ രണ്ടു ദളിത് പെണ്‍കുട്ടികള്‍ക്കും നേരെ നടന്ന അതിക്രമങ്ങളും ഇതിന് ഉദാഹരണമാണ്. തങ്ങള്‍ക്കു ശക്തിയുള്ളയിടങ്ങളില്‍ ദളിത് വാദം ഇവര്‍ക്ക് സ്വത്വവാദമാണ്. അതിനുപുറകിലുള്ളതും നേരത്തെ സൂചിപ്പിച്ച ഭയത്തിന്റെ മറ്റൊരു രൂപമാണ്. ഒരു ഭാഗത്ത് വര്‍ഗ്ഗസമരത്തിലൂടെയാണ് സമൂഹത്തിന്റെ മോചനമെന്ന നിലപാട് മുന്നോട്ടുവെക്കുന്നു ഈ പ്രസ്ഥാനങ്ങളുടെ നേതൃത്വം ഇപ്പോഴും സവര്‍ണ്ണവിഭാഗങ്ങളിലാണെന്നത് ചെറിയ കാര്യമല്ല. അതില്‍ പ്രതിഷേധിച്ചായിരുന്നല്ലോ രോഹിത് വെമുല എസ് എഫ് ഐ വിട്ടത്. ഇപ്പോഴിതാ സിപിഎം നിയന്ത്രണത്തിലുള്ള പട്ടിക ജാതി ക്ഷേമസമിതി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ നിന്ന് മേവാനി പിന്മാറിയതും ഈ നിലപാടില്‍ നിന്നാണ്. കേരളത്തിലെ ആദിവാസികളും ദളിതരും മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ഇതര പിന്നോക്ക പാര്‍ശ്വവല്‍കൃതരും ഉള്‍പ്പെടുന്ന ഭൂരഹിതരുടെയും കോളനിവാസികളുടെയും ഭൂരാഹിത്യമെന്ന പിന്നോക്ക അവസ്ഥയെ അഡ്രസ്സ് ചെയ്തു കൊണ്ട് ഒക്ടോബര്‍ 15,16 തീയതികളില്‍ തൃശൂരില്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ അ്ദദേഹം പങ്കെടുക്കുന്നുണ്ടുതാനും. ഈ പരിപാടിയുടെ മുദ്രാവാക്യം ‘മൂന്ന് സെന്റ് കോളനിവല്‍ക്കരണമല്ല, ഭൂരഹിതര്‍ക്ക് ഭൂഉടമസ്ഥതയും വിഭാവധികാരവും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമിയും’ എന്നതാണ്. സമ്മേളനം  പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ഭൂമി  വിഭവ ഉടമസ്ഥത എങ്ങനെയാണ് സമ്പത്തും അധികാരവും നിര്‍ണ്ണയിച്ചത്, ഭൂരാഹിത്യവും ചേരി കോളനികളും എങ്ങനെയാണ് സാമൂഹിക രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണം സൃഷ്ടിച്ചത്, ഇതിന് പരിഹാരമെന്നോണം നിര്‍മ്മിക്കപ്പെട്ട സര്‍ക്കാര്‍ ഭൂഭവനപദ്ധതികളുടെ പരിമിതിയും പരാജയവും എന്തായിരുന്നു, അതിനെത്തുടര്‍ന്ന് നടത്തപ്പെട്ട ഭൂസമരങ്ങളുടെ ചരിത്രവും വര്‍ത്തമാനവും എന്താണ്, ഭാവിപരിപാടികള്‍ എങ്ങനെയായിരിക്കണം എന്നിവയാണ്. മുഴുവന്‍ ഭൂരഹിതര്‍ക്കും മൂന്ന് സെന്റ് ഭൂമി നല്‍കി ഭൂരാഹിത്യം ‘പരിഹരിക്കാന്‍’ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ച സാഹചര്യത്തിലാണ് അവരുടെ പോഷകസംഘടനയായ പികെഎസ് തങ്ങളുടെ സ്വാഭിമാന പരിപാടിയിലേക്ക് മേവാനിയെ ക്ഷണിക്കുന്നതെന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഗുജറാത്തില്‍ മേവാനിയും കൂട്ടരും ആവശ്യപ്പെടു്‌നനത് 5 ഏക്കര്‍ വരെ ഭൂമിയാണെന്നും മറക്കരുത്.  സംഘപരിവാറിനെ പ്രതിരോധിക്കാന്‍ സംഘടിപ്പിച്ച സ്വാഭിമാന സംഗമത്തില്‍ നിന്ന് ജിഗ്‌നേഷ് പിന്‍മാറുന്നത് സംഘ പരിവാറിനെ സഹായിക്കുകയുള്ളു എന്ന് വാദവും ഉയരുന്നുണ്ട്. സംഘപരിവാറിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായ ഗുജറാത്ത് സമരത്തിന് ജിഗ്‌നേഷ് നേതൃത്വം നല്‍കുകയും മനുസ്മൃതി ഉള്‍പ്പെടെ കത്തിക്കുകയും ചെയ്യുമ്പോളാണ് ഈ വാദം. ഈ വാദം ഉന്നയിക്കുന്ന സി പി എം ശ്രീകൃഷ്ണ ജയന്തി ഏറ്റെടുത്ത് കേരളത്തില്‍ സംഘപരിവാര്‍ ബോധത്തെ വീണ്ടും വീണ്ടും സ്വാശീകരിക്കുകയാണ് ചെയ്യുന്നതെന്നതും പ്രസക്തമാണ്.
ചുരുക്കത്തില്‍ തങ്ങളുടേതായ ആശയഘടനയുള്ള സംഘപരിവാറും കമ്യൂണിസ്റ്റ് പരിവാറും മേവാനിയെ ഭയപ്പെടുന്നത് സ്വാഭാവികം മാത്രം. കോണ്‍ഗ്രസ്സ് അടക്കം അത്രമാത്രം രാഷ്ട്രീയ നിലപാടുകളില്ലാത്ത പ്രസ്ഥാനങ്ങളും മേവാനിയെ അഭിസംബോധന ചെയ്യാന്‍ ഭയപ്പെടുക തന്നെയാണ്. അതുതന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേവാനിയുടെ പ്രസക്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply