മെയ്ക്കരുത്തിലൂടെ ആണത്തം പ്രകടമാക്കലല്ല കലാലയ രാഷ്ട്രീയം

മായ എസ്. ജനാധിപത്യ ഇന്ത്യയിലെ പ്രബുദ്ധമെന്നു പേരുകേട്ട കേരളത്തില്‍ കലാലയങ്ങള്‍ പലപ്പോഴും യുദ്ധഭൂമികളാകുന്ന കാഴ്ച ദയനീയം തന്നെ. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാതെ ഇനി കേരളത്തിന് പ്രബുദ്ധത അവകാശപ്പെട്ടു തുടരാനാകില്ല. പ്രബുദ്ധത എന്നാല്‍ മെയ്ക്കരുത്തുകൊണ്ടുള്ള പ്രതികരണമല്ല, ബുദ്ധികൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനമാണ് ഉദ്ദ്യേശിക്കുന്നത്. കേരളവര്‍മ്മ കോളേജില്‍ ഈയിടെയുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനവും അതിനിടെയുണ്ടായ അപകടങ്ങളും നഷ്ടങ്ങളും ഈ ചിന്തയെ ബലപ്പെടുത്തുന്നതാണ്. ഒരു സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ നടന്ന അടിപിടി എന്ന നിലയ്ക്ക് മാത്രമാണ് ഇപ്രാവശ്യത്തെ കേരളവര്‍മ്മ-വിദ്യാര്‍ത്ഥി […]

sssമായ എസ്.

ജനാധിപത്യ ഇന്ത്യയിലെ പ്രബുദ്ധമെന്നു പേരുകേട്ട കേരളത്തില്‍ കലാലയങ്ങള്‍ പലപ്പോഴും യുദ്ധഭൂമികളാകുന്ന കാഴ്ച ദയനീയം തന്നെ. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാതെ ഇനി കേരളത്തിന് പ്രബുദ്ധത അവകാശപ്പെട്ടു തുടരാനാകില്ല. പ്രബുദ്ധത എന്നാല്‍ മെയ്ക്കരുത്തുകൊണ്ടുള്ള പ്രതികരണമല്ല, ബുദ്ധികൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനമാണ് ഉദ്ദ്യേശിക്കുന്നത്. കേരളവര്‍മ്മ കോളേജില്‍ ഈയിടെയുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനവും അതിനിടെയുണ്ടായ അപകടങ്ങളും നഷ്ടങ്ങളും ഈ ചിന്തയെ ബലപ്പെടുത്തുന്നതാണ്. ഒരു സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിക്കിടെ നടന്ന അടിപിടി എന്ന നിലയ്ക്ക് മാത്രമാണ് ഇപ്രാവശ്യത്തെ കേരളവര്‍മ്മ-വിദ്യാര്‍ത്ഥി സംഘട്ടനം വ്യത്യസ്തമാകുന്നത്. സാധാരണഗതിയില്‍ ഇതരപാര്‍ട്ടിക്കാര്‍ കൊടിപറിച്ചിട്ടു, തങ്ങളുടെ നേതാവിനെ അഥവാ അണികളെ തല്ലി എന്നിങ്ങനെയുള്ള കാരണങ്ങള്‍ കാണിച്ചു പ്രതികരിക്കുന്നതോ പ്രതികാരം ചെയ്യുന്നതോ ആയതരം അടിപിടി ലഹളകളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇത്തവണ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഘട്ടനം നടന്നത്. കലാലയത്തിന്റെ കാതലായ കെട്ടിടം കത്തിച്ചുനശിപ്പിക്കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി. ഏതു വിധത്തിലായാലും വിദ്യാഭ്യാസ സ്ഥാപെനങ്ങളില്‍ അടിസ്ഥാനപരമായി നടക്കേണ്ട അധ്യയനവും അക്കാദമിക പ്രവര്‍ത്തനങ്ങളും ഉണ്ടാകുവാനുള്ള സമാധാനാന്തരീക്ഷം നഷ്ടപ്പെടുന്നു എന്നതാണ് ദുരവസ്ഥ.
വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമോ വേണ്ടയോ എന്ന ചര്‍ച്ച ധാരാളമുണ്ടായിക്കഴിഞ്ഞു. വേണമെന്നുതന്നെ ചിന്തിച്ചാല്‍ എന്തായിരിക്കണം അതിന്റെ രീതി എന്നു പുനരാലോചിക്കേണ്ടതുണ്ട്. എന്തിനു വേണ്ടിയുള്ളതാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നും ചിന്തിക്കാതിരിക്കാന്‍ പറ്റില്ല. പഠിപ്പു മുടക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിലെ സമാധാനാന്തരീക്ഷംതന്നെ തകര്‍ക്കുന്നതിനും വേണ്ടിയാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം?! പരസ്പരം തല്ലി മരിക്കുന്നതിനോ മുറിവേല്‍പ്പിക്കുന്നതിനോ വേണ്ടി മാത്രം കുറെ യുവ പുരുഷന്മാര്‍ കോളേജുകളില്‍ വിലസുന്നതാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം? യുവത്വത്തിന്റെ ഉമ്മറപ്പടി ചവിട്ടിനില്‍ക്കാന്‍ പഠിക്കുന്ന കുറെ കുമാരന്മാര്‍ക്ക് അവരില്‍ വളരുന്ന പൗരുഷത്തിന്റെ ഊക്കു കാണിക്കുന്നതിനുള്ള സ്ഥലമാണോ കലാലയം? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുചുറ്റും ചിന്തിച്ച്, മാറ്റങ്ങള്‍ കൊണ്ടുവരാതെ കേരളത്തിന്റെ സാംസ്‌കാരികത്തിടമ്പുകളായി പേരുകേട്ട ചില പ്രമുഖ കലാലയങ്ങള്‍ വളരില്ല; ബൗദ്ധികവും ക്രിയാത്മകവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുകയില്ല. അക്കാദമികമായ അന്തരീക്ഷത്തിനുപകരം കപടരാഷ്ട്രീയാന്തരീക്ഷത്തിന്റെ പുരുഷക്കോയ്മയാണ് ഇത്തരം കലാലയങ്ങളില്‍ കൊടികുത്തിവാഴുന്നത്. ഉയര്‍ന്ന മാര്‍ക്കു വാങ്ങി പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആകാംക്ഷയില്‍ വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെയും അവര്‍ക്കുവേണ്ടി ആകാംക്ഷപ്പെട്ടു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും ഉത്സാഹത്തെ കെടുത്തുന്നതാണ് കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൗരുഷ രീതി. ഈ രീതിശാസ്ത്രത്തെ തിരുത്താതെ, ഉദ്ദേശ്യശുദ്ധിയുള്ള രാഷ്ട്രീയലക്ഷ്യങ്ങളെ തിരിച്ചറിയാതെ കലാലയ രാഷ്ട്രീയം അര്‍ത്ഥവത്താകില്ല. വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് ജനാധിപത്യത്തിന്റെ ആശയങ്ങളും തിരഞ്ഞെടുപ്പ് രീതികളും (election) മനസ്സിലാക്കുന്നതിനുള്ള സാമ്പത്തിക-രാഷ്ട്രീയ പരിസരം എന്ന തരത്തില്‍ കലാലയ രാഷ്ട്രീയത്തെ കാണേണ്ടതുണ്ട്. കലാലയ രാഷ്ട്രീയത്തിന്റെ ഏറ്റവും മോശമായ മുഖത്തിന് ഒരു പ്രധാന കാരണം ആണ്‍കുട്ടികളുടെ ലിംഗപദവി (gender) ബോധം തന്നെയാണ്. മെയ്ക്കരുത്തിലൂടെ ആണത്തം അഥവാ പൗരുഷം പ്രകടിപ്പിക്കുന്നതിനുള്ള ഒരു സ്ഥലമായി കലാലയങ്ങളെ ഉപയോഗിക്കുന്ന ഒരു കൂട്ടം ആണ്‍കുട്ടികള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്താണ് വിദ്യാര്‍ത്ഥി-രാഷ്ട്രീയ സംഘട്ടനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇടത്, വലത് രാഷ്ട്രീയപാര്‍ട്ടികള്‍ പലപ്പോഴും പുറത്തുനിന്ന് പ്രോത്സാഹിപ്പിച്ചും പിന്താങ്ങിയും ഇക്കൂട്ടരെക്കൊണ്ട് കലാലയങ്ങള്‍ യുദ്ധക്കളങ്ങളാക്കി മാറ്റുകയാണ് എന്നത് പരസ്യമായ രഹസ്യമാണല്ലോ. ഇത് തിരിച്ചറിഞ്ഞ് ഇതിനെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ധാര്‍മ്മികബോധമുള്ള ഏതദ്ധ്യാപകന്റെയും കടമ. കക്ഷിരാഷ്ട്രീയച്ചായ്‌വുകള്‍ക്കനുസരിച്ച് ഒരു കൂട്ടം ആണ്‍കുട്ടികളുടെ ഗുണ്ടായിസത്തെ കണ്ടില്ലെന്നു നടിക്കുകയും അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളെ തമസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അധ്യാപകസമൂഹത്തിനുതന്നെ അപമാനകരമാണ്.
ഈയിടെ കേരളവര്‍മ്മയില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലും നടന്നതിത്തരം അപമാനകരമായ ബൗദ്ധികമരണം തന്നെയാണ്. കലാലയത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘട്ടന സംഭവങ്ങളെക്കുറിച്ചൊരക്ഷരം സംസാരിക്കാതെ, മറ്റു പല സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍ അവിടെയുണ്ടെന്നുള്ള ചര്‍ച്ചകളിലേക്ക് ജനശ്രദ്ധ പിടിച്ചുമാറ്റുവാന്‍ ചിലര്‍ സംഘടിച്ചു പ്രവര്‍ത്തിച്ചു. സ്വന്തം കുട്ടികളുടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ അവരുടെ വൈകാരികാധപതനങ്ങള്‍ക്ക് കൊടിപിടിച്ചുകൊടുത്ത് രക്ഷിച്ചെടുക്കുന്നത് യുക്തിരഹിതമായ സ്വജനപക്ഷപാതത്തിന്റെ അഴുകിയ രാഷ്ട്രീയ മുഖംമൂടിയാണ്. ഇതുപോലുള്ള പ്രതിലോമകരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ആടിനെ ആനയാക്കിയെഴുന്നള്ളിച്ചു കാണിക്കാനുള്ളത്ര ശക്തി പ്രാപിക്കുന്നതിനു കാരണം കലാലയങ്ങളെ കേന്ദ്രീകരിച്ച് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന കക്ഷിരാഷ്ട്രീയക്കാരാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ കലാലയങ്ങലളെ/കലാലയ രാഷ്ട്രീയത്തെ ഉപയോഗിച്ച് വോട്ടുബാങ്കുകള്‍ ഉറപ്പാക്കുന്നതിനായി തങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പ്രതിബദ്ധത പൊതുജനശ്രദ്ധയിലേക്കെത്തിക്കുന്നതിനുള്ള വെമ്പല്‍ മാത്രമാണ് ഇതില്‍ കാണാനാകുന്നത്. സാമൂഹ്യ സ്ഥാപനമെന്ന നിലയ്ക്കും വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയ്ക്കും ഒരു കലാലയവും അതിലെ അംഗങ്ങളായ വിദ്യാര്‍ത്ഥി-അധ്യാപകവൃന്ദവും അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിനല്പം പോലും സാധിക്കുന്നില്ല എന്നതാണ് സത്യം. കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയമെന്തെന്ന് ശാസ്ത്രീയമായി പഠിക്കേണ്ടുന്ന കലാലയ പരിസരത്ത് ഇത്തരം ബൗദ്ധികഹനനങ്ങള്‍ അരങ്ങേറുന്നത് ലജ്ജാകരമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply