മൂലധനഭീകരതയുടെ അത്യാര്‍ത്തിക്ക് പ്രകൃതിയെ തീറെഴുതുന്ന വികസനത്ിനായി അംബാനിയും പിണറായിയും

പ്രമോദ് പുഴങ്കര അംബാനിയുടെ വാര്‍ത്താ ചാനല്‍ news 18 വാഗ്ദാനങ്ങള്‍ ഏറെയും പാലിച്ചെന്ന് പിണറായി വിജയന്‍. എന്തൊക്കെ വാഗ്ദാനങ്ങളാണ് അംബാനി പാലിച്ചത് വിജയാ? വാര്‍ത്താമാധ്യമങ്ങളുടെ മൂലധന താത്പര്യങ്ങളും ഭരണകൂടവും എങ്ങനെ കൈകോര്‍ക്കും എന്നതിന്റെയും എത്ര ലജ്ജാരഹിതമായി ഒത്തുകളിക്കും എന്നതിന്റെയും ഉദാഹരണങ്ങളിലൊന്നാണ് news 18 നടത്തിയ Rising Kerala പരിപാടി. മാധ്യമ വ്യാപാരം ഒരു വിവിധോദ്ദേശ്യ സഹകരണസംഘമാണ് എന്ന് കൂടുതല്‍ തെളിയുന്നു. പോലീസും ഗുണ്ടാനിയമവുമായി വികസനവിരോധികളെ നേരിടാനിറങ്ങിയ പിണറായി വിജയനും –കാര്‍ക്കശ്യക്കാരനത്രേ ഭവാന്‍- കൂടിയാകുമ്പോള്‍ ഇനി ഞങ്ങളോടു മുട്ടാന്‍ […]

vvvപ്രമോദ് പുഴങ്കര

അംബാനിയുടെ വാര്‍ത്താ ചാനല്‍ news 18 വാഗ്ദാനങ്ങള്‍ ഏറെയും പാലിച്ചെന്ന് പിണറായി വിജയന്‍. എന്തൊക്കെ വാഗ്ദാനങ്ങളാണ് അംബാനി പാലിച്ചത് വിജയാ? വാര്‍ത്താമാധ്യമങ്ങളുടെ മൂലധന താത്പര്യങ്ങളും ഭരണകൂടവും എങ്ങനെ കൈകോര്‍ക്കും എന്നതിന്റെയും എത്ര ലജ്ജാരഹിതമായി ഒത്തുകളിക്കും എന്നതിന്റെയും ഉദാഹരണങ്ങളിലൊന്നാണ് news 18 നടത്തിയ Rising Kerala പരിപാടി. മാധ്യമ വ്യാപാരം ഒരു വിവിധോദ്ദേശ്യ സഹകരണസംഘമാണ് എന്ന് കൂടുതല്‍ തെളിയുന്നു. പോലീസും ഗുണ്ടാനിയമവുമായി വികസനവിരോധികളെ നേരിടാനിറങ്ങിയ പിണറായി വിജയനും –കാര്‍ക്കശ്യക്കാരനത്രേ ഭവാന്‍- കൂടിയാകുമ്പോള്‍ ഇനി ഞങ്ങളോടു മുട്ടാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് മുന്നില്‍, ‘BOT പാതകള്‍ പണിതോളിന്‍, ടോള്‍ ബൂത്ത് വെച്ചോളിന്‍, പാടം നികത്തിക്കോളിന്‍, മുതലാളിമാര്‍ക്കൊക്കെ നാട് വീതം വെച്ചോളിന്‍, ഞങ്ങളെ ജീവിച്ച് പോകാന്‍ അനുവദിച്ചാ മതി എശ്മാ’ എന്നു പറഞ്ഞു മുട്ടിടിക്കണം ജനത്തിനെന്ന്, ആ ഗുണ്ടാനിയമഭീഷണി കേട്ട് പിണറായിയാരാ മോന്‍ എന്ന മട്ടില്‍ ഹസിതമദാലസരായി കയ്യടിച്ച ധനിക പ്രമുഖകര്‍.

എന്ത് വികസനത്തിനെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ അവര്‍ വ്യക്തമാക്കുന്നു. വ്യവസായികളും, ധനികരും അവരുടെ ദല്ലാളുകളായ രാഷ്ട്രീയ നേതൃത്വവും കൂടിച്ചേര്‍ന്ന് തീരുമാനിക്കുന്ന, മൂലധനഭീകരതയുടെ അത്യാര്‍ത്തിക്ക് പ്രകൃതിയെ തീറെഴുതുന്ന വികസനത്തിനെ എതിര്‍ത്താല്‍ ‘കുഴപ്പക്കാരെ നേരിടാനാണ് പൊലീസ്’ എന്നു വിജയന്‍. അവര്‍ക്കാണ് ഗുണ്ടാ നിയമമെന്ന് വിജയന്‍. ആഹാ, കൊള്ളാമല്ലോ വിജയാ. കേരളത്തിലെ പാറമട ഖനന മാഫിയ നാട്ടുകാരെ മുഴുവന്‍ ഭീഷണിപ്പെടുത്തി, സകല നിയമങ്ങളും ലംഘിച്ച് രാഷ്ട്രീയ-ഉദ്യോഗസ്ഥ-ക്രിമിനല്‍ പിന്‍ബലത്തോടെ സംസ്ഥാനത്ത് വിളയാടുമ്പോള്‍ വിജയന്‍ ഗുണ്ടാ നിയമം എടുക്കില്ല. പകരം ദൂരപരിധി കുറച്ചുകൊടുക്കും, അനുമതി കാലയളവ് നീട്ടിക്കൊടുക്കും. ക്വാറി മുതലാളിമാരുടെ സങ്കടം കണ്ടു കരളലിഞ്ഞാണ് വിജയനിത് ചെയ്തതെന്ന് നമ്മള്‍ വിശ്വസിക്കണം. അഴിമതി നടന്നില്ലെന്നും. പിറ്റേന്നത്തെ പത്രത്തിലാണ്, ക്വാറി മുതലാളിമാര്‍ ആ വാര്‍ത്ത കണ്ട് കാര്യമറിഞ്ഞത്! എന്നാല്‍ പാറമട ഖനനത്തിനെതിരെ സമരം ചെയ്താല്‍ വിവരമറിയും. അവര്‍ക്കാണ് ഗുണ്ടാ നിയമം.

ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള അതിരുകളിലില്ലാത്ത അനീതി മാത്രമല്ല, ഒരു ജനാധിപത്യ സംവിധാനത്തില്‍ എന്തൊരശ്ലീലമാണ് ഇയാള്‍. വിമതസ്വരങ്ങള്‍ക്ക് ഗുണ്ടാ നിയമം, പ്രതിഷേധക്കാര്‍ക്ക്-കുഴപ്പക്കാര്‍ എന്ന് വിജയഭാഷ്യം- പൊലീസ്: ഇതോ ഇടതുപക്ഷം? ഇതോ ജനകീയ ജനാധിപത്യത്തിലേക്കുള്ള നൂറ്റാണ്ടു പിന്നിട്ട യാത്രയുടെ രാക്കൂടാരങ്ങള്‍? ചരിത്രത്തിലെ കോമാളികളാണ് സ്വേച്ഛാധിപതികള്‍. അവര്‍ക്കതൊരിക്കലും മനസിലാവുകയുമില്ല എന്നത് മറ്റൊരു തമാശ അല്ലെങ്കില്‍ ദുരന്തം.

അംബാനിയുടെ വിരുന്നില്‍ വിജയന്‍, കേരളത്തിന്റെ ഗതകാല കൊള്ളരുതായ്മകള്‍ക്ക് മാപ്പപേക്ഷിക്കുന്നു. ”തൊഴില്‍സമരങ്ങളുടെ പീഡകളില്ല ഇപ്പോള്‍, ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ എന്നിപ്പോള്‍ അവര്‍ക്കറിയാം” അങ്ങനെ നിക്ഷേപകരെ ഇതിലെ ഇതിലെ, ഞങ്ങള്‍ മെരുക്കിയെടുത്ത ജനം ഇതാ നിങ്ങളുടെ ഉത്തരവുകള്‍ക്ക് കാത്തുനില്‍ക്കുന്നു എന്ന്. വരവേല്‍പ്പ് സിനിമയില്‍ തൊഴിലാളികള്‍ മൂലം മുടിഞ്ഞ പ്രവാസി സംരഭകന്‍ മോഹന്‍ലാലിനെ അയാള്‍ വീണ്ടും ക്ഷണിക്കുന്നു; വരൂ ആറാം തമ്പുരാനോ പുലിമുരുകനോ ആകൂ.

News 18 വാഗ്ദാനങ്ങള്‍പാലിച്ച് മുന്നേറുന്നു എന്ന് ഗൌരവം ഒട്ടും ചോരാതെ വിജയന്‍ പറയുന്നുണ്ട്. നടത്തിപ്പുകാരിലെ മുതിര്‍ന്ന മാധ്യമ തൊഴിലാളികള്‍ ദളിതയായ ഒരു വനിതാ തൊഴിലാളിയെ ആത്മഹത്യാശ്രമത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പീഡനങ്ങള്‍ നടത്തിയതിന് അന്വേഷണം നേരിടുന്ന സ്ഥാപനം, ആ സ്ത്രീയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാനേജ്‌മെന്റ് നടത്തുന്നു, അങ്ങനെയാണ് വികസന ചാനല്‍ വിജയന്റെ പ്രതീക്ഷകളെ സാഫല്യപൂര്‍ണമാക്കുന്നത്.

വ്യവസായികളും പൌരപ്രമുഖരും സര്‍ക്കാരും പിന്നെ മാധ്യമങ്ങളും ഒരേ വികസന സങ്കല്‍പ്പം പങ്കുവെക്കുമ്പോള്‍ അത് എത്ര ഭയാനകമായ വാര്‍ത്താ തമസ്‌കരണങ്ങളെയാണ് നമുക്കായി കാത്തുവെക്കുന്നത് എന്നതിന്റെ ലജ്ജാരഹിതമായ പ്രകടനമാണ് നാം കണ്ടത്. മാധ്യമങ്ങളും സംഘപരിവാറും, ഭരണപക്ഷ ഇടതുപക്ഷവും പ്രതിപക്ഷവുമെല്ലാം വികസനത്തില്‍ ഒന്നിക്കുമ്പോള്‍, അതിനു വേദിയൊരുക്കി കൃതാര്‍ത്ഥരാവും അംബാനി സംഘം എന്നതില്‍ അത്ഭുതമൊന്നുമില്ല. വിജയന്റെ കര്‍ക്കശ ഭാഷണം കഴിഞ്ഞയുടന്‍, കാര്‍ക്കശ്യത്തിന്റെ ലീലാകേളികള്‍ പ്രതീക്ഷിച്ച ഞങ്ങളെ അങ്ങ് നിരാശരാക്കിയില്ല എന്ന് പറഞ്ഞു ആദ്യം എഴുന്നേറ്റത് മോദിയുടെ നോട്ട് നിരോധനമൊക്കെ കാര്‍ക്കശ്യത്തിന്റെ മറ്റൊരു നിര്‍വൃതിയായി അനുഭവിക്കണമെന്ന് ആഹ്വാനം ചെയ്ത, സാമ്പത്തിക വിദഗ്ദ്ധയെന്നു അവകാശപ്പെടുന്ന ഡോക്ടര്‍ മേരി ജോര്‍ജാണ് എന്നത് ഏത് തരത്തിലുള്ള ആരാധകരെയാണ് കത്തിക്കുലക്കള്‍ക്കിടയില്‍ മെച്ചത്തില്‍ നന്നായി വിളങ്ങും വിജയന്‍ തൃപ്തിപ്പെടുത്തുന്നത് എന്നും കാണിക്കുന്നുണ്ട്. കാണണം എന്നുമാത്രം.

പക്ഷേ, സംഘപരിവാറുകാരോട് അങ്കം വെട്ടുമ്പോള്‍ കുറെ അസൂയക്കാര്‍ ചേര്‍ന്ന് ഇരുമ്പാണിക്കു പകരം മുളയാണി വെച്ചു ഞങ്ങളെ ചതിച്ചല്ലോ എന്നൊക്കെയുള്ള പരിദേവനവുമായി നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ കുടമാറ്റം നടത്തുന്ന വിശുദ്ധന്മാര്‍, തങ്ങളുടെ പക്ഷപാതിത്വം എന്താണെന്ന് ഇത്ര പരസ്യമായി പറഞ്ഞ സ്ഥിതിക്ക്, വികസനത്തിന്റെ അവസാന ബസില്‍ കയറിയിരുന്ന്,നിഷ്പക്ഷതയുടെ മൂല്യവര്‍ദ്ധിത നികുതിയോടുകൂടിയ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് വില്‍ക്കരുത്. തട്ടിപ്പും തരികിടയും വാര്‍ത്താ തമസ്‌കരണവുമൊക്കെ വില്‍ക്കാന്‍ വെച്ചോളൂ. പക്ഷേ ധാര്‍മികതയുടെ ജീവബിന്ദുക്കള്‍ ന്യൂസ് റൂം വിട്ട് നടക്കാനിറങ്ങരുത്. അവിടെ വ്യാപാരത്തിന്റെ ഘനാലസന്‍മാരായ ദിനോസാറുകള്‍ത്തന്നെ മേഞ്ഞോട്ടെ. ധര്‍മസംഘര്‍ഷങ്ങളുടെ ഭാരമൊക്കെ കുഴപ്പക്കാര്‍ക്കും ഗുണ്ടകള്‍ക്കും വിട്ടേക്കൂ.

കഞ്ഞികുടിച്ചു ജീവിച്ചോട്ടെ ഇവറ്റകള്‍ എന്ന് വിചാരിച്ച ദയാപരന്മാരായ വികസനവാരിജാക്ഷന്‍മാരായ മുതലാളിമാരുടെ ശവക്കുഴിവെട്ടുകാരാണ് തൊഴിലാളികള്‍ എന്ന ധിക്കാരം പറഞ്ഞ ഒരു താടിക്കാരനെ ഉടനടി ഗുണ്ടാപട്ടികയില്‍ പെടുത്തേണ്ടതാണ്.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply