മൂന്നാറില്‍ അസാധാരണ സാഹചര്യം തന്നെയാണ് ഷിബു ബേബി ജോണ്‍

മൂന്നാറില്‍ അസാധാരണ സാഹചര്യമാണു നിലവിലുള്ളതെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്. കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമവസാനിപ്പി്ക്കാന്‍ കമ്പനി അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍നാനയിരുന്നു മന്ത്രിയുടെ പ്രസ്താവന. നിരവധി തൊഴില്‍ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യം മന്ത്രി നേരിട്ടിരിക്കുകയില്ല. സ്ത്രീകളുടെ നേതൃത്വത്തില്‍ മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റില്‍ നടക്കുന്ന സമരം ശക്തമായി തുടരുക തന്നെയാണ്. വ്യവസ്ഥാപിത യൂണിയനുകളോ പാര്‍ട്ടികളോ കാര്യമായി പിന്തുണക്കാതേയും സമരം മുന്നോട്ടുപോകുന്നത് […]

mmm

മൂന്നാറില്‍ അസാധാരണ സാഹചര്യമാണു നിലവിലുള്ളതെന്നാണ് മന്ത്രി ഷിബു ബേബി ജോണ്‍ പറയുന്നത്. കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമവസാനിപ്പി്ക്കാന്‍ കമ്പനി അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍നാനയിരുന്നു മന്ത്രിയുടെ പ്രസ്താവന. നിരവധി തൊഴില്‍ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യം മന്ത്രി നേരിട്ടിരിക്കുകയില്ല.
സ്ത്രീകളുടെ നേതൃത്വത്തില്‍ മൂന്നാറിലെ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റില്‍ നടക്കുന്ന സമരം ശക്തമായി തുടരുക തന്നെയാണ്. വ്യവസ്ഥാപിത യൂണിയനുകളോ പാര്‍ട്ടികളോ കാര്യമായി പിന്തുണക്കാതേയും സമരം മുന്നോട്ടുപോകുന്നത് കമ്പനി അധികൃതരേയും അധികാരികളേയും ഞെട്ടിച്ചിട്ടുണ്ട്. അതുതന്നെയാണ് മന്ത്രിയുടെ പ്രസ്താവനക്കും പ്രധാന കാരണം. തമിഴ് നാട്ടില്‍ നടക്കുന്ന ഗൂഢാലോചനയായി സമരത്തെ ആക്ഷേപിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പുറകോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.
സമരം പരിഹരിക്കുന്നതിനു മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഞായറാഴ്ച എറണാകുളത്തു വീണ്ടും ചര്‍ച്ച നടത്തുമെന്നുമാത്രമാണ് ധാരണയായത്. ബോണസ് ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. യൂണിയന്‍ നേതാക്കളുമായല്ല, മൂന്നാറില്‍ വന്ന് തങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തണമെന്നുമവര്‍ ആവശ്യപ്പെട്ടു. മുതലാളിക്കും തൊഴിലാളിക്കുമിടയില്‍ ഒരു ഏജന്റിന്റെ ആവശ്യമില്ല എന്നുതന്നെയാണവര്‍ പറയുന്നത്. ജില്ലാകളക്ടര്‍ ഇതുവരേയും രംഗത്തെത്താത്തതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
എല്ലാ അര്‍ത്ഥത്തിലും അതിശക്തനായ ശത്രുവിനു നേരെയാണ് സ്ത്രീകളുടെ പോരാട്ടമെന്നതും സമരത്തിന്റഎ സവിശേഷതയാണ്. ഒരുപക്ഷെ പ്ലാച്ചിമടയില്‍ നടന്നതിന്റെ ഉയര്‍ന്ന രൂപം. അവിടെ കൊക്കൊകോളയാണെങ്കില്‍ ഇവിടെ ടാറ്റ. അവിടേയും ഇവിടേയും പ്രധാന സമരക്കാര്‍ തമിഴ് ന്യൂനപക്ഷങ്ങളും സ്ത്രീകളും ആദിവാസികളും മറ്റും. പ്ലാച്ചിമടയുടെ സമീപപ്രദേശങ്ങള്‍ പോലെ മൂന്നാറാകട്ടെ കേരളത്തിലെ പ്രധാന തമിഴ് – മലയാള സംഗമഭൂമിയാണ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാണ് മൂന്നാര്‍ എന്നതും സവിശേഷതയാണ്.
20 ശതമാനം ബോണസെന്ന തൊഴിലാളികളുടെ ആവശ്യത്തിനു രണ്ടുദിവസത്തിനകം പരിഹാരം കാണുമെന്നാണ് മന്ത്രി പറയുന്നത്. കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളെയെടുത്താല്‍ വളരെ മോശം വേതനമാണ് ഇവര്‍ക്കു ലഭിക്കു്‌നനത്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അവരുടെ തീരുമാനം. അതാകട്ടെ യൂണിയന്‍ നേതൃത്വങ്ങളെ പോലും ആശങ്കപ്പെടുത്തുന്നു. ജനപങ്കാളിത്തം വര്‍ധിച്ചതിനാല്‍ സമരത്തിന്റെ സമാധാന സ്വഭാവം കൈവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നു യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ഉപരോധ സമരം ദിവസങ്ങള്‍ കഴിയുന്നതോടെ ശക്തി പ്രാപിക്കുകയാണ്. ഇന്നലെ ദേശീയപാത പൂര്‍ണമായി ഉപരോധിച്ചു. കണ്ണന്‍ദേവന്‍ കമ്പനി ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുമ്പിലും പാലത്തിലുമായി ഉപരോധ സമരം നടത്തിയ തൊഴിലാളികള്‍ വണ്ടികള്‍ ഒന്നുംതന്നെ കടത്തിവിട്ടില്ല. ഇതോടെ മൂന്നാറിലെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലായി. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ എങ്ങുമെത്താതെ കുടുങ്ങിയിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫിന്റെയും മൂന്നാര്‍ ഡിവൈ.എസ്.പി: പ്രഭുല്ലചന്ദ്രന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നത്.
തങ്ങളെ അടിമകളായി കണ്ടവരുടെ ചൂഷണത്തിന് ഇനി നിന്നുകൊടുക്കില്ല എന്നുറച്ച തീരുമാനത്തിലാണ് തൊഴിലാളികള്‍. ട്രേഡ് യൂണിയനുകളെ പടിക്കു പുറത്തുനിര്‍ത്തി തോട്ടം മേഖലയില്‍ പുതിയ ചരിത്രം രചിക്കുകയാണ് ഇവര്‍. അന്തിയോളം പണിയെടുത്താല്‍ കിട്ടുന്നത് വെറും 232 രൂപയാണ്. ഇതിനായി 21 കിലോഗ്രാം കൊളുന്തെടുക്കണം. അധികജോലിചെയ്തു പണമുണ്ടാക്കിയാല്‍ യൂണിയനുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നല്‍കണം. ഓരോ മാസവും 75 രൂപ ട്രേഡ് യൂണിയനുകള്‍ക്കു നല്‍കണം. ഇതു മറ്റു പിരിവുകള്‍ക്കു പുറമേയാണ്. അതിനിടെയാണ് ബോണസ് 20 ശതമാനത്തില്‍ നിന്ന് 10 ആക്കിയത്. അതു തൊഴിലാളികള്‍ തള്ളിയെങ്കിലും ട്രേഡ് യൂണിയനുകള്‍ അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. പതിനാറു ശതമാനംവരെ ബോണസ് നല്‍കാന്‍ കമ്പനി തയാറായപ്പോള്‍ അതില്‍നിന്നും ആറുശതമാനം പോക്കറ്റിലാക്കാന്‍ ഇവര്‍ നീക്കം നടത്തിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതോടെയാണു പ്രമുഖ യൂണിയനുകളെയെല്ലാം തള്ളി തൊഴിലാളികള്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരരംഗത്തേക്കിറങ്ങിയത്. വേതനം 500 രൂപയാക്കണെന്നും ഇവരാവശ്യപ്പെടുന്നു. ആയിരക്കണക്കിനു സ്ത്രീ തൊഴിലാളികള്‍ ആറുദിവസമായി മൂന്നാര്‍ ടൗണ്‍ ഉപരോധിക്കുകയാണ്. ഐ.എന്‍.ടി.യു.സിയുടെയും എ.ഐ.ടി.യു.സിയുടെയും ഓഫീസുകള്‍ക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. പകല്‍ തൊഴിലാളി സ്‌നേഹം പ്രസംഗിച്ച് ഇരുട്ടു വീഴുമ്പോള്‍ കോര്‍പ്പോറേറ്റുകളുടെ തിണ്ണയിലേയ്ക്ക് വലിഞ്ഞു കയറുന്ന നേതാക്കളെ സ്ത്രീകള്‍ അടുപ്പിക്കുന്നില്ല. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കമ്പനിയുടെ ലാഭത്തില്‍ 68 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നു കെ.ഡി.എച്ച്.പി. കമ്പനി അധികൃതര്‍ പറയുന്നു. തേയില വിലയിടിവിനെ തുടര്‍ന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 5.2 കോടി രൂപയായി കുറഞ്ഞതായും കമ്പനി അധികൃതര്‍ പറയുന്നു. എന്നാല്‍ തൊഴിലാളികള്‍ ഈ കണക്കുകള്‍ അംഗീകരിക്കുന്നില്ല.
അതേസമയം സമരത്തിനു പിന്നിലെ സംഘാടകരെ അന്വേഷിച്ചു നടക്കുകയാണ് പോലീസ്. ചില തമിഴ് സംഘടനകളുടെ പിന്തുണയുണ്ടെന്നു പറയുമ്പോഴും അതിലൊന്നും വ്യക്തതയില്ല. തങ്ങളുെട പിന്തുണയില്ലാതെ നടക്കുന്ന സമരത്തില്‍ നേതാക്കളൊക്കെ അസ്വസ്ഥരാണ്. തൊഴിലാളികള്‍ ഭൂരിപക്ഷവും തമിഴര്‍ ആണെന്നതായിരുന്നു തൊഴിലാളി നേതാക്കന്മാരുടെ ധൈര്യത്തിന്റെ രഹസ്യം. അതാണിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
മൂന്നാറില്‍ ടാറ്റാ ടീ ഒരു സമാന്തര ഭരണ കൂടം തന്നെയാണ്. കേരളത്തിലെ പരിസ്ഥിയ്ക്ക് ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിക്കുന്നത് ടാറ്റാ ടീ തന്നെയാണ്. വലിയൊരു പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥ അത് നശിപ്പിച്ചു. ലാഭം ഉണ്ടാക്കാന്‍ വേണ്ടി ചായകുടി എന്ന പുതിയ ശീലം വളര്‍ത്താന്‍ ആദ്യകാലത്ത് സൗജന്യ ചായപ്പീടികകള്‍ തുടങ്ങി. പിന്നീട് രാസവളം എന്ന വിഷം തളിച്ച ചായ മനുഷ്യരെ കുടിപ്പിച്ചു. പെരിയാറിനെയും മൂവാറ്റുപുഴയാറിനെയും നശിപ്പിക്കുന്നു.
തീര്‍ച്ചയായും ചരിത്രപരമായ പല വിഷയങ്ങളും ഇവിടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന ഒരു തമിഴ് പ്രക്ഷോഭത്തിന്റെ സാധ്യതയുണ്ടെന്നതും ശരിയാണ്. ഭാഷാടിസ്ഥാനത്തില്‍ മൂന്നാറും മുല്ലപ്പെരിയാറും മറ്റും തമിഴ് നാടിന്റെ ഭാഗമാകുമെന്ന അവസ്ഥ വന്നപ്പോള്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ നിരവധി പേരെ അവിടെ കുടിയിരുത്തിയത് ചരിത്രയാഥാര്‍ത്ഥ്യമാണ്. പിന്നീട് നടന്ന പല കയ്യേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമായി. മുല്ലപ്പെരിയാര്‍ വിഷയമാകട്ടെ ഉണങ്ങാത്ത മുറിവുകളും സൃഷ്ടിച്ചു. പ്ലാച്ചിമടയില്‍ ബാധിതരായ മനുഷ്യര്‍ ആദിവാസികളും ദലിതരും സര്‍വോപരി തമിഴ് സംസാരിക്കുന്ന ഒരു സാംസ്‌കാരിക ന്യൂനപക്ഷവും ആയിരുന്നതിലായിരുന്നു ആദ്യഘട്ടത്തില്‍ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ സമരത്തെ അവഗണിച്ചത്. അത്തരം സാഹചര്യം ഇവിടെയുമുണ്ട്. അതെല്ലാം പരിഗണിച്ച് പ്രശ്‌നപരിഹാരത്തിന് ഊര്‍ജ്ജിതശ്രമമുണ്ടായില്ലെങ്കില്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായിക്കൂട എന്നില്ല. സവിശേഷ സാഹചര്യം എന്നു വെറുതെ പറഞ്ഞിരിക്കാതെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം തീര്‍ക്കാനാണ് മന്ത്രി ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply