മൂന്നുമുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പ് ഫലം ജീവന്മരണപ്രശ്‌നം.

അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പു മാറ്റി നിര്‍ത്തിയാല്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ റോള്‍ അവസാനിച്ചു. ഇനി ഒരു മാസത്തെ കാത്തിരിപ്പാണ്. അതുവരെ അവകാശവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മിക്കവാറും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായ അവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അതങ്ങനെ തുടരുന്നത് സ്വഭാവികം മാത്രം.

അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പു മാറ്റി നിര്‍ത്തിയാല്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ റോള്‍ അവസാനിച്ചു. ഇനി ഒരു മാസത്തെ കാത്തിരിപ്പാണ്. അതുവരെ അവകാശവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മിക്കവാറും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായ അവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അതങ്ങനെ തുടരുന്നത് സ്വഭാവികം മാത്രം.
വോട്ടുകളെല്ലാം മെഷിനിലായ സാഹചര്യത്തില്‍ വലിയ വിശകലനത്തിനൊന്നും ഇനി പ്രസക്തിയില്ല. എങ്കിലും ഈ തെരഞ്ഞെടുപ്പില്‍ നടന്ന പ്രചാരണശൈലിയും ഉയര്‍ന്ന പോളിംഗുമൊക്കെ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയില്ലല്ലോ.
സംസ്ഥാനത്തെ സംബന്ധിച്ചടത്തോളം മൂന്നു മുന്നണികള്‍ക്കും ഇതുപോലെ ജീവന്മരണ പ്രശ്‌നമായ തെരഞ്ഞെടുപ്പ് ഒരിക്കലും ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇടതുമുന്നണിയേയും അതിന്റെ ഭാഗമായി മത്സരിച്ച സിപിഎം, സിപിഐ സംഘടനകളേയും സംബന്ധിച്ച് ഇതു അവരുടെ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഈ പാര്‍ട്ടികള്‍ക്ക് ഇനി ഇന്ത്യയില്‍ എന്തെങ്കിലും പ്രസക്തി വേണമെങ്കില്‍ കേരളത്തില്‍ നിന്ന് ഏതാനും സീറ്റുകള്‍ ലഭിക്കണം. ലഭിച്ചേ പറ്റൂ. അതിനാല്‍ തന്നെ അടുത്തകാലത്തൊന്നും കാണാത്ത രീതിയിലുള്ള പ്രചരണമാണ് അവര്‍ നടത്തിയത്. രാഷ്ട്രീയമായി ശരിയല്ലെന്നുറപ്പായിട്ടും ആറു എംഎല്‍എമാരെയാണവര്‍ രംഗത്തിറക്കിയത്. ജയരാജന്‍, അന്‍വര്‍, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്ജ് എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മിക്കവാറും സ്ഥാനാര്‍ത്ഥികള്‍ വ്യക്തിപരമായി കാര്യമായ വിമര്‍ശനങ്ങളുള്ളവരല്ല. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്റെ മെച്ചങ്ങള്‍ സ്വാഭാവികമായും അവര്‍ക്കുണ്ടായി. ആറു തവണയെങ്കിലും ഓരോ വീടും കയറിയിറങ്ങി വോട്ടുറപ്പിക്കണമെന്ന തീരുമാനം മിക്കവാറും മേഖലകളിലൊക്കെ യാഥാര്‍ത്ഥ്യമായി. പണം വാരിവിതറുന്നതില്‍ മുന്നിലും ഇടതുപക്ഷം തന്നെയായിരുന്നു. എല്ലാ പത്രങ്ങളിലും ആദ്യപേജിലെ പരസ്യം തന്നെ ഉദാഹരണം. സോഷ്യല്‍ മീഡിയയിലാകട്ടെ ഏതു നുണയേയും സത്യമാക്കി മാറ്റുന്ന രീതിയില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രചാരണം നടന്നത്. കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കാര്യമായ ആരോപണങ്ങളി്ല്ല എന്നതും അവര്‍ക്ക് ശക്തിയായി. ഇതെല്ലാം കൂടിയായപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വളരെ മുന്നിലെത്താന്‍ ഇടതുപക്ഷത്തിനായി എന്നതില്‍ സംശയമില്ല.
യുഡിഎഫിലേക്കു വന്നാലും ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പ്രശ്‌നം തന്നെയായിരുന്നു. ഏറ്റവും കൂടുതല്‍ സീറ്റു ലഭിക്കുന്ന പാര്‍ട്ടിയെയാകും രാഷ്ട്രപതി മന്ത്രിസഭാ രൂപീകരണത്തിനു ക്ഷണിക്കുക എന്നതിനാല്‍ ഓരോ സീറ്റും കോണ്‍ഗ്രസ്സിനു പ്രധാനമാണ്. അതിനേക്കാളുപരി രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിക്കാന്‍ തീരുമാനിച്ചതോടെ യുഡിഎഫ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം പതിന്മടങ്ങായി. ഈ അനുകൂല സാഹചര്യം ഗുണകരമായി ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ ഇപ്പോള്‍ ഹൈക്കമാന്റിനെ ധിക്കരിക്കാന്‍ പോലും ധൈര്യം കാണിക്കുന്ന കേരള നേതാക്കളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാകില്ല. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ പോലും മാറ്റി ചിന്തിപ്പിക്കാന്‍ കേരള നേതാക്കള്‍ക്കായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അതിന്റെ മെച്ചമില്ലാതായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അതിനാല്‍ തന്നെ വൈകിയാണെങ്കിലും ജീവന്മരണ പോരാട്ടമാണ് അവര്‍ നടത്തിയത്. പക്ഷെ എല്ലാം ശരിപ്പെടുത്തി ഗോദയിലിറങ്ങാന്‍ വൈകിയതുമൂലമുണ്ടായ ക്ഷീണം മറികടക്കാന്‍ അവസാന നിമിഷം വരെ അവര്‍ക്കു സാധിച്ചിട്ടില്ല. അതുകൊണ്ടുമാത്രം വടകരയടക്കം ഏതാനും സീറ്റുകളെങ്കിലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേതാക്കള്‍ പോലും അംഗീകരിക്കുന്നു.
ബിജെപിക്കും ഈ തെരഞ്ഞെടുപ്പ് നിസ്സാരവിഷയമല്ല. തിരുവനന്തപുരവും പത്തനം തിട്ടയും ജയിക്കുകയും തൃശൂരില്‍ രണ്ടാം സ്ഥാനമെങ്കിലും നേടുകയും മിക്കവാറും മണ്ഡലങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ശബരിമലയുടെ പേരില്‍ ചെയ്തുകൂട്ടിയതെല്ലാം വൃഥാവിലാകും. അമിത് ഷായോട് പറയാന്‍ മറുപടിയുമുണ്ടാകില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ധ്രുവീകരണം എന്താണെന്ന് പറയാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥയാണ് സത്യത്തില്‍ നില നില്‍ക്കുന്നത്. പോളിഗ് ശതമാനത്തിന്റെ വര്‍ദ്ധനവും കൂടിയ സ്ത്രീപങ്കാളിത്തവും നല്‍കുന്ന സൂചന എന്താണെന്നു മനസ്സിലാകാതെ ഇരുട്ടില്‍ തപ്പുകയാണ് എല്ലാവരും. മറുവശത്ത് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ എങ്ങനെ സമ്മതിദാനാവകാശം ഉപയോഗിച്ചിരിക്കാമെന്നതും ഇവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ പോലെ അതു കൂടുതല്‍ തങ്ങള്‍ക്കാമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. ആ ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഗ്രസ്സിനു വോട്ടുചെയ്താലും അവര്‍ ബിജെപിയിലേക്കുപോകുമെന്ന രീതിയില്‍ വന്‍ പ്രചാരണം എല്‍ഡിഎഫ് നടത്തിയത്. എന്നാല്‍ ഇതു നിയമസഭാ തെരഞ്ഞെടുപ്പല്ല, ലോകസഭാ തെരഞ്ഞെടുപ്പാണെന്നും ഹിന്ദുത്വതീവ്രവാദികളെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനെ സാധിക്കൂ എന്ന് ന്യൂനപക്ഷങ്ങള്‍ക്കറിയാമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഇതിനെ അരക്കിട്ടുറപ്പിക്കുന്നു. മാത്രമല്ല, ഇടതുമുന്നണിക്കു വോട്ടുചെയ്താലും അവസാനമത് രാഹുലിനെത്തുമെന്നതും ചൂണ്ടികാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചരണം.
എന്തായാലും കാത്തിരിക്കുകയല്ലാതെ ഇനിയൊന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പുഫലം എന്തായാലും മൂന്നു കൂട്ടര്‍ക്കും ന്യായീകരിക്കാനായി ഒരുപാട് സാധ്യതകള്‍ ബാക്കിവെച്ചിട്ടുണ്ട്. അവയില്‍ പിടിച്ചുതൂങ്ങിയുള്ള അഭ്യാസമായിരിക്കും അപ്പോള്‍ കാണുക എന്നുമാത്രം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply